സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Mar 23rd, 2018

കേരളം രാഷ്ട്രീയ മുരടിപ്പില്‍തന്നെ

Share This
Tags

ccc

ഇന്ത്യയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ വളരെ സുപ്രധാനമാകാന്‍ പോകുന്ന ഒരു ലോകസഭാ തെരഞ്ഞെടുപ്പുകൂടി അടുക്കുകയാണ്. അതുമായി ബന്ധപ്പെട്ട രാഷ്ട്രീയചലനങ്ങള്‍ രാജ്യമെങ്ങും ആരംഭിച്ചുകഴിഞ്ഞു. ത്രിപുര തെരഞ്ഞെടുപ്പുഫലത്തിന്റെ അഹന്തയിലായിരുന്ന ബിജെപിക്ക് ബീഹാറില്‍ നിന്നും യുപിയില്‍ നിന്നും ഏറ്റ കനത്ത തിരിച്ചടി പ്രതിപക്ഷത്തിന് നല്‍കിയ ഊര്‍ജ്ജം ചെറുതല്ല. വലിയ രാഷ്ട്രീയമാറ്റങ്ങള്‍ക്കും ചലനങ്ങള്‍ക്കും വരുംദിവസങ്ങള്‍ സാക്ഷ്യം വഹിക്കുമെന്നുറപ്പ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ രാഷ്ട്രീയപ്രബുദ്ധമെന്ന് നാം അഹങ്കരിക്കുന്ന കേരളത്തില്‍ മാത്രം വലിയ ചലനങ്ങളൊന്നുമില്ല. രാഷ്ട്രീയത്തിലെ നമ്മുടെ മുരടിപ്പ് അനന്തമായി തുടരുകയാണ്.
1957ലെ ആദ്യകമ്യൂണിസ്റ്റ് മന്ത്രിസഭക്കുശേഷം രൂപം കൊണ്ട ഐക്യമുന്നണി സംവിധാനമാണ് കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ ഇവിടെ തുടരുന്നത്. ചില പാര്‍ട്ടികള്‍ അങ്ങോട്ടുമിങ്ങോട്ടും മാറുന്നുണ്ടെങ്കിലും സിപിഎമ്മും കോണ്‍ഗ്രസ്സും നേതൃത്വം നല്‍കുന്ന മുന്നണികള്‍ തന്നെയാണ് അരനൂറ്റാണ്ടിനുശേഷവും തുടരുന്നത്. സിപിഐ കുറെ കാലം കോണ്‍ഗ്രസ്സിനൊപ്പമായിരുന്നു, കോണ്‍ഗ്രസ്സിലെ ഒരു ഭാഗം കുറച്ചുകാലം സിപിഎമ്മിനൊപ്പമായിരുന്നു എന്നതു മാത്രമാണ് എടുത്തു പറയത്തക്കതായി ഉള്ളത്. പിന്നെയെല്ലാം പതിവുപടി. മുന്നണി സംവിധാനം കേരളത്തിനു ഒരേസമയം ഗുണവും ദോഷവുമാണ്. ഒരേ പാര്‍ട്ടി ദശകങ്ങള്‍ ഭരിച്ച് ഫാസിസ്റ്റുംം ജനവിരുദ്ധരുമാകുന്ന അവസ്ഥ ഇവിടെ ഉണ്ടാകുന്നില്ല. മൂന്നാമത്തെ വലിയ പാര്‍ട്ടിയായിട്ടുംബിജെപിക്ക് സീറ്റുകള്‍ ലഭിക്കുന്നില്ല. അതേസമയം രാജ്യത്തെന്തു സംഭവിച്ചാലും ഒരു രാഷ്ട്രീയ ചലനവും ഇവിടെ ഉണ്ടാകുന്നില്ല എന്ന ദോഷവുമുണ്ട്. ഇപ്പോഴും അതുതന്നെയാണ് തുടരുന്നത്. മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥ വ്യത്യസ്ഥമാണ്. ശരിയായാലും തെറ്റായാലും കാലത്തോട് അവര്‍ പ്രതികരിക്കുന്നു. പല രീതയിലുള്ള രാഷട്രീയ ചലനങ്ങള്‍ അവിടങ്ങളില്‍ നടക്കുന്നു. പ്രധാനമായും മൂന്നു തരത്തിലുള്ള ചലനങ്ങള്‍ അവിടങ്ങളില്‍ കാണാം. അടിയന്തരാവസ്ഥയെ തുടര്‍ന്ന് രൂപീകൃതമായ ജനതാപാര്‍ട്ടിയും ഒപ്പം പല സോഷ്യലിസ്റ്റ് – ലോഹ്യയിസ്റ്റ് ശക്തികളും പലയിടത്തും ശക്തമായി. അടിയന്തരാവസ്ഥയിലെ ഏകാധിപത്യ ഭരണകൂടത്തിനെതിരെ മിക്കവാറും സംസ്ഥാനങ്ങള്‍ വോട്ടുചെയ്തപ്പോള്‍ കേരളം ചെയ്തതെന്താണെന്നത് നമ്മുടെ കാപട്യത്തിന്റെ മികച്ച ഉദാഹരണമാണ്. പല സംസ്ഥാനങ്ങളിലേയും രാഷ്ട്രീയ കാലാവസ്ഥയെ ഗുണപരമായി തന്നെ മാറ്റിമറിച്ച സന്ദര്‍ഭമായിരുന്നു അത്. പിന്നീട് അത്തരമൊരു ചലനമുണ്ടായത് മണ്ഡല്‍ – മസ്ജിദ് കാലത്തോടെയാണ്. ബിജെപിയുടെ മസ്ജിദ് രാഷ്ട്രീയത്തിനെതിരെ മണ്ഡലിനെ തുറന്നുവിട്ട വി പി സിംഗിന്റെ നടപടി രാജ്യമെങ്ങും സൃഷ്ടിച്ച ചലനങ്ങള്‍ നിസ്സാരമല്ല. ഒരു വശത്ത് ഹൈന്ദവരാഷ്ട്രീയത്തെ അത് വളര്‍ത്തിയെങ്കിലും മറുവശത്ത് ദളിത് – പിന്നോക്ക രാഷ്ട്രീയവും ശക്തിപ്പെട്ടു. ബീഹാറും യുപിയുമൊക്കെ മികച്ച ഉദാഹരണങ്ങളായി. ഒരു ദളിത് സ്ത്രീ മുഖ്യമന്ത്രിയാകുന്നതുവരെയെത്തി ആ മാറ്റങ്ങള്‍. അപ്പോഴും കേരളം മണ്ഡലിനോടും ദളിത് – പിന്നോക്ക രാഷ്ട്രീയത്തോടും മുഖം തിരിച്ചുനിന്നു. തുടര്‍ന്ന് രാജ്യമെങ്ങും ശക്തമായ അംബേദ്കര്‍ രാഷ്ട്രീയത്തേയും അടുത്ത കാലം വരെ നമ്മള്‍ തടഞ്ഞുനിര്‍ത്തി. മറ്റു ഭാഗങ്ങളില്‍ നിന്നു വ്യത്യസ്ഥമായി ചില മുസ്ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ രൂപം കൊണ്ടെങ്കിലും അവക്കും മുന്നണി സംവിധാനത്തെ ഭേദിക്കാനായില്ല. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ശക്തിയാര്‍ജ്ജിച്ച ഹിന്ദുത്വ രാഷ്ട്രീയത്തിനു കാര്യമായി ആധിപത്യം ചെലുത്താനായില്ല എന്നതുമാത്രമാണ് അല്‍പ്പം ആശ്വാസം.
ഇക്കാലയളവില്‍ തന്നെ മിക്ക സംസ്ഥാനങ്ങളിലും അതാതിടത്തെ സാഹചര്യങ്ങള്‍ക്കനുസൃതമായി പ്രാദേശിക പ്രസ്ഥാനങ്ങളും ശക്തമായി. അവയില്‍ മിക്കവാറും ഫെഡറലിസത്തിനുവേണ്ടി നില കൊണ്ടപ്പോള്‍ നമ്മള്‍ അഖണ്ഡതയുടെ വക്താക്കളായി. പ്രാദേശിക പാര്‍ട്ടികള്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാണെന്ന നിലപാടുതന്നെ തെറ്റാണ്. ഭരണ ഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഈ പാര്‍ട്ടികള്‍ സ്വന്തം നാടിനു വേണ്ടി ശബ്ദിക്കുമ്പോഴും രാജ്യം നേരിടുന്ന പൊതുപ്രശ്നങ്ങല്‍ ദേശീയതല നിലപാടുകള്‍തന്നെയാണ് സ്വീകരിക്കുന്നത്. അതാണ് യഥാര്‍ത്ഥ ജനാധിപത്യം. എത്രമാത്രം ഫെഡറല്‍ ആകാന്‍ കഴിയുമോ അത്രയും ജനാധിപത്യം ശക്തിപ്പെടുകയാണ് ചെയ്യുന്നത്. തമിഴ്‌നാട്ടിലും പഞ്ചാബിലുമെല്ലാം പണ്ടുമുതലേ അത്തരം പ്രസ്ഥാനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആന്ധ്ര, ബംഗാള്‍, മഹാരാഷ്ട്ര തുടങ്ങി പല സംസ്ഥാനങ്ങളിലേക്കും ഈ പ്രതിഭാസം വ്യാപിച്ചു. എസ് പിയും ബി എസ് പിയും ആര്‍ ജെ ഡിയുമെല്ലാം ഫലത്തില്‍ പ്രാദേശിക പാര്‍ട്ടികള്‍ തന്നെ. കേരളത്തില്‍ സിപിഎമ്മും സത്യത്തില്‍ പ്രാദേശിക പാര്‍ട്ടിയാണ്. അവരത് അംഗീകരിക്കുന്നില്ല എന്നു മാത്രം. പ്രാദേശികപാര്‍ട്ടിയെന്ന അവകാശ വാദത്തില്‍ രൂപം കൊണ്ട കേരള കോണ്‍ഗ്രസ്സാകട്ടെ മതപാര്‍ട്ടിയുമായി. അങ്ങനെ എല്ലാതരം രാഷ്ട്രീയ മാറ്റങ്ങളളില്‍ നിന്നും നമ്മള്‍ അന്യരായി. മാത്രമല്ല, ഏതുവിഷയത്തേയും മുന്നണി – കക്ഷി രാഷ്ട്രീയ താല്‍പ്പര്യത്തിന്റഎ പേരില്‍ മാത്രം വിലയിരുത്തുന്ന അവസ്ഥയിലേക്ക് മലയാളി മാറി. നാടിന്റെ വികസനത്തെപോലും അത് പ്രതികൂലമായി ബാധിച്ചു. ഒപ്പം കക്ഷിരാഷ്ട്രീയ സംഘട്ടനങ്ങളുടെ വിളനിലമായും കേരളം മാറി.
പുതിയ രാഷ്ട്രീയ സാഹചര്യത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. ബിജെപിക്ക് ലോകസഭയിലേക്ക് കാര്യമായ സീറ്റു ലഭിക്കാതെ തടയാന്‍ ഈ സംവിധാനത്തിനു കഴിഞ്ഞേക്കാം. എന്നാല്‍ അതുമാത്രം മതിയോ? ഗുണപമായും നമ്മുടെ രാഷ്ട്രീയം മെച്ചപ്പെടണം. അത്തരം മാറ്റങ്ങളാണ് പല സംസ്ഥാനങ്ങളിലും നടക്കുന്നത്. തമിഴ് നാട്ടിലും കര്‍ണ്ണാടകയിലും ആന്ധ്രയിലും മഹാരാഷ്ട്രയിലും യുപിയിലും ബീഹാറിലും ബംഗാളിലും രാജസ്ഥാനിലും പഞ്ചാബിലും ഗുജറാത്തിലും ഡെല്‍ഹിയിലുമെല്ലാം ഈ മാറ്റങ്ങള്‍ പ്രകടമാണ്. സംഘപരിവാര്‍ സ്വപ്‌നങ്ങള്‍ക്ക് ഇവര്‍ വെല്ലുവിളിയുയര്‍ത്തുന്നു എന്നതു മാത്രമല്ല പ്രധാനം. രാഷ്ട്രീയം കൂടുതല്‍ ജനാധിപത്യപരവും സാമൂഹ്യനീതി എന്ന മുദ്രാവാക്യത്തിലധിഷ്ഠിതമാകുന്നതുമായ പ്രവണത ശക്തമാകുന്നുണ്ട്. അംബേദ്കറിന്റെ കരുത്തു വര്‍ദ്ധിക്കുന്നു എന്നതുതന്നെയാണ് ഈ മുന്നേറ്റങ്ങളിലെല്ലാം അടിയൊഴുക്കായി വര്‍ത്തിക്കുന്നത്. താര്‍ച്ചയായും പ്രതീക്ഷക്കു വക നല്‍കുന്ന ചലനങ്ങളാണിത്. നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ഇപ്പോഴും ിടതുകാലിലെ ചളി വലതുകാലിലേക്കും വലതുകാലിലേതു ഇടതുകാലിലേക്കും തട്ടി കളിക്കുകയാണെന്നു മാത്രം.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>