സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Tue, Mar 13th, 2018

മഹാരാഷ്ട്രയില്‍ നിന്ന് കേരളത്തിനു പഠിക്കാനുണ്ട്.

Share This
Tags

ppp

മഹാരാഷ്ട്രയെ ഇളക്കിമറിച്ച കര്‍ഷക പ്രക്ഷോഭത്തിനു മുന്നില്‍ ദേവേന്ദ്ര ഫഡ്നാവിസിന്റെ ബി.ജെ.പി. സര്‍ക്കാര്‍ മുട്ടുമടക്കിയ സംഭവം തീര്‍ച്ചയായും പ്രതീക്ഷ നല്‍കുന്നതാണ്. കര്‍ഷകര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കുമെന്നു സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണ് ഏഴു ദിവസം നീണ്ട സമരം കര്‍ഷകര്‍ പിന്‍വലിച്ചത്. പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ആറംഗ സമിതിയെ നിയോഗിച്ചു. രണ്ടു മാസത്തിനകം കര്‍ഷകരുടെ ആശങ്കള്‍ പരിഹരിക്കാനുള്ള പദ്ധതികള്‍ക്കു രൂപരേഖ തയാറാക്കും. കാര്‍ഷികകടം പൂര്‍ണമായി എഴുതിത്തള്ളണമെന്നായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. വനാവകാശ നിയമം നടപ്പാക്കുക, സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഏക്കറിന് 40000 രൂപ വീതം നല്‍കുക തുടങ്ങിയ ആവശ്യങ്ങളെല്ലാം അംഗീകരിക്കുമന്ന് സര്‍ക്കാര്‍ ഉറപപ്പു നല്‍കിയിട്ടുണ്ട്.
സി.പി.എമ്മിന്റെ കര്‍ഷക സംഘടനയായ അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തിലായിരുന്നു അരലക്ഷത്തോളം പേര്‍ പങ്കെടുത്ത ദേശീയപിന്തുണയാര്‍ജിച്ച സമരം നടന്നത്. കര്‍ഷകരുന്നയിച്ച പ്രശ്നങ്ങളെല്ലാം രണ്ടുമാസത്തിനകം പരിഹരിക്കുമെന്ന് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പുനല്‍കി. പ്രതിപക്ഷത്തിന്റെയും സഖ്യകക്ഷിയായ ശിവസേനയുടെയും സമ്മര്‍ദം സര്‍ക്കാരിന്റെ കീഴടങ്ങല്‍ വേഗത്തിലാക്കി. കര്‍ഷക പ്രതിനിധികളുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പുവച്ചു. മിക്കവാറും എല്ലാ പ്രസ്ഥാനങ്ങളും കര്‍ഷകര്‍ക്കു പിന്നില്‍ അണിനിരന്നു. അതില്‍ ബിജെപിക്കാരും ശിവസേനക്കാരും പോലുമുണ്ടായിരുന്നു. സമരത്തെ കക്ഷിരാഷ്ട്രീയവല്‍ക്കരിക്കാന്‍ ആരും ശ്രമിച്ചില്ല. ലോങ്ങ് മാര്‍ച്ചിലുടനീളം ശക്തമായ പിന്തുണയാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. മുംബൈ നഗരവാസികളും മാര്‍ച്ചിനെ നെഞ്ചിലേറ്റി. ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കാതിരിക്കാന്‍ കര്‍ഷകരും ശ്രമിച്ചു. സര്‍ക്കാരും പിടിവാശിക്കോ ബലപ്രയോഗത്തിനോ ശ്രമിച്ചില്ല. തീര്‍ച്ചയായും മാതൃകാപരമായ സമരത്തിനാണ് മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചത്. രാഷ്ട്രീയപ്രബുദ്ധമെന്ന് സ്വയം കരുതുന്ന കേരളത്തിലായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ എന്നു ചിന്തിക്കുന്നത് നന്നായിരിക്കും. കാലങ്ങളായി അനുഭവിക്കുന്ന ദുരന്തങ്ങളും കൂട്ടആത്മഹത്യകളും അവസാനിപ്പിക്കുക എന്ന ദൃഢമായ തീരുമാനമായിരുന്നു കര്‍ഷകരെ നയിച്ചത്. അവരില്‍ വലിയൊരു ഭാഗം ആദിവാസികളും ദളിതരുമായിരുന്നു എന്നതും ശ്രദ്ധേയമാണ്.
തീര്‍ച്ചയായും ഐതിഹാസികമായ സമരങ്ങളുടെ പാരമ്പര്യം മഹാരാഷ്ട്രക്കുണ്ട്. നാവികകലാപം, റെയില്‍വേ പണിമുടക്ക്, തുണിമില്‍ മേഖലയിലെ സമരങ്ങള്‍, ദളിത് പോരാട്ടങ്ങള്‍ തുടങ്ങി അന്നാഹസാരെയുടെ അഴിമതി വിരുദ്ധസമരം വരെ ഈ പട്ടിക നീളുന്നു. ആ പട്ടികയില്‍തന്നെയാണ് കര്‍ഷകപോരാട്ടത്തിന്റേയും സ്ഥാനം. സമരത്തിന്റെ ന്യൂക്ലിയസ്സായി പ്രവര്‍ത്തിച്ചത് കിസാന്‍ സഭതന്നെയാണ്. ത്രിപുരയിലെ തിരിച്ചടിയില്‍ തളര്‍ന്ന സിപിഎമ്മിനു ഈ വിജയം ആശ്വാസം നല്‍കുന്നു. കേരളത്തിലെ സഖാക്കളെല്ലാം ആവേശത്തിലാണ്. എന്നാല്‍ കേരളത്തില്‍ സിപിഎമ്മോ മറ്റേതു പ്രസ്ഥാനമോ നടത്തുന്ന പോരാട്ടങ്ങളില്‍ നിന്നെല്ലാം വ്യത്യസ്ഥമായ, അക്ഷരാര്‍ത്ഥത്തില്‍ ജനകീയമായ ശൈലിയാണ് മഹാരാഷട്രയില്‍ അരങ്ങേറിയതെന്നതാണ് യാഥാര്‍ത്ഥ്യം. നാം പിന്തുടരേണ്ട മാതൃക.
തീര്‍ച്ചയായും കേരളത്തെ സംബന്ധിച്ചിടത്തോളം ഈ കര്‍ഷകസമരം വളരെ പ്രസക്തമാണ്. സമരത്തിനു നേതൃത്വം നല്‍കിയ സിപിഎമ്മിന്റെ ഏറ്റവും ശക്തിയുള്ള സംസ്ഥാനവും അവര്‍ ഭരണത്തിനു നേതൃത്വം നല്‍കുന്നതും മാത്രമല്ല അതിനു കാരണം. പ്രകടമായ ജനപങ്കാളിത്തത്തില്‍ വളരെ കൂടുതലെന്ന് പറയാനാകില്ല എങ്കിലും ശക്തമായ ജനകീയസമരങ്ങള്‍ ഇപ്പോഴും നടക്കുന്ന പ്രദേശമാണ് കേരളം. ശക്തമായ കക്ഷിരാഷ്ട്രീയവിഭജനമാണ് സമരങ്ങളിലെ ജനപങ്കാളിത്തത്തിന്റെ കുറവിനു കാരണം. എന്നാല്‍ ഈ സമരങ്ങളുന്നയിക്കുന്ന ആവശ്യങ്ങള്‍ എത്രയോ പ്രസക്തമാണ്. എന്നാല്‍ ഭരണ – പ്രതിപക്ഷ വ്യത്യാസമില്ലാതെ മിക്കവാറും പാര്‍ട്ടികള്‍ ഈ സമരങ്ങളുടെ എതിര്‍പക്ഷത്താണ്. സിപിഎമ്മാകട്ടെ ഈ പോരാട്ടങ്ങളെ മാവോയിസ്റ്റ് – തീവ്രവാദ ബന്ധം ആരോപിച്ച് അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. കര്‍ഷകസമരത്തിനു നേരെ ഒരു ഘട്ടത്തില്‍ ബിജെപി ഉന്നയിച്ചതും ഈ ആരോപണം തന്നെയാണെന്നതാണ് കൗതുകകരം.
മഹാരാഷ്ട്രയെ ചൊല്ലി ഊറ്റം കൊള്ളുമ്പോള്‍ കേരളീയ പൊതുസമൂഹവും പ്രതേകിച്ച് ഇടതുപക്ഷവും മറക്കുന്നത് സമാനമായ സാഹചര്യവും പോരാട്ടങ്ങളും ഇവിടേയുമുണ്ടെന്നതാണ്. കേരളവും മഹാരാഷ്ട്രയും തമ്മില്‍ ചരിത്രപരമായി നിലനില്‍ക്കുന്ന വ്യത്യാസങ്ങളുടെ പ്രതിഫലനമൊക്കെ ഉണ്ടാകാമെങ്കിലും വിഷയങ്ങള്‍ പലതും സമാനമാണ്. ആദിവാസികളുടെയും ദളിതരുടേയും കര്‍ഷകരുടേയും വിഷയങ്ങള്‍ തന്നെ നോക്കുക. കേരളത്തിലെ ആദിവാസികളുടെ അവസ്ഥ മഹാരാഷ്ട്രയേക്കാള്‍ പരിതാപകരമാണ്. മധു സംഭവം അതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രം. കര്‍ഷകസമരത്തിലെ പ്രധാന ആവശ്യമായ ആദിവാസകള്‍ക്ക് ഭൂമിയും വനാവകാശവുമൊക്കെ ഉന്നയിച്ചുതന്നെയായിരുന്നു 15 വര്‍ഷം മുമ്പ് മുമ്പ് വയനാട്ടില്‍ മുത്തങ്ങ സമരരം നടന്നത്. ആ സമരത്തോട് കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്വീകരിച്ച നിലപാട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതിനാല്‍ ആവര്‍ത്തിക്കേണ്ടതില്ലല്ലോ. ഇപ്പോഴും വളരെ പ്രസക്തമായ ഈ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേരളം തയ്യാറായിട്ടില്ല. മഹാരാഷ്ട്രയിലെ അനുഭവത്തിന്റെ വെളിച്ചത്തിലെങ്കിലും ഇടതുസര്‍ക്കാര്‍ അതിനു തയ്യാറാകുമോ എന്നു കാത്തിരുന്നു കാണാം. ഇപ്പോഴിതാ മുത്തങ്ങ കേസിന്റെ വിചാരണയും ആരംഭിച്ചിരിക്കുന്നു. ഭരണഘടനാനുസൃതമായ തങ്ങളുടെ അവകാശത്തിനായി പോരാടിയ നൂറുകണക്കിനു ആദിവാസികളാണ് പ്രതികള്‍. കേസുകള്‍ പിന്‍വലിക്കുമെന്ന് പലപ്പോഴും ഇരുമുന്നണികളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരേയും നടപ്പായില്ല. മുത്തങ്ങയിലെ ആദിവാസികളുടെ ആവശ്യങ്ങളാണ് തങ്ങള്‍ മഹാരാഷ്ട്രയില്‍ ഉന്നയിച്ചത് എന്നതെങ്കിലും തിരിച്ചറിഞ്ഞ് കേസുകള്‍ പിന്‍വലിക്കാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാകുമോ?
ചങ്ങറ, അരിപ്പ പോലുള്ള ദളിത് ഭൂസമരങ്ങളോടും കേരളീയ പൊതുസമൂഹത്തിന്റെ നിലപാടെന്താണ്? ഉപരോധങ്ങളേര്‍പ്പെടുത്തി, പട്ടിണിയിട്ടുപോലും സമരങ്ങള തകര്‍ക്കാനാണ് ശ്രമം നടക്കുന്നത്. പത്തു വര്‍ഷം കഴിഞ്ഞിട്ടും ഇത്തരത്തിലുളള നിരവധി സമരങ്ങള്‍ തുടരുകയാണ്. കേരളത്തിലെ മറ്റു കര്‍ഷകരുടെ അവസ്ഥയും വ്യത്യസ്ഥമാമോ? കുറവാണെങ്കിലും കുറെ ആത്മഹത്യകളൊക്കെ ഇവിടേയും നടന്നു. കര്‍ഷകരില്‍ മിക്കവരും മറ്റുമേഖലകള്‍ കണ്ടെത്തുകയാണ്. ബാങ്കുകള്‍ നടത്തുന്ന ജപ്തികള്‍ ഇവിടേയും വ്യാപകമായി നടക്കുന്നു. തങ്ങളുടെ തെങ്ങിന്റെ അവകാശം തങ്ങള്‍ക്കാണെന്ന കര്‍ഷകരുടെ അവകാശംപോലും അംഗീകരിക്കപ്പെട്ടിട്ടില്ല. അതിപ്പോള്‍ അബ്കാരികളുടെ കൈവശമാണ്. പാടങ്ങള്‍ നികത്തപ്പെടുന്നു. മണ്ണെടുക്കല്‍ ഇപ്പോഴും വ്യാപകം. ഇനിയും പാടം നികത്തില്ല എ്ന്ന സര്‍ക്കാര്‍ നയം നടപ്പാക്കാനാവശ്യപ്പെട്ട് വയല്‍ക്കിളികള്‍ നടത്തുന്ന സമരതതെപോലും തീവ്രവാദിചട്ടം ചാര്‍ത്തിയാണ് സര്‍ക്കാര്‍ നേരിടുന്നത്. നന്ദിഗ്രാമിന്റേയും സിംഗൂറിന്റേയും പോലെ വന്‍കിടപദ്ധതികള്‍ക്കായി പാടങ്ങള്‍ നികത്തപ്പെടുന്നു. എതിര്‍ക്കുന്നവര്‍ക്കെതിരെ യു എ പി എ ചുമത്തുമെന്നുപോലും മുഖ്യമന്ത്രി പറയുന്നു. സത്യത്തില്‍ കേരളത്തില്‍ കര്‍ഷകര്‍ മാത്രമല്ല, കൃഷിതന്നെ തകര്‍ന്നിരിക്കുകയാണ്. ഈ ദിശയില്‍ കാര്യമായൊന്നും ചെയ്യാന്‍ ചെറുപ്പക്കാരനായ കൃഷിമന്ത്രിക്കുപോലും കഴിയുന്നില്ല.
കേരളത്തിലെ മറ്റു ജനകീയസമരങ്ങളോടും പൊതുസമൂഹത്തിന്റേയും രാഷ്ട്രീയനേതൃത്വങ്ങളുടേയും സര്‍ക്കാരുകളുടേയും നിലപാട് പരിശോധിക്കുമ്പോഴും സ്ഥിതി വ്യത്യസ്ഥമല്ല എന്നുകാണാം. ക്വാറി, കരിമണല്‍ – കളിമണ്‍ ഖനനങ്ങള്‍, നഗരമാലിന്യം, നദികളുടെ മലിനീകരണം, മണല്‍ വാരല്‍, വ്യവസായിക മലിനീകരണം, നഗരമാലിന്യപ്രശ്നം, പരിസ്ഥിതി സമരങ്ങള്‍, തോട്ടം തൊഴിലാളികള്‍, വന്‍കിടപദ്ധതികള്‍ക്കായി കുടിയൊഴിക്കല്‍, ജാതിപരവും ലിംഗപരവുമായ പീഡനങ്ങള്‍, അസംഘടിതമേഖലയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട നൂറുകണക്കിനു പോരാട്ടങ്ങളോടുള്ള നമ്മുടെ പൊതു സമീപനമെന്താണ്? പെരിയാര്‍, കാതിക്കുടം, അതിരപ്പിളളി, ഗെയ്ല്‍, പുതുവൈപ്പ്, വടയമ്പാടി എന്നിങ്ങനെ ഇപ്പോഴും സജീവമായ എത്രയോ പോരാട്ടങ്ങള്‍. ഇവയെല്ലാം സര്‍ക്കാരിന് മാവോയിസ്റ്റ് – തീവ്രവാദി സമരങ്ങളാണ്. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, വ്യാപാരികള്‍, കെ എസ് ആര്‍ ടി സിക്കാര്‍, മറ്റു സംഘടിത തൊഴിലാളികള്‍… തുടങ്ങിയവര്‍ പണത്തിനായി മാത്രം നടത്തുന്ന സമരങ്ങളോടാണ് നമുക്ക് താല്‍പ്പര്യം. അങ്ങനെ പരിശോധിക്കുമ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിലപാട് എത്രയോ മെച്ചമാണെന്നു പറയാനാകും. അവരില്‍ നിന്നാണ് പിണറായി സര്‍ക്കാര്‍ പാഠം പഠിക്കേണ്ടത്. സര്‍ക്കാര്‍ മാത്രമല്ല, എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>