സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Mar 9th, 2018

യുക്തിവാദികളില്‍നിന്നും സഹോദരന്‍ അയ്യപ്പനെ വിമോചിപ്പിക്കണം

Share This
Tags

sssകെ കെ ബാബുരാജ്

കാര്യമായ ചര്‍ച്ചയില്ലാതെ സഹോദരന്‍ അയ്യപ്പന്റെ അന്‍പതാം ചരമദിനം കടന്നുപോയി. അദ്ദേഹത്തെപ്പറ്റി എം.കെ.സാനുമാഷ് അടക്കം നിരവധിപേര്‍ എഴുതിയ ജീവചരിത്രങ്ങളും അനുസ്മരണങ്ങളും ലഭ്യമാണ്. ഇവയില്‍നിന്നെല്ലാം വേറിട്ടതാണ് കെ.എ സുബ്രമണ്യം എഴുതിയ ജീവചരിത്രം എന്നാണ് തോന്നുന്നത്.
വിദ്യാര്‍ത്ഥി ജീവിതം കഴിഞ്ഞു മാര്‍ക്‌സിസം പോലുള്ള പ്രത്യയശാസ്ത്രങ്ങളോട് കലഹിച്ചു; അനിശ്ചിതത്വങ്ങളിലും ദിഗ്ഭ്രമങ്ങളിലും കുഴമറിഞ്ഞു നടക്കുമ്പോള്‍ എങ്ങനെയോ ഈ പുസ്തകം കയ്യിലെത്തി. ‘മണ്ണിന്റെ മക്കളും’ ‘കാടിന്റെ മക്കളും’ ആണെന്ന് സ്വയം കരുതികൊണ്ട് അവകാശ സമരങ്ങള്‍ നടത്തുക, സവര്‍ണരെ പഴിക്കുകയും ഇതേസമയം അവരോട് ആശ്രിതത്വം പുലര്‍ത്തുകയും ചെയ്യുക- ഇത്തരമൊരു അവസ്ഥക്കപ്പുറം കീഴാളര്‍ക്കു ജ്ഞാനപരവും നൈതികമായ മറ്റാകാശങ്ങള്‍ ഉണ്ടെന്ന് ബോധ്യപ്പെടുത്തിയ അപൂര്‍വ പുസ്തകങ്ങളില്‍ ഒന്നാണിത്.
സഹോദരന്‍ അയ്യപ്പന്‍ എന്ന ധീഷണാശാലിയായ സാമൂഹിക വിപ്ലവകാരിയുടെ ജീവിതസന്ദര്ഭങ്ങള്‍ക്കൊപ്പം, അദ്ദേഹം എഴുതിയ പ്രധാനപ്പെട്ട മുഖപ്രസംഗങ്ങളും, പ്രസംഗഭാഗങ്ങളും, കവിതകളും ഈ പുസ്തകത്തിലുണ്ട്. ശ്രീ നാരായണ ഗുരു സമാധിയായപ്പോള്‍ എഴുതിയ വിലാപഗാനവും, സമുദായഗാനവും, സഹോദരീഗാനവും ഇതിലാണ് വായിച്ചത്. സഹോദരന്‍ എഴുതിയ ഈഴവരുടെ അവകാശപ്രഖ്യാപനം എന്ന ഉജ്ജ്വല ചരിത്രരേഖ ഇതില്‌നിന്നും എടുത്തു ഞങ്ങള്‍ പുനഃപ്രസിദ്ധീകരിച്ചു. ‘മാവേലി നാടുവാണീടും കാലം’ എന്ന ജനകീയ ഗാനം എഴുതിയത് സഹോദരന്‍ ആണെന്ന കാര്യം അറിയുന്നത് ഇതില്‍ നിന്നാണ്. 1930 കളില്‍ ഗാന്ധിജിയോട് രാഷ്ട്രീയമായി വിയോജിച്ച ഒരാള്‍ കേരളത്തില്‍ ജീവിച്ചിരുന്നു എന്നറിയുമ്പോള്‍ അന്ന് തോന്നിയ അതിശയം പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല. ‘അംബേദ്കര്‍ എന്ന ചതുരാക്ഷരീമന്ത്രം ജപിക്കും നന്ദി തിങ്ങുന്ന ഹൃത്തെഴും ഭാവിഭാരതം’ എന്ന ഇതിലുള്ള കവിത ഞങ്ങള്‍ അക്കാലത്തു പോസ്റ്റര്‍ ആയി ഒട്ടിച്ചിരുന്നു. മതേതര പ്രതിസന്ധികളുടെയും ന്യൂനപക്ഷ വെറുപ്പിന്റെയും സമകാലീന അവസ്ഥയില്‍, അദ്ദേഹം മതനിഷേധത്തിനൊപ്പം മതസ്വാതന്ത്രത്തിനും വിശ്വാസ വിമോചനത്തിനും വേണ്ടി വാദിച്ചിരുന്നു എന്നതാണ് തിരിച്ചറിയേണ്ടത്. കേരളത്തിലെ ഒന്നാം നമ്പര്‍ വംശീയവാദികളായി മാറികൊണ്ടിരിക്കുന്ന യുക്തിവാദികളില്‍നിന്നും സഹോദരന്‍ അയ്യപ്പനെ വിമോചിപ്പിക്കേണ്ടതുണ്ട്.
കേരളത്തിലെ പിന്നാക്ക സമുദായങ്ങളില്‍നിന്നും ഹൈന്ദവേതരമായി ചിന്തിക്കുന്ന ബുദ്ധിജീവികളായ അജയ് ശേഖറിനോടും ജെ.രഘുവിനോടും ഞാന്‍ ഈ പുസ്തകത്തെപ്പറ്റി സംസാരിച്ചിട്ടുണ്ട്. ‘സഹോദരന്‍ അയ്യപ്പന്‍ കേരളത്തിന്റെ ബാബ സാഹേബ്’ എന്ന പേരില്‍ ഡോ.എ.കെ.വാസു ഒരു ചെറുലേഖനം ‘ഉത്തരകാല’ത്തില്‍ മുന്‍പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എറണാകുളം ഒച്ചാംതുരുത് സ്വദേശി ആയിരുന്ന കെ.എ സുബ്രമണ്യം ദീര്‍ഘ കാലം സഹോദരന്‍ അയ്യപ്പന്റെ സഹപ്രവര്‍ത്തകനായിരുന്നു. 1973 ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ പ്രസാധകന്‍ അദ്ദേഹം തന്നെയാണ്. ഇദ്ദേഹത്തിന്റെ മകനായ ഡോ.മണിലാല്‍ ആണ് Hortus Malabaricus എന്ന പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>