സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Mar 5th, 2018

അതെ, നമുക്ക് വേണ്ടത് കേരളപാര്‍ട്ടിയാണ് – യെച്ചൂരി പറഞ്ഞപോലെ.

Share This
Tags

kkk

സി.പി.എം. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളാ അല്ലെന്ന സീതാറാം യെച്ചൂരിയുടെ വാക്കുകള്‍ അറംപറ്റിയെന്ന രീതിയിലാണ് രാഷ്ട്രീയചര്‍ച്ചകള്‍ വികസിക്കുന്നത്. വരും ദിവസങ്ങളില്‍ സിപിഎമ്മിനെ ആടിയുലക്കാന്‍ പോകുന്നത് ഈ വിഷയം തന്നെയായിരിക്കും. ലോകസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്താനിടയുണ്ടെന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ് ബന്ധത്തെ ചൊല്ലിയുള്ള കാരാട്ട് – യെച്ചൂരി ഭിന്നത രൂക്ഷമാകുമെന്നുറപ്പ്. ത്രിപുരയില്‍ കോണ്‍ഗ്രസ്സുമായി ബന്ധമുണ്ടാക്കിയിരുന്നെങ്കില്‍ ബിജെപി വിജയത്തെ തടയാമായിരുന്നു എന്നു യെച്ചൂരി വാദിക്കുമ്പോള്‍ ബിജെപിയുടെ വിജയത്തിനു വഴിയൊരുക്കിയ കോണ്‍ഗ്രസ്സുമായി ഒരു ധാരണയും വേണ്ട എന്ന നിലപാടിന്റെ മൂര്‍ച്ച കൂട്ടുകയാണ് കാരാട്ടും കേരളഘടകവും. ബംഗാള്‍ – ത്രിപുര ഘടകങ്ങള്‍കകൊപ്പം മറ്റു സംസ്ഥാനങ്ങളും യെച്ചൂരിയെ പിന്തുണക്കാനുള്ള സാധ്യതയേറുന്നു. അതേസമയം പാര്‍ട്ടിയുടെ ഏക മുഖ്യമന്ത്രിയായ പിണറായിയുടെ കരുത്ത് വര്‍ദ്ധിക്കാനും പോകുകയാണ്.
വാസ്തവത്തില്‍ യെച്ചൂരി പറഞ്ഞതാണ് സിപിഎമ്മിനു സ്വീകരിക്കാവുന്ന ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗം. അക്ഷരാര്‍ത്ഥത്തില്‍ കേരളപാര്‍ട്ടിയാകുക. കുറച്ചെങ്കിലും ശക്തിയുള്ള സംസ്ഥാനങ്ങളിലും അത്തരമൊരു പാത പിന്തുടരുക. അതാതു സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നിലപാടുകള്‍ സ്വീകരിക്കുക. അതോടൊപ്പം അക്ഷരാര്‍ത്ഥത്തില്‍ ഒരു ജനാധിപത്യപാര്‍ട്ടിയുമാകുക.
സമകാലിക ഇന്ത്യന്‍ രാഷ്ട്രീയചരിത്രം പരിശോധിച്ചാല്‍ കാര്യമായ രാഷ്ട്രീയചലനങ്ങളില്ലാത്ത സംസ്ഥാനമാണ് കേരളം എന്നു കാണാം. 50 വര്‍ഷത്തോളമായി ഇവിടെ നിലനില്‍ക്കുന്നത് ഇരുമുന്നണി സംവിധാനമാണ്. ഇടക്ക് ചില പാര്‍ട്ടികള്‍ അങ്ങോട്ടും ഇങ്ങോട്ടും ചാടുമെങ്കിലും സിപിഎമ്മിന്റേയും കോണ്‍ഗ്രസ്സിന്റേയും നേതൃത്വത്തിലുള്ള ഈ സംവിധാനം ഒരു മാറ്റവുമില്ലാതെ മുരടിച്ചുനില്‍ക്കുകയാണ്. ബിജെപി നില അല്‍പ്പം മെച്ചപ്പെടുത്തിയെങ്കിലും നിലവിലെ സംവിധാനത്തില്‍ മാറ്റം വരുത്താനുള്ള ശക്തിയൊന്നും അവര്‍ക്കില്ല. മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥ വ്യത്യസ്ഥമാണ്. പല രീതയിലുള്ള രാഷട്രീയ ചലനങ്ങള്‍ അവിടങ്ങളില്‍ നടക്കുന്നു. പ്രധാനമായും മൂന്നു തരത്തിലുള്ള ചലനങ്ങള്‍ അവിടങ്ങളില്‍ കാണാം. അടിയന്തരാവസ്ഥയെ തുടര്‍ന്ന് രൂപീകൃതമായ ജനതാപാര്‍ട്ടിയും ഒപ്പം പല സോഷ്യലിസ്റ്റ് – ലോഹ്യയിസ്റ്റ് ശക്തികളും പലയിടത്തും ശക്തമായി. തങ്ങളുടെ പ്രാദശിക വികാരങ്ങളും ആവശ്യങ്ങളുമെല്ലാം ഉന്നയിച്ച് പ്രാദേശികപാര്‍ട്ടികള്‍. പിന്നീട് മണ്ഡല്‍ – മസ്ജിദ് കാലത്തോടെ ദളിത് – പിന്നോക്ക – മുസ്ലിം മുന്നേറ്റങ്ങള്‍. അടുത്ത കാലത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വന്‍ ചലനങ്ങളുണ്ടാക്കിയ ഈ മുന്നേറ്റങ്ങളൊന്നും പക്ഷെ കേരളത്തെ ബാധിച്ചില്ല. അടിയന്തരാവസ്ഥക്കുശേഷം നാം കോണ്‍ഗ്രസ്സിനെ വിജയിപ്പിച്ചു. ഓരോ സംസ്ഥാനത്തിനുവേണ്ടിയും പ്രാദേശികപാര്‍ട്ടികള്‍ ശബ്ദമുയര്‍ത്തുകയും പോരാടുകയും അധികാരത്തിലെത്തുകയും ചെയ്യുമ്പോള്‍ ഇവിടെ പൊതുവെ കേന്ദ്രത്തോട് പിച്ച ചോദിക്കുന്ന അവസ്ഥയാണ്. മറുവശത്ത് വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ പേരില്‍ ദളിത് രാഷ്ട്രീയത്തേയും നാം പ്രതിരോധിക്കുന്നു. ഈയൊരവസ്ഥയാണ് രാഷ്ട്രീയമായി മുരടിച്ച ഒരു പ്രദശമാക്കി നമ്മെ മാറ്റിയത്. പ്പം കക്ഷിരാഷ്ട്രീയ കൊലപാതകങ്ങളുടേയും.
ഇത്തരമൊരവസ്ഥയില്‍ ക്രിയാത്മകമായി ഇടപെടാനുള്ള അവസരമാണ് സിപിഎമ്മിനു വന്നു ചേര്‍ന്നിരിക്കുന്നത്. ഇന്ത്യ ഒരു ദേശീയതയല്ലെന്നും വിവിധ ദേശീയതകളുടെ സമുച്ചയമാണെന്നുമുള്ള ശരിയായ നിലപാട് ഒരു കാലത്ത് സ്വീകരിച്ചിരുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. ആ നിലപാടിന്റെ അടിസ്ഥാനത്തില്‍ തന്നെ അഖിലേന്ത്യാപാര്‍ട്ടികളേക്കാള്‍ പ്രസക്തം പ്രാദേശികപാര്‍ട്ടികളാണെന്നത് വ്യക്തം. മാറിയ സാഹചര്യത്തിലെങ്കിലും ആ നിലപാടിലേക്ക് തിരിച്ചുപോകുന്ന കാര്യം ആലോചിക്കാവുന്നതാണ്. അവിടെയാണ് യെച്ചൂരി പറഞ്ഞ വാക്കുകള്‍ വേറൊരു അര്‍ത്ഥത്തിലാണെങ്കിലും പ്രസക്തമാകുന്നത്. കേരളത്തില്‍ ഇന്ന് അത്തരമൊരു പാര്‍ട്ടിയുടെ ആവശ്യകതയുണ്ട്. കേരളത്തിനുവേണ്ടി വാദിക്കുന്ന ഒരു പ്രസ്ഥാനം. അത്തരമൊരു പ്രതീക്ഷയോടെ രൂപം കൊണ്ട കേരളകോണ്‍ഗ്രസ്സ് പിന്നിട് മതപാര്ട്ടിയെന്നു തന്നെ വിളിക്കാവുന്ന അവസ്ഥയില്‍ മാറുകയാണല്ലോ ഉണ്ടായത്. കേരളത്തിലുടനീളം വേരുകളുള്ള സിപിഎമ്മിനാണ് ആ വിടവു നികത്താന്‍ സാധ്യതയുള്ളത്.
എന്നാല്‍ ഈ ലക്ഷ്യം നേടുന്നതിന് രാഷ്ട്രീയമായും സംഘടനാപരമായും ജനാധിപത്യപാര്‍ട്ടിയായി സിപിഎം മാറണം. എല്ലാ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലും ജനാധിപത്യപോരാട്ടങ്ങള്‍ സജീവമായപ്പോള്‍, ജനാധിപത്യപാര്‍ട്ടിയാകാന്‍ തയ്യാറായ പല കമ്യൂണിസ്റ്റ് പാര്‍ട്ടികളേയും ലോകം കണ്ടു. എന്നാല്‍ ഇവിടുത്തെ കമ്യൂണിസ്റ്റുകാര്‍ക്ക് അതില്‍ പങ്കെടുക്കുമ്പോഴും ജനാധിപത്യം ബൂര്‍ഷ്വാസംവിധാനമാണ്. സോഷ്യല്‍ ഡെമോക്രസി പാപമാണ്. വേണ്ടത് തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യവും ഏകപാര്‍ട്ടി ഭരണവുമാണ്. ഈ ഇരട്ടത്താപ്പ് മാറ്റി ജനാധിപത്യരാഷ്ട്രീയത്തിനായി നില കൊള്ളുകയും അതിനനുസൃതമായി ലെനിനിസറ്റ് പാര്‍ട്ടി ചട്ടക്കൂടുകള്‍ മാറ്റുകയും വേണം. അതുപോലെ സാമ്പത്തിക നീതി എന്നതിനൊപ്പമോ അതിനേക്കാള്‍ കൂടുതലോ ആയി സാമൂഹ്യനീതി എന്ന ആശയം അംഗീകരിക്കാന്‍ തയ്യാറാവണം. എങ്കില്‍ യെച്ചൂരിയൊക്കെ ആഗ്രഹിക്കുന്നപോലെ ദളിത് പിന്നോക്ക രാഷ്ട്രീയത്തോടൊക്കെ ക്രിയാത്മകമായി പ്രതികരിക്കാനാകും. ത്രിപുരയില്‍ പോലും ഗോത്രവിഭാഗങ്ങളടെ സ്വത്വബോധത്തെ കാണാന്‍ പാര്‍ട്ടിക്കായില്ല. എന്തായാലും അടിമുടി പൊളിച്ചെഴുതാന്‍ തയ്യാറാകുകയും ജനാധിപത്യത്തിലും സാമൂഹ്യനീതിയിലും മതേതരതവത്തിലും വിശ്വസിക്കുന്ന ഒരു കേരളപാര്‍ട്ടിയാകുകയും ചെയ്യുക എന്നാല്‍ അത്ര എളുപ്പമല്ല എന്നു വ്യക്തം. എന്നാല്‍ സിപിഎമ്മിനു ചെയ്യാവുന്നത് അതാണ്. കേരളത്തിന് ആവശ്യവും അതാണ്. ഒപ്പം ഫാസിസതതിനെതിരായ വിശാലമായ ഐക്യമുന്നണിയിലും സജീവപങ്കാളിയാകാന്‍ പാര്‍ട്ടിക്ക് കഴിയണം. ഇതിനൊന്നുമാകുന്നില്ലങ്കില്‍ സിപിഎമ്മിന് ചരിത്രപരമായി ഒരു പ്രസക്തിയുമില്ല എന്ന വ്യക്തം.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>