സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Feb 24th, 2018

വിശപ്പാണ് സത്യം, വിശന്നു മരിച്ച മുഴുവന്‍ മനുഷ്യരുടെയും പേരില്‍ വിശന്നവന്റെ കുറിപ്പ്

Share This
Tags

mmm

പി കെ ഗണേശന്‍

ഇതാണ് കേരളം, ഇതുമാണ് കേരളം.നാം കേരളീയര്‍ പുരോഗമനകാരികള്‍, അങ്ങേയറ്റം വികസിച്ചവര്‍, ലോകപൗരര്‍,  എവിടെയും വേരുള്ളവര്‍, കാല്‍ കുത്താന്‍ ഇടം ലഭിച്ചാല്‍ അവിടെ മറ്റൊരു ലോകം ഉണ്ടാക്കാന്‍ മിടുക്കുള്ളവര്‍.
ആ കേരളത്തില്‍ മണ്ണപ്പം തിന്നു ജീവിക്കുന്ന ആദിവാസികള്‍ ഉണ്ടെന്ന് നാം സമ്മതിച്ചുകൊടുക്കില്ല,ആ കേരളത്തില്‍ ഊരുകളില്‍ ആദിവാസി കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവ് മൂലം മരണപെടുന്നു എന്ന യാഥാര്‍ത്ഥ്യം നാം അംഗീകരിക്കില്ല.ആ കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സുണ്ട്, അവര്‍ക്കും ജീവിതം ഉണ്ട്, ജീവിക്കാന്‍ അവകാശം ഉണ്ട് എന്ന് നാം അംഗീകരിക്കില്ല.നാം എല്ലാം തികഞ്ഞ സമൂഹമാണ്.അതുകൊണ്ട് നാം കണ്ടില്ലെന്നു നടിക്കുന്നു ആദിവാസികളെ, ട്രാന്‍സ്‌ജെന്‍ഡേഴ്‌സുകളെ,ദലിതുകളെ അല്ലെങ്കില്‍ നമുക്ക് നാണക്കേടാണ് ആ ജീവിതങ്ങള്‍ എന്ന് കരുതുന്നു.
മണ്ണപ്പം തിന്നുന്നവരായ ആദിവാസികള്‍ തരം കിട്ടിയാല്‍ മോഷ്ടിക്കും ഉഭയലിംഗര്‍ കുട്ടികളെ മോഷ്ടിക്കും വ്യഭിചാരം നടത്തും എന്നിങ്ങനെ പൊതു ബോധം കൃത്രിമമായി സൃഷ്ടിച്ച് നാം ഒരു പ്യൂരിറ്റന്‍ വംശമാണെന്നു ഞെളിയുന്നു.കേരളം മെയ്യോടുമെയ്യു ചേര്‍ന്നുണ്ടാക്കിയ വികസനമോഡലില്‍ ഈ ജനതകളില്ലല്ലോ.അതുകൊണ്ട് അവരെ ആട്ടിയോടിക്കുക, വേട്ടയാടുക, കുറ്റം വിധിച്ചു തല്ലികൊല്ലുക എന്നത് ആ വികസന മാതൃകയില്‍ അഭിരമിക്കുന്നവരുടെ ധര്‍മ്മമാണ്.ആ ബോധമാണ് ആദിവാസിയുവാവിനെ കള്ളന്‍ എന്ന് വിളിച്ചു തല്ലികൊല്ലാന്‍ പ്രേരിപ്പിച്ചത്.അക്കാര്യത്തില്‍ നാം കേരളീയര്‍ ഒറ്റ ജാതിയാണ്, ഒറ്റ മതമാണ്, ഒറ്റ രാഷ്ട്രീയമാണ്, ഒറ്റ വംശമാണ്.നാം പരിഷ്‌കൃതരും മറ്റുള്ളവര്‍ അപരിഷ്‌കൃതരും എന്ന വരേണ്യവും സവര്‍ണവുമായ ചോരയോട്ടം നമ്മുടെ സിരകളില്‍ ഉണ്ട്.
ആദിവാസികള്‍ക്ക്?സ്വന്തം കൊടി പാടില്ല, സ്വന്തം മുദ്രാവാക്യം പാടില്ല, നാം പിടിക്കുന്ന നമ്മുടെ കൊടി പിടിക്കേണ്ടവരാണ്, നാം വിളിക്കുന്ന മുദ്രാവാക്യം നമ്മുടെ മുദ്രാവാക്യം ഏറ്റുവിളിക്കേണ്ടവരാണ്.നാം ചോര ചാലുകള്‍ നീന്തി കടന്നു വന്നവരാണ്, ആയതിനാല്‍ ഇനിയും മറ്റൊരു ചോരചാലുകളോ, ഇല്ലേയില്ല, നാമൊരു വിപ്ലവാനന്തരമായ സമൂഹമാണ്, ഇനിയും മറ്റൊരു വിപ്ലവമോ.ആയതിനാല്‍ കാട്ടില്‍ ആദിവാസികള്‍ക്ക് മറ്റൊരു ലോകം അനുവദനീയമേയല്ല.നാട്ടിലും കാട്ടിലും കാലുകുത്താന്‍ ഇടമില്ലാതെ ആദിവാസികള്‍ കേരളത്തില്‍ വേരറ്റു.
നാട്ടില്‍ ആദിവാസികള്‍ക്ക് നാം കോണ്‍ക്രീറ്റ് കാടുകള്‍ ഉണ്ടാക്കി അവിടം പാര്‍പ്പിച്ചു, കോടികള്‍ ചെലവഴിച്ചു ആദിവാസികളുടെ പേരില്‍ വികസനം എന്ന പേരില്‍,ഈ കൈ കൊണ്ടു കൊടുത്തു,ആ കൈ കൊണ്ടു തിരിച്ചെടുത്തു, ആദിവാസികള്‍ അനുദിനം വറുതിയിലായി, ബ്യൂറോക്രസി തടിച്ചു കൊഴുത്തു.നാം നമ്മുടെ പരിഷ്‌കാരങ്ങളിലേക്ക് ആദിവാസികളെ നിര്‍ബന്ധപൂര്‍വം കൂട്ടികൊണ്ടു വന്നു, ഞങ്ങളാണ്, ഞങ്ങളുടെ മാതൃകകളാണ് ശരി എന്ന പ്രലോഭനത്തില്‍.അതോടെ കാടും നാടും നഷ്ടപെട്ടു.കാട് കുത്തകപാട്ടകാരും വനംവകുപ്പും വീതിച്ചെടുത്തു.ആ കാട്ടില്‍ നിന്ന് ആദിവാസികളെ തുരത്താന്‍ ഭരണകൂടത്തിന് വഴിയൊരുക്കാന്‍ മാവോയിസ്റ്റുകളെയും സൃഷ്ടിച്ചു.ആദിവാസികള്‍ നമ്മുടെ ഭരണഘടന പൊതുസമൂഹത്തിനു മുന്നില്‍ വച്ച് ഭരണഘടനാപരമായ ഉറപ്പുകള്‍ പാലിക്കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ സ്വയംഭരണമോ റിപ്പബ്ലികിനുള്ളില്‍ മറ്റൊരു റിപ്പബ്ലികോ എന്ന് ഭയം വിതറി.ആദിവാസികളുമായി ഭരണഘടനാപരമായ ഒരു സംവാദത്തിന് നാം തയ്യാറായില്ല.ആദിവാസികള്‍ക്കെന്തിന് അവരുടേതായ മറ്റൊരു ലോകം, അവരുടെ താല്പര്യങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ടല്ലോ, ഞങ്ങളുടെ കൊടികളുണ്ടല്ലോ എന്ന് നാം കൊണ്ടു നടന്നു കൊല്ലുന്ന നയം പുലര്‍ത്തി.ആ നയം ഇപ്പോഴും തുടരുന്നു.അങ്ങേയറ്റം അസഹിഷ്ണുതയോടെ നാം ആദിവാസികളുടെ ഇടയില്‍ ഉണ്ടാവുന്ന എല്ലാ തരം ഉണര്‍ച്ചകളെയും ഇകഴ്ത്തുന്നു.കാട്ടിലെ മൃഗങ്ങള്‍ നാട്ടിലിറങ്ങിയാല്‍ നാം മയക്കുവെടിവച്ചു വീഴ്ത്താറാണ് പതിവ്.കൊല്ലാറില്ല.മയക്കികിടത്തി കാട്ടിലേക്ക് വീരപരിവേഷത്തോടെ സര്‍ക്കാര്‍ ചെലവില്‍ അയക്കാറാണ് പതിവ്.അത് ആനയായാലും സിംഹമായാലും പുലിയായാലും കടുവയായാലും ആ മൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങിയുണ്ടാക്കിയ നാശനഷ്ടങ്ങള്‍ പോലും പരിഗണിക്കാതെ.ആ വന്യമൃഗങ്ങള്‍ക്കു കൊടുക്കുന്ന പരിഗണന കാടിറങ്ങി നാട്ടിലിറങ്ങിയ വിശന്നുവലഞ്ഞു നടന്ന ഒരാദിവാസി ചെറുപ്പക്കാരന് നാം കൊടുത്തില്ല.മയക്കുവെടിയുടെ ദാക്ഷിണ്യം നാം ആ മനുഷ്യന് കൊടുത്തില്ല.പകരം നാം അവനെ കള്ളന്‍ എന്ന് വിളിച്ചു കൈകള്‍ കൂട്ടി കെട്ടി നില്‍ക്കുന്നിടത്തുനിന്ന് അനങ്ങാന്‍ സമ്മതിക്കാതെ അടിച്ചു കൊന്നു.ആ ദൃശ്യങ്ങളുടെ സെല്‍ഫിയെടുത്തു അഭിമാനം കൊണ്ടു.അങ്ങനെ ചെയ്തവര്‍ക്കറിയാം ഈ ആദിവാസി ജീവിതം നമ്മുടെ കേരള മോഡല്‍ വികസനത്തിന് എതിരായതിനാല്‍ ഒരിക്കലും ശിക്ഷിക്കില്ല എന്ന്, നിയമത്തിന്റെ, ജാതിയുടെ, മതത്തിന്റെ, രാഷ്ട്രീയത്തിന്റ പിന്തുണ ഉണ്ടാവും എന്ന്.കാരണം നാം കേരളീയര്‍ ആദിവാസികളുടെ കാര്യത്തില്‍ അവര്‍ക്കെതിരെ ഒറ്റ ജാതിയാണല്ലോ, ഒറ്റ മതമാണല്ലോ, ഒറ്റ രാഷ്ട്രീയമാണല്ലോ, ഒറ്റ വംശമാണല്ലോ.നമുക്ക് അവരുടെ താളം, ജീവിതം ആവശ്യമാണ് കവിതയെഴുതാന്‍,കഥകളെഴുതാന്‍, സിനിമയെടുക്കാന്‍.അതിനപ്പുറം നമുക്ക് ആദിവാസിയില്‍ താല്പര്യം ഇല്ല.നമ്മുടെ നിയമസഭയില്‍ 140 പേര്‍ ആദിവാസികള്‍ക്കെതിരെ കൈ പൊക്കിയ ആ ചരിത്രസന്ദര്‍ഭമുണ്ടല്ലോ,ആ കാട്ടാള കവിത പോലും ആദിവാസികള്‍ക്കൊപ്പം നിന്നില്ല.ആയതിനാല്‍ ഈ അവസരം ആദിവാസികള്‍ക്കൊപ്പം നില്‍ക്കാനുള്ള താണ്.ഈ അവസരത്തെ വികാരപരമായി പ്രകടനം നടത്തി അലക്കി തുലച്ചു കളയരുത് എന്റെ കേരളമേ.ആയതിനാല്‍ കൊല്ലപെട്ട മധുവിനൊപ്പം എന്നതിനാല്‍ കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്ന ആദിവാസികള്‍ക്കൊപ്പം എന്ന് തിരുത്തണം ഈ അവസരത്തെ.കാരണം ഇന്ന് പുറത്തിറങ്ങിയ മുഖ്യധാരാ മലയാള ദിനപത്രങ്ങളില്‍ വന്ന മധു മരണപ്പെട്ടതു സംബന്ധിച്ച വാര്‍ത്തയിലുണ്ട് ആദിവാസി വിരുദ്ധമായ കേരള മോഡല്‍ വികസനത്തിനോടുള്ള ആരാധന.

ഫേസ് ബുക്ക് പോസ്റ്റ്‌

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>