സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Feb 23rd, 2018

ആദിവാസിയെ തല്ലിക്കൊല്ലുന്ന നമ്പര്‍ വണ്‍ ജനത

Share This
Tags

ADI

അധിനിവേശത്തിന്റെ 500-ാം വാര്‍ഷികത്തില്‍, അതായത് 1997ല്‍ കേരളത്തില്‍ വിപുലമായ രീതിയില്‍ പ്രചരണ പ്രവര്‍ത്തനങ്ങളും കാപ്പാട് ബീച്ചിലെ ഗാമ പ്രതിമയിലേക്ക് മാര്‍ച്ചും നടക്കുകയുണ്ടായി. ലോകബാങ്ക് – ഐ എം എഫ് കടങ്ങള്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടിരുന്ന കാലമായിരുന്നു അത്. അന്നുയര്‍ത്തിയ മുദ്രാവാക്യങ്ങളിലൊന്ന് ഇപ്രകാരമായിരുന്നു. 500 വര്‍ഷമായി ഞങ്ങളെ കൊള്ളയടിച്ചത് നിങ്ങളാണ്. നിങ്ങള്‍ ഞങ്ങളുടെ കടക്കാരാണ്. ആ കടമാണ് വീട്ടേണ്ടത്. തിരിച്ചല്ല.
ഇതൊരു ആഗോളവിഷയമാണെങ്കില്‍ അതിന്റെ ചെറുപതിപ്പുകള്‍ എവിടേയും കാണാം. കൊച്ചുകേരളമെന്ന് വിനയത്തോടെ പറയുന്ന കേരളത്തിലും. അട്ടപ്പാടിയും വയനാടുമൊക്കെ ഇത്തരത്തില്‍ കൊള്ളയടിക്കപ്പെട്ട പ്രദേശങ്ങള്‍. അവരുടെ ഭൂമിയും ആകാശവും പുഴകളും വിഭവങ്ങളും കാടും കൃഷിയുമെല്ലാം നമ്മള്‍ കൊള്ളയടിച്ചു. കൊളോയണിയല്‍ ഭരണത്തില്‍ തന്നെ ആരംഭിച്ച കൊള്ള പൂര്‍വ്വാധികം ശക്തിയോടെ പിന്നീടും തുടര്‍ന്നു. അധ്വാനത്തിന്റെ മാഹാത്മ്യം ഉദ്‌ഘോഷിച്ച് കുടിയേറ്റവും കയ്യേറ്റവുമൊക്കെ ന്യായീകരിക്കപ്പെട്ടു. ഇപ്പോഴും ന്യായീകരിക്കുന്നു. പ്രതിരോധിച്ചവര്‍ക്കെതിരെ വെടിയുണ്ടയുതിര്‍ക്കപ്പെട്ടു. ഇപ്പോഴിതാ ഭക്ഷണം മോഷ്ടിച്ചെന്നു പറഞ്ഞ് അട്ടപ്പാടിയുടെ ഉടമകളായ ആദിവാസികളില്‍ ഒരാളെ യഥാര്‍ത്ഥ കൊള്ളക്കാരായ നമ്മള്‍ തല്ലിക്കൊന്നിരിക്കുന്നു.
മുത്തങ്ങില്‍ ഭരണകൂടം തന്നെയാണ് ആദിവാസികള്‍ക്കുനേരെ വെടിയുതിര്‍ത്തതെങ്കില്‍ ഇവിടെ പരിഷ്‌കൃതരും പ്രബുദ്ധരുമായ മലയാളിയാണ് ഈ കുരുതി നടത്തിയത്. ഒരുപക്ഷെ നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന് എന്നു പാടിനടന്നവരും അതിലുണ്ടാകാം. കക്ഷിരാഷ്ട്രീയകൊലകളെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുന്ന കാലമാണല്ലോ. ഇവിടെ പ്രതികളില്‍ മൂന്നുപക്ഷത്തുമുള്ളവരുണ്ടെന്നാണ് കേള്‍ക്കുന്നത്. അതാണ് പാര്‍ശ്വവല്‍കൃതര്‍ക്കെതിരായ മലയാളിയുടെ ഐക്യം. കഴിഞ്ഞില്ല. മധുവിനെ തല്ലിക്കൊന്നതാണെന്ന് ഇന്നലെ തന്നെ വ്യക്തമായിട്ടും ഇന്നിറങ്ങിയ മനോരമ മുതല്‍ ദേശാഭിമാനി വരെയുള്ള മിക്ക പത്രങ്ങള്‍ക്കും അതൊരു സാധാരണ വാര്‍ത്ത മാത്രം. സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുക്കുകയും സംസ്ഥാനം മുഴുവന്‍ പ്രതിഷേധപരിപാടികള്‍ ആരംഭിക്കുകയും ചെയ്തപ്പോഴാണ് ദൃശ്യമാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തത്. തുടര്‍ന്നാണ് സര്‍ക്കാര്‍ ഉണര്‍ന്നിട്ടുള്ളത്.
പതിവുപോലെ പരോക്ഷമായി ഈ കൊലയെ പോലും ന്യായീകരിക്കുന്ന വാദങ്ങളും ഉയരുന്നു. ഉത്തരേന്ത്യയില്‍ നടക്കുന്നതാണ് ഇവിടെ നടക്കുന്നതെന്ന്. എന്തൊരു കാപട്യമാണിത്. അടുത്തയിടെ തന്നെ ട്രാന്‍സ്‌ജെന്ററുകള്‍ക്കും ഇതരസംസ്ഥാനക്കാര്‍ക്കും ഭിക്ഷക്കാര്‍ക്കുമൊക്കെ എതിരായി ഇത്തരം കടന്നാക്രമണങ്ങള്‍ നടന്നിരുന്നു. ദുര്‍ബ്ബലരും ന്യൂനപക്ഷവുമായി മുഴുവന്‍ ജനവിഭാഗങ്ങളും കേരളത്തില്‍ സുരക്ഷിതരല്ല എ്ന്നതാണ് വാസ്തവം. ഒരു വശത്ത് കക്ഷിരാഷ്ട്രീയകൊലകള്‍ അരങ്ങേറുമ്പോള്‍ മറുവശത്ത് പാര്‍ശ്വവല്‍കൃതവിഭാഗങ്ങളും പല രീതിയിലും അക്രമിക്കപ്പെടുന്നു. ഉത്തരേന്ത്യക്കാരെ കുറ്റപ്പെടുത്തി സ്വയം ന്യായീകരിക്കുന്ന ഇത്തരം ചെപ്പിടിവിദ്യകള്‍ ഇനിയും അവസാനിപ്പിക്കുകയാണ് നാം വേണ്ടത്. ഒപ്പം നമ്പര്‍ വണ്‍ ജനത എന്ന വസ്തുതകള്‍ക്കു നിരക്കാത്ത അവകാശവാദവും.
എങ്ങനെയാണ് ഒരു ജനത കേരളം നമ്പര്‍ വണ്‍ ആകുക? ശിശുമരണനിരക്ക് കുറഞ്ഞതോ, ആയൂര്‍ദൈര്‍ഘ്യം വര്‍ദ്ധിച്ചതോ, സാക്ഷരതയോ മാത്രമല്ല സാമൂഹിക ജീവിതത്തിന്റെ പുരോഗതി അളക്കാനുള്ള മാനദണ്ഡം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോട് എങ്ങനെ ഒരു സമൂഹം പെരുമാറുന്നു എന്നതാണ്. ജാതീയതോടും ലിംഗവിവേചനത്തോടുമുള്ള നിലപാടുകളാണ്. ഗോപ്യമായി ഒളിച്ചുവെച്ചിരിക്കുന്ന ജാതീയതയാണ് നമ്മുടെ മുഖമുദ്ര. ആന്തരികമായി കേരളം ആദിവാസി വിരുദ്ധമാണ്, ദളിത് വിരുദ്ധമാണ്, സ്ത്രീവിരുദ്ധമാണ്, ലൈംഗികന്യൂനപക്ഷങ്ങള്‍ക്കുമാത്രമല്ല, എല്ലാ ന്യൂനപക്ഷങ്ങല്‍ക്കും എതിരാണ്… ഈ പട്ടിക ഇനിയും നീട്ടാം.
ആദിവാസി വിഷയം മാത്രമെടുത്തു പരിശോധിക്കുക. ‘ഭൂമി അമ്മയാണ്. ഈ ഭൂമിയുടെ ഓരോ ഭാഗവും എന്റെ ജനതയ്ക്കു പവിത്രമാണ്. പൂക്കള്‍ ഞങ്ങളുടെ പെങ്ങളാണ്, പുഴകള്‍ ഞങ്ങളുടെ ആങ്ങളമാരാണ്, പ്രാണവായു എല്ലാ ജീവജാലങ്ങള്‍ക്കും മൂല്യമാണ്’ എന്ന സിയാറ്റിന്‍ മൂപ്പന്റെ (അമേരിക്കയിലെ റെഡ് ഇന്ത്യന്‍ ഗോത്രവര്‍ഗ നേതാവ്) ലോകത്താകമാനമുള്ള ആദിവാസികളുടെ അവകാശങ്ങളെ സംബന്ധിച്ച് യു.എന്‍. നടത്തിയ ചരിത്രപ്രധാനമായ പ്രഖ്യാപനം അംഗീകരിച്ച 143 രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട്. എന്നാല്‍ കേരളത്തിലടക്കം രാജ്യത്തെ ആദിവാസികളുടെ അവസ്ഥ പൊതുശരാശരിയേക്കാള്‍ എത്രയോ പുറകിലാണ്. പൂര്‍ണ്ണ സാക്ഷരതയുണ്ടെന്നു പറയുന്ന കേരളത്തിലെ ആദിവാസികളുടെ സാക്ഷരതാ നിരക്ക് 74.44 ശതമാനമാണ്. നിരക്ഷരരില്‍ 6-18 വയസിനിടയില്‍ 53.59 ശതമാനം കുട്ടികള്‍ വിദ്യാലയങ്ങളുടെ പടിപോലും കണ്ടിട്ടില്ലാത്തവരാണെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. സര്‍ക്കാരിന്റെ കണക്കനുസരിച്ച് കേരളത്തിലെ ആദിവാസികളില്‍ 15,146 പേര്‍ ഭൂരഹിതരാണ്. നിരന്തരമായി നടക്കുന്ന ശിശുമരണങ്ങള്‍ക്ക് കാരണം പോഷകക്കുറവാണെന്ന് വ്യക്തം. ഒരു സമൂഹത്തിന്റെ ശാക്തീകരണം/വികസനം എവിടെയെത്തി നില്‍ക്കുന്നു എന്നതിന്റെ അളവുകോല്‍, അവിടുത്തെ ആദിവാസി ദലിതുകളടങ്ങുന്ന പാര്‍ശ്വവല്‍കൃത സമൂഹത്തിന്റെ ഭൂവധികാരം, ആരോഗ്യവിദ്യാഭ്യാസ മേഖലയിലെ വളര്‍ച്ച എത്രത്തോളം സാധ്യമായി എന്നതിനെ ആശ്രയിച്ചായിരിക്കും. കേരളത്തില്‍ നടന്ന പ്രധാന ആദിവാസി ഭൂസമരങ്ങളെല്ലാം ഉയര്‍ന്നുവന്നിട്ടുള്ളത് പട്ടിണിമരണങ്ങളെ തടുര്‍ന്നാണ്. 33 പണിയ വിഭാഗക്കാരായ ആദിവാസികളുടെ മരണത്തെ തുടര്‍ന്നാണ് പ്രധാന സമരമായ സെക്രട്ടേറിയറ്റ് കുടില്‍കെട്ടി സമരവും മുത്തങ്ങാ സമരവും ഉണ്ടായത്. അട്ടപ്പാടിയിലെ ഇരുന്നൂറോളം കുഞ്ഞുങ്ങളുടെ പോഷണശോഷണം മൂലമുള്ള മരണങ്ങളെ തുടര്‍ന്നാണ് 165 ദിവസം നീണ്ടുനിന്ന നില്‍പ്പ് സമരം നടത്തിയത്. ആദവാസികളുടെ ആവശ്യത്തെ നിയമസഭയില്‍ അംഗീകരിച്ചത് ഗൗരിയമ്മ മാത്രമായിരുന്നു. ശക്തമായ സമരങ്ങളെ തുടര്‍ന്നാണ് വനാവകാശനിയമവും പെസ നിയമവും കേരളത്തില്‍ വീണ്ടും ചര്‍ച്ചയായത്. എന്നാല്‍ വനാവകാശം നടപ്പാക്കിയ സ്ഥലങ്ങളില്‍ പോലും അത് നടപ്പാക്കപ്പെടുന്നില്ല. സ്വാതന്ത്ര്യാനന്തരം ആദിവാസികളോട് കാണിച്ച ചരിത്രപരമായ അനീതിക്കുള്ള പ്രായശ്ചിത്തമായാണ് വനാവകാശനിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നതെന്ന് നിയമത്തിന്റെ മുഖവുര സാക്ഷ്യപ്പെടുത്തുന്നു. സ്വാതന്ത്ര്യം കിട്ടി നാളിതുവരെയായിട്ടും പരമ്പരാഗതമായി കൈമാറിവന്ന ഭൂമി കൈവശം വയ്ക്കുന്നതിനും അതിലെ ചെറുകിട വിഭവങ്ങള്‍ ജീവസന്ധാരണത്തിനായി ശേഖരിക്കുന്നതിനും സ്വതന്ത്രമായി വിപണനം ചെയ്യുന്നതിനും അതിലൂടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള അധികാരം ആദിവാസി ജനതയ്ക്കും അവരുടെ ജനാധിപത്യ സംവിധാനമായ ഊരുസഭകള്‍/ ഊരുകൂട്ടങ്ങള്‍ എന്നിവയ്ക്ക് നല്‍കിയിരുന്നില്ല. ബ്രിട്ടീഷ് ഭരണകാലം മുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഊരുകൂട്ടങ്ങള്‍ക്ക് സ്വതന്ത്രമായ നിര്‍ണ്ണയാധികാരം ഉണ്ടായിരുന്നു. അവിടെ സ്വതന്ത്ര്യാനന്തരം ഇത് ഭരണഘടനയുടെ അഞ്ചും ആറും പട്ടികയില്‍പ്പെടുത്തി പ്രത്യേക അധികാരം നിലനിര്‍ത്തി. അതാണ് ഷെഡ്യൂള്‍ഡ് ഏരിയ. എന്നാല്‍ ഇതെല്ലാം മിക്കവാറും കടലാസില്‍ ഒതുങ്ങുന്നു. കേരളത്തില്‍ വനാവകാശനിയമപ്രകാരം സാമൂഹ്യാവകാശം അനുവദിക്കുന്നതില്‍ വീഴ്ച വരുത്തി. സാമൂഹ്യാവകാശം നല്‍കുക വഴി ആദിവാസി ജനതയുടെ അതിജീവന പ്രതിസന്ധി മറികടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ പ്രധാന ആദിവാസി മേഖലകളായ അട്ടപ്പാടി, വയനാട് എന്നിവിടങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോഷണശോഷണം മൂലമുള്ള കുഞ്ഞുങ്ങളുടെ മരണങ്ങള്‍ ഒഴിവാക്കാനാവുമായിരുന്നു. ആദിവാസികള്‍ക്ക് പട്ടിണി കിടക്കേണ്ടി വരുമായിരുന്നില്ല. കേരളത്തെ കുറിച്ച് ഊറ്റം കൊള്ളുന്നവര്‍ ആദ്യം പരിശോധിക്കേണ്ടത് ഇത്തരം വിഷയങ്ങളാണ്. ആദിവാസികളുടെ മുഴുവന്‍ സ്വത്തും കൊള്ളയടിച്ചാണ് അവരെ കള്ളന്മാരെന്നു വിളിച്ച് നാം വെടിവെച്ചും തല്ലിയും കൊല്ലുന്നത്.
ഈ കുറിപ്പെഴുതുമ്പോള്‍ ഒരു ചാനലില്‍ കാണുന്നത് ഇങ്ങനെ. അട്ടപ്പാടിയിലെ കാടത്തം. എന്തടിസ്ഥാനത്തിലാണ് ജേര്‍ണ്ണലിസ്റ്റുകള്‍ പോലും ക്രൂരതക്ക് കാടത്തം എന്ന വാക്കുപയോഗിക്കുന്നത്? ജയമോഹന്‍ ഒരു കൃതിയില്‍ ഇങ്ങനെ എഴുതുന്നുണ്ട്: ”എനിക്ക് ഒട്ടും മനസ്സിലാകാത്തത് മലയാളികളുടെ പ്രവൃത്തിയാണ്. വിദ്യാഭ്യാസവും രാഷ്ട്രീയബോധവും ഉള്ളവര്‍. പക്ഷേ, കാട്ടിലെത്തിയാല്‍ തനി വൃത്തികെട്ടവന്മാരാണ്. കേരളസംസ്‌കാരത്തിനു തന്നെ കാടിനോട് നിരന്തരമായ ഒരു യുദ്ധമുണ്ട് എന്നു തോന്നും. കാട് എന്ന വാക്കുതന്നെ മലയാളത്തില്‍ നന്മയ്ക്ക് എതിരായ പൊരുളിലാണ് പ്രയോഗിക്കാറ്. കാടുപിടിച്ച് കിടക്കുക, കാടുകയറുക, കാടന്‍, കാടത്തം എന്നൊക്കെ മലയാളികള്‍ പറയുമ്പോഴാണ് അവരുടെ പ്രവൃത്തിയെ ഞാന്‍ മനസ്സിലാക്കിത്തുടങ്ങിയത്.” കാടെല്ലാം പിടിച്ചടക്കിയാണ് നാമിതു പറയുന്നതെന്നത് വേറെ കാര്യം. പാര്‍ശ്വവല്‍കൃതരായ മറ്റുവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിശോധിച്ചാലും മലയാളിയുടെ കാപട്യമാണ് പുറത്തുവരുക. അതെല്ലാം മൂടിവെച്ചാണ് നമ്മള്‍ പ്രബുദ്ധജനതയെന്ന് അഹങ്കരിക്കുന്നതും മറ്റുള്ളവരെ പുച്ഛിക്കുന്നതും എന്നതാണ് ഏറ്റവും ഖേദകരം.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>