സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Feb 17th, 2018

രാഷ്ട്രീയകൊലകള്‍ ഇനിയും തുടരും – ഓരാചാരം പോലെ

Share This
Tags

sssപ്രസന്നകുമാര്‍ ടി എന്‍

ഏതു രാഷ്ട്രീയ കൊലപാതകം കഴിഞ്ഞാലും ചാനല്‍ ചര്‍ച്ചകള്‍ ഉണ്ടാകും. സി.പി.എം. ആണ് പ്രതിസ്ഥാനത്തെങ്കില്‍, കൊലയില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് പാര്‍ട്ടി സെക്രട്ടറി പ്രസ്താവിക്കും.
പരസ്യപ്രവര്‍ത്തനവും രഹസ്യപ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ടുപോകുന്നതാണ് കമ്യൂണിസ്റ്റ് ലൈന്‍. പ്രസ്താവനകളൊക്കെ പരസ്യപ്രവര്‍ത്തനത്തില്‍ പെടും. പ്രതികളെ സംരക്ഷിക്കുക, അന്വേഷണത്തിലുടനീളം പാര്‍ട്ടീ സ്വാധീനവും ഭരണസ്വാധീനവും ഉപയോഗിച്ച് ഇടപെടുക, പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുക, കൊലപ്പെട്ടവരെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുക തുടങ്ങിയവ രഹസ്യമായി തുടരും. ഈ തടസ്സങ്ങളൊക്കെ മറികടന്ന്, വല്ലപ്പോഴും പോലീസ് യഥാര്‍ത്ഥ പ്രതികളെ പിടിച്ചാല്‍ കേസ് നടത്താനും അവരുടെ കുടുംബചിലവിനും പാര്‍ട്ടി, ഫണ്ട് പിരിവിനിറങ്ങും. പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തും. നേതാക്കള്‍ പോലീസിനെ വെല്ലുവിളിച്ച് പ്രസംഗിക്കും. ഭരണം കിട്ടിയാല്‍ അന്വേഷണത്തിന് നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റും.
കോടതി ശിക്ഷിക്കുന്ന പ്രതികള്‍ക്ക് ജയിലില്‍ സുഖസൗകര്യങ്ങള്‍ ഏര്‍പ്പാടാക്കും, മൊബൈല്‍ ഫോണും ആവശ്യപ്പെടുമ്പോഴെല്ലാം പരോളും ലഭിക്കും, സുഖചികിത്സയ്ക്ക് പറഞ്ഞയക്കും, കല്യാണം നടത്തികൊടുക്കും, പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുപ്പിക്കും, പാര്‍ട്ടി അവരെ പ്രതികളായി കരുതുന്നില്ലെന്നും ബൂര്‍ഷ്വാകോടതി വിധികളില്‍ വിശ്വാസമില്ലെന്നും പാര്‍ട്ടി സ്വന്തം നിലയ്ക്ക് അന്വേഷിക്കുമെന്നുള്ള അടവ് ലൈന്‍ എടുക്കും. സി.പി.എംന്റെ ഒരു അന്വേഷണറിപ്പോര്‍ട്ടും പൊതുജനം ഇതുവരെ കാണാത്തതുകൊണ്ട് പാര്‍ട്ടി അന്വേഷണത്തെക്കുറിച്ചാര്‍ക്കും പരാതിയുണ്ടാകുകയുമില്ല.
അല്ലെങ്കില്‍ പാര്‍ട്ടി ഓഫീസുകളില്‍നിന്ന് പോലീസിന് ഡമ്മി പ്രതികളെ കൊടുക്കും. തെളിവുകളുടെ അഭാവത്തില്‍ കോടതിയില്‍ നിന്ന് അവര്‍ രക്ഷപ്പെടും. ഒത്തുതീര്‍പ്പുരാഷ്ട്രീയമാണ് കോണ്‍ഗ്രസിനിഷ്ടം എന്നതുകൊണ്ട് അവര്‍ ഭരിക്കുമ്പോഴും കേസന്വേഷണം ഗൂഢാലോചനയിലേക്ക് നീങ്ങില്ല, നേതൃത്വനിരയിലേക്ക് നീങ്ങാതെ ഇടയ്ക്ക് വെച്ച് അവസാനിക്കും.
ജനാധിപത്യത്തിന്റെ പ്രാഥമിക അടിസ്ഥാനം പ്രതിപക്ഷ ബഹുമാനവും, വിയോജിപ്പുകളോടുള്ള സഹിഷ്ണുതയുമാണ്. കമ്യൂണിസറ്റ് പാര്‍ട്ടിക്ക് അതില്ലാത്തതിനു കാരണം അതിന്റെ ലക്ഷ്യം തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യമായതുകൊണ്ടാണ്. ആ സര്‍വ്വാധിപത്യമാകട്ടെ പാര്‍ട്ടി സ്വേച്ഛാധിപത്യമല്ലാതെ മറ്റൊന്നുമല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കുത്തകാധികാരം കൈവന്ന രാജ്യങ്ങളിലൊന്നും പ്രതിപക്ഷമുണ്ടായിരുന്നിട്ടില്ല. ബഹുകക്ഷി ജനാധിപത്യമെന്നത് ബൂര്‍ഷ്വാസിയുടെ ജനാധിപത്യമായതുകൊണ്ട് അത് അംഗീകരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തത്ത്വം. തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതൊക്കെ അടവുപരമോ, തന്ത്രപരമോ ആയ കാര്യങ്ങളാണ്. യഥാര്‍ത്ഥ ലക്ഷ്യം പ്രതിപക്ഷംതന്നെയില്ലാത്ത രാഷ്ട്രീയഘടനയാണ്. സര്‍വ്വാധിപത്യ സങ്കല്‍പത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ജനാധിപത്യരീതികള്‍ സ്വയം ആര്‍ജിക്കേണ്ടതും വികസിപ്പിക്കേണ്ടതുമായ കാര്യമാണെ് തോന്നില്ല. അതൊരു ജീവിതരീതിയോ സംസ്‌കാരമോ ആയി പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയില്‍ വേരുറയ്ക്കില്ല. ഹിംസയുടെയും ബലപ്രയോഗത്തന്റെയും അടിവേര് കമ്യൂണിസ്റ്റ് പാര്‍ട്ടി പരിപാടികളില്‍തന്നെയുണ്ട്.
ആര്‍.എസ്.എസ് – ബി.ജെ.പി പ്രവര്‍ത്തകര്‍ മറ്റു മതവിശ്വാസകളോട് പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും അടിസ്ഥാനം ഇന്ത്യയെ ഒരു ഹിന്ദുത്വ രാഷ്ട്രമാക്കുക എന്ന ഫാസിസ്റ്റ് ലക്ഷ്യം അവര്‍ക്കുള്ളതുകൊണ്ടാണല്ലോ. ലക്ഷ്യം എത്ര തീവ്രമാകുന്നുവോ അത്രയും വെറുപ്പും അതുല്‍പാദിപ്പിച്ചുകൊണ്ടിരിക്കും. ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കണമെങ്കില്‍ മതേതരത്വം തന്നെ ഇല്ലാതാക്കണം. മറ്റു മതങ്ങളുടെ പ്രവര്‍ത്തനസ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യണം. അവരെ രണ്ടാം കിടപൗരന്മാരായി പരിഗണിക്കണം. ജനാധിപത്യവും ബഹുകക്ഷിഭരണവുമൊക്കെ അവര്‍ക്കും തടസ്സമാണ്. പ്രതിപക്ഷമുക്ത ഇന്ത്യയാണ് അവരുടെയും ലക്ഷ്യം. ആര്‍.എസ്. എസിന്റെ ഹിംസയുടെ അടിവേര് കിടക്കുന്നതും അവരുടെ ലക്ഷ്യങ്ങളില്‍തന്നെയാണ്. ആര്‍.എസ്.എസിന്റെ കേഡര്‍ സംവിധാനം ഉപയോഗിച്ചാണ് ബി.ജെ.പി. രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുന്നത്.
കേരളത്തിലെ ഏറ്റവും വലിയ കേഡര്‍ പാര്‍ട്ടിയും ഭരിക്കുന്ന പാര്‍ട്ടിയും സി.പി.എം. ആയതുകൊണ്ടും ഭൂരിപക്ഷം രാഷ്ട്രീയകൊലപാതകങ്ങളിലും സി.പി.എം. ഒരുഭാഗത്തുള്ളതുകൊണ്ടും രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ കൂടുതല്‍ ഉത്തരവാദിത്തം സി.പി.എംനാണ്. പക്ഷേ, അനുഭവം കൊണ്ട് സ്വയം തിരുത്തുന്ന മെക്കാനിസം ആ പാര്‍ട്ടിക്കുള്ളില്‍ ഇല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി എവിടെയെല്ലാം കുത്തകാധികാരത്തില്‍ വന്നിട്ടുണ്ടോ, അവിടങ്ങളിലെല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സമ്പൂര്‍ണ്ണമായി തകര്‍ന്നുപോകുന്നതുവരെ അവരുടെ പാര്‍ട്ടി പരിപാടിയില്‍ അടിസ്ഥാനപരമായ തിരുത്തല്‍ വരുത്തിയിട്ടില്ല. തിരിച്ചുവരാനാകാത്തവിധം അപ്രത്യക്ഷമായിപോകുന്നതാണ് അവരുടെ ചരിത്രം. അധികാരത്തില്‍ തിരിച്ചുവരുന്നതുപോയിട്ട് പിന്നൊരിക്കലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടാക്കാന്‍പോലും ജനങ്ങള്‍ സമ്മതിക്കാറില്ല.
20 ലക്ഷത്തോളം മനുഷ്യരെയാണ് സ്റ്റാലിന്റെ നേതൃത്വത്തില്‍ കൊലചെയ്തിട്ടുള്ളതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. 1934 ലെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത രണ്ടായിരത്തോളം പ്രതിനിധികളില്‍ എണ്‍പതുശതമാനംപേരും വധിക്കപ്പെട്ടു. സോവിയറ്റ് യൂണിന്‍ തകര്‍ന്നതിനുശേഷം ആ രാജ്യത്തിന്റെ ആര്‍കെവുകളിലെ ഔദ്യോഗിക കണക്കനുസരിച്ച്, സ്റ്റാലിന്‍ കാലഘട്ടത്തില്‍ നടപ്പിലാക്കിയ വധശിക്ഷകള്‍ മാത്രം എട്ട് ലക്ഷത്തിനടുത്താണ്. ഹിറ്റ്ലറെപോലെ ചരിത്രം കണ്ട ഹീനനായ ആ സ്വേച്ഛാധിപതിയുടെ ചിത്രമാണ് സി.പി.എം.ന്റെ എല്ലാ പാര്‍ട്ടി ഓഫീസിലും ഇപ്പോഴും തൂക്കിയിട്ടിട്ടുള്ളത്. കംബോഡിയയിലെ ജനസംഖ്യയിലെ 25 ശതമാനം മനുഷ്യരെയും കൊന്നൊടുക്കിയ കമ്യൂണിസ്റ്റ് നേതാവ് പോള്‍പോട്ടിനെ അവസാനകാലം വരെ ഇ.എം.എസ്. ന്യായീകരിച്ചിരുന്നു.
ഇന്ത്യയിലെ പാര്‍ലമെന്ററി സംവിധാനത്തിനുള്ളില്‍നിന്ന് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായിട്ടും ബംഗാളില്‍ സമ്പൂര്‍ണ്ണ തകര്‍ച്ച നേരിടുന്നതുവരെ, തിരുത്തലുകളില്ലാത്ത ആ പാര്‍ട്ടി ധാര്‍ഷ്ട്യം തുടര്‍ന്നു. മലയാളിയുടെ രാഷ്ട്രീയാസ്ഥിത്വത്തിന്റെ സര്‍വ്വമണ്ഡലങ്ങളെയും ഇളക്കിമറിച്ച ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം കഴിഞ്ഞിട്ടും സമൂഹം ഒന്നടങ്കം കൊലപാതകരാഷ്ട്രീയത്തിനെതിരായ നൈതികബോധത്തിലേക്കുണര്‍ന്നിട്ടും പാര്‍ട്ടി തിരുത്തിയിട്ടില്ല.
രാഷ്ട്രീയ കൊലകള്‍ അവസാനിക്കാന്‍ പോകുന്നില്ല. ഇനിയും ഉണ്ടാകും. അരനൂറ്റാണ്ടായി അത് തുടരുന്നു. സി.പി.എം.നെപോലെതന്നെ കേഡര്‍ സംഘടനയും പരിശീലനം ലഭിച്ച കൊലയാളി ഗ്രൂപ്പുകളും ബി.ജെ.പി.ക്കുണ്ട്. അവരും തിരിച്ചുകൊല്ലും. പോലീസിനുമുന്നില്‍ ഹാജറാക്കാന്‍ അവര്‍ക്കും ഡമ്മി പ്രതികളുണ്ട്. ഓരോ കൊലപാതം കഴിഞ്ഞാലും പാര്‍ട്ടി നേതാക്കളും അണികളും വീണ്ടും പരസ്പരം ആരോപണമുന്നയിക്കും, വീണ്ടും കൊലകളുടെ കണക്കെടുപ്പു നടത്തും, ആരാണ് ആദ്യം കൊന്നതെന്ന് അണികള്‍ തര്‍ക്കിക്കും, പരസ്പരം പോര്‍വിളിക്കും. വെട്ടേറ്റ് ചിതറിയ മനുഷ്യശരീരങ്ങളുടെ ഭീതിതമായ ചിത്രങ്ങള്‍ സോഷ്യല്‍മീഡയയിലൂടെ പ്രചരിപ്പിക്കും, ഹര്‍ത്താലുകളുണ്ടാകും, കൊലവിളിച്ച് അണികള്‍ പ്രകടനം നടത്തും. ജനം ബന്ദിയാക്കപ്പെട്ട് വീട്ടിലിരിക്കും, പാര്‍ട്ടി സെക്രട്ടറി പതിവുപോലെ പ്രസ്താവനയിറക്കും. സി.പി.എം.നെ തിരുത്താനുള്ള ചരിത്രദൗദ്യം ഏറ്റെടുത്തവരെന്ന് സ്വയം വിശ്വസിക്കുന്ന ആക്ടിവിസ്റ്റുകള്‍ തങ്ങള്‍ എല്ലാ കൊലകള്‍ക്കുമെതിരാണെന്ന് ഫേസ്ബുക്കിലെഴുതും. ധൈഷണിക സ്വാതന്ത്ര്യത്തെക്കാള്‍ ജീവിച്ചുപോകാന്‍ നല്ലത്, പാര്‍ട്ടി വച്ചുനീട്ടുന്ന അധികാരസ്ഥാനങ്ങളാണെന്ന് തിരിച്ചറിവുള്ള എഴുത്തുകാര്‍ മിണ്ടാതിരിക്കും. തങ്ങള്‍ മാനുഷികതയ്ക്കുവേണ്ടി വാദിക്കേണ്ടവരാണല്ലോയെന്ന കുറ്റബോധം നിറയുമ്പോള്‍ അവരില്‍ ചിലര്‍ പാര്‍ട്ടിയെ പിണക്കാതെ, അല്പം ലജ്ജയോടെ’ എല്ലാ കൊലയ്ക്കും തങ്ങളെതിരാണെന്ന’ പ്രസ്താവനയിറക്കും. കൊല ചെയ്യിച്ച പാര്‍ട്ടിക്കാര്‍ തങ്ങള്‍ക്കിതില്‍ പങ്കില്ലെന്നു പറയും. ചാനല്‍ ചര്‍ച്ചകള്‍ വീണ്ടും സംഭവിക്കും. രാഷ്ട്രീയ വിയോജിപ്പുള്ളവരെ ശാരീരികമായി ആക്രമിക്കുന്നത് തങ്ങളുടെ ശൈലിയല്ല, പോലീസ് നിഷ്പക്ഷമായി കേസന്വേഷിക്കട്ടെ, തുടങ്ങിയ പതിവു വാചകങ്ങള്‍ ചാനല്‍ ചര്‍ച്ചയില്‍ വന്നിരുന്ന് ഒരു ചളിപ്പുമില്ലാതെ ആവര്‍ത്തിക്കും. നുണകള്‍ കേട്ട് ശീലമായ പൊതുജനം നിര്‍വികാരമായി വീണ്ടും നുണകള്‍ കേള്‍ക്കും. ഒരാചാരംപോലെ ഇതൊക്കെ തുടരും.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>