സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Feb 17th, 2018

രണ്ട് ജീവചരിത്രസിനിമകള്‍ : ആഹ്ലാദത്തോടെ, നിരാശയോടെ

Share This
Tags

yyyyyവി ജി തമ്പി

വി.പി.സത്യന്റെ ജീവിതം പ്രചോദിപ്പിച്ച ക്യാപ്റ്റന്‍ എന്ന സിനിമയും, മാധവിക്കുട്ടിയുടെ ജീവിതം പകര്‍ത്തിയ ആമിയും ഇന്നലെ ഒരൊറ്റ ദിവസം കണ്ടതിന്റെ അനുഭവം പങ്കുവെക്കണമെന്ന് തോന്നി.രണ്ട് ജീവചരിത്രസിനിമകള്‍ താരതമ്യം ചെയ്യാനുള്ള അവസരമായി.
ക്യാപ്റ്റന്‍ അസാധാരണമായ ദൃശ്യാനുഭവങ്ങള്‍ കൊണ്ട് വിസ്മയിപ്പിച്ചു .ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ സത്യന്‍ എക്കാലത്തെയും ക്യാപ്റ്റനായിരുന്നു.കാല്‍പന്തില്‍ ഒരു മാന്ത്രികപ്രതിഭ ഫുട്‌ബോള്‍ അയാള്‍ക്ക് ജീവരക്തമായിരുന്നു.ഉന്മാദത്തിന്റെ വക്കോളം ആ കളിയില്‍ അയാള്‍ ആണ്ടുമുങ്ങി .തന്റെ ശ്വാസമത്രയും ഫുട്‌ബോളില്‍ നിറച്ചു.അതിനപ്പുറം ഒരു ജീവിതമില്ല .കുടുംബമില്ല.കാലിനേറ്റ ക്ഷതം സഹിച്ചും മറച്ചും അയാള്‍ ഫുട്‌ബോളില്‍ ജീവിതം സമര്‍പ്പിച്ചു .തന്റെ വിജയവും പരാജയവും വിചിത്രമായ മനോഘടനയോടെ സ്വീകരിച്ചു.ദാരുണമായ ആത്മഹത്യയില്‍ അവസാനിപ്പിച്ചുവെങ്കിലും സത്യന്‍ തന്റെ സ്വകാര്യാനന്ദം കൊണ്ടും നന്മ കൊണ്ടും മരണത്തെ അതിജീവിച്ചു.ഇത്രയ്ക്കും സൂഷ്മവും സങ്കീര്‍ണ്ണവും സന്ദിഗ്ധവുമായ അയാളുടെ ആന്തരികജീവിതം അല്‍പ്പം പോലും വെള്ളം ചേര്‍ക്കാതെ സര്‍വ്വകാഠിന്യത്തോടും കൂടി പകര്‍ത്തിയ ചിത്രമാണ് ക്യാപ്റ്റന്‍.ഒരു ഫ്രെയിമും പാഴായിട്ടില്ല.ഹൃദയത്തിലേക്ക് കുത്തിതുളച്ച് കയറുന്ന അശാന്തിയുടെ തീക്കാറ്റ് പശ്ചാത്തലസംഗീതത്തോടൊപ്പം ആദ്യഷോട്ട് മുതല്‍ അവസാനം വരെയും വീശിയടിക്കുന്നു .ജയസൂര്യയുടെ വിസ്മയകരമായ പകര്‍ന്നാട്ടം .സൂഷ്മശ്രദ്ധയുള്ള എഡിറ്റിങ് .വികാരങ്ങളെ വാറ്റിയെടുത്ത സംഭാഷണം,നാടകീയമായ ആഖ്യാനഘടനയുടെ നെഞ്ചിടിപ്പുകള്‍.സത്യന്റെ ജീവിതം അതിന്റെ മുഴുവന്‍ സങ്കീര്ണതയോടും കൂടി സിനിമ ആഴപ്പെടുത്തി .നവാഗതനായ പ്രജേഷ് സെന്‍ ദീര്‍ഘമായ ഹോംവര്‍ക്കോടെ പൂര്‍ത്തിയാക്കി .അതിനെ ഫലങ്ങള്‍ ചിത്രത്തിലെ ഓരോ ഫ്രേയിമിലുമുണ്ട് .
ആമിയും ഒരു ജീവചരിത്രസിനിമ.പക്ഷെ പൂര്‍ണമായും നിരാശപ്പെടുത്തി.എന്താണിങ്ങനെ നിരുത്തരവാദിത്വത്തോടെ പ്രതിഭയുടെ ഒരു നേരിയ സ്പര്‍ശം പോലുമില്ലാതെ ആസകലം കൃത്രിമമായി ഉപരിപ്ലവമായി പൈങ്കിളിയായി ക്‌ളീഷേകള്‍ നിറച്ച ദൃശ്യങ്ങളുടെയും ശബ്ദങ്ങളുടെയും ബാലിശത കൊണ്ട് അരോചകമായി എന്നതിന്റെ തെളിവ് കൂടിയായി ആമി.സത്യസന്ധമായ കാര്യമായ ഒരു ഹോംവര്‍ക്കും ഈ ചിത്രത്തിന് പിന്നില്‍ നടന്നിട്ടില്ല എന്ന് വ്യക്തം .മാധവിക്കുട്ടിയെ പോലെ ഒരു കലാകാരിയുടെ ശരീരത്തെയും ശരീരത്തെ അതിലംഘിക്കുന്ന അവരുടെ ധീരവും സ്വസാന്തരവുമായ ആത്മാവിനെയും ഇത്രക്കും ലളിതവത്കരിച്ച് അപമാനിക്കരുതായിരുന്നു.മഞ്ജുവാര്യരുടെ കരിയറിലെ ഏറ്റവും മോശം പ്രകടനം.ചിത്രത്തില്‍ ഉടനീളം മഞ്ജു പറയുന്ന ആത്മഗതങ്ങള്‍ അരോചകം.ഒരു ഫ്രേയിമിന് പോലും മൗലികസൗന്ദര്യമില്ല .കച്ചവടസിനിമകളിലോ സീരിയലുകളിലോ കണ്ടുമടുത്ത ആവര്‍ത്തനവിരസത.ഓരോ നിമിഷവും അത്ഭുതങ്ങളില്‍ ജീവിച്ച മാധവിക്കുട്ടിയുടെ ഒരു രചനയെപോലും തൊടാനോ വ്യാഖ്യാനിക്കാനോ മെനക്കെട്ടില്ല സംവിധായകന്‍ .സദാ എരിഞ്ഞുകത്തുന്ന മാധവിക്കുട്ടിയുടെ ഉള്ളകങ്ങളെ കമല്‍ ഇത്രയ്ക്കും പേടിച്ചതെന്തിന് ?ഫാന്റസി എന്ന രീതിയില്‍ കാട്ടിക്കൂട്ടിയ പരന്ന് വാചാലമായ കൃഷ്ണപ്രണയത്തിന് ഒരു സീരിയലിന്റെ നിലവാരം പോലുമില്ല.ഫാന്റസി വിജയിക്കണമെങ്കില്‍ നിഗൂഢതയുടെ ധ്വനിസമ്പന്നത വേണം .
ക്ഷമിക്കണം കമല്‍.താങ്കളുടെ കരിയറിലെ വിജയപരിവേഷങ്ങളെല്ലാം അഴിച്ചുവെച്ച് ഒരു ജീവചരിത്രസിനിമയുടെ ആഴമേറിയ സൗന്ദര്യം നിറച്ച നവാഗതനായ പ്രജേഷ് സെന്നിനെ മുമ്പില്‍ വിനീതനാകണം.വിവാദങ്ങള്‍ക്ക് കൊഴുപ്പുകൂട്ടാന്‍ വേണ്ടി എഴുതിയതല്ല ഈ കുറിപ്പെന്നെങ്കിലും മനസിലാക്കുക.

ഫേസ് ബുക്ക് പോസ്റ്റ്

 

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>