സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Feb 16th, 2018

ഇത് കമ്യൂണിസ്റ്റ് ഫാസിസമല്ലാതെന്ത്?

Share This
Tags

rrrസജീവന്‍ അന്തിക്കാട്

ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയുടെയും മകന്റെയും ജീവന്‍ രക്ഷിക്കാന്‍ പൊതു സമൂഹ ജാഗ്രത ആവശ്യമായി വന്നിരിക്കുന്ന സന്ദര്‍ഭമാണിത്. രാഷ്ട്രീയ കൊലപാതകങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കൊന്നവര്‍ തന്നെ അവഹേളിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. സഖാവ് അഴീക്കോടന്‍ രാഘവനെ കൊന്ന എതിര്‍ ഗ്രൂപ്പുകാര്‍ എപ്പോഴെങ്കിലും മീനാക്ഷി ടീച്ചറെ അവഹേളിച്ചതായി കേട്ടിട്ടില്ല. സുധീഷിനെ കൊന്ന ആര്‍.എസ്.എസ്സുകാര്‍ സുധീഷിന്റെ അച്ഛനെയോ അമ്മയെയോ ഇതുവരെ അവഹേളിച്ചതായി അറിയില്ല. പുന്നപ്രയിലും വയലാറിലും ഒഞ്ചിയത്തും കാവുന്പായിയിലും മുനയന്‍കുന്നിലും തില്ലങ്കേരിയിലും വെട്ടേറ്റുവീണ ധീരരുടെ ബന്ധുക്കളെ, ഭാര്യമാരെ ആരെങ്കിലും അവഹേളിച്ചതായി കേട്ടറിവില്ല. പക്ഷെ ആ ചരിത്രം TP ചന്ദ്രശേഖരനിലെത്തുമ്പോള്‍ വഴി മാറുന്നു. TP യെ ഇല്ലാതാക്കിയവര്‍ എന്തുകൊണ്ടാണ് കെ.കെ.രമയെയും കുടുംബത്തെയും വേട്ടയാടിക്കൊണ്ടിരിക്കുന്നത്?
എസ്.എഫ്.ഐ രംഗത്തു അക്കാലത്തു പ്രവര്‍ത്തിച്ചവര്‍ക്ക് കെ.കെ. രമയെ പരിചയം ഉണ്ടായിരിക്കും. സംശയം ഉള്ളവര്‍ സി.പി.എം സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി രാജീവ് , യു.പി.ജോസഫ്, കെ.എന്‍ ബാലഗോപാല്‍ , എ പ്രദീപ് കുമാര്‍ പുത്തലത്ത് ദിനേശന്‍ എന്നിവരോട് ചോദിക്കുക.
കെ.കെ.രമ മാത്രമല്ല, രമയുടെ ചേച്ചി പ്രേമ മലയത്തും എസ്.എഫ്.ഐ കേന്ദ്ര കമ്മറ്റി അംഗം ആയിരുന്നു. എസ്.എഫ് .ഐയുടെ കേന്ദ്ര കമ്മറ്റിയില്‍, ഒരു വീട്ടില്‍ നിന്ന് രണ്ടു പെണ്‍കുട്ടികളെ സംഭാവന ചെയ്ത ഒരു കുടുംബം ഇന്ത്യയില്‍ മറ്റെവിടെയെങ്കിലും ഉണ്ടോ എന്ന് സംശയം ആണ്. സംഘടനാ രംഗത്തുള്ളപ്പോള്‍ തന്നെയാണ് കെ.കെ.രമ ടി.പി. ചന്ദ്രശേഖരനെ ജീവിത പങ്കാളിയായി തിരഞ്ഞെടുക്കുന്നതും. വിവാഹ ശേഷവും ജനാധിപത്യ മഹിളാ അസോസിയേഷന്റെയും പാര്‍ട്ടിയുടെയും പ്രാദേശിക പ്രവര്‍ത്തനങ്ങളില്‍ രമ ഉണ്ടായിരുന്നു.
ടീ പീ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ പായയിട്ട് ‘പുല’ ഇരിക്കേണ്ടതിനു പകരം പത്രക്കാരെ കണ്ടത് വലിയ തെറ്റായിപ്പോയെന്ന് പറഞ്ഞത് ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കള്‍ തന്നെയാണ്. ഇന്ത്യയിലെ ഏറ്റവും ‘പുരോഗമന’ പ്രസ്ഥാനം എന്നൊക്കെയാണ് ഇവര്‍ ഇവരെ വിളിക്കുന്നത്. മറ്റു രക്തസാക്ഷികളുടെ ബന്ധുക്കളില്‍ നിന്നും വ്യത്യസ്തമായി വീട്ടിനുള്ളില്‍ അടങ്ങിയൊതുങ്ങി കഴിയാതെ ശ്രീമതി രമ പൊതു രംഗത്തേക്കിറങ്ങി എന്നത് തന്നെയാണ്, ഇവരുടെ പുരുഷബോധത്തെ വേട്ടയാടുന്നത്. ഒരു ‘വെറും പെണ്ണ്’ പാര്‍ട്ടിയെ വെല്ലുവിളിക്കുന്നത് അവരുടെ ആണത്തത്തിനു സഹിക്കാവുന്നതിലും അപ്പുറമായ ഒരു സംഗതിയായി മാറിയിരിക്കുകയാണ്.
ഈ ആക്ഷേപങ്ങള്‍ പലരും കരുതുന്നതുപോലെ കേവലം താഴെ തലങ്ങളില്‍ മാത്രമല്ല. കേന്ദ്രക്കമ്മറ്റിയില്‍ ഇരിക്കുന്ന ആളുകള്‍ പോലും രമയെ അധിക്ഷേപിച്ചു സംസാരിച്ചിട്ടുണ്ട്. ഇ.എം.എസ്സിന്റെ മരുമകന്‍ ഗുപ്തന്റെ വകയാണ് പുതിയത് . കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വടകരയില്‍ സ്ഥാനാര്‍ഥിയായ രമ പരാജയപ്പെട്ടപ്പോള്‍ , കേരളീയ പൊതുബോധത്തിന് കളങ്കം ചാര്‍ത്തുന്ന തരത്തില്‍ രമയുടെ കോലവുമേന്തിയാണ് ഈ കൂളസംഘം പേക്കൂത്ത് നടത്തിയത്. തങ്ങളുടെ ‘മുഖ്യ എതിരാളി’കളായ ആര്‍.എസ്.സിനോടോ കോണ്‍ഗ്രസിനോടോ മുസ്ലിം ലീഗിനോടൊ ഇല്ലാത്ത തരത്തിലുള്ള ഈ വിദ്വേഷത്തിന്റെ സാമൂഹ്യ മനഃശാസ്ത്രം എന്താണ് ? രാഷ്ട്രീയമായ എതിര്‍പ്പ് മനസ്സിലാക്കാം. അത്തരം എതിര്‍പ്പുകള്‍ ഒരു ജനാധിപത്യ സമൂഹത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയെ ഉള്ളൂ.
പക്ഷെ ആ എതിര്‍പ്പല്ലല്ലോ ഇവിടെ . വേശ്യയെന്ന് ആക്ഷേപിക്കുന്നതും ചെന്നിത്തലയുമായി ബന്ധപ്പെടുത്തി ദു:സൂചനകള്‍ നല്‍കുന്നതും AKG ആക്ഷേപിക്കപ്പെട്ടപ്പോള്‍ കുരു പൊട്ടിയ അതേ ആളുകള്‍ തന്നെയാണെന്നോര്‍ക്കണം. ഒരു പഞ്ചായത്തില്‍ മാത്രം സാന്നിധ്യമുള്ള ഒരു പാര്‍ട്ടിയെ സി.പി.എം എന്തിനാണ് ഭയക്കുന്നത് ? എന്നിട്ടുമെന്തിനാണ് നിങ്ങളീ സ്ത്രീയെ വേട്ടയാടുന്നത് ?
ലോകത്തില്‍ ജനാധിപത്യ ചേരിക്ക് വന്‍ ഭീഷണിയായി മാറിയിട്ടുള്ളത് മൂന്ന് തരം ഫാസിസങ്ങളാണ്. മത ഫാസിസവും സൈനിക ഫാസിസവും കമ്മൂണിസ്റ്റ് ഫാസിസവും. ഇന്ത്യയിലെ ജനങ്ങള്‍ പൊതുവെ മത ഫാസിസത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ചു വരുമ്പോള്‍ കേരളത്തിന് ബോണസ്സായി കമ്മൂണിസ്റ്റ് ഫാസിസത്തിന്റെ ദുരന്തഫലങ്ങള്‍ കൂടി അനുഭവിക്കേണ്ടി വരുന്നുണ്ട്. അതിന്റെ ഒരു സാമ്പിള്‍ ഒഞ്ചിയത്തും ഹോള്‍സെയില്‍ കേരളത്തിലാകെയും നാം കണ്ടു കൊണ്ടിരിക്കുന്നു. ഒരു കൊച്ചു പാര്‍ട്ടിക്ക് ഒരു പഞ്ചായത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത വിധത്തില്‍ ഭരണകൂടാധികാരത്തെയും സ്വന്തം കൊലയാളി സംഘത്തെയും ഉപയോഗപ്പെടുത്തി ഇവര്‍ കാണിക്കുന്ന ആക്രമങ്ങള്‍ മത ഫാസിസ്റ്റുകള്‍ പോലും ഇന്ത്യയിലൊരിടത്തും കാണിക്കുന്നില്ല. ഹിന്ദുത്വയുടെ കളിയരങ്ങായ ഗുജറാത്തിലെ രാജ്ഘട്ടില്‍ പോലും എന്റെ പരിചയക്കാരനും നാട്ടുകാരനുമായ രാമചന്ദ്രന്‍ സി.പി.എമ്മിന്റെ ഗുജറാത്ത് സംസ്ഥാനസെക്രട്ടേറിയറ്റ് മെമ്പറായി ബി.ജെ.പിക്കെതിരെ ഇന്നും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാം. കേരളത്തിന് പുറത്ത് ഈ പാര്‍ട്ടി ചെറുതാണെന്നും അവിടങ്ങളിലുള്ള പൊതു സമൂഹവും വലിയ രാഷ്ട്രീയ പാര്‍ട്ടികളും കാണിക്കുന്ന സഹിഷ്ണുതയാണ് ഈ പാര്‍ട്ടിയുടെ അവിടങ്ങളിലെ നിലനില്‍പ്പ് എന്നും ഇവര്‍ മനസ്സിലാക്കാത്തത് എന്ത്? തമ്മില്‍ ഭേദം തൊമ്മനെന്ന വിശ്വാസത്താല്‍ ഈ പാര്‍ട്ടിയുടെ വോട്ടു ബാങ്കായി ഇവരെ ന്യായീകരിച്ചു കൊണ്ടിരിക്കുന്ന പരമ ശുദ്ധന്‍മാരായ സ്വതന്ത്ര ചിന്താഗതിക്കാര്‍ ഇനിയെങ്കിലും സ്വന്തം വിശ്വാസത്തെ തെളിവുകളുടെ അടിസ്ഥാനത്തില്‍ പുന:പരിശോധിക്കാന്‍ തയ്യാറായാല്‍ ‘ തമ്മില്‍ ഭേദം തൊമ്മന്‍ ‘ എന്ന വിശ്വാസം മഹത്തായ ഒരന്ധവിശ്വാസമാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകില്ല. ഗുജറാത്തില്‍ BJP സി.പി.എമ്മിനോടു കാണിക്കുന്ന സഹിഷ്ണുതയെങ്കിലും സി.പി.എം കേരളത്തില്‍ RMP യോട് കാണിക്കാത്തിടത്തോളം കാലം ഏകകക്ഷിസര്‍വ്വാധിപത്യമെന്ന ലക്ഷ്യം പാര്‍ട്ടി ഭരണഘടനയിലെഴുതി വെച്ച് മുന്നോട്ടു പോകുന്ന സി.പി.എമ്മിനെ കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റുകള്‍ എന്ന് വിളിക്കാതിരിക്കാന്‍ നിവൃത്തിയില്ല.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>