സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Feb 10th, 2018

നേരില്ലാത്ത ഭിക്ഷാടന മാഫിയ

Share This
Tags

bbസുബൈര്‍ കെ.കെ

കൊച്ചു കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കഥകളോട് മലയാളികള്‍ക്കെന്നും പഥ്യമാണ്. അത്തരം കഥകള്‍ കേള്‍ക്കാനും പ്രചരിപ്പിക്കാനും നാം മിടുക്കരാണ്. ‘വിഗതകുമാരന്‍’ ആയിരുന്നു കേരളത്തിന്റെ ആദ്യ ചലച്ചിത്രം. 1930 ലാണത് പുറത്തിറങ്ങിയത്. തട്ടിക്കൊണ്ടു പോകപ്പെടുന്ന ചന്ദ്രകുമാറിന്റെ കഥയായിരുന്നു അതിന്റെ മുഖ്യ പ്രമേയം. ഭൂതനാഥന്‍ കുട്ടിയെ കൊണ്ടുപോയത് ശ്രീലങ്കയിലേക്കായിരുന്നു. ഭിക്ഷാടകന്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതും തെരുവു ജീവിതവും തന്‍മയത്തോടെ അവതിപ്പിച്ചതിനാലാവാം 1988ല്‍ ഇറങ്ങിയ ‘കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍’ അന്നുവരെ ഇറങ്ങിയ സിനിമകളില്‍ ഏറ്റവും പണം വാരുന്ന സിനിമയായതും. ഉവ്വാച്ച എന്ന ശ്രീരാമന്റെ കഥാപാത്രം വരത്തന്‍ ആയിരുന്നു എന്നാണോര്‍മ്മ. 1994 ല്‍ ഇറങ്ങിയ കാബൂളിവാലയും പുറമെ നിന്നെത്തുന്നവര്‍ കുട്ടികളെ തട്ടിക്കൊണ്ടു പോവും എന്ന സന്ദേശമാണ് നമുക്ക് നല്‍കിയത്. അടുത്ത കാലം വരെ കേരളത്തില്‍ കുട്ടികളെ പേടിപ്പിച്ചിരുന്നതും ‘അണ്ണാച്ചി’ വരുന്നു എന്ന് പറഞ്ഞായിരുന്നു. ഈ മനശ്ശാസ്ത്രം തന്നെയാണ് മലയാളികള്‍ക്കിടയില്‍ ഇന്നും പ്രവര്‍ത്തിക്കുന്നത്. കേരളത്തിന്റെ മുക്കിലും മൂലയിലും കുട്ടികളെ തട്ടിക്കൊണ്ടു പോവുന്ന കഥകള്‍ക്കൊണ്ട് മുഖരിതമാണിപ്പോള്‍. വിഭ്രാന്തി വിതരണ യന്ത്രങ്ങളാവുകയാണ് നവ മാധ്യമക്കൂട്ടങ്ങള്‍. ജനതയുടെ ഉള്ളിലുറങ്ങുന്ന ഭീതി മനസ്സിനെ ഉഴുതുമറിച്ച് പരിഭ്രാന്തി വിതച്ച് ആത്മരതിയില്‍ ആറാടുന്ന ഒരു വിഭാഗവും ഉണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. (ബ്ലാക്ക് മാന്റയും വൈറ്റ്മാന്റെയും വിപണി ഇടിഞ്ഞതായാണ് വിവരം)

എന്താണ് യാഥാര്‍ത്ഥ്യം
കഴിഞ്ഞ ഒരു മാസമായി വാട്‌സ് ആപിലൂടെ പ്രചരിച്ച 30 പോസ്റ്റുകള്‍ ഉത്തരവാദിത്തപ്പെട്ട ഒരാള്‍ എന്ന നിലയില്‍ പല രീതിയില്‍ പരിശോധിച്ചിരുന്നു. 29 ഉം പച്ചക്കള്ളം. ഒരേ ഒരു കേസില്‍ മാത്രമാണ് കുട്ടിയുടെ സംശയത്തിന്റെ ബലമെങ്കിലും പോസ്റ്റിനെ ഉറപ്പിക്കുന്നത്. ഇത് മാത്രമല്ല 2015-16 വര്‍ഷത്തിലാണ് ഞങ്ങള്‍ ഓച്ചിറ ബാലഭിക്ഷാടന നിര്‍മ്മാര്‍ജ്ജന യഞ്ജം നടത്തിയത്. 32 കുട്ടികളെ ആ ഉദ്യമത്തിലൂടെ മോചിപ്പിച്ചു. കഴിയാവുന്നിടത്തോളം വിശദമായ അന്വേഷണം ഓരോ കുട്ടിയെക്കുറിച്ചും നടത്തി. ഒരു കുട്ടിയെപ്പോലും കേരളം ഭയത്തോടെ നോക്കിക്കാണുന്ന ‘ഭിക്ഷാടന മാഫിയ’ തട്ടിക്കൊണ്ടുവന്നതായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

അപ്രത്യക്ഷരാവുന്ന കുട്ടികള്‍
പതിനേഴ് വയസും മുന്നൂറ്റി അറുപത്തിനാല് ദിവസവും ഒരാള്‍ കുട്ടിയാണ് എന്നാണ് നിയമവിവക്ഷ. കാണാതാവുന്ന കുട്ടികളെ കുറിച്ചോര്‍ക്കുമ്പോഴും – കണക്കുകള്‍ പറയുമ്പോഴും ഇതോര്‍മ്മിക്കണം. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്നും കാണാതായതില്‍ 49 കുട്ടികളെയാണ് കണ്ടുകിട്ടാനുള്ളത്. ഏറെക്കുറെ എല്ലാവരും 15 വയസിന് മുകളിലുള്ളവര്‍. കൗമാരക്കാരുടെ പ്രണയവും ജോലിയന്വേഷിച്ചുള്ള നാടുവിടലും സാഹസികതയുമെല്ലാം ഇവിടെ കൂട്ടി വായിക്കപ്പെടണം. ഇതര സംസ്ഥാന തൊഴിലാളികളെ ഓടിക്കാനുള്ള ഉപാധിയായി ഈ കണക്കിനെ പെരുപ്പിച്ചു കാട്ടുന്നവരുണ്ട്. മലയാളി വലിയവരായതും ഇന്നും മേനിയില്‍ കുറവു വരാത്തവരായതും ഇതര സംസ്ഥാനക്കാരുടെയും ഇതര രാജ്യക്കാരുടെയും ചെലവിലാണെന്ന യാഥാര്‍ഥ്യം നാം വിസ്മരിക്കരുത്.

നമുക്കെന്തു ചെയ്യാം
നമ്മുടെ ഓരോരുത്തരുടെയും വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന ഇത്തരം പോസ്റ്റുകള്‍ കൈമാറാതിരിക്കുക എന്നതാണ് പ്രധാനം. സ്വയം ബോധ്യപ്പെട്ട കാര്യങ്ങള്‍ മാത്രം വിനിമയം ചെയ്യുക എന്ന നയം നാം സ്വീകരിക്കണം. കുട്ടികളെ അപകടകരമായി ബാധിക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കുക. എളുപ്പത്തിനായി 1098, 1090, 1517 തുടങ്ങിയ സൗജന്യ നമ്പറുകളും ഉപയോഗിക്കാം.ഓര്‍ക്കുക…. കുട്ടികളെ കൊണ്ട് ഭിക്ഷയെടുപ്പിക്കുന്നത് 2015ലെ ബാലനീതി നിയമം വകുപ്പ് 76 ഉം 75ഉം പ്രകാരം ഗൗരവതരമായ കുറ്റകൃത്യമാണ്.

തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ ഓഫീസറാണ് ലേഖകന്‍

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>