സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Feb 8th, 2018

ദളിതര്‍ സിപിഎം സേ ആസാദി എന്ന മുദ്രാവാക്യമുയര്‍ത്തുമ്പോള്‍

Share This
Tags

xx

രോഹിത് വെമുലയുടെ മരണശേഷം ഇന്ത്യയിലെമ്പാടുമുയര്‍ന്ന ദളിത് ഉണര്‍വ്വുമായി ബന്ധപ്പെട്ടാണ് ജെ എന്‍ യു ചെയര്‍മാനായിരുന്ന കനയ്യ കുമാറിലൂടെ
സംഘ വാദ് സേ ആസാദി, മനുവാദ് സേ ആസാദി, സാമന്ത് വാദ് സേ ആസാദി, ബ്രാഹ്മണ് വാദ് സേ ആസാദി തുടങ്ങിയ വരികള്‍ പ്രശസ്തമായത്. തുടര്‍ന്ന് കേരളത്തിലടക്കം ഇന്ത്യയിലെമ്പാടും നടന്ന വിവിധ ദളിത് മുന്നേറ്റങ്ങളുടെ മുഖമുദ്രയായി ഈ വരികള്‍ മാറി. കേരളത്തിലാകട്ടെ പുഷ്പാവതി എന്ന ഗായിക ഈ വരികളുമായി പാടിയ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ദളിത് വിഭാഗങ്ങളുടെ സ്വാതന്ത്ര്യപ്രഖ്യാപനമായി ഈ വരികള്‍ മാറുകയായിരുന്നു.
ഇപ്പോഴിതാ ഈ വരികളോടൊപ്പം മറ്റൊരു വരി കൂടി കൂട്ടിചേര്‍ക്കപ്പെട്ടിരിക്കുന്നു. സിപിഎം സേ ആസാദി എന്നാണ് ആ വരികള്‍. അതുയര്‍ന്നത് കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ വടയമ്പാടിയിലായിരുന്നു. ജാതിമിലിനെതിരായ ദളിത് വിഭാഗങ്ങളുടെ ആത്മാഭിമാന കണ്‍വെന്‍ഷനെ സംഘപരിവാര്‍ ശക്തികള്‍ക്കുവേണ്ടി കേരളസര്‍ക്കാര്‍ തടഞ്ഞപ്പോഴാണ് അംബേദ്കറുടേയും അയ്യങ്കാളിയുടേയും ചിത്രങ്ങളുയര്‍ത്തി അവരുടെ പിന്‍ഗാമികള്‍ ഈ മുദ്രാവാക്യം വിളിച്ചത്. കഴിഞ്ഞ ദിവസം ദളിത് ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തോട് സവര്‍ണ്ണഫാസിസ്റ്റുകള്‍ നടത്തിയ അവഹേനത്തിനും കേരളപോലീസ് കൂട്ടുനില്‍ക്കുകയായിരുന്നു എന്നതും മുദ്രാവാക്യം വിളിച്ചവര്‍ ഓര്‍ത്തിരിക്കാം.
സംഘപരിവാര്‍ സേ ആസാദി എന്നു ദളിതര്‍ വിളിക്കുമ്പോള്‍ സ്വാഭാവികമായും ശരാശരി ഇടതുപക്ഷ മലയാളി കയ്യടിക്കും. സമകാലിക ഇന്ത്യന്‍ രാഷട്രീയ സാഹചര്യത്തില്‍ ആ മുദ്രാവാക്യത്തിന്റെ പ്രസക്തി ഏറെയൊന്നും ചര്‍ച്ച ചെയ്യേണ്ടതില്ല. എന്നാല്‍ സിപിഎം സേ ആസാദി എന്ന മുദ്രാവാക്യത്തിനെതിരെ ഇടതുപക്ഷത്തെ ബുദ്ധിജീവികളെല്ലാം രംഗത്തിറങ്ങിയിട്ടുണ്ട്. അതിനവര്‍ പറയുന്ന കാരണം വളരെ ലളിതമാണ്. സുഡാപ്പികളും മാവോയിസ്റ്റുകളുമാണ് ഇതിനു പുറകില്‍. അതായത് ദളിതുകള്‍ക്ക് ഇതൊന്നും പറയാനുള്ള വിവരമില്ല എന്നു തന്നെ. ഈ വാചകം പറയുന്നതില്‍ സംഘികളും കമ്യൂണിസ്റ്റുകാരും തമ്മില്‍ മത്സരിക്കുകയാണ് എന്നതാണ് കൗതുകം. തങ്ങളാണ് ഇരുകൂട്ടരേയും എതിര്‍ക്കുന്നതില്‍ മുന്‍നിരയില്‍ എന്നു സ്ഥാപിക്കാനാണ് ഇരുകൂട്ടരുടേയും ശ്രമം.
അവര്‍ണ്ണര്‍ക്ക് പ്രവേശനമില്ലാതിരുന്ന തെരുവുകളിലൂടെ തലപ്പാവും വില്ലുവണ്ടിയുമായി കടന്നു വന്ന അയ്യങ്കാളിയുടെ പിന്‍ഗാമികളായിരുന്നു വടയമ്പാടിയിലുയര്‍ന്ന ജാതിമതില്‍ തകര്‍ത്തെറിഞ്ഞത്. ഇതാകട്ടെ കേരളത്തിലെ ആദ്യത്തെ ജാതിമതിലൊന്നുമല്ല എന്നത് യാഥാര്‍ത്ഥ്യം. പേരാമ്പ്രയിലും ഗോവിന്ദാപുരത്തുമൊക്കെ അടുത്തയിടെ നാമത് കണ്ടതാണ്. എന്നാല്‍ ഇവയൊന്നും ജാതിമതിലായി കാണാന്‍ ഇടതുപക്ഷം തയ്യാറല്ല. അവര്‍ക്കത് കേവലം പട്ടയപ്രശ്്‌നമോ പൊതുവിദ്യാഭ്യാസത്തിന്റെ പ്രശ്‌നമോ ആണ്. വടയമ്പാടിയില്‍ ഉയര്‍ന്ന ദളിത് രോഷത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ പ്രകടനം നടത്തിയ സിപിഎം പ്രഖ്യാപിച്ചത് ഇതൊരു സാധാരണ പട്ടയ തര്‍ക്കമാണെന്നായിരുന്നു. പിന്നെ എല്ലാ ജനകീയ സമരങ്ങളേയും ആക്ഷേപിക്കുന്ന പോലെ തീവ്രവാദി – മാവോയിസ്റ്റുകള്‍ കുത്തിപൊക്കുന്നതാണെന്നും. ഇതു പറഞ്ഞതിനു രണ്ടു ദിവസം കഴിഞ്ഞാണ് ദളിത് ആത്മാഭിമാന കണ്‍വെന്‍ഷനെത്തിയവരെ കേരള പോലീസ് നേരിട്ടതും അതിനെതിരെ അശ്ലീലമുദ്രാവാക്യങ്ങള്‍ വിളിക്കുകയും അക്രമിക്കുകയും ചെയ്തവരെ സംരക്ഷിച്ചതും. അതിനും രണ്ടു ദിവസം മുമ്പാണ് അശാന്തന്റെ മൃതദേഹത്തെ നിയമവിരുദ്ധമായി അവഹേളിച്ചതിനും പോലീസ് കൂട്ടുനിന്നത്. എന്തിനേറെ, വടയമ്പാടിയിലെ ജാതിമതിലിനെതിരെ പ്രതികരിച്ചതിന്റഎ പേരില്‍ സംഘപരിവാര്‍ അക്രമം നേരിടേണ്ടിവന്ന കവി കുരീപ്പുഴ ശ്രീകുമാറിനു പിന്തുണ പ്രഖ്യാപിച്ച് പരിപാടികള്‍ നടത്തുമ്പോള്‍ തന്നെയാണ് ജാതിമതിലിനെതിരെ പ്രതികരിച്ച മടപ്പിള്ളി കോളേജിലെ വിദ്യാര്‍ത്ഥികളെ എസ് എഫ് ഐക്കാര്‍ മര്‍ദ്ദിച്ചത്. വിനായകനടക്കം സമീപകാല ദളിത് രക്തസാക്ഷികളേയും മറക്കുന്നില്ല.
എന്താണ് ദളിത് – ആദിവാസി ഉണര്‍വ്വുകളോട് സിപിഎം സ്വീകരിക്കുന്ന നിലപാട് എന്നതിനു ചരിത്രം സൃഷ്ടിച്ച രണഅടു സമീപകാല പോരാട്ടങ്ങള്‍ മറുപടി പറയും. ഒന്ന് കേരളത്തിലെ ആദിവാസികളെ ദൃശ്യരാക്കിയ മുത്തങ്ങതന്നെ. മുത്തങ്ങയില്‍ കുടില്‍ കെട്ടിയ ആദിവാസികളെ പുറത്താക്കാനാവശ്യപ്പെട്ട് സിപിഎം നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലായിരുന്നു അവര്‍ക്കെതിരെ വെടിയുതിര്‍ക്കാന്‍ ആന്റണി സര്‍ക്കാരിനു ഊര്‍ജ്ജം നല്‍കിയത്. മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമെന്ന സിപിഎം വാഗ്ദാനം രണ്ടു തവണ ഭരണം ലഭിച്ചിട്ടും പാലിച്ചില്ല എന്നു മാത്രമല്ല ആദിവാസി മുന്നേറ്റള്‍ക്കു തടയിടാന്‍ ആദിവാസി ക്ഷേമ സമിതിക്കു രൂപം കൊടുക്കുകയാണവര്‍ ചെയ്തത്. ഐതിഹാസികനെന്നു വിശേഷിപ്പിക്കാവുന്ന ചങ്ങറ ഭൂസമരത്തെ തകര്‍ക്കാന്‍ കഴിഞ്ഞ 10 വര്‍ഷമായി ശ്രമിക്കുന്നതില്‍ മുന്നിലും മറ്റാരുമല്ല. ആധിവാസി ക്ഷേമ സമിതിയെ പോലെ പ്ട്ടികജാതി ക്ഷേമ സമിതിക്കും സിപിഎം രൂപം നല്‍കി. ഉപരോധമടക്കം ഏര്‍പ്പെടുത്തിയിട്ടും ഇപ്പോഴും ചങ്ങറയില്‍ സമരം തുടരുകയാണ്. കേരളത്തിലെ ഏതു ദളിത് – ആദിവാസി സമരത്തേയും തകര്‍ക്കാന്‍ മുന്‍നിരയിലുള്ളത് സിപിഎം തന്നെയാണെന്നത് പച്ചയായ യാഥാര്‍ത്ഥ്യം മാത്രം.
ഇനി ഭരണം കെിട്ടുമ്പോള്‍ സിപിഎം ചെയ്യുന്നത്? ഇപ്പോള്‍ തന്നെ നോക്കാം. കൊട്ടിഘോഷിക്കപ്പെടുന്ന സര്‍ക്കാരിന്റ െൈലഫ് പദ്ധതി തന്നെ. കേരളത്തിലെ ഭൂരഹിതരില്‍ ഭൂരിഭാഗവും ദളിതരാണെന്ന് ആര്‍ക്കുമറിയാം. ഇടതുപക്ഷത്തിന്റെ തന്നെ മുന്‍കൈയില്‍ നടന്ന ഭൂപരിഷ്‌കരണം അവരോട് എന്താണ് ചെയ്തതെന്നും ഇന്ന് എല്ലാവര്‍ക്കുമറിയാം. ബഹുഭൂരിഭഗവും ഒതുക്കപ്പെട്ടത് മൂന്നും നാലും സെന്‍ുകളില്‍. ഈ സാഹചര്യത്തിലാണ് ദളിതര്‍ക്ക് ഭൂമി എന്ന ആവശ്യത്തെ തള്ളിക്കളഞ്ഞ് അവര്‍ക്കായി കോഴിക്കൂട് പോലുള്‌ല ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കുന്നത്. അവര്‍ക്കു നല്‍കാന്‍ ഭൂമിയില്ല എന്ന വാദത്തെ സര്‍ക്കാരിന്റഎ തന്നെ രാജമാണിക്യം കമ്മീഷനടക്കമുള്ളവര്‍ പൊളിച്ചടക്കിയിട്ടുള്ളതാണ്. ഇതിന്റെ മറുവശമാണ് സംവരണത്തോടുള്ള നിലപാടും. ദളിതരുടെ ആത്മാഭിമാനത്തിന്റെ പ്രതീകവും അവകാശവുമായ സംവരണത്തിനുനേരെ കത്തിയെടുക്കാന്‍ സംഘപരിവാര്‍ പോലും മടിക്കുമ്പോഴാണ് പിണറായി സര്‍ക്കാര്‍ അതിനു തയ്യാറാകുന്നത്. സാമ്പത്തിക സംവരണത്തെ ആദ്യമായി അനുകൂലിച്ച നമ്പൂതിരിപ്പാടിന്റെ പിന്‍ഗാമികള്‍ തന്നെയാണ് തങ്ങളെന്ന് അവര്‍ വീണ്ടും തെളിയിച്ചിരിക്കുകയാണ്. സംവരണത്തെ തങ്ങളുടെ വര്‍ഗ്ഗവാദ – സാമ്പത്തിക വാദ രാഷ്ട്രീയത്തില്‍ ഒതുക്കുന്ന സിപിഎം ഇനിയും സാമൂഹ്യനീതിയെ കുറിച്ച് മനസ്സിലാക്കുന്നില്ല. ഇക്കാരണം പറഞ്ഞായിരുന്നു രോഹിത് വെമുല എസ് എഫ് ഐ വി്ടതെന്നും ഇവര്‍ സൗകര്യപൂര്‍വ്വം മറന്നു. എന്തിനേറെ, കേരളത്തിലെ എയ്ഡഡ് മേഖലിയിലെ 2 ലക്ഷത്തില്‍ 20000 തൊഴിലവസരങ്ങള്‍ ദളിതര്‍ക്കവകാശപ്പെടട്താണെന്ന വസ്തുതക്കുനേരെ പോലും വലതുപക്ഷത്തെ പോലെ ഇടതുപക്ഷവും കണ്ണടക്കുന്നു. ഇതെല്ലാം ഉന്നയിക്കുമ്പോള്‍ ആനയേയും പുലിയേയും താരതമ്യം ചെയ്യുന്ന പോലെ മറ്റു സംസ്ഥാനങ്ങളുമായി അശാസ്ത്രീയമായ താരതമ്യം നടത്തുകയാണ് ന്യായീകരണത്തൊഴിലാളികള്‍ ചെയ്യുന്നത്. എന്നാല്‍ മറ്റു പല സംസ്ഥാനങ്ങളിലും നടക്കുന്ന ദളിത് മുന്നേങ്ങളെ കാണാനും മടിക്കുന്നു. അംബേദ്കറെ ഇപ്പോഴും തടയുന്നു. ഗുജറാത്തില്‍ ജിഗ്നേഷ് മേവാനിയുടെ വിജയത്തിനുവേണ്ടിപോലും പ്രവര്‍ത്തിച്ചില്ല എന്നതില്‍ നിന്നുതന്നെ സിപിഎമ്മിന്റെ രാഷ്ട്രീയത്തിന്റെ കാപട്യം വ്യക്തമാകും. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിലെടുക്കേണ്ട രാഷ്ട്രീയ നിലപാടുപോലും തര്‍ക്കത്തിലാണല്ലോ.
സമകാലികമായ ഈ വിഷയങ്ങള്‍ മാത്രമല്ല സിപിഎം സേ ആസാദി എന്ന മുദ്രാവാക്യം മുന്നോട്ടുവെക്കുന്നത്. ഒരു രാജ്യം പോലുമല്ലാതിരുന്ന കാലത്ത് ഇന്ത്യയിലെ മറ്റു മിക്ക പ്രദേശങ്ങളില്‍ നിന്നു വ്യത്യസ്ഥമായി സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നുണ്ടായ സാമൂഹ്യ – നവോത്ഥാന മുന്നേറ്റങ്ങളാണ് കേരളത്തിന്റെ സവിശേഷത എന്നത് വ്യക്തമാണല്ലോ. ആ അടിത്തറയിലാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം തന്നെ കെട്ടിപ്പടുത്തത്. പിന്നീട് സംഭവിച്ചതാണ് ഏറ്റവും രസകരമായ വസ്തുത. ആ മുന്നേറ്റങ്ങളെല്ലാം തങ്ങളുടേതാണെന്നു ഒരു വശത്ത് അവകാശപ്പെടുകയും മറുവശത്ത് ഇടതുപക്ഷമായാല്‍ പുരോഗമനമായി, ജാതിരഹിതനായി എന്ന സങ്കല്‍പ്പം തന്ത്രപരമായി അടിച്ചേല്‍പ്പിക്കുകയും അംബേദ്കറെ കേരളീയ സമൂഹത്തിനുമുന്നില്‍ അദൃശനാക്കുകയുമാണ് ഇവര്‍ ചെയ്തത്. ആ മിഥാ്യധാരണ ദശകങ്ങളോളം നിലനിര്‍ത്താന്‍ അവര്‍ക്കു കഴിഞ്ഞു. അടുത്തയിടെയാണ് ഈ ധാരണയുടെ കാപട്യം പടിപടിയായി പുറത്തു വരുന്നതും അംബേദ്കര്‍ കൂടുതല്‍ കൂടുതല്‍ ദൃശ്യനാകുന്നതും. അഖിലേന്ത്യാതലത്തില്‍ ബിജെപിയുടെ ഹിന്ദുത്വരാഷ്ട്രീയം തങ്ങളോട് ചെയ്യുന്നത് തന്നെയാണ് കേരളത്തില സിപിഎമ്മിന്റെ വര്‍ഗ്ഗരാഷ്ട്രീയവും ചെയ്യുന്നതെന്ന് ദളിതര്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. അതിന്റെ പ്രതിഫലനമാണ് സംഘപരിവാര്‍ സേ ആസാദി എന്നതിനോടൊപ്പം സിപിഎം സേ ആസാദി എന്ന മുദ്രാകാക്യവുമുയരുന്നത്. കേരളരാഷ്ട്രീയത്തിലും വരാന്‍ പോകുന്ന ചലനങ്ങളുടെ മുന്നോടിയാണ് ഈ മുദ്രാവാക്യവും എന്നതു തിരിച്ചറിയുകയാണ് രാഷ്ട്രീയവിവേകമുള്ളവര്‍ ചെയ്യേണ്ടത്.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>