സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Feb 2nd, 2018

ഇടതുപക്ഷത്തിന്റേത് കുറ്റകരമായ മൗനം

Share This
Tags

aaa

സി നാരായണന്‍

ജാതി-മത വിശ്വാസങ്ങള്‍ വ്യക്തികളുടെ മേല്‍ അടിച്ചേല്‍പിക്കുന്ന സംഭവങ്ങളില്‍ എന്തുകൊണ്ടാണ് കേരളത്തിലെ ഇടതുപക്ഷം മൗനം പാലിക്കുന്നത്. നാരായണ ഗുരുവിന്റെ ജാതിയില്ലാ വിളംബര വാര്‍ഷികം കൊണ്ടാടിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ് ഇവിടെയുള്ളത്. ശക്തമായ മതേതര, മാനവിക നിലപാടുകളും പതിതരോടുള്ള ഐക്യദാര്‍ഢ്യവും കൊടിയടയാളമാക്കിയവരാണ് കേരളത്തിലെ ഇരു കമ്മ്യൂണിസ്റ്റു പാര്‍ടികളും. പക്ഷേ എന്തു കൊണ്ടാണ് ഏറണാകുളം ദര്‍ബാര്‍ ഹാള്‍ എന്ന പൊതുസ്ഥാപനത്തിലെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഒരു ശിവക്ഷേത്രത്തിലെ സവര്‍ണ തമ്പ്രാക്കള്‍ക്ക് സാധിച്ചത്. ക്ഷേത്രത്തിലേക്കുള്ള വഴിയിലൂടെ അവര്‍ണര്‍ക്ക് നടക്കാന്‍ അവകാശം സ്ഥാപിച്ചെടുക്കാന്‍ സവര്‍ണര്‍ തല്ലു കൊണ്ട നാടാണിത്. അവിടെ എങ്ങിനെയാണ് ഒരു ക്ഷേത്രത്തിനു മുന്നിലൂടെ പോകുന്ന പൊതുനിരത്തിലൂടെ ആര് എന്ത് പോകാന്‍ പാടില്ലെന്ന് ചില തമ്പ്രാക്കള്‍ മാത്രം തീരുമാനിക്കുകയും അത് നടപ്പാക്കാന്‍ ഭരണസംവിധാനം സഹായിക്കുകയും ചെയ്തത്. ക്ഷേത്രത്തിനകത്തെ കാര്യങ്ങളും ആചാരങ്ങളും വിശ്വാസങ്ങളുമൊക്കെ നില്‍ക്കട്ടെ, ആര്‍ക്കു ചേതം. ഇനി ക്ഷേത്രത്തിനു പുറത്തെ അവരുടെ സ്വകാര്യഭൂമിയില്‍ നടത്തേണ്ട കാര്യങ്ങളും അവരങ്ങ് നടത്തിക്കോട്ടെ, ആര്‍ക്കു ചേതം. എന്നാല്‍ അതിനു പുറത്തെ പൊതുസ്ഥലത്തെ കാര്യം തീരുമാനിക്കാന്‍ സര്‍ക്കാര്‍ സംവിധാനം എന്തിനാണ് ഈ സവര്‍ണതമ്പ്രാക്കള്‍ക്ക് തുണയായത.
അശാന്തന്‍ എന്ന ചിത്രകാരനായ മനുഷ്യന്റെ സാന്നിധ്യം അലിഞ്ഞു ചേര്‍ന്ന ഇടമാണ് ദര്‍ബാര്‍ ഹാള്‍. ആ ഇടം അദ്ദേഹത്തിന്റെ കൂടി നികുതിപ്പണത്തിന്റെ പങ്കിനാല്‍ പടുത്തുയര്‍ത്തിയതാണ്, ഈ സമൂഹത്തിനാകെ വേണ്ടി…ആ കലാകാരന്റെ ഭൗതിക ശരീരം ആ ഇടത്ത് ഒരു നിമിഷം കിടത്തുക എന്നത് അദ്ദേഹത്തിന്റെ അവകാശം കൂടിയാണ്, അതിനപ്പുറം ആ മനുഷ്യനോട് കാണിക്കേണ്ട സാമാന്യ മര്യാദ മാത്രമാണ്. അത് എങ്ങിനെയാണ് തടയപ്പെട്ടത്. ആര്‍ട് ഗാലറിയുടെ മുന്‍വശത്ത് മൃതദേഹം കിടത്തിയാല്‍ ദര്‍ബാര്‍ ഹാളിന്റെ പടിഞ്ഞാറ് വശത്തുള്ള ശിവക്ഷേത്രം അശുദ്ധമായിപ്പോകും എന്ന് ക്ഷേത്രതമ്പ്രാക്കള്‍. ക്ഷേത്രത്തിനു മുന്നിലെ പൊതുനിരത്തും അശുദ്ധമാകുമത്രേ. അതും പറ്റില്ലത്രേ.
പിന്നെ ഒത്തുതീര്‍പ്പ് ചര്‍ച്ച. എന്നിട്ട് വടക്കു കിഴക്കെ ഗേറ്റിലൂടെ–അത് സാധാരണ തുറക്കാറില്ല–മൃതദേഹം കയറ്റാമെന്നും കിഴക്കെ വരാന്തയില്‍ മാത്രം മൃതദേഹം കിടത്താമെന്നും തമ്പ്രാക്കള്‍ സദയം അനുവദിക്കുന്നു. വന്‍ പൊലീസ് സംഘം ഈ പ്രഹസനത്തിന് പിന്തുണയുമായി നിലകൊള്ളുന്നു.
പൊലീസും ഭരണകൂടവും പിന്തുണ നല്‍കേണ്ടത് ഏതിനായിരുന്നു..? ഒരു സംശയവും വേണ്ട, ആ കലാകാരന്റെ ദേഹം ദര്‍ബാര്‍ഹാളിനു മുന്‍വശത്തു തന്നെ കിടത്തുന്നതിനായിരുന്നു. അല്ലാതെ ക്ഷേത്രതമ്പ്രാക്കളുടെ ജാതി,മത മുഷ്‌കിനായിരുന്നില്ല. ഒരു ഇടതുപക്ഷ ഭരണകൂടം അവര്‍ നിലകൊള്ളുന്ന രാഷ്ട്രീയ, സാമൂഹിക മൂല്യങ്ങള്‍ക്കല്ലാതെ മറ്റെന്തിനാണ് തുണ നില്‍ക്കേണ്ടത്. ഇനി ജനകീയ പിന്തുണ വേണമെങ്കില്‍ വരുത്തണമായിരുന്നു, നൂറുകണക്കിന് പാര്‍ടി അണികളെയും വളണ്ടിയര്‍മാരെയും. രാഷ്ട്രീയ പ്രകടനങ്ങള്‍ക്കു മാത്രമല്ല അവരെ വരുത്തേണ്ടത്. ഇതാണ് യഥാര്‍ഥ രാഷ്ട്രീയം. നേതൃത്വങ്ങള്‍ വിരലൊന്നു ഞൊടിച്ചിരുന്നെങ്കില്‍ അവര്‍ ആയിരങ്ങള്‍ വരുമായിരുന്നു, കാരണം അവരില്‍ ഇപ്പൊഴും ശക്തമായ മതേതര രാഷ്ട്രീയം നിലനില്‍ക്കുന്നു.
ഇനി ഒറ്റ ചോദ്യം, ഈ ജാതി,മത തമ്പ്രാക്കളോടും മതേതര നേതാക്കളോടും– ക്ഷേത്രത്തിനടുത്തുള്ള വീട്ടില്‍ മരണം നടന്നാല്‍ മൃതദേഹം ആ വീട്ടില്‍ക്കിടത്താന്‍ വല്ല തടസ്സവും ഉണ്ടോ. ഉടനെ എടുത്ത് അകലേക്ക് പായിക്കുകയാണോ പതിവ്. അപ്പോള്‍ പ്രശ്നം മൃതദേഹം എന്നതു മാത്രമല്ല, ശുദ്ധാശുദ്ധ വിധിയില്‍ മറ്റു ചില ജാതിക്കാര്യങ്ങളും ഉള്‍ച്ചേര്‍ന്നിട്ടുണ്ട് എന്ന് സംശയം വരുന്നത് ഇവിടെയാണ്. ശുദ്ധാശുദ്ധി എത്ര ദൂരത്തില്‍ നിന്നാലാണ് നിലനില്‍ക്കുക എന്ന് വീണ്ടും തീരുമാനിക്കപ്പെടുകയാണോ ഈ കേരളത്തില്‍. ക്ഷേത്രമതില്‍ക്കെട്ടിനു പുറത്ത് എത്ര ദൂരത്തില്‍ അശുദ്ധി നിലവിലുണ്ട് ഹേ തമ്പ്രാക്കളേ…എന്റെ വീട്ടിലെ അശുദ്ധിയും ശുദ്ധിയും എനിക്കു വിട്ടുതരുന്നതല്ലേ നല്ലത്. നാരായണഗുരുവും അയ്യങ്കാളിയും എ.കെ.ജി.യും കൃഷ്ണപിള്ളയുമൊക്കെ ചേര്‍ന്ന് ഇതൊക്കെയല്ലേ കേരളത്തിനുണ്ടാക്കിത്തന്നത്. അത് ഇല്ലാതാക്കാന്‍ ഇനി നിങ്ങള്‍ക്ക് കഴിയുമോ. കഴിയും…കമ്മ്യൂണിസ്റ്റ് രാഷ്ട്രീയപക്ഷത്തിന്റെ ഇപ്പൊഴത്തെ മൗനം അതിന് വഴിയൊരുക്കും. നേട്ടങ്ങള്‍ നഷ്ടമാക്കി മാററാന്‍ ഈ മെയ് വഴക്കം ധാരാളം. സഖാക്കളേ, ലളിത കലാ അക്കാദമി മാന്യന്‍മാരേ, ഭരണവിധാതാക്കളേ…..അശാന്തന്റെ അന്ത്യനിദ്രയെ അപമാനിക്കാന്‍ വിട്ടത് ഈ നാടിന് തനി നാണക്കേടാണ്…വല്ലാത്ത നാണക്കേടാണ്.
കപാലം കയ്യിലേന്തുന്ന, ചുടലഭസ്മം ദേഹമാസകലം അണിയുന്ന, ശ്മശാനവാസം ഇഷ്ടപ്പെടുന്ന, മൃഗത്തോല്‍ വസ്ത്രമാക്കിയ, സവര്‍ണബോധത്തിനപ്പുറത്തെ ദൈവരൂപമായ അല്ലയോ ശിവനേ… അങ്ങേയ്ക്കു വേണ്ടിയാണോ ഈ പുത്തന്‍ ബ്രാഹ്മണാധിപത്യത്തിന്റെ അന്ധ നിലപാടുകള്‍..

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>