സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Feb 2nd, 2018

പ്രിയപ്പെട്ട അശാന്താ ഈ ഭീരുക്കളോട് ക്ഷമിക്കുക……

Share This
Tags

aaസത്യപാല്‍

അശാന്തന്‍ എന്ന കലാകാരന്റെ മൃതദേഹത്തോട് സംഘപരിവാര്‍ ശക്തികള്‍ കാണിച്ച അനാദരവിനേയും വെല്ലുവിളിയേയും ഞാന്‍ അപലപിക്കുന്നു. സംഘപരിവാറിന്റെ ആജ്ഞക്ക് മുമ്പില്‍ ഓച്ചാനിച്ച് കീഴടീങ്ങിയ അക്കാഡമി ചുമതലക്കാരനെ ഓര്‍ത്ത് ലജ്ജിക്കുന്നു. ഡര്‍ബാര്‍ ഹാള്‍ മുറ്റം പൂര്‍ണ്ണമായും അക്കാഡമിയുടടേത് മാത്രമാണ്. അക്കാഡമിയുടെ മുറ്റത്ത് എന്ത് നടത്തണം എന്ത് നടത്താതിരിക്കണം എന്ന് തീരുമാനിക്കാനുള്ള പൂര്‍ണ്ണ അധികാരവും ലളിതകലാ അക്കാഡമിയില്‍ നിക്ഷിപ്തമാണ്. സ്വയംഭരണാവകാശമുള്ള ലളിതകലാ അക്കാഡമി തങ്ങളുടെ അധികാരങ്ങള്‍ സംഘപരിവാറിന് അടിയറ വച്ചു കഴിഞ്ഞു. സംഘപരിവാര്‍ ശക്തികള്‍ക്ക് അശാന്തന്റെ മൃതദേഹം വെറും ഒരുപാധി മാത്രമാണ്. ഡര്‍ബാര്‍ ഹാളിന്റെ അങ്കണം ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മകളുടെ ഒരു ഇടമായി മാറിക്കൊണ്ടിരിക്കുകയായിരുന്നു കഴിഞ്ഞ നാളുകളില്‍. ഗൗരി ലങ്കേഷ് സംഘപരിവാരിന്റെ വെടിയേറ്റു വീണപ്പോഴും ഡജ യില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ ജീവവായു കിട്ടാതെ പിടഞ്ഞു മരിച്ചപ്പോഴും പശുവിന്റെ പേരില്‍ നിരവധി മനുഷ്യരെ കൊന്നൊടുക്കിയപ്പോഴും കലാകാരന്‍മാര്‍ ഈ പാതകങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ത്തത് ഡര്‍ബാര്‍ ഹാളിന്റെ മുറ്റത്ത് തന്നെയായിരുന്നു. ഇത് സംഘപരിവാരത്തിന്റെ ഉറക്കം കെടുത്തിയിരുന്നു. ഈ പരിപാടികളില്‍ നിന്നെല്ലാം ബോധപൂര്‍വ്വം വിട്ടു വന്ന ആളാണ് സംഘപരിവാറിന്റെ ആജ്ഞക്ക് മുന്നില്‍ ഒരു കലാകാരന്റെ മൃതദേഹം ഒളിച്ച് കടത്താന്‍ കൂട്ട് നിന്നത്. വെടിക്കെട്ടപകടങ്ങളില്‍ നൂറ് കണക്കിന് മനുഷ്യര്‍ അമ്പലമുറ്റങ്ങളില്‍ പിടഞ്ഞ് വീണിട്ടുണ്ട്. ഉത്സവത്തിനിടെ ആനകള്‍ നിരവധി പേരെ അമ്പലമുറ്റത്ത് കുത്തിമലര്‍ത്തിയിട്ടുണ്ട്. ശബരിമല ശാസ്താവിന്റെ മുന്നിലുള്ള അഗ്നികുണ്ഡത്തില്‍ ആത്മാഹുതി നടന്നിട്ടുണ്ട്. അമ്പലക്കുളങ്ങളില്‍ എത്രയോ പേര്‍ മുങ്ങി മരിക്കുന്നു. എന്തിന് എറണാകുളം ക്ഷേത്രത്തിലും വെടിക്കെട്ടപകടങ്ങളില്‍ മനുഷ്യര്‍ മരിച്ചിട്ടുണ്ട്. ഈ കഴിഞ്ഞ ഉത്സവനാളുകളില്‍ പോലും ഇവിടെ മരണം സംഭവിച്ചിട്ടുണ്ട്. ഇതൊന്നും അറിയാത്തവരല്ല സംഘപരിവാര്‍ ശക്തികള്‍. ഈ ജഡങ്ങളെല്ലാം അമ്പലമുറ്റത്ത് തന്നെയാണ് പിടഞ്ഞ് വീണത്. സംഘപരിവാര്‍കാര്‍ അരുംകൊലകള്‍ക്ക് പശുവിനെ മറയാക്കിയതുപോലെ തന്നെ പാവം അശാന്തന്റെ ജഡത്തേയും ഭീതി വിതക്കുന്നതിന് ഇവര്‍ ഉപയോഗിക്കുകയായിരുന്നു. ഇതിന് കൂട്ടുനിന്നവരെ വിചാരണ ചെയ്യുക തന്നെ വേണം. സമൂഹത്തില്‍ പ്രതിരോധത്തിന്റെ ഇടങ്ങളിലെല്ലാം ഭയം വിതറുക എന്നുള്ള ഫാസിസ്റ്റ് അജണ്ട തന്നെയാണ് അശാന്തന്റെ ജഡത്തിലൂടെ സംഘപരിവാര്‍ നടപ്പിലാക്കിയത്.
കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദളിതരെയും ആദിവാസികളെയും ട്രാന്‍സ്ജെന്റഴ്സിനേയും ഒരുമിച്ച് ചേര്‍ത്ത് പിടിച്ച് ലളിതകലാ അക്കാഡമി ‘ സമന്വയ ‘എന്ന പേരില്‍ പത്ത് നാള്‍ നീണ്ട് നിന്ന ഒരു ചിത്രശില്പകലാ ക്യാമ്പ് ഡര്‍ബാര്‍ ഹാളിന്റെ മുറ്റത്ത് നടത്തുകയുണ്ടായി. ഈ ക്യാമ്പ് അലങ്കോലപ്പെടുത്തുവാന്‍ നരാധമന്‍മാരായ ഈ സംഘം ശ്രമിക്കുകയുണ്ടായി. അക്കാഡമിയില്‍ എത്തി ‘സമന്വയ’ ക്യാമ്പിന്റെ മുഖ്യ ചുമതലക്കാരനായിരുന്ന എന്നെ ഡര്‍ബാര്‍ ഹാളിലെ ഓഫീസിലെത്തി ഭീഷണിപ്പെടുത്തുകയുണ്ടായി. ഡര്‍ബാര്‍ ഹാള്‍മുറ്റം ഉള്‍പ്പെടെയുള്ള ഈ പ്രദേശമാകെ ഭഗവാന്‍ വിളയാടുന്ന ഇടമാണെന്നും ഇവിടെ മത്സ്യ മാംസാദികള്‍ പാകം ചെയ്യുവാനൊ വിളമ്പുവാനൊ സാധ്യമല്ലെന്നും, അങ്ങനെ ചെയ്താല്‍ ക്യാമ്പ് ഇവിടെ നടക്കുകയില്ല എന്നും അന്ത്യശാസനം നല്‍കുകയുണ്ടായി. ഒന്നല്ല രണ്ട് ദിവസം ഇവര്‍ ഈ ഭീഷണിയുമായി ഓഫീസിലെത്തിയിരുന്നു. ഞാന്‍ ഈ കൂളി സംഘത്തിന്റെ ഭീഷണി അവഗണിക്കുകയും ജീവനക്കാരുമായി ആലോചിച്ച് ചെറുക്കുവാനുള്ള പദ്ധതികള്‍ ആലോചിച്ചു. അതിനുള്ള തയ്യാറെടുപ്പുകളും നടത്തി ഞങ്ങള്‍ വിജിലന്റായി. ഇവിടെ ഈ സംഘപരിവാരം വെറും കടലാസ് പുലികളാണെന്നുള്ള തിരിച്ചറിവ് ഞങ്ങള്‍ക്കുണ്ടായിരുന്നു. അന്ന് ഞങ്ങള്‍ സ്വീകരിച്ച ‘OMKV’ നിലപാട് ഫലംകണ്ടു. പിന്നീട് ക്യാമ്പ് കഴിയുന്നത് വരെ സംഘപരിവാരത്തെ ആ പരിസരത്തെങ്ങും കാണാന്‍ കഴിഞ്ഞില്ല. ക്യാമ്പില്‍ ഞങ്ങള്‍ പത്ത് ദിവസവും മത്സ്യ മാംസാദികള്‍ പാകം ചെയ്യുകയും വിളമ്പുകയും ചെയ്തു. പരേതനായ അശാന്തന്‍ ശ്രീമാന്‍ കലാധരനും ഈ ക്യാമ്പംഗങ്ങള്‍ ആയിരുന്നു.
സംഘപരിവാറിന് മുന്നില്‍ കീഴടങ്ങുന്നവര്‍ക്ക് സ്വയംവിശ്വാസമോ കലാലോകത്തേയോ വിശ്വാസമില്ല. ഇവര്‍ സംഘപരിവാറിന് കീഴടങ്ങുകയാണ് എന്ന് മാത്രമല്ല അക്കാഡമി ‘ഭയം’ വിതരണം ചെയ്യുന്ന സംഘപരിവാറിന്റെ ഏജന്റായി മാറുകകൂടിയാണ്. ഇടതുപക്ഷ സര്‍ക്കാര്‍ ആണ് കേരളം ഭരിക്കുന്നത് എന്നുള്ള ഓര്‍മ്മ പോലും ഇവര്‍ക്ക് ഇല്ലാതെ പോയി. ഈ നടപടി അശാന്തനോടുള്ള അനാദരവ് മാത്രമല്ല കേരള സമൂഹത്തോടുള്ള അനാദരവ് കൂടിയാണ്. ഫാസിസ്റ്റ് ശക്തികളോടുള്ള ആദരവും.

പ്രിയപ്പെട്ട അശാന്താ ഈ ഭീരുക്കളോട് ക്ഷമിക്കുക……ആദരാജ്ഞലികള്‍ .

ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനാണ് ലേഖകന്‍

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>