സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Feb 1st, 2018

അശാന്തന്‍ മാഷ് വിടവാങ്ങി..മരണാനന്തരവും ദലിതനായിത്തന്നെ.

Share This
Tags

asanthanവിനീത വിജയന്‍

അശാന്തന്‍ മാഷ് വിടവാങ്ങി..
മരണാനന്തരവും ദലിതനായിത്തന്നെ.. വരയും വര്‍ണ്ണങ്ങളും നിറഞ്ഞൊഴുകിയ വിരല്‍ത്തുമ്പുകള്‍ അശാന്തമായിത്തന്നെ വിറകൊള്ളുന്നുണ്ട്… എന്നറിയുന്നു…
നിസ്സഹായരായിപ്പോവുന്ന ഞങ്ങളുടെ കുറ്റകരമായ മൗനങ്ങള്‍ക്കു മുന്നില്‍…
മാഷിന്റെ നൂറു കണക്കിന് ചിത്രപ്രദര്‍ശനങ്ങള്‍ നടന്ന ലളിതകലാ അക്കാദമിയുടെ ഡര്‍ബ്ബാര്‍ ഹാള്‍ മുറ്റത്ത് പൊതുദര്‍ശനത്തിനു വയ്ക്കാന്‍ പോലും അനുവദിക്കാത്ത, ആദരാഞ്ജലി പോസ്റ്ററുകള്‍ പോലും വലിച്ചു കീറിയ,കെട്ടിയുയര്‍ത്തിയ പന്തലിലല്ല, വേണമെങ്കില്‍ നിലത്ത് വരാന്തയില്‍ കിടത്ത്, ഇല്ലെങ്കില്‍ മുട്ടുകാലു തല്ലിയൊടിക്കും എന്നാക്രോശിച്ച നഗരസഭാ കൗണ്‍സിലര്‍ കൃഷ്ണ കുമാറിന്റെയും അയാളോടൊപ്പം അലറി വിളിച്ചെത്തിയ മത തീവ്രവാദികളുടേതും കൂടിയാണ് ജാതിയില്ലാ കേരളത്തിന്റെ പുരോഗമന സാംസ്‌കാരിക  മുഖം..
അനുശോചന പ്രസംഗത്തില്‍ പോലും അദ്ദേഹത്തെ അധിക്ഷേപിച്ച യു.കലാധരന്റെ ”സൗഹാര്‍ദ്ദ ”വും ഹിന്ദു ജാതി വെറിയന്മാരുടെ തെമ്മാടിത്തത്തിനുമുന്നില്‍ മുട്ടിടിച്ചു പോയ പോലീസുകാരുടെ ”ദൃഢചിത്ത”വും അക്കാദമി അധികൃതരുടെ ”മൃദുഭാവ”വും ഒക്കെ  കൂടിച്ചേര്‍ന്നതാണ്  നവോത്ഥാന കേരളത്തിന്റെ കലാ സ്‌നേഹം
അക്കാദമീ… ഹൈന്ദവ ജാതിക്കോമരങ്ങളേ..രാഷ്ട്രീയപ്പിണിയാളുകളേ…ഖദറും കാവിയും ചുവപ്പും നിറങ്ങളെത്ര മാറിയാലും മാറാത്ത നിങ്ങളുടെയൊക്കെ പുഴുത്തസവര്‍ണ്ണ ജാതി ചിന്തയുടെ കൈയ്യൊപ്പിട്ട് നിങ്ങള്‍ അശാന്തന്‍ മാഷിന് കൊടുക്കുന്ന അവജ്ഞയുടെ മരണാനന്തര ബഹുമതിയുണ്ടല്ലോ.. അത് മനസ്സില്‍ കോരിയിടുന്നത് അപരവത്കരണത്തിന്റെ കനലുകളാണ്…
ഒന്നറിയുന്നൂ…
ചാവേറായി പൊട്ടിച്ചിതറാനും ദേശദ്രോഹികളായറിയപ്പെടാനും ദലിതന് നെഞ്ചൂക്ക് വരുന്നതിങ്ങനെയാണെന്ന്. ഞങ്ങളെച്ചത്താലും ചവിട്ടുന്ന ഈ നാടിനെ പിന്നെയും പിന്നെയും എന്റെ നാടെന്ന് പറയേണ്ടി വരുന്ന ദുര്യോഗം ഞങ്ങളുടേതു മാത്രമാണെന്ന്..
അല്ലെങ്കില്‍ പറയൂ,
എത്രയോ കലാകാരന്മാരുടെ മൃതദേഹങ്ങള്‍ ഇതിനു മുമ്പും അക്കാദമി മുറ്റത്തു പൊതുദര്‍ശനത്തിനു വെച്ചിട്ടുണ്ട്! അപ്പോഴൊന്നും ഇല്ലാത്ത അയിത്തമുള്ള അപ്പന്‍മാരിപ്പോളെവിടെ നിന്നാണ് വന്നത്?
ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടും ദര്‍ബാര്‍ ഹാളും അക്കാദമിയും പൊതുമുതലാണ്… അവിടെ ഒരു കലാകാരന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കാന്‍ അമ്പലക്കമ്മറ്റിക്കാരന്റെ തീട്ടൂരം കാക്കുന്നതിന്റെ യുക്തി, നിങ്ങളൊന്ന് പറഞ്ഞു തരണം. ഖദറിട്ട ഭക്തസംഘത്തിന്റെ അലര്‍ച്ചയും അവിടെവന്ന് മടങ്ങിയ പി രാജീവിന്റെ മൗനവുംഒന്നുപോലെയാണ് മുഴങ്ങുന്നത്..
ജാതി വെറിയന്മാരുടെയും സവര്‍ണ്ണ ഗുണ്ടാസംഘങ്ങളുടെയും അഴിഞ്ഞാട്ടത്തിന് വിട്ടുകൊടുത്തിരിക്കുന്നനാട്ടില്‍ ആരെയാണ് നിങ്ങള്‍ ഭരിച്ച് ശരിയാക്കുന്നത്? ആരോടൊപ്പമാണ് നിങ്ങള്‍? അശാന്തന്‍മാഷിന്റെ മൃതദേഹം അക്കാദമി മുറ്റത്ത് കയറ്റാതെ കാവല്‍ നിര്‍ത്തിയ പോലീസിന് കിട്ടിയ ‘മതവികാരം ‘ മാത്രം വ്രണപ്പെടാതെ കാക്കാനുള്ള ഉത്തരവ് അമ്പലക്കമ്മറ്റി ഓഫീസില്‍ നിന്നയച്ചതായിരുന്നോ?
ഇതിനൊക്കെ ഉത്തരം ഒന്നേയുള്ളൂ..
മഹേഷ് അശാന്തനായി ജീവിച്ചതെന്തുകൊണ്ടെന്നും…
മരണ ശേഷവും അശാന്തനായിത്തുടരുന്നതെന്തുകൊണ്ട് എന്നും ഒക്കെയുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ചേര്‍ത്ത് ഒറ്റ ഉത്തരം….
രണ്ടു തവണ അക്കാദമി അവാര്‍ഡു നേടിയെങ്കിലും അശാന്തന്‍ ദലിതനാണ്..
അതിനാല്‍,
അശാന്തികവാടത്തിലാണ് അവസാന ഉറക്കവും..
മാഷേ,മരിക്കും വരെ അങ്ങായിരുന്നു അശാന്തന്‍.. ഇപ്പോള്‍
മേല്‍പ്പറഞ്ഞവരുടെ മാത്രം ദൈവങ്ങളുടെ നേരേ നിന്ന്, ഞങ്ങളീ രാജ്യത്തെ തന്നെ മനുഷ്യരാണ് എന്നുറക്കെ വിളിച്ചു പറയാന്‍ പറ്റാതെ തൊണ്ടയില്‍ കുടുങ്ങുന്ന ഒച്ചകളോടെ  ഊര്‍ന്നിരുന്നു പോവുകയാണ്… അശാന്തിയുടെ ആള്‍രൂപങ്ങളായി.. ഞങ്ങളോരോരുത്തരും….
വിട!
അത്ര മാത്രം…

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>