സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Jan 29th, 2018

കള്ളിനെ രക്ഷിക്കണം, അബ്കാരി നിയമം തിരുത്തണം

Share This
Tags

kk

കേരളത്തിന്റെ സ്വന്തമെന്നഹങ്കരിക്കുന്ന കേരവൃക്ഷത്തില്‍ നിന്നുല്‍്പ്പാദിപ്പിക്കുന്ന കള്ളിനെ രക്ഷിക്കാന്‍ സുപ്രിം കോടതി തന്നെ രംഗത്ത് വരുന്നത് സ്വാഗതാര്‍ഹമാണ്. മദ്യത്തിന്റെ പരിധിയില്‍നിന്നു കള്ളിനെ ഒഴിവാക്കുന്നതിനായി അബ്കാരി നിയമം ഭേദഗതി ചെയ്യാനാകില്ലേയെന്നു കേരള സര്‍ക്കാരിനോടു കോടതി ചോദിച്ചിരിക്കുകയാണ്. ഫെബ്രുവരി 16നകം അറിയിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കള്ള് മദ്യമാണെന്ന അബ്കാരി നിയമത്തിലെ വ്യവസ്ഥ നിലനില്‍ക്കെ, പാതയോര മദ്യശാലാ നിയന്ത്രണത്തില്‍നിന്നു കള്ളുഷാപ്പുകള്‍ക്ക് ഇളവ് തേടുന്നത് എങ്ങനെയാണെന്നും സുപ്രീംകോടതി ചോദിച്ചു.
സുപ്രിംകോടതി ഈ വിഷയത്തില്‍ കാണിക്കുന്ന താല്‍പ്പര്യം പോലും കേരള സര്‍ക്കാരിനില്ലെന്നതാണ് കൗതുകം. ദേശീയപാതയ്ക്കു സമീപത്തുള്ള കള്ളുഷാപ്പുകള്‍ മാറ്റാന്‍ സ്ഥലത്തിന്റെ ലഭ്യതക്കുറവുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. ലഹരി കുറഞ്ഞ പാനീയമാണു കള്ളെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരി, സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി. പ്രകാശ് എന്നിവര്‍ പറഞ്ഞു. മദ്യത്തിന്റെ അംശം ഉള്ള എല്ലാ പാനീയങ്ങളെയും മദ്യം ആയി തന്നെ കണക്കാക്കും എന്നാണ് കേരള അബ്കാരി നിയമത്തിലെ 10 (13 ) വകുപ്പില്‍ വിശദീകരിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ കള്ളും മദ്യത്തിന്റെ പട്ടികയില്‍ പെടും. എന്നാല്‍ കേരള അബ്കാരി നിയമത്തിലെ 3 (12) പ്രകാരം കള്ളും ചാരായവും നാടന്‍ മദ്യത്തിന്റെ പട്ടികയില്‍ ആണ്. നിലവില്‍ കേരളത്തില്‍ ചാരായം ഇല്ല. അത് കൊണ്ട് തന്നെ കള്ള് മാത്രമാണ് നാടന്‍ മദ്യം ആയുള്ളത്. വൈനിനെക്കാളും വീര്യം കുറഞ്ഞതാണ് കള്ള്. വിദേശ മദ്യ നിയമത്തിലെ ചട്ടം 3 പ്രകാരം കേരളത്തില്‍ വില്‍ക്കുന്ന വൈനിലെ മദ്യത്തിന്റെ അളവ് 8 ശതമാനത്തിലും 15.5 ശതമാനത്തിലും ഇടയില്‍ ആണ്. അതിനാല്‍ കള്ള് ലഘു മദ്യം ആണ്. കേരള അബ്കാരി നിയമത്തിലെ ചട്ടം 3 (13) പ്രകാരം നാടന്‍ മദ്യത്തിന്റെ പരിധിയില്‍ വരാത്ത മദ്യത്തെ മാത്രമേ വിദേശമദ്യമായി കണക്കാക്കാന്‍ ആകുകയുള്ളു. അതിനാല്‍ തന്നെ കള്ള് വിദേശ മദ്യം അല്ല എന്നാണ് സര്‍ക്കാര്‍ വാദം. അതേസമയം കള്ളിനെ അബ്കാരി നിയമങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നില്ല. മറുവശത്ത് കള്ളുഷാപ്പുകള്‍ക്ക് ഇളവ് നല്‍കരുതെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനുവേണ്ടി അഡ്വ. കാളീശ്വരം രാജ് വാദിക്കുകയും ചെയ്തു. കള്ളില്‍ 9.57 ശതമാനം ആല്‍ക്കഹോളുണ്ട്. മദ്യലഭ്യത കൂടുമ്പോഴെല്ലാം ഉപഭോഗവും കൂടുന്നുവെന്നാണ് ബിവറേജസ് കോര്‍പ്പറേഷന്റെ കണക്കെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിനോദസഞ്ചാരവുമായി ബന്ധപ്പെട്ടാണല്ലോ കേരളത്തില്‍ മദ്യനിരോധനവും മദ്യനിയന്ത്രണവുമൊക്കെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഒരു കാര്യം ഉറപ്പാണ്. സഞ്ചാരികള്‍ ഓരോ നാട്ടിലെത്തുമ്പോഴും അവിടത്തെ ജീവിതരീതിയും സംസ്‌കാരവുമെല്ലാം മനസ്സിലാക്കാന്‍ ശ്രമിക്കുന്നവരാണ്. ഗൗരവമായി ലോകം ചുറ്റുന്നവരുടെ ലക്ഷ്യം തന്നെ അതാണ്. അതിലേറ്റവും പ്രധാനം ഭക്ഷണരീതി തന്നെയാണ്. ഒരു നാട്ടിലെത്തുമ്പോള്‍ അവിടത്തെ ഭക്ഷണം കഴിക്കാനാണ് സഞ്ചാരികള്‍ ഇഷ്ടപ്പെടുക. അതുപോലെ തന്നെയാണ് മദ്യത്തിന്റെ കാര്യവും. സ്വന്തം നാടുകളില്‍ ലഭ്യമാകുന്ന മദ്യമല്ല, ഈ നാട്ടിലെ സ്വന്തം മദ്യമാണ് അവരില്‍ ബഹുഭൂരിഭാഗവും തിരഞ്ഞെടുക്കുക. അവര്‍ക്ക് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമല്ല നാം കൊടുക്കേണ്ടത്. കേരളത്തിന്റെ തനതു പാനീയമാണ്. പച്ചയായി പറഞ്ഞാല്‍ നമ്മുടെ സ്വന്തം കള്ളാണ്.
കള്ള് അത്യാവശ്യത്തിനു മാത്രം ലഹരിയുള്ള രുചികരമായ പാനീയമാണെന്നതില്‍ സംശയമില്ല. ശുദ്ധമായ കള്ളു കുടിക്കുന്ന ഒരാളും അതിഷ്ടപ്പെടാതിരിക്കില്ല. ഇവിടെ അതു ലഭിക്കുന്നില്ല എ്ന്നതാണ് പ്രശ്നം. ശുദ്ധമായ കള്ളു ലഭിക്കുകയും നമ്മുടെ കള്ളുഷാപ്പുകള്‍ ആധുനിക കാലത്തിനനുസരിച്ച് സജ്ജീകരിക്കുകയുമാണ് ചെയ്യേണ്ടത്. അങ്ങനെ വരുമ്പോള്‍ ഈ വ്യവസായം പച്ചപിടിക്കുകയും കര്‍ഷകരുടെ മാത്രമല്ല, കേരളത്തിന്റെ തന്നെ സര്‍വതോന്മുഖമായ വികസനത്തിന് സഹായകരമായിരിക്കുകയും ചെയ്യും. ആ ദിശയില്‍ ചിന്തിക്കാന്‍ നാമിനിയും തയ്യാറാകുന്നില്ല എന്നതാണ് ഖേദകരം.
സംസ്ഥാനത്ത് ഇന്ന് ഉല്‍പ്പാദിപ്പിക്കുന്ന കള്ളിന്റെ അളവും വിറ്റഴിക്കുന്ന കള്ളിന്റെ അളവും തമ്മിലുള്ള അന്തരം അതിഭീമമാണെന്ന് അറിയാത്തവര്‍ ആരുമില്ല. വിറ്റഴിയുന്നതില്‍ ഭൂരിഭാഗവും കള്ളക്കള്ളാണ്. ആ അവസ്ഥ മാറണം. ആദ്യമായി അബ്കാരി നിയമം തന്നെ പൊളിച്ചെഴുതണം. കള്ളിന്റെ ഉടമാവകാശം തെങ്ങിന്റെ ഉടമകളായ കര്‍ഷകര്‍ക്കാകണം. ചെത്തുകാര്‍ക്ക് ചെയ്യുന്ന ജോലിക്ക് മാന്യമായ കൂലിയാണ് നല്‍കേണ്ടത്. ഈ മേഖലയില്‍ നിന്ന് അബ്കാരികള്‍ എന്ന വിഭാഗത്തെ ഉന്മൂലനം ചെയ്യണം. കള്ളു ഷോപ്പുകള്‍ കര്‍ഷകരുടെ മുന്‍കൈയിലുള്ള സഹകരണ മേഖലയിലാകണം. വിനോദസഞ്ചാരമേഖലകളില്‍ സര്‍ക്കാരിനുതന്നെ നേരിട്ട് ഷാപ്പുകള്‍ നടത്താം. മികച്ച രീതിയില്‍ ഭക്ഷണവും ലഭിക്കുന്ന ഇടങ്ങളാകണം കള്ളു ഷാപ്പുകള്‍. സ്ത്രീകള്‍ക്കും വന്നിരിക്കാവുന്ന സാഹചര്യം ഉണ്ടാകണം. ഇതു വഴി നട്ടെല്ലു തകര്‍ന്ന കര്‍ഷകരുടെ ഉയര്‍ത്തെഴുന്നേല്‍പ്പാകും ഉണ്ടാകുക. ടൂറിസ്റ്റുകളും ഹാപ്പിയാകും. ലഹരിയുടെ അളവു കുറവായതിനാല്‍ മദ്യം കൊണ്ടുള്ള സാമൂഹ്യവിപത്തുകള്‍ കുറയും. അത്രപോലും ലഹരി വേണ്ടാത്തവര്‍ക്കായി നീരയും ഉല്‍പ്പാദിപ്പിക്കണം. പത്തുശതമാനം തെങ്ങുകളില്‍ നിന്ന് നീര ചെത്തിയാല്‍ കേരളത്തിന് വര്‍ഷം 54,000 കോടിയുടെ വരുമാനം കിട്ടും. ലിറ്ററിന് 100 രൂപ വിലയിട്ടാണ് ഈ കണക്ക്. കര്‍ഷകന് ഒരുതെങ്ങില്‍ നിന്ന് മാസം 1500 രൂപ വരുമാനം കിട്ടും. വിലയുടെ 50 ശതമാനം അതായത് 27,000 കോടി കര്‍ഷകന് ലഭിക്കും. തൊഴിലാളികള്‍ക്ക് 13,500 കോടിയും സംസ്ഥാനത്തിന് അധിക നികുതിവരുമാനമായി 4,050 കോടിയും ലഭിക്കും. കേരളത്തിലെ ഒരുശതമാനം തെങ്ങുകളില്‍ നിന്ന് നീരചെത്തിയാല്‍ത്തന്നെ ഒരുലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഇതൊക്കെ നേരത്തെ സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ച കണക്കുകളാണ്. എങ്കിലത് നടപ്പാക്കുകയല്ലേ വേണ്ടത്? എന്നാലതിനൊന്നും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ദൂരപരിധി നിയന്ത്രണങ്ങളില്‍ നിന്ന് കള്ളുഷാപ്പുകളെ ഒഴിവാക്കല്‍ മാത്രമാണ് സര്‍ക്കാരിനു താല്‍പ്പര്യം. അതിന്റെ കാരണം വളരെ വ്യക്തമാണ്. കള്ളക്കള്ള് വിറ്റ് കോടികള്‍ സമ്പാദിക്കുന്ന അബ്കാരികളോടുള്ള വിധേയത്വവും അതിന്റെ പങ്കുപറ്റലും അതിനെല്ലാം കൂട്ടുനില്‍ക്കുന്ന ചെത്തുതൊഴിലാളിസംഘടനകളും. കര്‍ഷകരെ കുറിച്ചൊക്കെ വാചകമടിക്കുമ്പോഴും സ്വന്തം തെങ്ങ്ില്‍ നിന്നുള്ള ഉല്‍പ്പന്നത്തിന്റെ അവകാശം പോലും അവര്‍ക്കുനിഷേധിക്കുന്ന നിയമങ്ങള്‍ മാറ്റിയെഴുതാന്‍ ഇനിയും തയ്യാറാകുന്നില്ല എന്നതാണ് വസ്തുത. അവിടെ നിന്നാണ് നാം ആരംഭിക്കേണ്ടത്. അത്തരത്തിലൊരാവശ്യം സുപ്രിം കോടതിയില്‍ ഉന്നയിക്കുകയാണ് സര്‍ക്കാര്‍ ചേയ്യേണ്ടത്.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>