സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Jan 25th, 2018

ഗസ്റ്റ് അധ്യാപക സമരം – ഒരു വിയോജന കുറിപ്പ്

Share This
Tags

GGGഎസ് എം രാജ്

കോളേജിലെ ഗസ്റ്റ് അധ്യാപകരുടെ സമരത്തെ അനുകൂലിക്കേണ്ടതുണ്ടോ ? ഇല്ലേയില്ല എന്നതാണ് എന്റെ അഭിപ്രായം .

കൂലി കൂടുതല്‍ ചോദിച്ചുകൊണ്ട് കേരളത്തിലെ എയ്ഡഡ്,സര്‍ക്കാര്‍ കോളേജുകളില്‍ ഗസ്റ്റ് അധ്യാപകരായി ജോലിനോക്കുന്ന രണ്ടായിരത്തോളം വരുന്ന അധ്യാപകര്‍ സൂചനാ പണിമുടക്ക് നടത്തുന്നതായി അറിഞ്ഞു .എന്തൊക്കെയാണ് അവരുടെ ആവശ്യങ്ങള്‍ എന്ന് വ്യക്തമല്ല . പേരില്‍ ഗസ്റ്റ് എന്ന് ഉണ്ടെങ്കിലും ഒരു ഗസ്റ്റിനു ലഭിക്കേണ്ട യാതൊരു സ്വീകരണവും മാന്യതയും ഇത്തരം അധ്യാപകര്‍ക്ക് ലഭിക്കുന്നില്ല എന്നതും അവര്‍ക്ക് നിലവില്‍ ലഭിക്കുന്ന കൂലി കുറവാണ് എന്നതും സമ്മതിച്ചുകൊണ്ട് തന്നെ ഈ സമരത്തിന്റെ രാഷ്ട്രീയ സാധ്യതകളെ വിലയിരുത്തുകയാണ് .

താല്‍ക്കാലിക ജീവനക്കാര്‍ക്ക് തുശ്ചമായ വേതനം നല്‍കി അവരെകൊണ്ട് എല്ലാ ജോലികളും ചെയ്യിപ്പിക്കുക എന്നത് കാലാകാലമായി സര്‍ക്കാരുകള്‍ ചെയ്തുവരുന്ന ഒരു കാര്യമാണ് . സര്‍ക്കാര്‍ ചെയ്യുന്നു എന്നതുകൊണ്ട് അനീതി അനീതി ആകാതിരിക്കില്ലല്ലോ .കേരളത്തിലെ ഒരു കോളേജിലേയും ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതില്‍ യാതൊരു വിധ സംവരണ തത്വങ്ങളും പാലിക്കാറില്ല .അതായത് പൂര്‍ണ്ണമായും ”മെറിറ്റ് ” നോക്കിയാണ് ഇത്തരം നിയമനങ്ങള്‍ നടത്തുന്നതെന്നാണ് വെയ്പ് . എന്താണ് ഇത്തരം നിയമനങ്ങളില്‍ സംവരണം നോക്കാത്തത് എന്ന് ചോദിച്ചാല്‍ അതിനു നിലവില്‍ നിയമപിന്‍ബലം ഇല്ലെന്നായിരിക്കും മറുപടി പറയുക .സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള ശമ്പളം ലഭിക്കാനുള്ള മാനദണ്ഡം കൊമ്പത്തെ മെറിറ്റ് ആക്കിയാല്‍ ശരിയാവില്ല .അതിന്റെ മാനദണ്ഡം സംവരണം അടിസ്ഥാനമാക്കിയുള്ള നിയമനം തന്നെയാവണം. അതായത് ഇപ്പോള്‍ നടത്തുന്ന നിയമനം അവസാനിപ്പിച്ച് എല്ലാ കോളേജ് ഗസ്റ്റ് അധ്യാപകരെയും എംപ്ലോയ്‌മെന്റ് ലിസ്റ്റില്‍ നിന്നും മാത്രം നിയമിക്കുക .അവര്‍ക്ക് നിലവില്‍ സ്ഥിര അധ്യാപകര്‍ക്ക് ലഭിക്കുന്ന ശമ്പളം ലഭ്യമാക്കുക എന്നതാണ് ശരിയായ രീതി .അങ്ങനെ നിയമിച്ചാല്‍ ഇപ്പോള്‍ അവര്‍ അനുഭവിക്കുന്ന രണ്ടാം തരാം പൌരന്മാര്‍ എന്ന അവസ്ഥ ഇല്ലാതാക്കാന്‍ കഴിയും.അതായത് നിലവില്‍ ഉള്ള സ്ഥിതി തുടരുകയും കൂലി കൂടുതല്‍ മാത്രം ആവശ്യപ്പെ ടുകയും ചെയ്യുന്നതില്‍ കാര്യമില്ലെന്ന് ചുരുക്കം.

രണ്ടായിരത്തോളം യോഗ്യതയുള്ള ആളുകള്‍ കോളേജ് അധ്യാപക ജോലിക്കായി നില്‍ക്കുമ്പോള്‍ ആണ് അരക്കോടി രൂപ വരെ കോഴയായി വാങ്ങി സ്വകാര്യകോളേജുകള്‍ അധ്യാപകരെ നിയമിക്കുകയും സര്‍ക്കാര്‍ അവര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കി തീറ്റിപോറ്റുന്നത് .സമൂഹത്തിലെ സമ്പന്നരായ കുറെ ആളുകള്‍ക്ക് മാത്രമായി ഇത്തരം ജോലികള്‍ സംവരണം ചെയ്തിരിക്കുകയാണ് ഈ നാട്ടില്‍ .ഈ ദുസ്ഥിതിക്കെതിരായാണ് യഥാര്‍ത്ഥത്തില്‍ നാളെ സമരം ചെയ്യാന്‍ പോകുന്നവര്‍ നിലകൊള്ളേണ്ടത്.അതായത് കേരളത്തില്‍ ഇപ്പോള്‍ തുടര്‍ന്നുവരുന്ന എയ്ഡഡ് സംവിധാനത്തിനെതിരേയാവണം അവരുടെ സമരം അല്ലാതെ താല്‍ക്കാലിക ജോലിയില്‍ ഉയര്‍ന്ന ശമ്പളത്തിനാകരുത് .താല്‍ക്കാലിക ജോലി എന്നത് മുതലാളിത്ത ലാഭ സിദ്ധാന്തത്തിന്റെ ഉപഉല്‍പ്പന്നം ആണല്ലോ. താല്‍ക്കാലിക ജോലി എന്ന സങ്കല്‍പ്പത്തെ തന്നെ ഇല്ലാതാക്കുവാന്‍ ശ്രമിക്കേണ്ട യുവതലമുറ അതിനകത്ത് നീതി കൊണ്ടുവരുവാന്‍ ശ്രമിക്കുമ്പോള്‍ ”മുതലാളിത്ത യുക്തിയെ” തത്വത്തില്‍ അംഗീകരിക്കുകയാണ് എന്ന വസ്തുത നാം തിരിച്ചറിയണം അവരും തിരിച്ചറിയണം . രണ്ടായിരത്തോളം വരുന്ന യുവാക്കള്‍ നാളെ സമരത്തിനു തയ്യാറാകുമെങ്കില്‍ തീര്‍ച്ചയായും അത് താല്‍ക്കാലിക ഗസ്റ്റ് അധ്യാപകരുടെ കൂലി കൂടുതലിനാവരുത് മറിച്ച് വര്‍ഷങ്ങളായി ഈ നാട്ടില്‍ തുടര്‍ന്നുവരുന്ന ജാതി മത കൂട്ടങ്ങള്‍ തുടര്‍ന്നുവരുന്ന വിദ്യാഭ്യാസ കച്ചവടത്തിനെതിരെ ആകണം . എയ്ഡഡ് നിയമനങ്ങള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന് നല്‍കണം എന്നതായിരിക്കണം അവരുടെ മുദ്രാവാക്യം അല്ലാതെ ”ഗസ്റ്റിന് തെണ്ടാന്‍ സ്റ്റീല്‍ പാത്രം ” തരണം എന്ന് പറഞ്ഞാകരുത്. രോഗത്തിനെയാണ് നാം ഇല്ലതാക്കേണ്ടത് .അല്ലാതെ അതിന്റെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനല്ല.

ഗസ്റ്റിന് ശമ്പളം കൂട്ടണം എന്ന് പറഞ്ഞു സമരം ചെയ്യാന്‍ സാക്ഷാല്‍ എയ്ഡഡ് കോളേജ് മുതലാളി തന്നെ രംഗത്ത് വരും കാരണം കീശ കാലിയാകുന്നത് അവരുടെയല്ലല്ലോ .എന്നാല്‍ എയ്ഡഡ് നിയമനങ്ങള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന് നല്‍കണം എന്ന മുദ്രാവാക്യം ഉയര്‍ത്താന്‍ ഇപ്പോള്‍ സമരവുമായി ഇറങ്ങിയിരിക്കുന്നവരില്‍ നൂറില്‍ താഴെ മാത്രമേ ഉണ്ടാകൂ എന്നെനിക്കുറപ്പാണ് . എന്തുകൊണ്ടാണ് യഥാര്‍ത്ഥത്തില്‍ വേണ്ട സമരത്തിന് അവര്‍ തയ്യാറാകാത്തത് എന്നന്വേഷിക്കുമ്പോള്‍ ആണ് ഗസ്റ്റ് അധ്യാപകരുടെ ജാതിയും മതവും ക്ലാസും ഒക്കെ പ്രശ്‌നം ആകുന്നത് . ഒരുത്തനും ഇറങ്ങില്ല ഏയ്ഡഡ് സംവിധാനത്തിനെ തിരേ .അവരില്‍ എത്രപേര്‍ ആ കട്ടില്‍ കണ്ടു പനിക്കുന്നവര്‍ ഉണ്ടെന്നറിയണം .ഇരയ്‌ക്കൊപ്പവും വേട്ടക്കാരനൊപ്പവും നടന്നുകൊണ്ട് സമരം ചെയ്യുമ്പോള്‍ അത് ഗസ്റ്റ് അധ്യാപകരുടെ കൂലികൂടുതല്‍ മാത്രം ചോദിക്കാനേ ഉപകരിക്കൂ . താല്‍ക്കാലിക നിയമനം തന്നെ അവസാനിപ്പിക്കണം എന്ന് കരുതുന്ന ആളുകളെ സംബന്ധിച്ചിടത്തോളം നാളെ നടക്കാന്‍ പോകുന്ന സമരത്തെ ഒരു തരത്തിലും അനുകൂലിക്കാന്‍ കഴിയില്ല . എല്ലാവര്‍ക്കും തൊഴില്‍ എല്ലാവര്‍ക്കും മാന്യമായ ജീവിതം അതാണ് നമ്മുടെ സ്വപ്നം .ആ സ്വപ്നത്തിലേക്ക് ഒരു ചെറു ചുവട് പോലും നടക്കാന്‍ ഈ സമരം ഈ ചെറുപ്പക്കാരെ സഹായിക്കില്ല .എന്നാല്‍ അവരുടെ സമരം കോഴ കോളേജുകളെ കൂടുതല്‍ സുരക്ഷിതര്‍ ആക്കുകയും ചെയ്യും .കാരണം ഈ സമരം വിജയിച്ചാല്‍ അത് പരോക്ഷമായി കോഴ സമ്പ്രദായം തുടരാനുള്ള ഒരു പച്ചക്കൊടി തന്നെയാകും.

സമരം ചെയ്യാന്‍ പോകുന്നവര്‍ക്ക് നീതിബോധം ഉണ്ടെങ്കില്‍ എയ്ഡഡ് സംവിധാനത്തിനെതിരെ ഇപ്പോള്‍ സുപ്രീം കോടതിയില്‍ കൊടുക്കാന്‍ പോകുന്ന കേസിന് വേണ്ട സാമ്പത്തിക ബാധ്യത അവര്‍ വഹിക്കുകയാണ് വേണ്ടത്. എയ്ഡഡ് കോഴകമ്പനികള്‍ ക്കെതിരെ രാഷ്ട്രീയത്തിനതീതമായി അവര്‍ സംഘടിക്കുകയാണ് വേണ്ടത്. കാണട്ടെ എത്രപേര്‍ മുന്നിട്ടിറങ്ങുമെന്ന് .എഴുതിവച്ചോളൂ ഒരുത്തനും ഉണ്ടാകില്ലെന്ന് .ഈ കേസ് ജയിക്കാന്‍ പണമല്ല വേണ്ടത് മറിച്ച് ഈ സംവിധാനത്തിനെതിരേയുള്ള ജനകീയ പ്രക്ഷോഭം ആണ് .യുവാക്കളുടെ ഒരു പ്രതി വിമോചനസമരം അതാണ് ഈ നാടിനിന്നാവശ്യം . കാലത്തിനു യോജിച്ച രീതിയില്‍ അവര്‍ മുന്നിട്ടിറങ്ങുമെന്ന് നമുക്ക് പ്രത്യാശിക്കാം .

ഫേസ് ബുക്ക് പോസ്റ്റ്

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>