സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Jan 12th, 2018

എന്‍ഡോസള്‍ഫാന്‍ കുഞ്ഞുങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍

Share This
Tags

endoസന്തോഷ് കുമാര്‍

എന്‍ഡോസള്‍ഫാന്‍ മെഡിക്കല്‍ ലിസ്റ്റില്‍പ്പെട്ട മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് ഇടതുപക്ഷ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നു. ലിസ്റ്റില്‍ അനര്‍ഹര്‍ കടന്നു കൂടിയിട്ടുണ്ടെന്നു പോലും! എന്തൊരു ജനാധിപത്യവിരുദ്ധതയും അനീതിയുമാണിത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ കണ്ടെത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക മെഡിക്കല്‍ സംഘമാണ് 2010ലും 2013ലും 2015 ലും ക്യാമ്പ് നടത്തി 5848 രോഗികളെ മെഡിക്കല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്. ക്യാമ്പില്‍ പങ്കെടുത്ത പതിനായിരക്കണക്കിന് കുഞ്ഞുങ്ങളെ പല സ്‌ക്രീനിംഗിലൂടെ കടത്തിയാണ് മെഡിക്കല്‍ സംഘം ഈ ലിസ്റ്റ് തയ്യാറാക്കിയത്. മെഡിക്കല്‍ ലിസ്റ്റ് തയ്യാറാക്കുന്നതില്‍ സമരസമിതിയ്‌ക്കോ മറ്റ് ഏജന്‍സികള്‍ക്കോ യാതൊരു ബന്ധവുമില്ല. പുര്‍ണ്ണമായും സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ സംഘം. അപ്പോള്‍ ഈ അനര്‍ഹര്‍ കടന്നു കൂടിയിട്ടുണ്ടെന്ന് പറയുന്നതിന്റെ യുക്തി എന്താണ് ? ലിസ്റ്റില്‍പ്പെടാതെ സഹായം ലഭിക്കാതെയും ചികിത്സ ലഭിക്കാതെയും ദുരിതം അനുഭവിക്കുന്ന ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് ഇപ്പോഴും കാസര്‍ഗോഡ് ജീവിക്കുന്നത്. അവരുടെ അവകാശത്തിനായും പുനരധിവാസത്തിനായും ദുരിതബാധിതരായ അമ്മമാരും കുഞ്ഞുങ്ങളും സമരസമിതിയും പ്രക്ഷോഭത്തിനായി തയ്യാറെടുക്കുമ്പോഴാണ് മെഡിക്കല്‍ ലിസ്റ്റില്‍പ്പെട്ട പകുതിയിലധികം കുഞ്ഞുങ്ങക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് പിണറായി സര്‍ക്കാര്‍ സുപ്രീം കോടതില്‍ പറയുന്നത്. 2017 ജനുവരി 10 നു ദുരിത ബാധിതര്‍ക്ക് മൂന്നുമാസത്തിനകം അടിയന്തിര സഹായങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടിരിന്നു .കീടനാശിനി കമ്പനികളില്‍നിന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരത്തിനുള്ള വിഹിതം സംസ്ഥാനസര്‍ക്കാരിന് ഈടാക്കാമെന്നും ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹര്‍ ഉത്തരവിട്ടു. ഈ കേസ് ഫയല്‍ ചെയ്തതാകട്ടെ ഡി. വൈ. എഫ് ഐയും. കോടതി വിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് 2010 – 11 മെഡിക്കല്‍ ലിസ്റ്റില്‍പ്പെട്ട നാല് ദുരിതബാധിതരായ അമ്മമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഈ നിലപാടറിച്ചത്.

ഇടതുപക്ഷസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ച 5848 രോഗികളില്‍ ഒന്നും രണ്ടും ഗഡു ലഭിച്ച 2665 പേര്‍ക്ക് മൂന്നാം ഗഡു കൊടുക്കുക മാത്രമാണ് ചെയ്തത്. മെഡിക്കല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള 3183 ദുരിതബാധിതര്‍ക്ക് ഒരു സഹായവും ഈ സര്‍ക്കാര്‍ നല്‍കിയിട്ടില്ല എന്നതാണ് ക്രൂരമായ യാഥാര്‍ത്ഥ്യം. 610 പേര്‍ക്ക് ചികിത്സയടക്കം യാതൊരുവിധ അനുകൂല്യവും നാളിതുവരെ നല്‍കിയിട്ടുമില്ല.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ കണ്ടെത്താന്‍ 2010 മുതല്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പുകളില്‍ നിന്ന് 5837 ദുരിതബാധിതരെയാണ് ഔദ്യോഗികമായി മെഡിക്കല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. 2010 ല്‍ 27 പഞ്ചായത്തുകളില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ നിന്ന് 4182 പേരെയും, 2011 ല്‍ 11 പഞ്ചായത്തുകളില്‍ നിന്ന് 1318 പേരെയും, 2013 ല്‍ 337 പേരെയുമാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ സ്ഥിതി ചെയ്യുന്ന 11 പഞ്ചായത്തുകളിലെ രോഗികളെ മാത്രം പരിഗണിച്ചാല്‍ മതിയെന്ന സര്‍ക്കാര്‍ മാനദണ്ഡം കൊണ്ട് ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ കഴിയാതെ പോയ ആയിരക്കണക്കിന് രോഗികള്‍ ഇപ്പോഴും 27 പഞ്ചായത്തുകളിലായി ഉണ്ട്. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ കശുമാവിന്‍ തോട്ടം നിലനില്‍ക്കുന്ന 11 പഞ്ചായത്തുകളിലാണ് എന്‍ഡോസള്‍ഫാന്‍ തളിച്ചതെങ്കിലും ജലത്തിലൂടെയും വായുവിലൂടയും 40 കിലോമീറ്റര്‍ വരെ വ്യാപിക്കാന്‍ കഴിയുമെന്ന് വിവിധ പഠനങ്ങള്‍ തെളിക്കുകയും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്കുപേഷനല്‍ ഹെല്‍ത്ത് (എന്‍.ഐ.ഒ.എച്ച്), ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ ബയോകെമിസ്ട്രി വിഭാഗം പ്രാഫ. സതീഷ് രാഘവന്റെ നേതൃത്വത്തില്‍ നടന്ന പഠനവും എന്‍ഡോസള്‍ഫാന്‍മൂലം ജനിതകവൈകല്യങ്ങളും നാഡീസംബന്ധമായ വൈകല്യങ്ങളും പ്രത്യുല്‍പാദന തകരാറും സംഭവിച്ചതായി ആധികാരിക പഠനം പുറത്തിറക്കി. നിരവധി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ 27 പഞ്ചായത്തുകളിലായി കണ്ടെത്തിയിട്ടും അവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. 2013 ആഗസ്റ്റില്‍ നടന്ന മെഡിക്കല്‍ ക്യാംപില്‍ പന്ത്രണ്ടായിരത്തോളം ദുരിത ബാധിതരാണ് പങ്കെടുത്തത്.പ്രാഥമിക സ്‌ക്രീനിംഗിന് ശേഷം 5800 പേരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ കശുമാവിന്‍ തോട്ടം നിലനില്‍ക്കുന്ന 11 പഞ്ചായത്തുകളിലെ ദുരിത ബാധിതരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തു എന്ന നിബന്ധന മൂലം 337 പേര്‍ മാത്രമാണ് അന്തിമലിസ്റ്റില്‍ ഉള്‍പ്പെട്ടത്. മരണപ്പെട്ടവര്‍, പൂര്‍ണ്ണമായും കിടപ്പിലായവര്‍, പരസഹായം കൂടാതെ എഴുന്നേല്‍ക്ക്കാന്‍ കഴിയാത്തവര്‍ എന്നിവര്‍ക്ക് 5 ലക്ഷം രൂപയും ബാക്കിയുള്ളവര്‍ക്ക് 3 ലക്ഷം രൂപയും നല്‍കണമെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശച്ചിരുന്നത്. 2010 ഡിസംബര്‍ 31ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എട്ട് ആഴ്ചകൊണ്ട് കൊടുത്തു തീര്‍ക്കണമെന്ന് പറഞ്ഞ അടിയന്തിര സഹായം 2017 ജൂലൈ വരെയും നടപ്പിലാക്കി കഴിഞ്ഞിട്ടില്ല. മരണപ്പെട്ടിവരില്‍ പോലും ഒന്നാം ഗഡു ലഭിച്ചത് 959 പേര്‍ക്കും രണ്ടാംഗഡു ലഭിച്ചത് 647 പേര്‍ക്കും മാത്രമാണ്. ഈ വസ്തുതകളെല്ലാം പിണറായി സര്‍ക്കാറിനും ധനമന്ത്രി ഡോ.തോമസ് ഐസക്കിനും എല്‍ഡിഎഫിനും പൂര്‍ണ്ണ ബോധ്യമുള്ള വിഷയങ്ങളാണ്.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ അമ്മമാരും കുഞ്ഞുങ്ങളും 2016 ജനുവരി 26ന് സെക്രട്ടറിയേറ്റിന് മുമ്പില്‍ അനിശ്ചിതകാല പട്ടിണി സമരം ആരംഭിക്കുന്നത്. സി. പി. ഐ. എമ്മും സി.പി.ഐയും അവരുടെ യുവജനസംഘടനകളുംബഹുജന സംഘടനകളും സമരത്തില്‍ സജീവ പങ്കാളികളായിരുന്നു. സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെകട്ടറി കാനം രാജേന്ദ്രനും സമരപ്പന്തിലെത്തി എല്ലാവിധ പിന്തുണയും സഹായങ്ങളും വാഗ്ദാനം ചെയ്തു. മാത്രവുമല്ല 9 ദിവസം നീണ്ടു നിന്ന സമരത്തിനൊടുവില്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ പ്രഖ്യാപിക്കുന്നത് അന്നത്തെ പ്രതിപക്ഷ നേതാവ് സ. വി എസ് അച്യുതാനന്ദന്‍ ആണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ നവകേരള മാര്‍ച്ച് തുടങ്ങുന്നത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയായ നെഞ്ചപറമ്പനില്‍ അമ്മമാരെയും കുഞ്ഞുങ്ങളെയും കണ്ടുകൊണ്ടാണ്. ‘ഇരകള്‍’ക്കൊപ്പം സമരം ചെയ്ത ഇടത് പാര്‍ട്ടികള്‍ അധികാരത്തില്‍ എത്തുമ്പോള്‍ വേട്ടക്കാരനായി മാറുന്നത് ജനാധിപത്യ വിരുദ്ധവും രാഷ്ട്രീയ അധാര്‍മ്മികതയുമാണ്.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>