സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Jan 11th, 2018

അനിയനെ ജീവനെപോലെ സ്‌നേഹിക്കുന്ന ഒരേട്ടന്‍, 700 ദിവസങ്ങളായി സെക്രട്ടേറിയറ്റ് പടിക്കല്‍ കിടക്കുന്നു.

Share This
Tags

hhശ്രീജിത്തേട്ടന്‍ പറയുന്നു;

‘എന്റെ അനിയനെ ഒരു പട്ടിയെ അടിച്ചുകൊല്ലുന്ന ലാഘവത്തോടെ കൊന്നുകളഞ്ഞ അവര്‍ ശിക്ഷിക്കപ്പെടണമെന്നു ഇനി ഞാന്‍ ആഗ്രഹിക്കുന്നില്ല.ആഗ്രഹിച്ചിട്ട് കാര്യമില്ല എന്ന് എനിക്ക് മനസ്സിലായി.. പകരം, ഇനി ഇതുപോലെ ഒരു ദുര്‍വിധി ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല. മനുഷ്യജീവന് പുല്ലുവില കല്പിക്കുന്ന ആര്‍ക്കും ഇനി ഇപ്രകാരം ചെയ്യാന്‍ പോലും ധൈര്യം ഉണ്ടാകാന്‍ പാടില്ലാത്തക്കവിധം ഒരു നിയമം എങ്കിലും കൊണ്ടുവരണമെന്നാണ് എന്റെ ആഗ്രഹം.അതിനുവേണ്ടി ഞാന്‍ എന്റെ ജീവന്‍ വെടിയാന്‍ തയ്യാറാണ്..
ഞാന്‍ ഇതേ അവസ്ഥ തുടര്‍ന്നാല്‍ ഉടന്‍ മരിച്ചുപോകും. മൂത്രത്തില്‍ കൂടി രക്തം ഒക്കെ പലപ്പോഴായി വന്നുകൊണ്ടിരിക്കുന്നു..ആന്തരിക അവയവങ്ങള്‍ ഒക്കെ എന്നേ കേടായിക്കാണും.
എന്റെ അനിയന് വേണ്ടി ചോദിക്കാന്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.. എനിക്ക് വേണ്ടി ചോദിക്കാന്‍ ഇനി വയ്യാത്ത അമ്മ മാത്രം. പലപ്രാവശ്യം മുഖ്യമന്ത്രി ഉള്‍പെടെ ഉള്ള അധികാരികളെ തീരെ സുഖമില്ലാത്ത എന്റെ അമ്മ തനിയെ പോയി കണ്ടു. നാളെ ഞാന്‍ മരിച്ചാല്‍ അമ്മ എനിക്ക് വേണ്ടി ഈ സെക്രട്ടേറിയറ്റ് പടിക്കല്‍ എന്റെ അതെ മാര്‍ഗ്ഗം സ്വീകരിക്കും. അങ്ങനെ ചെയ്താല്‍, രണ്ടിന്റെ അന്ന് അമ്മയും മരിച്ചുപോകും. പിന്നെ കൂടിപ്പോയാല്‍ ഏതെങ്കിലും പാര്‍ട്ടിക്കാരോ സംഘടനയോ ചേര്‍ന്ന് ഒരു പ്രകടനം നടത്തുമായിരിക്കും. അന്നത്തോടുകൂടി ഈ വിഷയം അവസാനിക്കുകയും ചെയ്യും. അതാണ് ഇതിനകത്തുള്ള ആള്‍ക്കാര്‍ ഉള്‍പെടെ പലര്‍ക്കും വേണ്ടതും. അല്ലെങ്കില്‍ ഞാന്‍ കടുത്ത മാനസിക സമ്മര്‍ദ്ദം മൂലം ഒരു മനോരോഗിയായിമാറും.. പലപ്പോഴും എനിക്ക് അങ്ങനെ ആകുന്നുണ്ടെന്നു തോന്നാറുണ്ട്. അപ്പോഴും ഞാന്‍ ഒരു ഭ്രാന്താശുപത്രിയില്‍ ആയാല്‍, അതായാലും മതിയല്ലോ അവര്‍ക്ക്…. ‘

കുറച്ചു മാസങ്ങളായി എന്റെ ഉറക്കം കെടുത്തുന്ന, എന്നേ പോലെയുള്ളവര്‍ എത്രത്തോളം നിസ്സഹായര്‍ ആണെന്നും മനസ്സിലാക്കി തന്നോണ്ട് ഇരിക്കുന്ന ഒരു അവസ്ഥയാണ് ശ്രീജിത്തേട്ടന്റെ… അദ്ദേഹത്തോടൊപ്പം നില്‍ക്കുക എന്നത് എന്റെയും കര്‍ത്തവ്യം ആണെന്ന് മനസിലാക്കികൊണ്ട്, ചെയ്യാന്‍ കഴിയുന്നതൊക്കെ എന്നാല്‍വിധം ഞാന്‍ ചെയ്യുന്നു. പക്ഷെ എല്ലാം വെള്ളത്തില്‍ വരച്ച വര പോലെ ആയിപ്പോകുകയാണോ എന്ന് ആലോചിക്കുമ്പോള്‍ ഒരു അങ്കലാപ്പ്.

അടിവസ്ത്രത്തില്‍ വിഷം ഒളിപ്പിച്ചു വച്ച് ലോക്കപ്പില്‍ നിന്ന് അത് കഴിച്ച് ആത്മഹത്യ ചെയ്തു എന്ന് പൊലീസ് വരുത്തിത്തീര്‍ത്ത ആ കസ്റ്റഡി മരണം വാദിപക്ഷക്കാരുടെ നിസ്സാരതയൊന്നു കൊണ്ടു മാത്രം ഗൗനിക്കപ്പെടാതെ പോയി.
പൊലീസ് ലോക്കപ്പില്‍ ഒരു കൊതുകു ചാകുമായിരുന്നെങ്കില്‍ കിട്ടുമായിരുന്ന ശ്രദ്ധ പോലും ശ്രീജീവിന്റെ മരണത്തിനു കിട്ടിയില്ല.
അവന്‍ കേവലം നിസ്വനായ ഒരു കൂലിപ്പണിക്കാരനായിരുന്നു. അവന്റെ പിന്നില്‍ അണിനിരക്കാന്‍ കൊടിയേന്തിയ നേതാക്കളോ സമുദായക്കാരോ
ഒരു തരത്തിലുമുള്ള ആക്ടിവിസ്റ്റുകളോ ഉണ്ടായിരുന്നില്ല.
വിധവയായ, ഇപ്പോഴും കാര്യങ്ങള്‍ നേരെ ചൊവ്വേ അറിയാത്ത ഒരമ്മയും തന്റെ അനിയനെ സ്വന്തം പ്രാണനേക്കാള്‍ സ്‌നേഹിച്ച ഒരു ഏട്ടനും മാത്രമേ അവന്റെ ഓര്‍മ്മകളില്‍ ജീവിക്കാനും അവയ്ക്കു വേണ്ടി പ്രാണന്‍ നഷ്ടപ്പെടുത്താനും നിലനില്‍ക്കുന്നുള്ളു..

കഴിഞ്ഞ 700 ദിവസങ്ങളായി ഒറ്റയ്ക്കു സമരം ചെയ്യുകയാണദ്ദേഹം. ഇപ്പോള്‍ കുറച്ചു ദിവസങ്ങളായി നിരാഹാരത്തിലും.
വെള്ളം മാത്രം കുടിക്കുന്നുണ്ട്..
കിടക്കുകയായിരുന്നില്ല കിടന്നു പോവുകയായിരുന്നു ശ്രീജിത്തേട്ടന്‍ എപ്പോഴും..

തന്റെ പൊന്നോമനയായ അനുജനെ, ജീവന്‍ പുല്ലാണെനിക്ക് നിന്നോടുള്ള സ്‌നേഹത്തിന്റെ മുന്നില്‍ എന്ന് വെല്ലുവിളിക്കാന്‍ അവനെ പ്രേരിപ്പിച്ചത് അത്യുദാത്തമായ ഏത് മാനസിക ഭാവമായിരിക്കാം ?
2016 ജൂണ്‍ 26 ന് കേരള ശബ്ദത്തില്‍ ആ ലോക്കപ്പു മരണത്തെക്കുറിച്ച് ഒട്ടൊക്കെ വിശദമായ വാര്‍ത്ത കൊടുത്തിരുന്നു.

ഒരു പൊലീസ് സബ് ഇന്‍സ്‌പെക്ടറുടെ ബന്ധുവിന്റെ മകളുമായി
ആഴമേറിയ പ്രണയത്തില്‍ ആയിരുന്നു ശ്രീജീവ് എന്ന യുവാവ്..
മറ്റൊരു വിവാഹം നിശ്ചയിച്ച പെണ്‍കുട്ടി പ്രണയാധിക്യം മൂലം അവന്റെ കൂടെ ഒളിച്ചോടുകയോ മറ്റോ ചെയ്യാതിരിക്കാന്‍ വീട്ടുകാര്‍ കണ്ട ഉപായമണ്
ശ്രീജീവിനെ ഒരു മോഷണക്കേസില്‍ കുടുക്കി അകത്താക്കുക എന്നത്.

മാത്രമല്ല വിഷം കഴിച്ചു മരിച്ചു എന്ന പ്രസ്താവന വിശ്വാസ്യതയില്ലാത്തതായിരുന്നു.
ദേഹമാസകലം മര്‍ദ്ദനം ഏറ്റ പാടും വീര്‍ത്തു വിങ്ങിയ വൃഷണങ്ങളുമായാണ് അനിയന്റെ മൃതദേഹം കുടുംബക്കാര്‍ക്ക് ലഭിക്കുന്നത്. (കേരള ശബ്ദത്തില്‍ വന്ന വാര്‍ത്തയുടെ സാരം)

തന്റെ അനുജന്റെ കസ്റ്റഡി മരണം സി.ബിഐ യെക്കൊണ്ട് അന്വേഷിപ്പിക്കാനും പ്രതികളെ കണ്ടെത്തി ശിക്ഷിക്കാനും, കൂടെ ഇനിയാര്‍ക്കും ഈ സഹോദരങ്ങളുടെ ദുര്‍ഗതി വരാതിരിക്കാനായി ശക്തവും വ്യക്തവുമായ ഒരു നിയമസംവിധാനം കസ്റ്റഡിമരണകേസുകളില്‍ കൊണ്ടുവരാനും കൂടിയാണ് ഈ ജ്യേഷ്ഠന്‍ തനിക്ക് ആകെയുള്ള സ്വത്തായ സ്വന്തം ജീവന്‍ പണയപ്പെടുത്തി സമരത്തില്‍ തുടരുന്നത്.ഒരു അനാഥാലയത്തില്‍ വളര്‍ന്ന അദ്ദേഹത്തിന് മറ്റു എന്ത് സ്വത്ത് ആണ് കൈമുതലായി ഉണ്ടാകുക?

ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചെന്ന ഒരു വാര്‍ത്ത ഇറങ്ങിയതല്ലാതെ തുക അവര്‍ക്ക് ലഭിച്ചിട്ടില്ല (അതിനെപ്പറ്റി ഞാന്‍ അദ്ദേഹത്തോട് തിരക്കിയതുമില്ല, കാരണം അതിനു പ്രസക്തി ഇല്ല )
ഇനി അത് ലഭിച്ചുവെങ്കില്‍ത്തന്നെ തന്റെ അനുജന് 10 ലക്ഷം രൂപ വിലയിടാന്‍ അവനെ അത്രമേല്‍ സ്‌നേഹിച്ചിരുന്ന ആ സഹോദരന് ഒരിക്കലും കഴിയില്ല..

തന്റെ പ്രിയപ്പെട്ട അനുജനു വേണ്ടി പട്ടിണി മരണം വരിക്കുന്ന ആ സഹോദരന്റെ സ്‌നേഹത്തിന് വില നിശ്ചയിക്കാന്‍ ആര്‍ക്കാണ് അര്‍ഹത ?

തലസ്ഥാന നഗരിയില്‍, ഭരണസിരാ കേന്ദ്രത്തിന്റെ മതില്‍ക്കെട്ടിനു പുറത്ത് ഒരാഴ്ച, ഏറിയാല്‍ 10 ദിവസത്തിനകം
ശ്രീജിത്തേട്ടന്‍ പട്ടിണി കിടന്ന് ചത്തേക്കാം. ഒരു തെരുവുനായ ചാകുന്നതു പോലെ.

അവന്റെ അനുജനെ കൊലപ്പെടുത്തിയ പൊലീസുകാര്‍ മാത്രമാണോ അതിനുത്തരവാദി? അതിനെ തിരിഞ്ഞു നോക്കാതെ ജീവിതം ആഘോഷിക്കുന്ന നമ്മുടെ റോളെന്താണ് ഇതില്‍?
എവിടെപ്പോയി മനുഷ്യാവകാശ പ്രവര്‍ത്തകരും സാമൂഹ്യ നീതി വകുപ്പുകാരും?

കുറ്റബോധം കൊണ്ട് കൂനിപ്പോകുന്നുണ്ട് ഞാന്‍. ഈ ഫേസ് ബുക്ക് പോസ്റ്റ് ഒരദ്ഭുതവും കൊണ്ടു വരില്ല എന്നറിയാം.

അദ്ദേഹത്തിനു ആവശ്യം, നമ്മുടെ സഹതാപമോ ഒന്നുമല്ല, പകരം നല്ല ഒരു media support ആണ് … പാര്‍വതിയുടേം മമ്മൂട്ടിയുടേം വരെ വിഷയങ്ങള്‍ മാധ്യമചര്‍ച്ചക്കു സ്ഥാനം പിടിക്കുന്നു.ഈ വിഷയം മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടു പോലും വളരെ കുറച്ചുപേര്‍ മാത്രമാണ് ഇതിനെ പറ്റി അന്വേഷിക്കുക എങ്കിലും ചെയ്യാമെന്നോ അല്ലെങ്കില്‍ ഇത് പണ്ട് 2 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണല്ലോ എന്നെങ്കിലും പ്രതികരിക്കുന്നത്.. പലരുടെയും പ്രതികരണങ്ങള്‍ കേള്‍കുമ്പോള്‍ വിഷമവും ദേഷ്യവും പുച്ഛവും ഒക്കെ തോന്നിയിട്ടുണ്ട്…

പ്രതിസ്ഥാനത്ത് പൊലീസ് ആണെന ഒറ്റക്കാരണത്താല്‍ ഈ സമരം പരാജയപ്പെടും എന്നുറപ്പാണ്.
താരപരിവേഷം ഇല്ലാത്തതിനാല്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കില്ല എന്നും .

രാഷ്ട്രീയ പാര്‍ട്ടികളുടെയും ജാതിമത സംഘടനകളുടെയും കൊടി പിടിക്കാതെ സമരത്തിനു ഇറങ്ങുന്ന ഏതൊരു പൗരനും ഈ ഒരു അനാദരവേ പൊതുസമൂഹത്തില്‍ നിന്നും അധികാരികളില്‍ നിന്നും ലഭിക്കു എന്ന നഗ്നയാഥാര്‍ഥ്യം കൂടിയാണ് ഈ ഒറ്റയാള്‍പോരാട്ടം നമുക്ക് മനസിലാക്കി തരുന്നത്. ഈ ഗതിയിലാണോ നമ്മുടെ ജനാധിപത്യ വ്യവസ്ഥ മുന്നോട്ട് പോകേണ്ടത്..?

അദ്ധേഹത്തിന്റെ ആവശ്യപ്രകാരം തന്നെയാണ്, ഞാന്‍ ഈ പോസ്റ്റ് ഇടുന്നത് എന്നുകൂടി പറയാന്‍ ആഗ്രഹിക്കുന്നു..

ശ്രീജിത്തേട്ടന്‍ കൂട്ടിച്ചേര്‍ക്കുന്നു ;
‘വെറുതെ കിടന്നു ചത്തുപോയാല്‍ എന്തുനടക്കാന്‍ ആണ്, എല്ലാരും അറിയട്ടെ, എന്തൊക്കെയാ നടന്നത് എന്നും നമ്മളൊക്കെ തലയില്‍ കയറ്റിവച്ച നമ്മുടെ പല നേതാക്കളും എത്രത്തോളം നീചമായിട്ടാണ് എന്റെ കാര്യത്തില്‍ പ്രതികരിക്കുന്നതെന്നും….’

അനിയനെ കൊന്നവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് 700 ദിവസങ്ങളായി സെക്രട്ടേറിയറ്റ് പടിക്കല്‍ സ്വന്തം ജീവിതം സമരമായി ഹോമിച്ച ഒരു സാധാരണക്കാരന്റെ അവസ്ഥ മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയക്കാരാ നീയൊക്കെ പറയുന്ന ജനസേവനം എന്താണ്

കടപ്പാട്

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>