സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Jan 8th, 2018

ദലിത് കര്‍ഷകരെ പുറമ്പോക്കിലും ജാതികോളനികളിലും തടവിലിട്ടപ്പോള്‍ ”പാവങ്ങളുടെ പടത്തലവന്‍ ” എവിടെയായിരുന്നു

Share This
Tags

xxxഎസ് എം രാജ്

ഭൂമിയില്ലാത്ത ദലിത് കര്‍ഷകരെ ഭൂരഹിത കര്‍ഷക തൊഴിലാളിയാക്കി അവരെ മൂന്നു സെന്റ് പുറമ്പോക്കിലും ജാതി കോളനികളിലും തടവിലിട്ടപ്പോള്‍ ”പാവങ്ങളുടെ പടത്തലവന്‍ ” എവിടെയായിരുന്നു .ഭൂരഹിത സവര്‍ണ്ണന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവനെ സഹായിക്കുക ദലിത് രാഷ്ട്രീയമാണ് അല്ലാതെ സവര്‍ണ്ണ മാര്‍ക്‌സിസമോ ,കോണ്‍ഗ്രസിമോ സംഘിസമോ അല്ല .
ലോകത്തെല്ലായിടത്തും ഭൂപരിഷ്‌കരണം നടന്നിട്ടുള്ളത് രക്തരൂക്ഷിതമായ കലാപങ്ങളിലൂടെയാണ് .അതില്ലാതെ ഭൂപരിഷ്‌കരണം നടന്നിട്ടുള്ള എല്ലായിടങ്ങളിലും ജന്മിയുടെ സമ്പത്തിനു കോട്ടം വരാതെ ഭൂമിയുടെ നാമമാത്രമായ പുനര്‍വിതരണം മാത്രമേ നടന്നിട്ടുള്ളൂ. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി ലഭിക്കുമ്പോള്‍ മാത്രമേ അതിനേ നമുക്ക് ഭൂമിയുടെ പുനവിതരണം എന്ന് പറയാന്‍ കഴിയൂ . പാട്ടകുടിയാന്മാരായി ഭൂമി കൈവശം വെച്ചിരുന്ന നായര്‍ക്കും ഈഴവര്‍ക്കും മുസ്ലീമിനും ക്രിസ്ത്യാനിക്കും അവരുടെ കൈവശം ഉണ്ടായിരുന്ന ഭൂമി ഭൂപരിഷ്‌കരണം വഴി അവര്‍ക്ക് തന്നെ ലഭിച്ചു. എന്നാല്‍ നൂറ്റാണ്ടുകളോളം കൃഷിപ്പണി ചെയ്ത പറയനും പുലയനും സ്വന്തമായി ഭൂമി ഉണ്ടായിരുന്നില്ല . അവര്‍ ജന്മിയുടെ ഭൂമിയില്‍ കൃഷി ചെയ്തിരുന്നവര്‍ മാത്രമാണ് .അവരെ തൊഴിലാളികള്‍ എന്ന് വിളിക്കാന്‍ കഴിയില്ല. അവര്‍ അടിമകള്‍ ആയിരുന്നു .അടിമകള്‍ ആയ ജനതകളെ സ്വതന്ത്രര്‍ ആക്കിയപ്പോള്‍ അവര്‍ക്ക് കൃഷി ചെയ്ത ജീവിക്കാന്‍ ആവശ്യമായ കൃഷി ഭൂമി നല്‍കുന്നതില്‍ കേരളത്തിലെ ഇടതു വലതു പക്ഷങ്ങള്‍ നടത്തിയ ഭൂപരിഷ്‌കരണം തികഞ്ഞ പരാജയം ആയിരുന്നു . യഥാര്‍ത്ഥ കര്‍ഷകരായ പറയര്‍ക്കും പുലയര്‍ക്കുമൊന്നും ഭൂമി കൊടുത്തിരുന്നില്ല .അവരെ മൂന്നു സെന്റ് പുറമ്പോക്കിലും സര്‍ക്കാര്‍ വക ജാതി കോളനികളിലും പുനര്‍വിന്യസിച്ചു .അറുപതുകളില്‍ തുടങ്ങി തൊണ്ണൂറുകളുടെ പകുതി വരെ കുറഞ്ഞ കൂലിയില്‍ മൂന്നു സെന്റിലും കോളനികളിലും എങ്ങനെയാണ് ദലിതര്‍ കഴിഞ്ഞതെന്ന് അവരെ ഉദ്ധരിക്കാന്‍ നടന്നുവെന്ന് ഗീര്‍വാണം മുഴക്കുന്ന ഏതെങ്കിലും പൊന്നുമോന് അറിയുമോ . ഭൂമിയില്‍ കൈകൊണ്ട് തൊട്ടിട്ടില്ലാത്ത ജന്മിമാരുടെ ഒരു തുണ്ട് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ല .മിച്ചഭൂമി ആകേണ്ട ഭൂമികള്‍ മുഴുവന്‍ തോട്ടങ്ങളായി അവര്‍ സര്‍ക്കാര്‍ ഒത്താശയോടെ മാറ്റി . ആദിവാസി ഭൂമികള്‍ മുഴുവന്‍ സംഘടിത മതങ്ങള്‍ അവരുടെ മത നേതാക്കന്മാരുടേയും ,ജാതി മത രാഷ്ട്രീയശക്തിയുടേയും പിന്‍ബലത്തോടെ കയ്യേറി എന്നിട്ടതിനേ കുടിയേറ്റം എന്ന് കൊഞ്ചിച്ചു വിളിച്ചു .കേരളത്തിലെ ഇടതുപക്ഷവും വലതുപക്ഷവും കേരളത്തില്‍ പട്ടയമാമാങ്കം നടത്തി .എല്ലാ കയ്യേറ്റങ്ങളും അവര്‍ നിയമപരമായ ഭൂമികള്‍ ആക്കി മാറ്റി . അപ്പോഴും ഭൂരഹിത ദലിത് ആദിവാസി കുടുംബങ്ങള്‍ ഭൂരഹിതരായി തന്നെ ജീവിച്ചു . ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി ലഭിക്കാതിരുന്ന അവസ്ഥയാണ് മലയാളിയുടെ ഭൂപരിഷ്‌കരണം. അല്ലാതെ ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കിയതായിരുന്നില്ല എന്നതാണ് നമ്മുടെ ഭൂപരിഷ്‌കരണ ചരിത്രം തെളിയിക്കുന്നത് .
ഹിന്ദു ദലിതുകള്‍ ,ക്രിസ്ത്യന്‍ ദലിതുകള്‍ ,തീരപ്രദേശത്തെ ക്രിസ്ത്യാനികളും മുസ്ലീമുകളും ( അവര്‍ ഒരേ പൈതൃകം പേറുന്ന ജനതകളാണ് .എന്നാല്‍ മതങ്ങള്‍ അവരെ തമ്മിലടിപ്പിക്കുന്നു . ദലിത് ഹിന്ദുക്കളും ദലിത് ക്രിസ്ത്യാനിയും തമ്മില്‍ അടികൂടുന്നതുപോലെയാണ് തീരപ്രദേശത്തെ ക്രിസ്ത്യാനിയും മുസ്ലീമും തല്ലുകൂടുന്നത് ) , ഈഴവരടക്കമുള്ള പിന്നോക്ക ഹിന്ദുക്കള്‍ ,ഹിന്ദു ക്രിസ്ത്യന്‍ നാടാന്മാര്‍, നായന്മാര്‍ ഇവരിലെല്ലാം ലക്ഷകണക്കിന് ഭൂരഹിതര്‍ ഉണ്ട് .എന്നാല്‍ ഇവരെല്ലാം രാഷ്ട്രീയമായി വന്ധ്യംകരിക്കപ്പെട്ടിരി ക്കുകയാണ് . സവര്‍ണ്ണ സംഘടിത മതങ്ങളും അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് ഭൂരഹിതരുടെ അവകാശങ്ങളെ നിഷേധിക്കുകയാണ് .ഇ അനീതിക്കെതിരെ നിലപാടെടുക്കാന്‍ ഈ ജനതകള്‍ക്ക് ,തോല്‍പ്പിക്കപ്പെട്ട ഈ ജനതകള്‍ക്ക് കഴിയില്ല .കാരണം അവര്‍ കമ്മ്യൂണിസ്റ്റോ ,കോണ്‍ഗ്രസോ ,ബീജേപ്പിയോ ഒക്കെയായി ചിതറിക്കപ്പെട്ടിരിക്കുക യാണ് .സവര്‍ണ്ണ രാഷ്ട്രീയം അവരെയെല്ലാം വികസന ലോകത്തെ ”ദലിതര്‍ ” ആക്കിയിരിക്കുകയാണ് . നിങ്ങള്‍ നായര്‍ ആണെങ്കിലും നിങ്ങള്‍ ഭൂരഹിതന്‍ ആണെങ്കില്‍ നിങ്ങള്‍ വികസന പരിപ്രേക്ഷ്യത്തില്‍ ഒരു ദലിതന്‍ ആണ് . ദലിത് എന്നത് സാമൂഹ്യമായ ഒരു സംവര്‍ഗ്ഗം മാത്രമല്ല അതിന് സാമ്പത്തികവും രാഷ്ട്രീയവുമായ പരികല്‍പ്പനത്വം ഉണ്ട് . പറയാനും പുലയനും സാമൂഹ്യമായും സാമ്പത്തികമായും ദലിതര്‍ ആകുമ്പോള്‍ ഭൂരഹിതമുന്നോക്ക പിന്നോക്ക ജനതകള്‍ സാമ്പത്തിക ദലിതുകള്‍ ആണ് . ഈ യാഥാര്‍ത്ഥ്യമാണ് കൌശലപൂര്‍വ്വം കേരളത്തിലെ സവര്‍ണ്ണ ജാതി മത രാഷ്ട്രീയ ചൂഷകര്‍ അവരില്‍ നിന്നും മറച്ചു വയ്ക്കുന്നത്
ഈ പരിപ്രേക്ഷ്യത്തില്‍ നാം ഭൂമിയുടെ ,എയ്ഡഡ് സ്ഥാപനങ്ങളുടെ ,സര്‍ക്കാര്‍ ഫണ്ടുകളുടെ ,സര്‍ക്കാര്‍ പദ്ധതികളുടെ ഒക്കെ കാര്യങ്ങളെ വീക്ഷിക്കുമ്പോ ഴാണ് ദലിത് പക്ഷ രാഷ്ട്രീയം എന്ന് പറയുന്നത് പറയന്റെയും പുലയന്റെയും മാത്രം രാഷ്ട്രീയം അല്ലെന്ന് തിരിച്ചറിയുക . ഈ തിരിച്ചറിവ് ഉണ്ടാകുമ്പോഴാണ് ദലിത് രാഷ്ട്രീയം എന്നത് കേവലം സങ്കുചിതമായ ജാതിവാദം അല്ലെന്നും അത് അധികാരത്തിന്റെ, ഭൂമിയുടെ, വിഭവങ്ങളുടെ സര്‍ക്കാര്‍ ഫണ്ടുകളുടെ തുല്യമായ വിതരണവും പങ്കാളിത്തവും ഉറപ്പിക്കുന്നതിനായുള്ള നീതിയുടെ രാഷ്ട്രീയമാണെന്ന വലിയ ബോധത്തിലേക്ക് നാമെത്തുക . ദലിത് കമ്യൂണിസ്റ്റും ,ദലിത് കോണ്‍ഗ്രസും ,ദലിത് സംഘിയും ആയി നിന്നാല്‍ നിങ്ങള്‍ക്ക് ദലിത് പക്ഷ രാഷ്ട്രീയം അസാധ്യമാണ് .ജാതിക്കും മതത്തിനും അതീതമായി നിങ്ങള്‍ വികസന ലോകത്തിലെ വര്‍ത്തമാനകാല സവര്‍ണ്ണ രാഷ്ട്രീയത്തിലെ ”ദലിതുകള്‍ ” ആണെന്ന് തിരിച്ചറിയുക .അപ്പോള്‍ മാത്രമേ മായവതിക്കൊപ്പം എന്തുകൊണ്ട് സവര്‍ണ്ണര്‍ കൂട്ടു കൂടിയെന്ന് മലയാളി പറയാനും പുലയനും ഈഴവനും മുസ്ലീമിനും നായര്‍ക്കും നമ്പൂതിരിക്കും തിരിയൂ . ദലിത് രാഷ്ട്രീയം എന്ന് പറഞ്ഞാല്‍ അത് ദലിതരുടെ മാത്രം ഭരണമോ സുഖിക്കലോ അല്ല .അത് എല്ലാവര്‍ക്കും ഭൂമിയും തൊഴിലും വരുമാനവും സ്വാഭിമാനവും നല്‍കുന്നതിനുള്ള രാഷ്ട്രീയമാണ് .അല്ലാതെ ഇന്നത്തെ രാഷ്ട്രീയക്കാരെപോലെ സവര്‍ണ്ണ സുഖം മാത്രമല്ല അതിന്റെ ലക്ഷ്യം.

ഫേസ് ബുക്ക് പോസ്റ്റ്

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>