സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Dec 29th, 2017

ഡോക്ടര്‍ പണി ഉപേക്ഷിക്കാം

Share This
Tags

drടി.ഐ.ലാലു    

ആരോഗ്യ – ചികിത്സാ മേഖലയില്‍ വ്യാപകമായി നടമാടുന്ന അനീതിയും അഴിമതിയും നാട്ടിലാകെ പാട്ടാണ്. ഇവയെല്ലാം പാവം രോഗികള്‍ക്ക് വരുത്തിത്തീര്‍ക്കുന്ന വേദന യാതനകള്‍ വിവരണാതീതവുമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ മഹത്തായ വൈദ്യവൃത്തിയോട് നൂറു ശതമാനവും നീതി പുലര്‍ത്തണമെന്ന് ഉല്‍ക്കടമായി ആഗ്രഹിക്കുന്ന ഒരു ഡോക്ടര്‍ എന്തു ചെയ്യും? ആ മേഖലയില്‍ നിന്നുകൊണ്ടു തന്നെ അനീതികള്‍ക്കെതിരെ  കഴിവിന്റെ പരമാവധി പോരാടും. അതാണ് നാം കണ്ടു പരിചയിച്ചിട്ടുളള നല്ല വൈദ്യ മര്യാദ. ഈ മേഖലയില്‍ മാത്രമല്ല, മറ്റേതു മേഖലയിലായാലും ഇതൊക്കെയാണ് ഭൂരിഭാഗം പേരും സ്വീകരിക്കാറുള്ള സമീപനം. അതേസമയം ഹിപ്പോക്രാറ്റിന്റെ പ്രതിജ്ഞ അക്ഷരംപ്രതി പിന്തുടരണമെന്ന് ആഗ്രഹിച്ച മഹാരാഷ്ട്രയിലെ ഡോക്ടര്‍ അരുണ്‍ ഗാഡ്‌രെ ആരോഗ്യ ചികിത്സാ മേഖലയിലെ അധാര്‍മികതകളില്‍ മനം നൊന്ത് ഡോക്ടര്‍ പണി എന്നന്നേക്കുമായി  ഉപേക്ഷിച്ചു. ആ ഡോക്ടറുടെ മനഃസാക്ഷി ഉണര്‍ത്തിച്ചത് ഇങ്ങനെ ചെയ്യാനാണ്. കേട്ടുകേള്‍വിയില്ലാത്ത ഒരു പ്രതികരണമാണ് ഡോക്ടര്‍ അരുണ്‍ ഗാഡ്‌രെയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. ഒരു ഡോക്ടര്‍ ആയി കിട്ടുന്നതിന് എത്ര പണം മുടക്കാനും എന്തു കുതന്ത്രം പ്രയോഗിക്കാനും മടിക്കാത്ത മലയാളികള്‍ക്ക് ഈ സംഭവം വിസ്മയകരമായി തോന്നാനിടയുണ്ട്.
അനാവശ്യ മരുന്നുകളും പരിശോധനകളും കുറിച്ചു കൊടുക്കുക, യാതൊരു കാര്യവുമില്ലാതെ ശസ്ത്രക്രിയകളും മറ്റും നടത്തുക തുടങ്ങിയ ഡോക്ടര്‍മാരുടെയും ആശുപത്രിക്കാരുടെയും വേഷംകെട്ടുകള്‍ നമുക്ക് പരിചിതമാണ്. കമ്മീഷന്‍ തരപ്പെടുത്തുന്നതിനും ആശുപത്രി മാനേജ്‌മെന്റുകള്‍ മുന്നോട്ടു വെക്കുന്ന ടാര്‍ഗറ്റുകള്‍ മുട്ടിക്കാനും മറ്റുമാണ് ഡോക്ടമാര്‍ ഇതൊക്കെ ചെയ്തു കൂട്ടുന്നതെന്നു എല്ലാവര്‍ക്കും അറിയാവുന്ന വൈദ്യ രഹസ്യങ്ങളാണ്. (ഇന്ന് പല ആശുപത്രികള്‍ക്കും മാര്‍ക്കറ്റിങ് മാനേജര്‍മാരുണ്ടല്ലോ) ഇത്തരം ദുഷ്പ്രവണതകള്‍ സത്യസന്ധരെ  ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ആ അപൂര്‍വ ഗണത്തില്‍ പെട്ട ഒരു ഡോക്ടറാണ് അരുണ്‍ ഗാഡ്‌രെ. മഹാരാഷ്ട്രയിലെ ഒരു സാധാരണ ഗ്രാമത്തിലെ ഈ ഗൈനക്കോളജിസ്റ്റിന് ആശുപത്രി വ്യവസായ മേഖലയിലെ അധമമായ യാഥാര്‍ഥ്യങ്ങളുമായി ഏറ്റുമുട്ടേണ്ടി വന്നു. ആ ദുരനുഭവങ്ങളാണ് ഡോക്ടര്‍ പണി ഉപേക്ഷിക്കുക എന്ന അറ്റകൈ പ്രയോഗത്തിനു കാരണമായത്.
ഡോക്ടര്‍ അരുണ്‍ ഗാഡ്‌രെ ആദ്യം പ്രാക്ടീസ് ചെയ്തിരുന്നത് നഗര പ്രദേശങ്ങളിലായിരുന്നു. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ ബാബ ആംതെയുടെ പ്രേരണ മൂലം നഗരങ്ങളിലെ സുഖസൗകര്യങ്ങള്‍ വേണ്ടെന്നുവെച്ച് 1988ല്‍ അനസ്‌തേഷ്യസ്റ്റ് കൂടിയായ ഭാര്യയോടൊപ്പം മഹാരാഷ്ട്രയിലെ ലാസല്‍ഗാവ് എന്ന ഗ്രാമത്തിലേക്കു പ്രവര്‍ത്തനം മാറ്റി. അങ്ങനെ ഒരു പ്രസവ ഡോക്ടറുടെ സേവനം അവിടുത്തെ ഗ്രാമീണ സ്ത്രീകള്‍ക്ക് ലഭ്യമായി. മുമ്പ് നഗരങ്ങളില്‍ പ്രാക്ടീസ് ചെയ്തിരുന്നപ്പോള്‍ കിട്ടിയിരുന്ന വരുമാനത്തിന്റെ അടുത്തൊന്നും ലാസല്‍ഗാവില്‍നിന്ന് കിട്ടിയിരുന്നില്ല. അതേസമയം വൈദ്യ വൃത്തിയോട് നീതി പുലര്‍ത്തുന്നതിന്റെ ഫലമായി അനുഭവിച്ച ആത്മസംതൃപ്തി ഏറെയായിരുന്നു. ഇതുപോലുള്ള കാര്യങ്ങള്‍ക്ക് മറ്റെന്തിനേക്കാളും പ്രാധാന്യം കൊടുക്കുന്ന കൂട്ടത്തിലാണ് ഡോക്ടര്‍ അരുണ്‍ ഗാഡ്‌രെ.
ലാസല്‍ഗാവിലെ ആദ്യ പത്തു വര്‍ഷത്തെ അനുഭവങ്ങള്‍ അത്ഭുതകരമായിരുന്നു. ഒരു ശിശുരോഗ വിദഗ്ദന്റെയോ മികച്ച സാങ്കേതിക ഉപകരണങ്ങളുടെ സഹായമോ ഇല്ലാതെയാണ്. അവിടെ അദ്ദേഹം സേവനം അനുഷ്ഠിച്ചത്. രക്തബാങ്ക് അടുത്തൊന്നും ഉണ്ടായിരുന്നില്ല. അടിയന്തിരമായി ഒരു കുപ്പി രക്തം കിട്ടണമെങ്കില്‍ എഴുപതു കിലോമീറ്റര്‍ അകലെയുള്ള നാസിക്കില്‍നിന്ന് കൊണ്ടു വരേണ്ട സ്ഥിതിയാണുണ്ടായിരുന്നത്. ഏതാണ്ട് ഇരുപതില്‍പരം വഷം ഡോക്ടര്‍ അരുണ്‍ ഗാഡ്‌രെ അവിടെ പ്രാക്ടീസ് ചെയ്തു. കമ്പോളവത്ക്കരണത്തിന്റെ വൈറസുകള്‍ കാട്ടുതീ പോലെ ആരോഗ്യ ചികിത്സാ മേഖലയെ ഗ്രസിക്കുവാന്‍ തുടങ്ങിയതോടെ ഡോക്ടര്‍ അരുണ്‍ ഗാഡ്‌രെക്ക് വൈദ്യ വൃത്തിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങി. അത് ഡോക്ടര്‍ പണി അവസാനിപ്പിക്കുന്നതിലാണ് വന്നു കലാശിച്ചത്. വ്യവസ്ഥാപിതമായ വൈദ്യ ലോകം  ഡോക്ടര്‍മാര്‍ക്ക് ചികിത്സിച്ച് ഭേദമാക്കുവാന്‍  കഴിയാത്ത അത്ര മോശം അവസ്ഥയിലാണെന്നാണ് ഡോക്ടര്‍ അരുണ്‍ ഗാഡ്‌രെയുടെ ഡോക്ടര്‍ പണിയില്‍ നിന്നുള്ള പിന്മാറ്റം നമ്മോട് വ്യക്തമായി പറയുന്നത്.

പാഠഭേദം

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>