സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Dec 29th, 2017

മിഠായിത്തെരുവ് ജനങ്ങളുടേത്… എല്ലാ തെരുവുകളും

Share This
Tags

mmകോഴിക്കോടിന്റെ മാത്രമല്ല, കേരളത്തിന്റെ തന്നെ അഭിമാനമാണ് കോഴിക്കോട്ടെ മിഠായിത്തെരുവ്. കേരളത്തിന്റെ സാംസ്‌കാരിക – സാഹിത്യ ചരിത്രത്തില്‍ ഈ തെരുവിന്റെ പ്രാധാന്യം എടുത്തുപറയേണ്ടതില്ല. കാലങ്ങള്‍ക്കുശേഷം മിഠായിത്തെരുവ് അണിഞ്ഞൊരുങ്ങിയിരിക്കുകയാണ. അതേസമയം പുതിയ വിവാദങ്ങളും സജീവമാണ്. മിഠ്യാത്തെരുവിലൂടെ വാഹനഗതാഗതം അനുവദിക്കണോ എ്ന്നതാണ് ചര്‍ച്ചാവിഷയം. തല്‍ക്കാലം അനുവദിക്കേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുള്ളത് വ്യപാരികളാണ്.
പ്രശസ്തമായ തെരുവാണെങ്കിലും കാര്യമായ വീതിയില്ലാത്ത ഒന്നാണ് മിഠായിത്തെരുവെന്ന് ആര്‍ക്കുമറിയാം. മധുരകച്ചവടം തകൃതിയായി നടക്കുന്നു. തീര്‍ച്ചയായും വാഹനഗതാഗതം നിയന്ത്രിക്കേണ്ട തെരുവ്. ഇവിടെ നിരോധിക്കപ്പെട്ടാലും വാഹനങ്ങള്‍ക്ക് കാര്യമായി ചുറ്റിത്തിരിയേണ്ടിവരില്ല. തെരുവിനു പുറത്ത് പാര്‍ക്കിംഗ് സൗകര്യം ഒരുക്കുകയാണ് വേണ്ടത്. സത്യത്തില്‍ കച്ചവടം വര്‍ദ്ധിക്കാനാണ് സാധ്യത. എന്നിട്ടും കച്ചവടക്കാര്‍ ഭീഷണിയുയര്‍ത്തുകയാണ്.
റോഡുകള്‍ സ്വകാര്യവാഹനങ്ങള്‍ക്കുള്ളതാണെന്ന ധാരണയാണ് വാസ്തവത്തില്‍ പ്രശ്‌നം. റോഡുകള്‍ പ്രാഥമികമായി കാല്‍നടക്കാര്‍ക്കും പിന്നെ ഇന്ധനങ്ങളുപയോഗിക്കാത്ത വാഹനങ്ങള്‍ക്കും പിന്നെ പൊതുവാഹനങ്ങള്‍ക്കുമുള്ളതാണ്. അതുകഴിഞ്ഞേ സ്വകാര്യവാഹനങ്ങളുടെ ഊഴം വരൂ. പല രാഷ്ട്രങ്ങളും ഈ യാഥാര്‍ത്ഥ്യം അംഗീകരിച്ചുകഴിഞ്ഞു. ഇവരുടെയെല്ലാം അവസരങ്ങള്‍ക്കുശേഷമാണ് പലയിടത്തും സ്വകാര്യവാഹനങ്ങള്‍ക്ക് അവസരമുള്ളു. എന്നാല്‍ ഇവിടെ മറിച്ചാണ്. ആദ്യ അവസരം സ്വകാര്യവാഹനങ്ങള്‍ക്കാണ്. ഒന്നോ രണ്ടോപേര്‍ക്കുവേണ്ടി പൊതുസ്ഥലവും ഇന്ധനവും വന്‍തോതില്‍ ഉപയോഗിക്കുകയും അന്തരീക്ഷമലിനീകരണത്തില്‍ വലിയ പങ്കുവഹിക്കുകയും ചെയ്യുന്നവയാണ് ഈ സ്വകാര്യവാഹനങ്ങള്‍ എന്നതാണ് മറക്കുന്നത്. അതിന്റെ അവസാന ഉദാഹരണമായിരുന്നു കഴിഞ്ഞ ദിവസം തൃശൂരില്‍ കണ്ടത്. നഗരം മുഴുവന്‍ മണിക്കൂറുകളോളം സ്തംഭിപ്പിച്ച് നടത്തിയ ബോണ്‍ നത്താലെ പരിപാടി, ഗതാഗതം തടസ്സപ്പെടുത്തിയില്ല എന്നു കാണിക്കാന്‍ കുറെ സ്വകാര്യകാറുകള്‍ കടത്തിവിടുകയായിരുന്നു. കൂട്ടത്തില്‍ ചില ഓട്ടോകളും കേറിപ്പോയി എന്നു മാത്രം. ഇനിയിതാ ജനുവരി ആറുമുതല്‍ നഗരത്തില്‍ നടക്കുന്ന സംസഅതാന യുവജനോത്സവസമയത്ത് നഗരത്തിലൂടെയുള്ള ബസുകളുടെ ഗതാഗതം നിയന്ത്രിക്കാന്‍ ആലോചിക്കുകയാണത്രെ.
നഗരങ്ങള്‍ വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും മാത്രം വേണ്ടിയാണെന്ന ധാരണ അടിയന്തിരമായി മാറേണ്ടിയിരിക്കുന്നു. അത് കാല്‍നടക്കാരുടേയും തെരുവുകച്ചവടക്കാരുടേയും കലാകാരന്മാരുടേയുമൊക്കെയാണ്. അത്തരമൊരു ചിന്തയുടെ ഫലമായാണ് ലോകത്ത് പല നഗരങ്ങളിലും കാര്‍രഹിത റോഡുകള്‍ തന്നെ നിലവിലുള്ളത്. പലയിടത്തും തെരുവുകള്‍ ആഘോഷങ്ങളുടെ വേദികളാണ്. പലയിടത്തും തെരുവുകച്ചവടക്കാരുടേതാണ്. ഇത്തരം സന്ദേശത്തോടെയാണ് കാര്‍രഹിതദിനം തന്നെ ആഘോഷിക്കുന്നത്. എന്നാല്‍ പ്രബുദ്ധരെന്ന് കൊട്ടിഘോഷിക്കുന്ന നമ്മുടെ മണ്ണിലേക്ക് ഇതൊന്നും എത്തിയിട്ടില്ല എന്നതാണ് കൗതുകകരം. തിരുവനന്തപുരത്തെ മാനവീയം വീഥിയിലെ ഗതാഗതം പോലും നിയന്ത്രിക്കപ്പെട്ടിട്ടില്ല.  വര്‍ദ്ധിച്ചു വരുന്ന ആഗോള താപനവും തന്മൂലമുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും, അന്തരീക്ഷ മലിനീകരണവും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും, സര്‍വ്വോപരി ഗതാഗതക്കുരുക്കുകളും നിയന്ത്രിക്കുന്നതിന് സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയുകയും പൊതുഗതാഗത രൂപങ്ങളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുകയും വേണമെന്നതാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രഖ്യാപിത നയം. എന്നാല്‍ അവര്‍ നടപ്പാക്കുന്ന നടപടികള്‍ ഈ ലക്ഷ്യത്തിന് എതിരാണെന്നുമാത്രം. കേരളത്തിലെ നിരത്തുകള്‍ വാഹനത്തിരക്കില്‍ വീര്‍പ്പുമുട്ടുമ്പോള്‍ ഓരോ ദിവസവും ശരാശരി മൂന്ന് ബസ്സുകള്‍ നിരത്തൊഴിയുന്നതായാണ് കണക്ക്. 1980 ല്‍ സംസ്ഥാനത്ത് 35,000 ബസ്സുകളുണ്ടായിരുന്നത്, 2017 ല്‍ 19700 (14800 സ്വകാര്യ ബസ്സുകളും 4900 ട്രാന്‍സ്പോര്‍ട്ട് ബസ്സുകളും) ബസ്സുകളായി കുറഞ്ഞു. ഇപ്പോള്‍ ഒരു വര്‍ഷം ശരാശരി 8 ലക്ഷം വാഹനങ്ങള്‍ പുതിയതായി നിരത്തിലിറങ്ങുമ്പോള്‍ അതില്‍ ബസ്സുകള്‍ കേവലം 2 ശതമാനത്തിനും താഴെയാണ്. അവയില്‍ ഭൂരിപക്ഷവും 15 വര്‍ഷം കാലാവധി കഴിഞ്ഞവക്ക് പകരമുള്ളവയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 9000 സ്വകാര്യ ബസ്സുകളും 900 കെ.എസ്.ആര്‍.ടി.സി ഷെഡ്യൂളുകളും സര്‍വ്വീസ് നിര്‍ത്തിയതായാണ് കണക്ക്. ഇതിനെ കേരളത്തിന്റഎ പുരോഗതിയായി വ്യാഖ്യാനിക്കുന്നവരുണ്ട്. സഹകരണസംഘങ്ങളില്‍ പോലും എളുപ്പത്തില്‍ ലഭിക്കുന്ന ലോണ്‍ വാഹനം വാങ്ങാനാണെന്നതിന്റെ അണിയറകഥകള്‍ എന്തായിരിക്കും? ഇത്രയും ജനസാന്ദ്രതയേറിയൊരുപ്രദേശത്ത് ഈ പ്രവണത ഗതാഗത കുരുക്കിലും അപകടങ്ങളിലുമാണ് എത്തിക്കുന്നത്. പ്രതിദിനം ശരാശരി 12 പേരാണ് വാഹനാപകടങ്ങളില്‍ മരിക്കുന്നത്. അവരില്‍ ഭൂരിഭാഗവും ചെറുപ്പക്കാര്‍. മരണംവരെ കിടപ്പിലാവുന്നവരുടെ എണ്ണം ലക്ഷങ്ങളാണ്. കേരളത്തിലോടുന്ന മോട്ടോര്‍  വാഹനങ്ങളില്‍ കേവലം 3 % മാത്രമാണ് ബസുകള്‍. ആകെ  വാഹനങ്ങളില്‍ 60% ഇരുചക്ര വാഹനങ്ങളും 20 % നാലു ചക്രവാഹനങ്ങളുമാണ്.  ഈ സ്വകാര്യ  വാഹനങ്ങളുടെ എണ്ണമാകട്ടെ  ഓരോ വര്‍ഷവും 10 % വീതം വര്‍ദ്ധിച്ചു കൊണ്ടമിരിയ്ക്കുന്നു.  ഈ പോക്ക് പൂര്‍ണ്ണമായ ഗതാഗത സ്തംഭനത്തിലെത്തിയ്ക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. ഈ സ്വകാര്യവാഹനങ്ങള്‍ക്കായി സാധാരണക്കാരുടെ ഭൂമി ഏറ്റെടുത്ത് വീതി കൂട്ടണമെന്ന് പറയുന്നതില്‍ എന്തു ന്യായമാണുള്ളത്? ഒന്നാമത് നമ്മുടെ ജനസാന്ദ്രത. രണ്ടാമത് ന്യായമായ നഷ്ടപരിഹാരംസമയത്തു കൊടുത്ത ചരിത്രം നമുക്കില്ല. വാഹനങ്ങളുടെ എണ്ണത്തില്‍ നിയന്ത്രണം വെക്കുക എന്നതുമാത്രമാണ് താല്‍ക്കാലിക പരിഹാരം. വ്യക്തികളുടെ എത്രയോ വിഷയങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുന്നു. പിന്നെയാണോ വരുംതലമുറയെ പോലും ബാധിക്കുന്ന ഈ വിഷയത്തില്‍ തടസ്സം? കാലിയാണെങ്കില്‍ പോലും ഒരു വഴിപോക്കനെ കയറ്റികൊണ്ടുപോകുന്ന സംസ്‌കാരം പോലും നമുക്കില്ല. ഹരിതഗൃഹ വാതകങ്ങള്‍ പുറത്തു വിടുന്നതില്‍ ഗണ്യമായ പങ്ക് മോട്ടോര്‍ വാഹനങ്ങള്‍ക്കാെണന്ന് എല്ലാവരും തിരിച്ചറിഞ്ഞ കാലമാണിത്. സ്വകാര്യ മോട്ടോര്‍ വാഹനങ്ങളില്‍ ഊന്നുന്ന ഗതാഗത നയം സുസ്ഥിരമല്ലെന്നും കാല്‍നടക്കും സൈക്കിള്‍ പോലുള്ള യന്ത്രരഹിത വാഹനങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുന്ന പുതിയൊരു ഗതാഗത സംസ്‌കാരം ഭൂമിയുടെ നിലനില്‍പ്പിന് അനിവാര്യമാണെന്നും തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്. മാറിമറിഞ്ഞ ജീവിതക്രമം സംഭാവന ചെയ്ത ജീവിതശൈലീ രോഗങ്ങളില്‍ നിന്നുള്ള രക്ഷാമാര്‍ഗ്ഗമെന്ന നിലയില്‍ സൈക്കിള്‍ സവാരി ഒരു ആരോഗ്യ സംരക്ഷണ ഉപാധിയായും ഇന്ന് പ്രാമുഖ്യം നേടിയിട്ടുണ്ട്. ജീവിതശൈലി രോഗങ്ങള്‍ രൂക്ഷമായ കേരളത്തില്‍ ഇതു വലിയ പ്രശ്‌നവുമാണഅ. പുതിയൊരു സുസ്ഥിര വികസന ദര്‍ശനത്തിന്റെ ഭാഗമായി ഹരിത ഗതാഗത രൂപങ്ങളെ പിന്തുണക്കുന്നവരും വ്യായാമത്തിലധിഷ്ഠിതമായ ആരോഗ്യ രക്ഷാമാര്‍ഗ്ഗമായി കാണുന്നവരും സൈക്കിള്‍ സവാരിയില്‍ വീണ്ടും താല്‍പ്പര്യം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സുരക്ഷിതമായ സൈക്കിള്‍ സവാരിക്കുള്ള സാധ്യതകള്‍ നമ്മുടെ നിരത്തുകളില്‍ ഏരെക്കുറെ ഇല്ലാതായി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ റോഡുകളില്‍ സൈക്കിള്‍ ട്രാക്ക് എന്ന ആവശ്യം ഉയര്‍ന്നു വന്നിട്ടുണ്ട്. അതെല്ലായിടത്തും നടപ്പാക്കണം. നഗരങ്ങളുടെ പ്രവേശനകേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് സൈക്കിള്‍ സവാരിക്ക് അവസരമൊരുക്കുകയാണെങ്കില്‍ അതായിരിക്കും ഏറ്റവും  അനുയോജ്യം. നെതര്‍ലാന്റിനെ ഇക്കാര്യത്തില്‍ ഉദാഹരണമായി എടുക്കാം. അടുത്തയിടെ കേരളത്തിലെത്തിയ ഡച്ച് സൈക്കിളിംഗ് ഏമ്പസിയുടെ ഡയറക്ടര്‍ റോള്‍ഫ് വിറ്റിംഗ് ഇക്കാര്യം ചൂണ്ടികാട്ടിയിരുന്നു. ഇക്കോ മൊബിലിറ്റി എന്നതാണ് ഈ വീക്ഷണത്തിന്റെ അടിത്തറ.
ഇത്തരമൊരു സാഹചര്യത്തില്‍ മിഠായിത്തെരുവില്‍ മാത്രമല്ല, കേരളത്തിലെ പ്രമുഖനഗരങ്ങളിലെല്ലാം തിരക്കുപിടിച്ച വീഥികളില്‍ വാഹനങ്ങള്‍, ചുരുങ്ങിയ പക്ഷം സ്വകാര്യവാഹനങ്ങളെങ്കിലും  നിയന്ത്രിക്കണം. തെരുവുകളില്‍ എല്ലാവരും തുല്ല്യരണെന്ന സന്ദേശം പ്രചരിപ്പിക്കണം. വല്ലപ്പോഴെങ്കിലും കാര്‍ണിവെല്‍ കേന്ദ്രങ്ങളുമായി തെരുവുകള്‍ മാറുകയും വേണം.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>