സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Dec 21st, 2017

ആരാധന താരങ്ങളിലൂടെ പ്രത്യക്ഷമാകുന്ന ക്രിമിനല്‍ മാനറിസങ്ങളോടും രംഗങ്ങളോടുമാണ്.

Share This
Tags

kk

ഒളിയമ്പുകള്‍ മാരീചന്‍

ആരാധനപ്പേയിളകിയ അപസ്മാര രോഗികള്‍ക്കൊരു താങ്ങായി അങ്ങനെ ശ്രീമാന്‍ സിദ്ധിഖ് പ്രത്യക്ഷപ്പെട്ടു. ഒരേ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ ആണ്‍പെണ്‍ വേര്‍തിരിവ് വേണ്ടെന്നാണ് അതിയാന്റെ ന്യായം. ഭാഗ്യമെന്നേ പറയേണ്ടൂ. 2013 ലെ Sexual Harassment of Women at Workplace (Prevention, Prohibition and Redressal) Act ഒക്കെ ചുട്ടുകളയാന്‍ ആഹ്വാനമില്ല. അതവിടെ നില്‍ക്കട്ടെ. പറയാന്‍ വന്നത് വേറൊരു കാര്യമാണ്.

രാവണപ്രഭുവിനെ ഓര്‍മ്മയുണ്ടല്ലോ. അതില്‍ കാര്‍ത്തികേയന്‍ മുതലാളി ആറുവരി തെരുവിലിട്ട് ഐപിഎസ് ഓഫീസറെ ചന്നംപിന്നം പെരുക്കുന്ന സീനുണ്ട്. ഇന്ത സിദ്ധിക്കായിരുന്നു അന്ത ശ്രീനിവാസന്‍ ഐപിഎസ്. പ്രസ്തുത രംഗത്തെക്കുറിച്ച് പക്ഷേ, സംവിധായകന്‍ കം തിരക്കഥാകൃത്ത് വെളിപ്പെടുത്തിയെന്ന പേരില്‍ പ്രചരിക്കുന്ന ഒരു കഥയുണ്ട്.

അതായത്, നമ്മുടെ ഡ്രൈവന്‍ തമ്പുരാനുണ്ടല്ലോ.. മെഗേട്ടന്റെ സ്വന്തം. പടങ്ങളിത്ര പെരുകിയിട്ടും, കോടികളിത്ര കുമിഞ്ഞിട്ടും മെഗേട്ടന്‍ ഇന്നേവരെ ഒരു ഐപിഎസ് ഓഫീസറെ തെരുവില്‍ തല്ലിയിട്ടില്ലെന്ന് ഡ്രൈവന്‍ തമ്പുരാന്റെ വെറ്റിലയില്‍ തെളിഞ്ഞു. അന്നു മുതല്‍ ഒരു വയറ്റീന്നു പോകായ്ക.ആ ശോധന ക്രമപ്പെടുത്താനായി നിന്തിരുവടികള്‍ നിര്‍ദ്ദേശിച്ച രംഗമാണ് സവാരിഗിരിഗിരിയും ഗളരിയും ഗരാട്ടെയും ഗപ്പുമൊക്കെയായി മെഗേട്ടന്‍ നിറഞ്ഞാടിയത്. അടി കൊള്ളാനുള്ള വേഷത്തിന് ചായമിട്ടു കാശുവാങ്ങിയവന്‍ സിദ്ധിക്. നാളെ ഡ്രൈവന്‍ കല്‍പ്പിക്കും. മെഗേട്ടന്‍ പട്ടാപ്പകല്‍, നാലുംകൂടിയ കവലയില്‍വെച്ച് സ്റ്റേറ്റ് ഡിജിപിയുടെ അടിനാഭിയ്ക്ക് മുട്ടുകാലു കേറ്റുന്ന ഒരു രംഗം വേണമെന്ന്. തിരക്കഥ റെഡിയാവും. മെഗേട്ടന്‍ മുട്ടുകാലു കേറ്റും. മിക്കവാറും ആ ഡീജീപ്പിയും സിദ്ധിഖു തന്നെയായിരിക്കും.

ഇവിടെ ചിത്രം പതിയെ തെളിഞ്ഞു വരുന്നുണ്ട്. തട്ടുപൊളിപ്പന്‍ മസാലകളിലെ പല സീനുകളും നായകന്റെയും വില്ലന്റെയും മാനറിസങ്ങളുമൊക്കെ സംഭാവന ചെയ്യുന്നതില്‍ ബ്രഹ്മാണ്ഡതാരങ്ങളുടെ എര്‍ത്തുകള്‍ക്കൊരു പങ്കുണ്ട്. ഇക്കൂട്ടരുടെ മനസിലെ വീരസ്യസങ്കല്‍പങ്ങള്‍ക്കൊപ്പിച്ച് തിരക്കഥാകൃത്തിനും സംവിധായകനും രംഗങ്ങളൊരുക്കേണ്ടി വരും. അവരുടെ സങ്കല്‍പത്തിനൊപ്പിച്ച് അഭിനയിക്കുകയാണ് അഭിനേതാക്കളുടെ ജോലി. രോഗി ഇച്ഛിക്കുന്ന സ്ത്രീവിരുദ്ധതയും പോക്രിത്തരവും പത്തിനു നൂറായി പൊലിപ്പിച്ച് സ്‌ക്രീനില്‍ എഫക്ടീവാക്കുന്നതിനാണ് പണം എണ്ണിക്കൊടുക്കുന്നത്.

സോ. കസബയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെക്കൊണ്ട് ഐപിഎസുകാരിയുടെ അടിവയറ്റില്‍ പിടിപ്പിച്ചതും അങ്ങനെ സംഭവിച്ചതാകാം. ഇക്കയുടെ കഥാപാത്രം കൂസലില്ലായ്മ മുറ്റിയ അതി ഭയങ്കരനാണ് എന്ന് ആരാധകപ്പേപ്പട്ടികള്‍ക്കു തോന്നണമെങ്കില്‍ ഇത്തരം ഹെവി ഡോസ് ഐറ്റങ്ങള്‍ അനിവാര്യമാണെന്ന് തീരുമാനിക്കുന്നത് സംവിധായകനും തിരക്കഥാകൃത്തും ചേര്‍ന്നാകാം. ക്രിമിനല്‍ ആരാധകര്‍ക്ക് കോരിത്തരിപ്പുണ്ടാക്കാന്‍ നായകന്‍ കൊടുംക്രിമിനലാവാതെങ്ങനെ? അതുകൊണ്ട് സിനിമയിലെ സ്ത്രീവിരുദ്ധതയുടെയും സമാനപോക്രിത്തരങ്ങളുടെയും ഉത്തരവാദിത്തം അഭിനേതാക്കള്‍ക്കു കല്‍പ്പിച്ചുകൊടുക്കുന്നത് നീതികേടാണ്. ഓഎംകെവി പറയേണ്ടത് നിര്‍മ്മാതാവിനോടും സംവിധായകനോടും തിരക്കഥാകൃത്തിനോടും പേയിളകിയ ആരാധകക്കൂട്ടങ്ങളോടുമാണ്.

കസബയില്‍ത്തന്നെ മറ്റൊരു രംഗമുണ്ട്. വേശ്യാലയത്തിലെ ഒരന്തേവാസിയുടെ മേലാട വലിച്ചു പറിക്കുന്ന വില്ലന്റെ ശിങ്കിടിയുടെ ചെകിടത്ത് രാജന്‍ സക്കറിയ ഒരെണ്ണം പൊട്ടിക്കുന്നുണ്ട്. വേശ്യയുടെ അന്തസിനെയും അംഗീകരിക്കുകയും അതിന്റെ കാവലാളാകുകയും ചെയ്യുന്നുണ്ട് ഈ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍. സ്വാഭാവികമായും കഥാപാത്രത്തിന്റെ ഈ വ്യക്തിത്വവുമായി ചേര്‍ന്നു നില്‍ക്കുന്ന ഒന്നല്ല, നേരത്തെ സൂചിപ്പിച്ച മേലുദ്യോഗസ്ഥയുടെ അടിവയറ്റിനു കുത്തിപ്പിടിക്കുന്ന സീന്‍.

നായകന്റെ കൂസലില്ലായ്മ പൊലിപ്പിച്ചു കാണിക്കാന്‍ സൃഷ്ടിച്ച അടിവയറ്റില്‍ പിടിക്കല്‍ രംഗം പക്ഷേ, സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും അഭിനേതാവിന്റെയും കൈയില്‍ നിന്നു പോയി. ഈയൊരൊറ്റ സീനിന്റെ പേരില്‍ പടം ഇറങ്ങിയതു മുതല്‍, സാമാന്യബോധവും നിലവാരമുള്ള ജീവിതവീക്ഷണവുമുള്ളവരുടെ തീക്ഷ്ണമായ വിമര്‍ശനം കസബയ്ക്കു പിന്നാലെയുണ്ട്. അതു തുറന്നു പറയാന്‍ സിനിമാരംഗത്തുള്ളവര്‍ തന്നെ മുന്നോട്ടു വരുന്ന തരത്തില്‍ കാലം മാറിയിട്ടുണ്ട്. ഈ വിമര്‍ശനങ്ങളുടെ പൊള്ളലേറ്റു തുള്ളിയിറങ്ങുന്നവരുടെ മുഖത്തു നോക്കി, ഓടു മൈരേ കണ്ടം വഴിയെന്ന് ആട്ടാനുള്ള ചങ്കൂറ്റം അഭിനേത്രികളും ആര്‍ജിച്ചു കഴിഞ്ഞു. അതൊരു മാറ്റമാണ്. ഉള്‍ക്കൊണ്ടാല്‍ നന്ന്.

സത്യത്തില്‍, കിംഗിലെ ജോസഫ് അലക്‌സ് അസിസ്റ്റന്റ് കളക്ടറോട് പറയുന്ന വിഖ്യാത ഡയലോഗിന്റെ തുടര്‍ച്ചയാണ് ഈ രംഗം. മേലിലൊരാണിന്റെയും മുഖത്തിനു നേരെ ഉയരില്ല നിന്റെയീ കൈയെന്ന്. അതെനിക്കറിയാഞ്ഞിട്ടല്ല, പക്ഷേ, നീയൊരു പെണ്ണായിപ്പോയി. വെറും പെണ്ണ്.. എന്നൊക്കെയായിരുന്നല്ലോ അന്ന് കളക്ടറേമാന്‍ കാറിയത്.

മേലില്‍ എന്റെ നേരെ കൈ ഉയര്‍ത്തരുത് എന്നായിരുന്നില്ല ജോസഫ് അലക്‌സിന്റെ ഡിമാന്റ്. ഒരാണിന്റെയും മുഖത്തിനു നേരെ ഉയരരുത് എന്നായിരുന്നു. കളക്ടറെന്ന പദവിയല്ല, വിഷം മുറ്റിയ ആണെന്ന ഉന്മാദമാണ് ജോസഫ് അലക്‌സിനെക്കൊണ്ട് ആ ഡയലോഗ് പറയിപ്പിക്കുന്നത്. ബലാത്സംഗം ചെയ്യാനോ പീഡിപ്പിക്കാനോ ഒക്കെ ആണുങ്ങള്‍ മുതിര്‍ന്നാലും പെണ്ണ് കൈയോ ഒച്ചയോ ഉയര്‍ത്തരുത് എന്നാണ് ഡയലോഗിന്റെ വ്യംഗ്യം. ഐഎഎസു കിട്ടിയിട്ടൊന്നും ഒരു കാര്യവുമില്ല. ജോസഫ് അലക്‌സിനെ സൃഷ്ടിച്ച തന്തപ്പടിയുടെ പുത്രനാണ് രാജന്‍ സക്കറിയയുടെ പിറവിയ്ക്കു പിന്നില്‍. ജോസഫ് അലക്‌സ് നിര്‍ത്തിയേടത്തു നിന്നാണ് രാജന്‍ സക്കറിയ തുടങ്ങുന്നത്. ഐപിഎസുകാരിയുടെ അടിവയറ്റില്‍ കൈ വെയ്ക്കുമ്പോള്‍ രാജന്‍ സക്കറിയ ജോസഫ് അലക്‌സിന്റെ വല്യുപ്പയാകുന്നു. പഴയ തോണിക്കാരന്റെ കഥയോര്‍ത്ത്, അപ്പനെത്ര ഭേദം എന്ന് ആരും പറഞ്ഞുപോകും.

ആരെയും കൂസാത്ത ഇത്തരം നായകന്മാരുടെ ഉന്മാദപ്രകടനങ്ങള്‍ക്കു പിന്നില്‍ താരങ്ങളുടെ ബുദ്ധിയേക്കാള്‍ സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും തിരക്കഥാകൃത്തിന്റെയും മൂളയാണ് പ്രവര്‍ത്തിക്കുന്നത്. പേ വിഷം മുറ്റിയ ആരാധകരെ കോരിത്തരിപ്പിച്ച് വമ്പന്‍ ഇനിഷ്യല്‍ കളക്ഷന്‍ സൃഷ്ടിക്കാന്‍ വേണ്ടി പടയ്ക്കുന്നതാണ് ഇത്തരം രംഗങ്ങള്‍. താരത്തിന് ഇതില്‍ വലതുതായിട്ടൊന്നും ചെയ്യാനില്ല. പാര്‍വതിയ്‌ക്കെതിരെ തുള്ളുന്നവരെ ശ്രദ്ധിക്കൂ. സംവിധായകരും നിര്‍മ്മാതാക്കളും ആരാധക മുഴുപ്രാന്തന്മാരുമാണ്. അഭിനേതാക്കള്‍ താരതമ്യേനെ നിശബ്ദരാണ്.

യഥാര്‍ത്ഥത്തില്‍ ആരുടെ ആരാധകരാണ് ഇവര്‍ എന്ന ചോദ്യം പ്രസക്തമാകുന്നത് അവിടെയാണ്. അഭിനേതാക്കളില്‍ ആരാധന മൂത്താണ് ഈ നട്ടപ്രാന്തു കാണിക്കുന്നതെങ്കില്‍, മതിലുകളും വിധേയനും പൊന്തന്‍മാടയും വാനപ്രസ്ഥവുമൊക്കെ നിലംതൊടാതെ ഓടി കോടാനുകോടികള്‍ ലാഭമുണ്ടാക്കണം. അങ്ങനെ സംഭവിക്കുന്നില്ല. അതിനര്‍ത്ഥം, ആരാധന താരങ്ങളോടല്ല, മറിച്ച് താരങ്ങളിലൂടെ പ്രത്യക്ഷമാകുന്ന ക്രിമിനല്‍ മാനറിസങ്ങളോടും രംഗങ്ങളോടുമാണ്. അതിന്റെ യഥാര്‍ത്ഥ അവകാശികള്‍ സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമാണ്. ചികിത്സയില്ലാത്ത മുഴുഭ്രാന്തായി ഈ ആരാധന ആചന്ദ്രതാരം നിലനില്‍ക്കേണ്ടത്, കോടികളുടെ ഇനിഷ്യല്‍ കളക്ഷന്‍ മോഹിച്ചു പടമെടുക്കുന്ന നിര്‍മ്മാതാക്കളുടെയും സംവിധായക തിരക്കഥാകൃത്തുക്കളുടെയും ആവശ്യമാണ്.

സ്വന്തം ക്രിമിനല്‍ സ്വത്വം ഇക്കയുടെ കഥാപാത്രങ്ങളിലാണ് താദാമ്യം പ്രാപിക്കുന്നെങ്കില്‍ ആള്‍ ഇക്കാ ആരാധകനും ഏട്ടന്റെ കഥാപാത്രങ്ങളിലാണെങ്കില്‍ ഏട്ടന്‍ ഫാന്‍സുമാകും. ആ വേഷപ്പകര്‍ച്ചയെ ജാതിയും മതവുമൊക്കെ സ്വാധീനിക്കുന്നുണ്ട്. പക്ഷേ, മുന്തി നില്‍ക്കുന്നത് ആണ്‍ എന്ന ഐക്യപ്പെടലാകും. മേലിലൊരാണിന്റെയും മുഖത്തിനു നേരെ ഉയരില്ല നിന്റെയീ കൈയെന്നലറിയ ദി കിംഗും തല്ലാനും ചവിട്ടിക്കൂട്ടാനും എനിക്കൊരു പെണ്ണിനെ വേണമെന്ന് വിജയകരമായി പ്രപ്പോസ് ചെയ്ത നരസിംഹവുമൊക്കെ സൌരയൂഥവും ആകാശഗംഗയും കടന്ന് പ്രപഞ്ചത്തിലെ മഹാഹിറ്റുകളായി മാറിയതിനു പിന്നില്‍ ഇക്കയുടെയും ഏട്ടന്റെയും ജനപ്രിയന്റെയും ആരാധകരുടെ ഒത്തൊരുമയുണ്ട്.

താരരാജാവായാല്‍ ഒരു സൌഭാഗ്യം കൂടി കെടയ്ക്കും.സ്വന്തം അമേധ്യം പൊതിഞ്ഞു കെട്ടി ഫാന്‍സ് അസോസിയേഷനെ ഏല്‍പ്പിച്ചാല്‍ അതവര്‍ കൈകൊണ്ടു വാരി കണ്ടവരെയൊക്കെ എറിയും. സ്വയം പുരീഷത്തില്‍ കുളിച്ചു നില്‍ക്കുന്ന ഈ ആരാധകഭ്രാന്തന്മാരെ കാണുമ്പോള്‍ ആരായാലും മൂക്കുപൊത്തിപ്പോകും. അങ്ങനെ മൂക്കുപൊത്തിക്കുന്നത് എന്തോ കേമത്തമാണെന്നാണ് ആരാധകപ്പട കരുതിയിരിക്കുന്നത്. നമുക്കെന്തു ചെയ്യാന്‍ പറ്റും? സൂപ്പറുകളുടെ സിനിമകളും നായകന്മാരും സീനുകളുമൊക്കെ ആ മാനസികാവസ്ഥയിലേയ്ക്കാണ് പാവം ആരാധകരെ എത്തിച്ചിരിക്കുന്നത്. ഇവറ്റകളോട് എന്തെങ്കിലുമൊരു സ്‌നേഹമോ താല്‍പര്യമോ താരരാജാക്കന്മാര്‍ക്കുണ്ടെങ്കില്‍, അന്നദാനവും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമൊന്നുമല്ല നടത്തേണ്ടത്. ഒന്നാന്തരം മനോരോഗാശുപത്രി മിനിമം മൂന്നെണ്ണമെങ്കിലും മേഖല തിരിച്ചു പണിയിക്കണം. കിടത്തി ചികിത്സിക്കാന്‍ എമ്പാടും സൌകര്യമുള്ള മുന്തിയ ആശുപത്രികള്‍.

ഫേസ് ബുക്ക് പോസ്റ്റ്‌

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>