സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Tue, Dec 19th, 2017

ബഹുസ്വരതയുടെ ഇന്ത്യ

Share This
Tags

xxകെ ദിലീപ്
എ ഡി 1600 ഡിസംബര്‍ 31ന് ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ഒരു ലിമിറ്റഡ് കമ്പനിയായ ഈസ്റ്റിന്ത്യാ കമ്പനിക്ക് വളരെയെളുപ്പത്തില്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ വിവിധ പ്രദേശങ്ങള്‍ പിടിച്ചടക്കാന്‍ സാധിച്ചത് എന്തുകൊണ്ടായിരുന്നു. ഈസ്റ്റിന്ത്യാ കമ്പനിയെ തുടര്‍ന്ന് ഇന്ത്യ മുഴുവന്‍ കൈപ്പിടിയിലൊതുക്കിയ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് പൊരുതി സ്വാതന്ത്ര്യം നേടിയെടുക്കാന്‍ ഇന്ത്യന്‍ ദേശീയതയ്ക്ക് സാധിച്ചതെങ്ങനെ? ഉത്തരങ്ങള്‍ വളരെ ലളിതമാണ്. വര്‍ഗ, ദേശ, ഭാഷാ വ്യത്യാസങ്ങളെ ചൊല്ലി ഭിന്നിച്ചുനിന്നിരുന്ന ഒരു ജനതയെ ഒരു കച്ചവട കമ്പനിക്ക് നിഷ്പ്രയാസം കീഴടക്കാന്‍ സാധിച്ചു. എന്നാല്‍ യോജിച്ചുനിന്ന അതേ ജനത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അസ്ഥിവാരമിളക്കി, സ്വാതന്ത്ര്യം നേടി.
ഇന്ത്യ സ്വാതന്ത്ര്യം നേടിയത് നൂറു വര്‍ഷം നീണ്ടുനിന്ന പ്രത്യക്ഷസമരങ്ങളുടെ ഫലമായാണ്. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം മുതല്‍ ലക്ഷക്കണക്കിന് രാജ്യസ്നേഹികള്‍ ജീവത്യാഗം ചെയ്തതിന്റെ ബാക്കിപത്രമാണ് നമ്മുടെ സ്വാതന്ത്ര്യം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വിവിധ പ്രവിശ്യകളില്‍ ഒറ്റപ്പെട്ട കലാപങ്ങളിലും ചെറുത്തുനില്‍പ്പുകളിലും തുടങ്ങി വര്‍ഗ, ദേശ, ഭാഷാ വ്യത്യാസങ്ങളെല്ലാം ത്യജിച്ച് ഇന്ത്യയാകെ ഒരു മനസും ശരീരവുമായി ഉയിര്‍ത്തെഴുന്നേറ്റ ഐതിഹാസികമായ ചരിത്രമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരം. ഈ ചരിത്രത്തിന്റെ ഭാഗമല്ലാതിരുന്ന ഏക വിഭാഗം ഒളിഞ്ഞും തെളിഞ്ഞും ബ്രിട്ടീഷുകാരന്റെ ദാസ്യവൃത്തി ചെയ്ത മതമൗലികവാദികള്‍ മാത്രമായിരുന്നു. 1942ല്‍ ഓഗസ്റ്റ് 8-ാം തീയതി മഹാത്മാഗാന്ധി ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ 1935ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടിന്റെ അടിസ്ഥാനത്തില്‍ പ്രവിശ്യകളില്‍ ഭരണത്തിലിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ രാജിവച്ചു. ഈ അവസരം മുതലെടുത്ത് ക്വിറ്റ് ഇന്ത്യാ സമരത്തെ എതിര്‍ത്തിരുന്ന ഹിന്ദുമഹാസഭയും മുസ്ലിം ലീഗും ഒത്തുചേര്‍ന്ന് ബംഗാള്‍, സിന്ധ് എന്നീ പ്രവിശ്യകളില്‍ ഐക്യമുന്നണി മന്ത്രിസഭകളുണ്ടാക്കി. ബ്രിട്ടീഷ് സര്‍ക്കാരിനോട് വിധേയത്വത്തോടെ പ്രവര്‍ത്തിച്ചു. 1943 മാര്‍ച്ച് 3-ാം തീയതി സിന്ധ് പ്രവിശ്യാ അസംബ്ലിയില്‍ പാകിസ്ഥാന്‍ രൂപീകരിക്കണമെന്ന പ്രമേയം മുസ്ലിം ലീഗിലെ ജി എം സൈയ്ത് അവതരിപ്പിച്ചപ്പോഴും 24 വോട്ടുകളോടെ പ്രമേയം പാസായശേഷവും ഹിന്ദുമഹാസഭ – മുസ്ലിംലീഗ് ഐക്യമുന്നണി സര്‍ക്കാര്‍ തുടര്‍ന്നു. സര്‍ ഗുലാം ഹുസൈന്‍ ഹിദായത്തുള്ള മുഖ്യമന്ത്രിയായിരുന്ന മന്ത്രിസഭയില്‍ റാവു ഡാനേഡ് ഗോകുല്‍ദാസ് മേവല്‍ദാസ്, ഡോ. ഹേമന്‍ദാസ്, ലോലുമാല്‍ മൊത്വാനി എന്നിവരായിരുന്നു ഹിന്ദുമഹാസഭയുടെ മന്ത്രിമാര്‍. ഇന്ന് വഴിയില്‍ കാണുന്നവരോടെല്ലാം പാകിസ്ഥാനിലേയ്ക്ക് പോകാന്‍ ആക്രോശിക്കുന്ന സംഘപരിവാര്‍ ആദ്യമായി ഒരു ഇന്ത്യന്‍ പ്രവിശ്യാ അസംബ്ലിയില്‍ ‘പാകിസ്ഥാന്‍’ പ്രമേയം അവതരിപ്പിച്ച കൂട്ടുമുന്നണി ഹിന്ദു മഹാസഭ – മുസ്ലിംലീഗ് സഖ്യമാണെന്ന ചരിത്രസത്യം മറച്ചുവയ്ക്കരുത്.
സമകാലീന ഇന്ത്യയില്‍ ആധിപത്യം സ്ഥാപിക്കുവാന്‍ പഴയ ഈസ്റ്റിന്ത്യാ കമ്പനിയുടെ അതേ തന്ത്രമാണ് ആഗോള മൂലധനശക്തികള്‍ പ്രയോഗിക്കുന്നത്. അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി ഇന്ത്യ കൊള്ളയടിക്കുവാന്‍, ഒരു പുതിയ അധിനിവേശത്തിന് കളമൊരുക്കുവാന്‍ അവര്‍ക്ക് നമ്മുടെ രാജ്യത്തെ വംശീയമായും സാംസ്‌കാരികമായും വീണ്ടും ഭിന്നിപ്പിച്ചേ മതിയാവൂ. നിര്‍ഭാഗ്യവശാല്‍ ബ്രിട്ടീഷുകാരുടെ പാദസേവകരായിരുന്ന ഇന്ത്യയിലെ വര്‍ഗീയവാദികളുടെ പിന്മുറക്കാര്‍ ഭൂരിപക്ഷം ജനതയുടെയും പിന്തുണയില്ലാതെയാണെങ്കില്‍ പോലും രാജ്യഭരണം കൈയാളുന്ന ഈ അവസരത്തില്‍, ഈസ്റ്റിന്ത്യാ കമ്പനിയുടെ പിന്മുറക്കാരായ ആഗോള മൂലധനശക്തികളുടെ വിഭജനതന്ത്രങ്ങള്‍ ഇന്ത്യയില്‍ ഒന്നൊന്നായി അരങ്ങേറുകയാണ്. ഈ വിഭജനത്തിന്റെ രാഷ്ട്രീയമാണ് രാജ്യദ്രോഹികള്‍ ഇന്ന് ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വനവാസികള്‍ക്കുമെതിരെ രാജ്യവ്യാപകമായി നടത്തുന്ന അക്രമങ്ങള്‍. ‘വര്‍ഗീയതയെ ദേശീയ രാഷ്ട്രീയം സ്വാതന്ത്ര്യസമരകാലത്തുതന്നെ തിരസ്‌കരിച്ചതാണ്. മതനിരപേക്ഷതയായിരുന്നു എക്കാലത്തും ഇന്ത്യന്‍ ദേശീയതയുടെ ആധാരശില.
ഇന്ന് പരസ്യമായിതന്നെ സംഘപരിവാര്‍ ‘ഘര്‍വാപസി’, ‘ഗോരക്ഷക്’, ‘ആന്റി റോമിയോ സ്‌കാഡ്’ തുടങ്ങി ‘ഹനുമാന്‍ സേന’ വരെ വിവിധ പേരുകളില്‍ രൂപീകരിച്ചിരിക്കുന്ന സാമൂഹ്യവിരുദ്ധരുടെ സംഘങ്ങള്‍ക്ക് മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ ‘താലിബാന്‍’, ‘ഐ എസ്’ തുടങ്ങിയ ഭീകരരെപോലെ നമ്മുടെ രാജ്യത്ത് അഴിഞ്ഞാടാന്‍ മോഡി സര്‍ക്കാരും സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകളും അനുവാദം നല്‍കുകയാണ്. ബിജെപിയുടെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പലപ്പോഴും സംസാരിക്കുന്നത് പ്രാകൃതമായ വംശവിദ്വേഷത്തിന്റെ ഭാഷയിലാണ്. ഗുജറാത്തിലെ ഉനയില്‍ ദളിതര്‍ക്കുനേരെ നടന്ന അക്രമങ്ങള്‍, ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാക്കിന്റെ വധം, രാജസ്ഥാനിലെ പെഹലുഖാന്റെ കൊലപാതകം, ഏറ്റവും ഒടുവില്‍ രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയില്‍ വര്‍ഷങ്ങളായി കൂലിപ്പണി ചെയ്ത് ജീവിക്കുന്ന ബംഗാളി കുടിയേറ്റ തൊഴിലാളി മൊഹമ്മദ് അഫ്സറുള്‍ഖാനെ പൈശാചികമായി മഴുകൊണ്ട് വെട്ടിവീഴ്ത്തി പെട്രോളൊഴിച്ച് തീ കൊളുത്തി നടത്തിയ കൊലപാതകം വീഡിയോയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയവിഷം ചീറ്റുന്ന ജല്പനങ്ങളോടൊപ്പം പ്രചരിപ്പിച്ച ശംഭുലാല്‍ റായ്ഗര്‍ എന്ന നീചനുവേണ്ടി പ്രകടനങ്ങളും പണപ്പിരിവും നടക്കുകയാണ്. ഈ സംഭവങ്ങള്‍ ഒരു രാജ്യസ്നേഹിയായ ഇന്ത്യക്കാരനും കണ്ടുനില്‍ക്കാനാവാത്തതാണ്. ഈ അരുംകൊലകള്‍ വ്യക്തമായ ഒരു അജന്‍ഡയുടെ ഭാഗമാണ്. 1942 ല്‍ ഇന്ത്യയെ വിഭജിക്കാന്‍ പ്രമേയം പാസാക്കിയ അതേ സംഘപരിവാറുകാരുടെ പിന്മുറക്കാര്‍ ഇന്ത്യയെ വിഭജിച്ച് വീണ്ടും ഈസ്റ്റിന്ത്യാ കമ്പനിയുടെ പിന്മുറക്കാരിലെത്തിക്കുവാനുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഒറ്റിക്കൊടുപ്പുകാര്‍ രാജ്യസ്നേഹികളായി നടിക്കുന്നു.
ബിഹാറിലും ഉത്തര്‍പ്രദേശിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്വതന്ത്ര ഇന്ത്യ ഇന്നുവരെ കാണാത്ത വിഷലിപ്തമായ വര്‍ഗീയ പ്രചരണമാണ് സംഘപരിവാര്‍ അഴിച്ചുവിട്ടത്. 2017-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനസംഖ്യയുടെ 22 ശതമാനം വരുന്ന മുസ്ലിം ജനവിഭാഗത്തില്‍ നിന്നും ഒരു സ്ഥാനാര്‍ഥിയെപ്പോലും മത്സരിപ്പിക്കാന്‍ ബിജെപി തയ്യാറായില്ല. ഗോ സംരക്ഷകര്‍ ദളിതുകള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ വ്യാജ ആരോപണങ്ങളുമായി വ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിട്ടു. തെരഞ്ഞെടുപ്പിന് ശേഷം യോഗി ആദിത്യനാഥെന്ന തീവ്ര ഹിന്ദുത്വനിലപാടുള്ള ഒരു സംഘപരിവാറുകാരനെ മുഖ്യമന്ത്രിയായി അവരോധിക്കുകയും ചെയ്തു. സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്യുലറിസം (സിഎസ്എസ്എസ്) മൈനോറിറ്റി റൈറ്റ്സ് ഗ്രൂപ്പ് ഇന്റര്‍ നാഷണല്‍ (യു കെ) എന്നീ സംഘടനകളുടെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മാത്രം 700-ലധികം സാമുദായിക സംഘര്‍ഷങ്ങളില്‍ 86 പേര്‍ മരിക്കുകയും 2321 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കണക്കാണ്. യഥാര്‍ഥ സംഖ്യ ഇതിലെത്രയോ കൂടുതലാവാമെന്നും റിപ്പോര്‍ട്ട് പറയുന്നു. ആക്രമണത്തില്‍ പരിക്കേറ്റവരും മരിച്ചവരും ദളിത് ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവരുമാണ്. ഏറ്റവും വേദനാജനകമായ കാര്യം ഈ അക്രമങ്ങളെ ഭരണത്തിലിരിക്കുന്ന സംഘപരിവാറുകാര്‍ അപലപിക്കുന്നില്ല എന്നു മാത്രമല്ല, എരിതീയില്‍ എണ്ണയൊഴിക്കുന്ന പ്രസ്താവനകളിലൂടെ ന്യായീകരിക്കുകയും ചെയ്യുന്നു എന്നതാണ്. ഡല്‍ഹിയില്‍ നിന്നും ഹരിയാനയിലേയ്ക്കുള്ള തീവണ്ടിയില്‍ പെരുന്നാളാഘോഷത്തിന് വസ്ത്രങ്ങളും വാങ്ങി പോയ 16 കാരനായ മുസ്ലിം ബാലനെ ഗോ മാംസം കയ്യില്‍വച്ചുവന്ന വ്യാജ ആരോപണം നടത്തി നിഷ്ഠൂരമായി കുത്തിക്കൊന്ന പ്രതികള്‍ ഇന്നും സമൂഹത്തില്‍ സ്വതന്ത്രരായി കഴിയുന്നു. ശംഭുലാല്‍ റായ്ഗര്‍ എന്ന കൊടും കുറ്റവാളിയുടെ കുടുംബത്തിനായി പണപ്പിരിവ് നടക്കുന്നു. കര്‍ണാടകയിലെ ചിക്ക മംഗളൂരില്‍ ഇന്ത്യയുടെ മതനിരപേക്ഷതയുടെ പര്യായമായി നിലകൊണ്ടിരുന്ന ബാബ ബുധന്‍ഗിരിയിലെ ഒന്നിച്ചുനില്‍ക്കുന്ന ക്ഷേത്രവും മുസ്ലിംദര്‍ഗയും ദക്ഷിണേന്ത്യയിലെ അയോദ്ധ്യയാക്കി മാറ്റുവാനുള്ള ബിജെപി, ബജ്രംഗദള്‍, വിഎച്ച്പി പ്രകൃതികളുടെ ശ്രമം ദക്ഷിണേന്ത്യയിലേയ്ക്ക് വര്‍ഗീയ വിഷം പടര്‍ത്താനുള്ള ഹീനശ്രമമാണ്. സപ്താത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ പോലും ഈ മതഭ്രാന്തന്മാര്‍ വെറുതെ വിടുന്നില്ല.
ഹിമാചല്‍പ്രദേശിലും ഗുജറാത്തിലും ഒരേസമയം നടക്കേണ്ടിയിരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചുനടത്താതെ ബിജെപിക്ക് വിജയസാധ്യതയുള്ള ഹിമാചല്‍ പ്രദേശില്‍ നേരത്തെ നടത്തുകയും നോട്ടുനിരോധനവും ജിഎസ്ടിയും മൂലം തകര്‍ന്ന ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് ആകാവുന്നത്ര നീട്ടിവച്ച് രാഷ്ട്രീയ കുതിരക്കച്ചവടത്തിനും നീചമായ വര്‍ഗീയ പ്രചരണങ്ങള്‍ക്കും കളമൊരുക്കുകയും ചെയ്ത കേന്ദ്രസര്‍ മുഴുവന്‍ ഒരു സംസ്ഥാനത്ത് കേന്ദ്രീകരിക്കുകയും ചെയ്തിട്ടും ജനങ്ങള്‍ ബിജെപിയെ ശക്തമായി ചെറുത്തുനിന്നു. ഗുജറാത്തിലെ ബിജെപിയുടെ പ്രചരണം ശ്രദ്ധിച്ച ആര്‍ക്കും മനസിലാവുന്ന കാര്യം ബിജെപിയും ഇന്ത്യയിലെ കുത്തകമാധ്യമങ്ങളും പാടിപ്പുകഴ്ത്തിയ ‘ഗുജറാത്ത് മോഡലിനെ’ കുറിച്ചുള്ള ഒരു പരാമര്‍ശവും അവര്‍ നടത്തിയില്ല എന്നതാണ്. പകരം വര്‍ഗീയ അജന്‍ഡയിലൂന്നിയ ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് ഗുജറാത്തില്‍ പയറ്റിയത്. രാജ്യമൊട്ടാകെ സാമൂഹ്യവിരുദ്ധരെ ഇളക്കിവിട്ടുകൊണ്ട് സംഘപരിവാര്‍ നടത്തുന്ന വര്‍ഗീയവല്‍ക്കരണ അജന്‍ഡയില്‍ തന്നെയാണ് ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിലും ബിജെപി ഊന്നല്‍നല്‍കിയത്. രണ്ടാംഘട്ട ഇലക്ഷന് മുമ്പ് ഒരു പ്രധാനമന്ത്രിതന്നെ പാകിസ്ഥാന്‍, ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഇടപെടുന്നുവെന്ന് ആരോപണം ഉന്നയിച്ചത് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്തതാണ്. അതേസമയം തന്നെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുവരെ പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസില്‍ നിലനിന്നിരുന്ന അനിശ്ചിതാവസ്ഥയും ബിജെപിക്ക് അനുകൂലമായിത്തീര്‍ന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ദേശീയ രാഷ്ട്രീയത്തിനുള്ള സൂചന വ്യക്തമാണ്. ജനപക്ഷ രാഷ്ട്രീയ അജന്‍ഡയോടെ യോജിച്ച് ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ജനാധിപത്യവാദികള്‍ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ ഇന്ത്യയെ ആഗോള മൂലധനശക്തികള്‍ക്ക് നിര്‍ബാധം ചൂഷണം ചെയ്യാനായി ഇന്ത്യയെ വര്‍ഗീയമായി ധ്രുവീകരിക്കുന്ന, സ്വാതന്ത്ര്യ സമരകാലഘട്ടത്തിലും ബ്രിട്ടീഷുകാരോട് ഒട്ടിനിന്ന, മതമൗലികവാദികളുടെ ഭരണം അവസാനിപ്പിക്കാന്‍ സാധിക്കുകതന്നെ ചെയ്യും. ഗുജറാത്തിലൂടെ മോഡിയുടെ പതനം ആരംഭിച്ചുകഴിഞ്ഞു.

ജനയുഗം

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>