സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Dec 15th, 2017

കേരളത്തിന്റെ പാതിരാ കാലം.

Share This
Tags

pathirakalamസമാന്തരസിനിമ കാണാനും പ്രേക്ഷകര്‍ വരും. തെളിയിച്ചത് മറ്റാരുമല്ല. ദേശീയപുരസ്‌കാര ജേതാവ് പ്രിയനന്ദനന്‍ തന്നെ. കഴിഞ്ഞ വാരം തൃശൂര്‍ ഗിരിജാ തിയറ്റര്‍ കണ്ടത് അത്തരമൊരു കാഴ്ചയായിരുന്നു. പ്രിയനന്ദനന്റെ പുതിയ ചിത്രം പാതിരാകാലം രണ്ടുദിവസവും മോണിംഗ് ഷോ ആയി പ്രദര്‍ശിച്ചപ്പോള്‍ തിയറ്റര്‍ നിറഞ്ഞു കവിയുകയായിരുന്നു. ടിക്കറ്റിനു 200 രൂപ വെച്ച് നടത്തിയ പ്രദര്‍ശനം സാമ്പത്തികമായും ലാഭകരമായിരുന്നു. തിയറ്റര്‍ വാടകക്കെടുത്തായിരുന്നു പ്രദര്‍ശനം.
സംവിധായകന്‍ തന്നെ ജനങ്ങളെ സിനിമ കാണിക്കുക എന്ന ഉത്തരവാദിത്തമാണ് പ്രിയനന്ദനന്‍ ഏറ്റെടുത്തത്. വിപുലമായ സുഹൃത് വലയത്തിനുടമയായ പ്രിയന് അതത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. സിനിമയിലെ പിന്നണി പ്രവര്‍ത്തകര്‍ മാത്രമല്ല, മുഴുവന്‍ സുഹൃത്തുക്കളും സമാന്തരസിനിമയെ ഇഷ്ടപ്പെടുന്ന മുഴുവന്‍ പേരും പ്രിയനൊപ്പം അണിചേര്‍ന്നതായിരുന്നു തിയറ്റര്‍ നിറഞ്ഞു കവിയാന്‍ കാരണമായത്.
മലയാളത്തിലെ സമാന്തരസിനിമ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നതില്‍ സംശയമില്ല. പഴയപോലെ സമാന്തരം, മുഖ്യധാര എന്ന നിലയിലുള്ള വിഭജനത്തില്‍ അര്‍ത്ഥമില്ല എന്നു വാദിക്കുന്നവരുണ്ട്. താരങ്ങളില്ലാതെ,കുറഞ്ഞ ചിലവില്‍ നിര്‍മ്മിച്ച പല സിനിമകളും ബോക്‌സ് ഓഫീസില്‍ വന്‍വിജയം നേടുന്നുണ്ട്. പല നവാഗതസംവിധായകരുടേയും പുതുമുഖഅഭിനേതാക്കളുടേയും സിനിമകളും വിജയിക്കുന്നുണ്ട്. ലളിതമായ, എന്നാല്‍ വളരെ പുതിയതായ പല പ്രമേയങ്ങളും സിനിമകളാകുന്നുമുണ്ട്. മറുവശത്ത് പല താരങ്ങളുടേയും വന്‍കിടസംവിധായകരുടേയും സിനിമകള്‍ പരാജയപ്പെടുന്നുമുണ്ട്. അപ്പോഴും പലരും പറയാന്‍ മടിക്കുന്ന ശക്തമായ രാഷ്ട്രീയപ്രമേയങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന സിനിമകള്‍ പ്രേക്ഷകരില്ലെത്തുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒഴിവുദിവസത്തെ കളിയും സെക്‌സി ദുര്‍ഗ്ഗയും രണ്ടുപേര്‍ ചുംബിക്കുമ്പോഴും ഡോ ബിജുവിന്റെ പല സിനിമകളും തുടങ്ങി ആ നിര നീളുന്നു. സമാന്തരസിനിമകളെ പ്രോത്സാഹിപ്പിക്കാനാണെന്നവകാശപ്പെട്ട് സര്‍ക്കാര്‍ ആരംഭിച്ച കൈരളി, ശ്രീ തിയറ്ററുകളില്‍ പോലും ഇത്തരം സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നില്ല. അവിടെയാണ് പ്രദര്‍ശനത്തിന് പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ട ആവശ്യകത ഉയരുന്നത്. പല ഓഡിറ്റോറിയങ്ങളിലും സിനിമകള്‍ പ്രദര്‍ശിപ്പിക്കാറുണ്ടെങ്കിലും അവക്ക് ഗുണമേന്മ ഇല്ല എന്നതാണ് വസ്തുത. കോഴിക്കോട് ആരംഭിച്ച സമാന്തര പ്രദര്‍ശന കേന്ദ്രത്തില്‍ രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ എന്ന സിനിമ ഒരാഴ്ച പ്രദര്‍ശിപ്പിച്ചിരുന്നു. അതിനിടയിലാണ് പ്രിയനന്ദനന്‍ സ്വന്തം മുന്‍കൈയില്‍ തന്നെ സിനിമ പ്രദര്‍ശിപ്പിച്ചത്. തൃശൂരിലെ വിജയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ മറ്റുജില്ലകളിലും പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് അദ്ദേഹം. അതേസമയം പ്രദര്‍ശനങ്ങള്‍ ഏറ്റെടുക്കാന്‍ കാര്‍ണിവല്‍ സിനിമാസ് തയ്യാറായതായും വാര്‍ത്തയുണ്ട്.
സമകാലികകേരളം നേരിടുന്ന അതിരൂക്ഷമായ സാമൂഹ്യവിഷയങ്ങളാണ് പാതിരാകാലത്തില്‍ പ്രിയനന്ദനന്‍ കൈകാര്യം ചെയ്യുന്നത്. പ്രശസ്ത കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഗോപീകൃഷ്ണന്റേതാണ് തിരകഥ. സാമൂഹ്യപ്രവര്‍ത്തകനായി പിതാവിന്റെ തിരോധാനത്തെ തുടര്‍ന്ന് വിദേശത്ത് ഗവേഷണം ചെയ്യുന്ന ജഹനാര എന്ന പെണ്‍കുട്ടിയുടെ തിരിച്ചുവരവില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. അഞ്ചുവര്‍ഷം കൊണ്ട് കേരളീയസമൂഹത്തില്‍ ഭരണകൂടം പിടിമുറുക്കിയതായാണ് അവള്‍ക്കു മനസ്സിലാകുന്നത്. അതിന്റെ ഏറ്റവും പ്രകടിതരൂമാണ് യുഎപിഎ എന്ന കരിനിയമം. തെരഞ്ഞെടുപ്പു ബഹിഷ്‌കരിക്കാനാഹ്വാനം ചെയ്തതിന തുടര്‍ന്ന് സാഹിത്യ അക്കാദമി കോമ്പൗണ്ടില്‍ നിന്ന് യുഎപിഎ ചുമത്തി അജിതന്‍ എന്ന യുവാവിനെ അറസ്റ്റ് ചെയ്യുന്നത് നേരിട്ടു കണ്ടതാണ് തന്നെ ഇത്തരമൊരു സിനിമ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പ്രിയന്‍ പറയുന്നു. സാമൂഹ്യപ്രവര്‍ത്തകരുടെ സകലചലനങ്ങളും നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് പോലീസ് മാറിയതായി ജഹനാര തിരിച്ചറിയുന്നു. സുഹൃത്തുമായ ക്യാമറാമാനുമൊത്ത് ഡോക്യുമെന്ററി പിടിക്കാനെന്ന ഭാവേന പിതാവ് പോകാനിടയുള്ള സ്ഥലങ്ങളിലേക്ക് അവള്‍ യാത്ര ചെയ്യുന്നു. പിതാവ് ഹുസൈന്‍ മുമ്പയച്ച് കത്തുകളിലൂടെ ആ സ്ഥലങ്ങള്‍ അവള്‍ക്ക് പരിചിതമാണ്. മുത്തങ്ങയിലൂടേയും മാറാടിലൂടേയും പ്ലാച്ചിമടയിലൂടെയുമാണ് അവര്‍ യാത്ര ചെയ്യുന്നതെന്ന് ഏതു പ്രേക്ഷകനും അനുമാനിക്കാം. അവിടത്തെ സാധാരണക്കാരിലുൂടെ, പോരാടുന്നവരിലൂടെ അവള്‍ തന്റെ പിതാവിനെ കൂടുതലറിയുന്നു. ഒപ്പം ഓരങ്ങളിലേക്ക് ആട്ടിപായിച്ചവരുടെ ദുരിത ജീവിതവും. ആ യാത്രയിലും അവരെ നിരന്തരമായി ഭരണകൂടം വേട്ടയാടുന്നു. അവസാനം വികസനത്തിന്റെ ഇരകള്‍ക്കൊപ്പം പോരാടാനായിരുന്നു അവളുടെ തീരുമാനം.
തീര്‍ച്ചയായും വളരെ പ്രസക്തമായ രാഷ്ട്രീയം തന്നെയാണ് സിനിമ ഉന്നയിക്കുന്നത്. പ്രിയനന്ദനന്‍ പൊതുവില്‍ പിന്തുണക്കുന്ന ഇടതുപക്ഷക്കാര്‍ക്കുപോലും ഇത് അസ്വസ്ഥതയുണ്ടാക്കുമെന്നുറപ്പ്. സിനിമ കഴിഞ്ഞിറങ്ങിയ പലരും പ്രിയനന്ദനന്‍ മാവോയിസ്റ്റായോ എന്നു ചോദിക്കുന്നതു കേട്ടു. അതേസമയം സൗന്ദര്യപരമായി സിനിമ വലിയ വിജയമാണെന്ന് പറയാനാകില്ല. നാടകീയതയും കൃത്രിമത്വവുമൊക്കെ പലയിടത്തു മുഴച്ചു നില്‍ക്കുന്നു. പിതാവിന്റെ കത്തുകളിലൂടെ കേരളം നേരിടുന്ന മുഴുവന്‍ വിഷയങ്ങളും അവതരിപ്പിക്കാനുള്ള ശ്രമവും പലപ്പോഴും അരോജകമായി. പലപ്പോഴും സിനിമ ഇഴയുകയായിരുന്നു.  പ്രതേകിച്ച് കടപ്പുറത്തെ രംഗങ്ങളില്‍. പലയിടത്തും സാമ്പത്തിക പരിമിതിയും പ്രതിഫലിക്കുന്നു. അങ്ങനെയൊക്കെയാണെങ്കിലും വളരെ പ്രസക്തിയുള്ള രാഷ്ട്രീയപ്രമേയം തന്നെയാണ്  പ്രിയന്‍ കൈകാര്യം ചെയ്യുന്നത്.
അതേസമയം നേരിട്ട് പറയുന്നില്ലെങ്കിലും എല്ലാവര്‍ക്കും സുപരിചിതമായ മുത്തങ്ങയോടും മാറാടിനോടും പ്ലാച്ചിമടയോടുമൊക്കെ സിനിമ നീതി പുലര്‍ത്തിയോ എന്ന സംശയം ബാക്കി. ഏറെക്കുറെ വിജയകരമായ പ്ലാച്ചിമടസമരം അമ്പേ പരാജയമായിരുന്നു എന്നാണ് സിനിമ കണ്ടാല്‍ തോന്നുക. മാറാട് ഇപ്പോഴും വര്‍ഗ്ഗീയസംഘര്‍ഷത്തിലാണെന്നും മുത്തങ്ങ കൊണ്ട് ആദിവാസിക്കൊരു നേട്ടവും ഉണ്ടായില്ല എന്ന പ്രതീതിയാണ് സിനിമ സൃഷ്ടിക്കുന്നത്. അപ്പോഴും പ്രസക്തമായ ഒരു ചോദ്യവും ഉത്തരവും സിനിമയിലുണ്ട്. മയിലമ്മയെ അനുസ്മരിക്കുന്ന സ്ത്രീയോട് പ്രായമെത്രയായെന്ന് ജഹനാര ചോദിക്കുന്നു. ഭൂമിയോളം എന്നവര്‍ മറുപടി പറയുന്നു. അതെ, ജനകീയപ്രതിരോധങ്ങള്‍ക്ക്ും ഭൂമിയോളം പ്രായമുണ്ടെന്നര്‍ത്ഥം. അതേസമയം പോരാളിയായല്ല, ജീവകാരുണ്യപ്രവര്‍ത്തകനായാണ് ഹുസൈന്‍ പ്രേക്ഷകരുടെ മനസ്സില്‍ പതിയുക.
ജഹനാരയുടെ വേഷത്തില്‍ മൈഥിലി മികച്ച അഭിനയാണ് കാഴ്ച വെച്ചിരിക്കുന്നത്. സിനിമയുടെ ക്യാമറ ചെയ്തിരിക്കുന്നത് പ്രിന്റെ മകന്‍ തന്നെയാണ്.
തീര്‍ച്ചയായും രാഷ്ട്രീയ സിനിമകളുടെ കാര്യത്തില്‍ മലയാളം വളരെ പുറകിലാണ്. എറ്റവംു മികച്ച സംവിധായകര്‍ വരെ ശ്രമിച്ചിട്ടും  മികച്ച ഒരാഷ്ട്രീയ സിനിമകള്‍  മലയാളത്തിലുണ്ടായിട്ടില്ല എന്നു തന്നെ പറയാ. ഒരുപക്ഷെ അതിലേക്കെത്തിക്കുന്ന അനുഭവങ്ങളുടെ കുറവ് മലയാളളിക്കുണ്ടായിരിക്കാം. ഈ വര്‍ഷത്തെ അന്താരാഷ്ട്ര ചലചിത്രോത്സവം തിരുവനന്തപുരത്ത് നടക്കുകയാണല്ലോ. ലോകത്തിന്റെ എത്രയോ രാഷ്ട്രങ്ങളില്‍ നിന്ന് എത്രയോ മികച്ച രാഷ്ട്രീയസിനിമകളാണ് ചലചിത്രോത്സവങ്ങളിലൂടെ മലയാളി കണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ക്ലാഷും നെറ്റും നേരൂദയുമൊക്കെ ഉദാഹരണങ്ങള്‍. അത്തരമൊരവസ്ഥയിലേക്ക് എന്നാണ് നമ്മള്‍ വളരുക എന്ന ചോദ്യം ഉയരുന്നത് സ്വാഭാവികം മാത്രം.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>