സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Tue, Dec 5th, 2017

കാലത്തോട് നീതിപുലര്‍ത്താന്‍ രാഹുലിനാകുമോ?

Share This
Tags

rrr

അവസാനം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സ് പ്രസിഡന്റാകുകയാണ്. നിരവധി മഹാരഥന്മാരുടെ പിന്‍ഗാമിയാണ് ഇന്ന് അദ്ദേഹം. എന്നാല്‍ ഇത്രയും വിഷമകരമായ ഒരു രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിന്റെ അമരത്തെത്തിയവര്‍ ആരുമുണ്ടാകില്ല. ചരിത്രത്തില്‍ കോണ്‍ഗ്രസ്സ് ഏറ്റവും ദുര്‍ബ്ബലമായ കാലം. റുവശത്ത് ബിജെപി ഏറ്റവും ശക്തമായ കാലം. അതിനേക്കാളുപരി ഫാസിസം അതിന്റെ മുഴുവന്‍ ശക്തിയോടേയും ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കാലം. ചെറിയ ഉത്തരവാദിത്തമൊന്നുമല്ല രാഹുല്‍ ഏറ്റെടുക്കാന്‍ പോകുന്നത്. അതിനോട് നീതിപുലര്‍ത്താന്‍ അദ്ദേഹത്തിനാകുമോ എന്നതാണ് വര്‍ത്തമാനകാലം ഉയര്‍ത്തുന്ന ഏറ്റവും വലിയ രാഷ്ട്രീയചോദ്യം.
ഒരു വശത്ത്് കോര്‍പ്പറേറ്റുകള്‍ക്കായുള്ള സാമ്പത്തികനയങ്ങളും മറുവശത്ത് ഹിന്ദുത്വഫാസിസ്റ്റുകള്‍ക്കായുള്ള സാമൂഹ്യനയങ്ങളുമായാണ് ബിജെപിയുംമോദിയും മുന്നോട്ടുപോകുന്നത്. ലോകം ഇന്നോളം ദര്‍ശിച്ച ഫാസിസത്തിന്റെ മുഴുവന്‍ ലക്ഷണങ്ങളും കൂടുതല്‍ ശക്തിയോടെ മോദിയില്‍ പ്രതിഫലിക്കുന്നുണ്ട്. ഫാസിസം എത്തിചേര്‍ന്നോ എ്ന്ന ചോദ്യം കേവലം സാങ്കേതികം മാത്രമാണ്. ഇലക്ഷന്‍ കമ്മീഷന്‍, ജുഡീഷ്യറി, വിവരാവകാശ കമ്മീഷന്‍, മാധ്യമങ്ങള്‍ തുടങ്ങിയ പല ഭരണഘടനാ സ്ഥാപനങ്ങളും പൂര്‍ണ്ണമായി കീഴടങ്ങിയിട്ടില്ലെങ്കിലും അതിനള്ള സാധ്യതകള്‍ വര്‍ദ്ധിച്ചുവരുക തന്നെയാണ്. കേന്ദ്ര ഭരണത്തിലെ ഏകകക്ഷിഭരണം മുപ്പതാണ്ടുകള്‍ക്ക് ശേഷം സംഭവിച്ചതിന്റെ ലഹരിയില്‍ തന്നെയാണ് ഇപ്പോഴും ബിജെപി. അടുത്ത ഘട്ടത്തില്‍ ഭരണഘടനപോലും മാറ്റിയെഴുതാനാണ് അതിലെ തീവ്രവാദി വിഭാഗം ആവശ്യപ്പെടുന്നത്. ഭീതിദമായ കാലത്തേക്ക് ഇന്ത്യ യാത്ര ചെയ്യുമ്പോഴാണ് ചരിത്രപരമായ ഉത്തരവാദിത്തം രാഹുല്‍ ഏറ്റെടുക്കുന്നതെന്ന് സാരം.
ഗുജറാത്ത് തെരഞ്ഞെടുപ്പിനുശേഷമാണ് രാഹുല്‍ സ്ഥാനമേറ്റെടുക്കുക എന്നറിയുന്നു. ഗുജറാത്ത് ഒരിക്കല്‍ കൂടി ലോകശ്രദ്ധയാകര്‍ഷിക്കുകയാണ്. തീര്‍ച്ചായയും തന്ത്രപരമായ ഇടപെടലുകളിലൂടെ ബിജെപിക്ക് കനത്ത ഭീഷണിയുയര്‍ത്താന്‍ രാഹുലിനായിട്ടുണ്ട്. മുമ്പൊരിക്കലുമില്ലാത്ത വിധം ഗുജറാത്തില്‍ കേന്ദ്രീകരിച്ച് പ്രചരണം നടത്താന്‍ മോദിയെ നിര്‍ബന്ധിതമാക്കിയത് നിസ്സാരകാര്യമല്ല. മോദിയേക്കാല്‍ കൂടുതല്‍ ശ്രോതാക്കളെ ഹാര്‍ദ്ദിക് പട്ടേല്‍ ആകര്‍ഷിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകളില്‍ കാണുന്നത്. ഗുജറാത്തില്‍ പുതുചരിത്രമെഴുതി പുതിയ സ്ഥാനമേല്‍ക്കാനാണ് രാഹുല്‍ ശ്രമിക്കുന്നതെന്ന് വ്യക്തം.
വാസ്തവത്തില്‍ കഴിഞ്ഞ മൂന്നരവര്‍ഷത്തെ കേന്ദ്രഭരണത്തിന്റെ വീഴ്ചകള്‍ കൃത്യമായി അവതരിപ്പിച്ചാല്‍ തന്നെ കോണ്‍ഗ്രസ്സിനും സഖ്യത്തിനും കാര്യങ്ങള്‍ എളുപ്പമാകും. മുസ്ലിമുകള്‍ക്കും ദളിതര്‍ക്കും ചിന്തകര്‍ക്കും എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും മാദ്യമപ്രവര്‍ത്തകര്‍ക്കും എതിരെ നടക്കുന്ന കടന്നാക്രമങ്ങളും രാജ്യസ്‌നേഹമെന്നത് സര്‍ക്കാര്‍ സ്‌നേഹമായി അവതരിപ്പിച്ച് അടിച്ചേല്‍പ്പിക്കുന്നതുമെല്ലാം സജീവചര്‍ച്ചായാക്കാന്‍ കഴിയണം. സംഘപരിവാര്‍ സാംസ്‌കാരിക മൂലധനം സവര്‍ണ ഹൈന്ദവ ബ്രാഹ്മണിക്കല്‍ ജ്ഞാനമണ്ഡലത്തില്‍ അധിഷ്ടിതമാണെന്നും അതിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം, അപാരമായ യുക്തിഹീനതയും മനുഷ്യ വിരുദ്ധതയും ആണെന്നും തുറന്നു കാട്ടണം. സാമ്പത്തിക മേഖലയില്‍ കോണ്‍ഗ്രസ്സ് നയങ്ങളുടെ തുടര്‍ച്ചയെന്ന് ആരോപണമുണ്ടെങ്കിലും അതിനെയെല്ലാം കടത്തി വെട്ടിയ നയങ്ങള്‍ ഗുജറാത്തില വ്യാപാരികള്‍ക്കും സാധാരണക്കാര്‍ക്കുമുണ്ടാക്കിയ പ്രശ്‌നങ്ങള്‍ ശക്തമായി അവതരിപ്പിക്കണം. മോഡിയുടെ വിശ്വസ്തരായ ക്രോണികള്‍ക്ക് വഴിവിട്ടു സഹായം നല്‍കിയതിനെ തുടര്‍ന്ന് പാപ്പരാകുന്നതിന്റെ വക്കില്‍ എത്തിയ പൊതുമേഖലാ ബാങ്കുകളെ റി ഫിനാന്‍സ് ചെയ്യാന്‍ വേണ്ടി അമേരിക്കയുടെ നിര്‍ദ്ദേശ പ്രകാരം നടപ്പിലാക്കിയ de-monetisation എന്ന പരിഷ്‌കാരത്തിലൂടെ ജനങ്ങളെ നിലയില്ലാത്ത ദുരിതക്കയത്തിലെയ്ക്ക് തള്ളി വിട്ടതുമുതല്‍ കൃത്യമായ ഹോംവര്‍ക്ക് പോലുമില്ലാതെ ജിഎസ്ടി നടപ്പാക്കിയതും വാസ്തവത്തില്‍ ഗുജറാത്തിന്റെ നട്ടെല്ലൊടിച്ചിരിക്കുകയാണ്.
ഏതുരംഗത്തും തികഞ്ഞ പരാജയമാണ് കേന്ദ്രസര്‍ക്കാര്‍ എന്നു കാണാന്‍ കഴിയും. നൂറുകണക്കിനു രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച മോദിയുടെ കാലത്താണ്അയല്‍ റാഷ്ട്രങ്ങളുമായുള്ള ബന്ധം ഏറ്റവും മോശമായത്. അതോടൊപ്പം ഇന്ത്യ എന്നും കയ്യകലത്തില്‍ നിര്‍ത്തിയിരുന്ന അമേരിക്കയാണ് ഇന്ന് നമ്മുടെ അടു്തത രാജ്യം. അതാകട്ടെ ട്രംബം യുഗത്തില്‍. നവ ഉദാരവല്കരണ നയങ്ങള്‍ കാര്‍ഷികമേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുകയാണ്. കൊള്ളപ്പലിശക്കാരുടെ കൈകളില്‍ എത്തപ്പെടുന്ന ചെറുകിട നാമമാത്ര കര്‍ഷകര്‍ ജീവനോടുക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു. UPA കാലത്ത് ഇതിന്റെ വലിയ വിമര്‍ശകന്‍ ആയിരുന്ന മോഡി ഭരണത്തിലെത്തിയത്തിനു ശേഷം ഇങ്ങനെ ഒരു പ്രശ്‌നമേ ഇന്ത്യയില്‍ നിലവിലില്ല എന്ന മട്ടിലാണു കാര്യങ്ങള്‍. വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള നീക്കങ്ങള്‍ ശക്തമായി. ഒപ്പം ഉന്നത വിദ്യാഭ്യാസ – ഗവേഷണ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കവും. മാനവിക വിഷയത്തിലുള്ള ‘SOCIAL DISCRIMINATION’ കുറിച്ചുള്ളതും ജാതിപീഢനങ്ങളെ കുറിച്ചും നടക്കുന്ന ഗവേഷണങ്ങളുടെ ഫണ്ടിംഗ് നിര്‍ത്തലാക്കിയിരിക്കയാണ്. ദളിത് – ആദിവാസി വിഭാഗങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള സാധ്യതകള്‍ നിഷേധിക്കുന്നു. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സംഭാവനയായ വിവരാവകാശനിയമം അട്ടിമറക്കാനുള്ള നീക്കങ്ങളും ഉഷാറായി നടക്കുന്നു. ലോക്പാല്‍ നിയമം എവിടെപോയെന്നറിയില്ല. ആദിവാസികളെ പ്രത്യക്ഷത്തില്‍ ബാധിയ്ക്കുന്ന തരത്തില്‍ കോര്‍പറെറ്റ് താല്പര്യങ്ങള്‍ക്ക് വഴിപ്പെട്ടും കൊണ്ട് വനാവകാശ നിയമം ധാതുപുഷ്ട വനമെഖലകളില്‍ റദ്ദു ചെയ്തിരിക്കയാണ. വേദാന്ത കമ്പനിയ്ക്ക് വേണ്ടി ചത്തിസ്ഗഢ് വനമെഖലയില്‍ ആദിവാസികള്‍ക്കെതിരെ സര്‍ക്കാര്‍ തന്നെ യുദ്ധം നടത്തുകയാണ്. ആരോഗ്യ രംഗത്ത് മോഡിയുടെ ബജറ്റ് വകയിരുത്തുന്നത് വെറും 1.15 ശതമാനം മാത്രം ആണ്. ആളോഹരി വെറും 1042 രൂപ .ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ വകയിരുത്തല്‍ ആണിത്. ലോകത്തില്‍ നടക്കുന്ന ശിശു മരണങ്ങളില്‍ 20 ശതമാനം ഇന്ത്യയിലാണ്. 19.32 ശതമാനം വരുന്ന ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയുള്ള വിഹിതം 0.21 ശതമാനം മാത്രമാണ്. തൊഴില്‍ നിയമങ്ങളില്‍ ദ്രോഹകരമായ മാറ്റങ്ങള്‍ വരുത്തി ആ മേഖലയേയും തകര്‍ക്കാനാണ് നീക്കം. ഒപ്പം തൊഴിലാളികളുടെ സംഘടിതശക്തിയേയും. അസംഘടിതമേഖലയാകട്ടെ തകര്‍ന്നു തരിപ്പണമാകുന്നു. യുവജനങ്ങളുടെ തൊഴിലില്ലായ്മ രൂക്ഷമാകുന്നു. ഓരോ മാസവും പുതിയ പത്ത് ലക്ഷം പേര്‍ തൊഴില്‍രഹിത സേനയില്‍ ചേരുമ്പോള്‍ വെറും 1,35,000 തൊഴിലവസരങ്ങള്‍ മാത്രമാണ് ഉണ്ടാകുന്നത്. തൊഴിലുറപ്പുപദ്ധതി പോലും പ്രതിസന്ധിയിലാണ്. ഇതെല്ലാം നടക്കുമ്പോള്‍ ധനികരും ദരിദ്രരുമായുള്ള വിടവു കൂടുതല്‍ വര്‍ദ്ധിക്കുകയും ഒരപുപിടിപേര്‍ ലോകതലത്തില്‍ തന്നെ വന്‍കിടകോടീശ്വരന്മാരായി തീരുകയും ചെയ്യുന്നു.
താര്‍ച്ചയായും ഇത്തരമൊരവസ്ഥ സൃഷ്ടിച്ചതില്‍ ദീര്‍ഘകാലം രാജ്യം ഭരിച്ച കോണ്‍ഗ്രസിന്റെ പങ്ക് ആരും വിസ്മരിക്കുന്നില്ല. എന്നാല്‍ ഇന്ന് രാജ്യം എത്തിചേര്‍ന്നിരിക്കുന്നത് ഒരു വഴിത്തിരിവിലാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം നിലനില്‍ക്കണോ എന്നതുമാത്രമാണ് ഇപ്പോള്‍ ഏറ്റവും പ്രസക്തം. അവിടെയാണ് രാഹുല്‍ ഗാന്ധി അവസരത്തിനൊത്ത് ഉയരേണ്ടത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സംഘപരിവാറിനെതിരെ ശക്തമായ നിലപാടുള്ള പ്രാദേശികപ്രസ്ഥാനങ്ങളെ ഒരു കുടകീഴില്‍ കൊണ്ടുവന്ന് 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിന േെനരിടാന്‍ രാഹുലിനു കഴിയണം. അതിന്റെ റിഹേഴ്‌സലായി ഗുജറാത്ത് തെരഞ്ഞെടുപ്പ് മാറുകയും വേണം.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>