സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Dec 4th, 2017

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍

Share This
Tags

xxഅമൃത ഉമേഷ്

രാത്രി തെരുവിലിറങ്ങുന്ന പെണ്ണിനെയും അതുപോലെ ട്രാന്‍സ്ജണ്ടറുകളെയും അധിക്ഷേപിക്കുകയും അവളുടെ മേല്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പുരുഷാധികാര ബോധത്തിന് പഴക്കമേറെയുണ്ട്. കുലീന ലക്ഷണങ്ങളും വിധേയ ശരീരഭാഷയും പ്രകടിപ്പിക്കാത്ത സ്ത്രീകളെയും മറ്റ് ഇതര ലൈംഗികവ്യക്തിത്വങ്ങളെയും പൊതുവിടങ്ങളില്‍ കണ്ടാല്‍ മുറിപ്പെടുന്ന ആണഹന്ത ഇത്തരം സന്ദര്‍ഭങ്ങളില്‍ മൂര്‍ധന്യത്തിലെത്തുകയും ചെയ്യും. പൊതുബോധത്തെ താലോലിക്കുന്ന പോലീസുകാര്‍ ജനങ്ങളുടെ മേല്‍ തങ്ങള്‍ക്കുള്ള സംരക്ഷണാധികാരത്തെ കുടി ഉപയോഗിച്ച് ആളുകള്‍ക്ക് മേല്‍ ഇതൊക്കെ പ്രയോഗിക്കുന്നത് നിത്യേനെ എന്നോണമാണ് നടക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി റോഡിലൂടെ നടന്നിരുന്ന സാമൂഹ്യപ്രവര്‍ത്തകയും ചായാഗ്രാഹകയുമായ അമൃത ഉമേഷ് (ഈ ഞാന്‍ തന്നെ) എറണാകുളത്തെ പോലീസുകാരുടെ സദാചാര ആക്രമണത്തിന് ഇരയാകുകയുണ്ടായി. പോലീസുകാര്‍ അവളുടെ ദളിത് സ്ത്രീ സ്വത്വങ്ങളെ അപമാനിക്കുകയും സഞ്ചാര സ്വാതന്ത്യത്തെ ഹനിക്കുകയും ചെയ്തു. ആണ്‍ സുഹൃത്തിനെ വിളിച്ചു വരുത്തി അയാളെ മര്‍ദ്ദിച്ച് നഗ്‌നനാക്കി സെല്ലിലടച്ചു. അമൃതയുടെ സ്വകാര്യ ഡയറി വായിക്കുകയും രാവിലെ രക്ഷിതാക്കള്‍ വരുന്നത് വരെ തടഞ്ഞ് വെക്കുകയും ചെയ്തു.
അതുപോലെ തന്നെ എറണാകുളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ട്രാന്‍സ്ജണ്ടറുകള്‍ അടക്കമുള്ള ക്വുവര്‍ മനുഷ്യര്‍ക്ക് രാത്രിയും പകലും ജീവിക്കാന്‍ പറ്റില്ല എന്ന നിലയിലാണ് കാര്യങ്ങള്‍. അവരെ രാത്രികളില്‍ നഗരത്തില്‍ കണ്ടുപോകരുത് എന്നാണ് ഏമാന്‍മാരുടെ തിട്ടൂരങ്ങള്‍. കള്ളക്കേസുകളില്‍ കുടുക്കുന്നതുമുതല്‍ ക്രൂരമായ ആക്രമണങ്ങള്‍വരെ അവര്‍ക്കെതിരെ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു.
രാത്രിയില്‍ സുരക്ഷ ഉറപ്പ് വരുത്താനുള്ള മാര്‍ഗ്ഗം സ്ത്രീകള്‍ പുറത്തിറങ്ങാതിരിക്കലല്ല. ട്രാന്‍സ്ജണ്ടര്‍ മനുഷ്യര്‍ പുറത്തിറങ്ങാതിരിക്കലല്ല. ആക്രമിക്കപ്പെടുന്നവരെ നിയന്ത്രിച്ച് നിര്‍ത്തി, വേട്ടക്കാരെ സ്വതന്ത്രരായി വിടുന്ന എളുപ്പയുക്തിക്ക് വഴങ്ങാനും സാധ്യമല്ല. അന്യന്റെ അഭിമാനത്തിനും ശരീരത്തിനും നേരെയടുക്കുന്ന പുരുഷ ബോധ്യങ്ങളെയും അക്രമങ്ങളെയുമാണ് തടഞ്ഞ് തിരുത്തേണ്ടത്.
ഒറ്റക്ക് യാത്ര ചെയ്യുന്ന പെണ്ണിന്റെയും ട്രാന്‍സ്വ്യക്തിത്വങ്ങളുടെയും മേല്‍ തങ്ങളുടെ സദാചാര ആകുലതകളും രക്ഷാകര്‍തൃത്യവും അടിച്ചേല്‍പ്പിക്കുന്ന പോലീസിന്റെ തന്ത ചമയലിനെതിരെ കൂട്ടായ പ്രതിരോധങ്ങളാവശ്യമാണ്.
തെരുവും രാത്രിയും പൊതുവിടങ്ങളും ഞങ്ങളുടേത് കൂടിയാണെന്ന കാലങ്ങളായുള്ള മുദ്രാവാക്യത്തെ കൂടുതല്‍ കൂടുതല്‍ മൂര്‍ച്ച വെപ്പിച്ച് ഉയര്‍ത്തേണ്ടിയിരിക്കുന്നു. രാത്രിയോ പകലോ, ഒറ്റക്കോ ഒരുമിച്ചോ, ജോലിക്കോ വിനോദത്തിനോ, ഇഷ്ടമുള്ള ഉടുപ്പിട്ട് ഇഷ്ടമുള്ളത്ര മുടി മുറിച്ച് ആണും പെണ്ണും ട്രാന്‍സ് ജെന്‍ഡറുമെല്ലാം സഞ്ചരിക്കും, കൂടിയിരിക്കും. അതിന് നേരെയുള്ള കടന്ന് കയറ്റങ്ങളോട് ആ ഇടങ്ങളെയൊക സ്വന്തമാക്കി തന്നെ പ്രതിഷേധമുയര്‍ത്തണം.
സഞ്ചാര സ്വാതന്ത്ര്യത്തിനായി, സദാചാര പോലീസിങ്ങിനെതിരെ, പോലീസിന്റെ വരേണ്യ പുരുഷബോധങ്ങള്‍ക്കെതിരെ ആണും പെണ്ണും ട്രാന്‍സ് ജണ്ടറും ഉയര്‍ത്തുന്ന അവകാശ പ്രഖ്യാപനമായി ചൊവ്വാഴ്ച വൈകീട്ട് ആറ് മണി മുതല്‍ ഒത്തു ചേരാം. നമ്മളാണ്, നമ്മുടെ ശരീരമാണ് സമരായുധം. സ്വാതന്ത്യമാണ് മുദ്രാവാക്യം. രാത്രികള്‍ നമ്മുടേതുകൂടിയാണ്.
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ഡിസംബര്‍ 5 വൈകിട്ട് 6 മണിമുതല്‍ എറണാകുളം ഹൈക്കോര്‍ട്ട് ജങ്ഷനില്‍ വഞ്ചിസ്‌ക്വയറില്‍

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>