സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Dec 1st, 2017

ആവിഷ്‌കാരസ്വാതന്ത്ര്യം : ഒരു പോരാട്ടത്തെ സ്മരിക്കുമ്പോള്‍

Share This
Tags

aaa

കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലയിലെ ആലപ്പാട് നിന്ന് തൃപ്രയാര്‍ക്ക് വ്യത്യസ്ഥമായ ഒരു യാത്ര നടന്നു. ആവിഷ്‌കാര സ്വാതന്ത്ര്യ ഘോഷയാത്ര എന്നു പോരിട്ട് ആ യാത്ര 30 വര്‍ഷങ്ങള്‍ക്കുമുമ്പ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന ഒരു പോരാട്ടത്തെ അനുസ്മരിക്കുകയായിരുന്നു. 1986 ലായിരുന്നു സംഭവം. പി എം ആന്റണിയുടെ ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ് ‘
എന്ന നാടകത്തിനെതിരെയായിരുന്നു കേരളത്തിലുടനീളം പ്രതിഷേധം ആളികത്തിയത്. തുടര്‍ന്ന് സര്‍ക്കാര്‍ നാടകം നിരോധിക്കുകയായിരുന്നു. തുടര്‍ന്ന് നിരോധനത്തിനെതിരെ, ആവിഷ്‌കാര സ്വാതന്ത്ര്യം ഉയര്‍ത്തിപിടിച്ച്് വന്‍ പ്രക്ഷോഭങ്ങള്‍ അരങ്ങേറി. അതിന്റെ ഭാഗമായി അന്തരിച്ച പ്രശസ്ത സംവിധായകന്‍ ജോസ് ചിറമ്മല്‍ തയ്യാറാക്കിയ ‘കുരിശിന്റെ വഴി ‘യെന്ന തെരുവുനാടകം ആലപ്പാട് സെന്ററില്‍ നിന്ന് തുടങ്ങുന്ന രീതിയില്‍ അവതരിപ്പിക്കുന്നത്. പക്ഷെ 50ല്‍ പരം നാടക പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആ സംഭവത്തെ പുനരാവിഷ്‌കരിക്കുന്ന രീതിയിലായിരുന്നു ഘോഷയാത്ര സംഘടിപ്പിച്ചത്.
എഴുത്തുകാരുടേയും കലാകാരന്മാരുടേയും മാധ്യമപ്രവര്‍ത്തകരുടേയും മാത്രമല്ല സാധാരണക്കാരുടെയെല്ലാം ഏതു രീതിയിലുള്ള ആവിഷ്‌കാര സ്വാതന്ത്ര്യവും ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന സന്ദര്‍ഭത്തിലാണ് ഈ ഓര്‍മ്മ പുതുക്കല്‍ നടന്നത്. സിനിമയും നാടകവും എഴുത്തും മാത്രമല്ല വസ്ത്രവും ഭക്ഷണവും സ്വപ്‌നങ്ങളും പോലും നിയന്ത്രിക്കാന്‍ ശ്രമം നടക്കുന്നു. ഒരു വശത്ത് ദളിത് – മുസ്ലിം വിഭാഗങ്ങള്‍ക്കുനേരേയും മറുവശത്ത് എഴുത്തുകാരും കലാകാരന്മാരും മാധ്യമപ്രവര്‍ത്തകരുമെല്ലാമടങ്ങുന്ന ബുദ്ധിജീവിവിഭാഗങ്ങള്‍ക്കുമെതിരെയുമാണ് അക്രമങ്ങള്‍ രൂക്ഷമായിരിക്കുന്നത്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണങ്ങളാണ് പത്മാവതി, സെക്്‌സി ദുര്‍ഗ്ഗ, മെര്‍സല്‍, നൂഡ് എന്നീ നാലു സിനിമകള്‍ക്കെതിരായ നീക്കങ്ങള്‍. സഞ്ജയ് ലീലാ ബന്‍സാലിയുടെ വിവാദ ചിത്രം പത്മാവതിക്ക് നിരോധനമേര്‍പ്പെടുത്തണമെന്ന സുപ്രിം കോടതിയടക്കം തള്ളിയിരുന്നു. സിനിമയ്ക്കെതിരെ രാജസ്ഥാന്‍, മധ്യപ്രദേശ്, ബീഹാര്‍ മുഖ്യമന്ത്രിമാര്‍ നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടിയ കോടതി സമൂഹത്തിന്റെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ഇത്തരം വിഷയങ്ങളില്‍ പ്രസ്താവന നടത്തരുതെന്നു താക്കീതും നല്‍കിയിരുന്നു. എന്നിട്ടും സംവിധായകനും നായികനടിക്കുമെതിരെ കൊല്ലുമെന്ന ഭീഷണി തുടരുകയാണ്. കൊല്ലുന്നവര്‍ക്ക് കോടികളുടെ സമ്മാനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമ കലാരൂപം മാത്രമാണെന്നും അതിനെ ചരിത്രമായി കാണേണ്ടതില്ല എന്നുമുള്ള പ്രാഥമികവസ്തുത പോലും വിസ്മരിച്ചാണ് ഈ കോലാഹലങ്ങള്‍. പത്മാവതി പത്മാവതി ഒരു ചരിത്ര വ്യക്തിയേ ആയിരുന്നില്ല എന്നും പതിനാറാം നൂറ്റാണ്ടില്‍ പ്രമുഖ കവി മാലിക് മുഹമ്മദ് ജയാസി അവാധി ഭാഷയിലെഴുതിയ കവിതയിലെ സാങ്കല്‍പിക കഥാപാത്രം മാത്രമാണെന്നുമുള്‌ല വാദഗതികള്‍ പോലും നിലവിലുണ്ട്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രാജസ്ഥാനിലെ വക്താവായിരുന്ന ജെയിംസ് ടോഡിന്റെ രജപുത്രരെ പറ്റിയുള്ള പതിനെട്ടാം നൂറ്റാണ്ടിലെഴുതപ്പെട്ട ചരിത്രപുസ്തകമായ അനല്‍ ആന്റ് ആന്റിക്വിറ്റീസ് ഓഫ് രാജസ്ഥാന്‍ എന്ന കൃതിയിലാണ് റാണി പത്മാവതിയെ ചരിത്ര വസ്തുതയായി ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. ചരിത്ര രചനക്ക് അദ്ദേഹം അവലംബിച്ചതാകട്ടെ വാഗ്മൊഴികളെയും കെട്ടുകഥകളെയുമാണ്. മുസ്ലിം രാജാവായിരുന്ന അലാവുദ്ദീന്‍ ഹിന്ദു രാജ്യമായ മേവാര്‍ കീഴടക്കുകയും രാജ്യത്തെ ഹിന്ദു സ്ത്രീകളെല്ലാം സ്ത്രീ ലമ്പടനും ക്രൂരനുമായ ഭരണാധികാരിയില്‍ നിന്നും രക്ഷനേടാന്‍ സ്വയം തീക്കൊളുത്തി ആത്മാഹൂതി ചെയ്തതായും ജെയിംസ് ടോഡ് എഴുതിവച്ചു. ബ്രിട്ടീഷ് ചരിത്രകാരന്മാരുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ രാഷ്ട്രീയ ലാഭേച്ഛയുമായി ബന്ധപ്പെട്ട് കിടക്കുന്നതായിരുന്നെന്ന് ചരിത്രകാരന്മാര്‍ വിലയിരുത്തിയിട്ടുണ്ട്. അത്തരം സാഹചര്യത്തിലാണ് ചിത്രത്തില്‍ ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണവും അക്രമങ്ങളും നടക്കുന്നത്.
മലയാളിയായ സനല്‍കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ്ഗക്കെതിരായ നീക്കങ്ങളും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരായ കടനാനക്രമണമല്ലാതെ മറ്റൊന്നുമല്ല. സിനിമയുടെ പേര് കണ്ട് മുന്‍വിധികളോടെയാണ് സിനിമക്കെതിരായ നീക്കങ്ങള്‍ ആരംഭിച്ചത്. സെന്‍സര്‍ബോര്‍ഡ് ആവശ്യപ്പെട്ടതനുസരിച്ച് സിനിമയുടെ പേര് എസ് ദുര്‍ഗ്ഗയാക്കി. എന്നിട്ടും സിനിമയെ ഗോവന്‍ ഫെസ്റ്റിവലില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. അതില്‍ പ്രതിഷേധിച്ച് ജൂറി ചെയര്‍മാനടക്കം രാജിവെച്ചിരുന്നു. കോടതി വിധിയുണ്ടായിട്ടും സിനിമ പ്രദര്‍ശിപ്പിക്കപ്പെട്ടില്ല. സെക്‌സി ദുര്‍ഗ എന്ന ചിത്രം നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്തതു കൊണ്ടല്ലേ പ്രദര്‍ശനാനുമതി നല്‍കാഞ്ഞതെന്നും എം.ടി യു ടെ നിര്‍മാല്യം എന്ന ചിത്രത്തിന് ഇക്കാലത്ത് എന്താവും അവസ്ഥ എന്നും കോടതി ചോദിച്ചു. എന്നാല്‍ അവസാനനിമിഷം സെന്‍സര്‍ബോര്‍ഡിനെ കൊണ്ട് സര്‍ട്ടിഫിക്കറ്റ് പിന്‍വലിപ്പിക്കാന്‍ ഫാസിസ്റ്റുകള്‍ക്ക് കഴിഞ്ഞു. നൂഡ് എന്ന സിനിമയുടെ അവസ്ഥയും സമാനമായിരുന്നു.
വിജയ് ചിത്രം മെര്‍സല്‍ ഉയര്‍ത്തിയ കൊടുങ്കാറ്റും അവസാനിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് ചിത്രത്തിനെതിരെ തിരിയാന്‍ ഫാസിസ്റ്റ് ശക്തികളെ പ്രേരിപ്പിച്ചത്. മുഖ്യമായും നോട്ട് നിരോധനവും ജി എസ് ടിയുമാണ് വിമര്‍ശിക്കപ്പെട്ടത്. ക്ഷേത്രങ്ങള്‍ കെട്ടിപ്പൊക്കുന്നതിന് പകരം ആശുപത്രികളാണ് വേണ്ടതെന്നും വിജയുടെ കഥാപാത്രം പറയുന്നുണ്ട്. ഈ ഡയലോഗുകള്‍ സഹിക്കാന്‍ വയ്യാതായ ബി ജെ പിക്കാര്‍ വിജയ് ഒരു ക്രിസ്ത്യാനിയാണെന്നും ഹിന്ദുക്കള്‍ക്കെതിരായ പടമാണ് ഇതെന്നുമെല്ലാം പറഞ്ഞു കൊണ്ട് പതിവുപോലെ രംഗപ്രവേശം ചെയ്യുകയായിരുന്നു. എന്നാല്‍ തമിഴ് സിനിമാലോകം ഒന്നടങ്കം സിനിമക്ക് പിന്തുണ പ്രഖ്യാപിച്ച ്അനിതരസാധാരണമായ കാഴ്ചയാണ് പിന്നീട് കണ്ടത്. പ്രതിഷേധം നഷ്ടകച്ചവടമായി എന്നു സംഘപരിവാര്‍ വിലയിരുത്തി എന്നാണ് വാര്‍ത്ത.
കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. രണ്ടാമൂഴം, ആമി പോലുള്ള സിനിമകള്‍ ഭീഷണിയിലാണ്. എന്നിട്ടും സംഭവത്തിന്റെ ഗൗരവം മലയാളികള്‍ ഉള്‍ക്കൊള്ളുന്നില്ല എന്നതാണ് ഖേദകരം. മേല്‍സൂചിപ്പിച്ച ഒരു വിഷയത്തിലും മലയാള സിനിമാ ലോകത്തുനിന്ന് ഒരു പ്രതിഷേധം പോലുമുണ്ടായില്ല. ഒരു സൂപ്പര്‍ സ്റ്റാറും പ്രതികരിച്ചില്ല. ഗോവയില്‍ ഒരു പ്രതിഷേധവും നടന്നില്ല. എന്തിന് പത്മാവതി വിഷയത്തില്‍ 15 മിനിട്ട് സിനിമാനിര്‍മ്മാണം നിര്‍ത്തിവെക്കാനുള്ള ആഹ്വാനം പോലും മലയാള സിനിമാലോകം ചെവി കൊണ്ടില്ല.
സിനിമ മാത്രമല്ല, തുടക്കത്തില്‍ സൂചിപ്പിച്ചപോലെ എല്ലാ മേഖലകളും ഭീഷണിയിലാണ്. ന്യൂനപക്ഷങ്ങള്‍ക്കോ ദളിതര്‍ക്കോ ആദിവാസികള്‍ക്കോ കലാകാരന്മാര്‍ക്കോ ചിന്തകര്‍ക്കോ യുക്തിവാദികള്‍ക്കോ വേറിട്ട രീതിയില്‍ ചിന്തിക്കുന്നവര്‍ക്കോ ജീവിക്കുന്നവര്‍ക്കോ വ്യത്യസ്ഥങ്ങളായ ലിംഗ-ലൈംഗിക പദവികളില്‍ ജീവിക്കുന്നവര്‍ക്കോ സാമൂഹ്യനീതിക്കായി ശബ്ദിക്കുന്നവര്‍ക്കോ ഇവിടെ സ്ഥാനമില്ലാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. മുഹമ്മദ് അക്ലക്കും നജീബും രോഹിത് വെമുലയും ഉനയും കല്ബുര്‍ഗിയും നരേന്ദ്ര ദഭോല്‍ക്കറും ഗോവിന്ദ് പന്‍്സാരെയും ഗൗരി ലങ്കേഷും പെരുമാള്‍ മുരുകനും എം എഫ് ഹുസ്സൈനും കെ എസ് ഭഗവാനും ഹാദിയയും ദിവ്യാഭാരതിയുമെല്ലാം ചോദ്യചിഹ്നങ്ങളായി നമുക്ക് മുന്നിലുണ്ട്. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ സാംസ്‌കാരിക – രാഷ്ട്രീയ ലോകം ഈ വെല്ലുവിളിയെ ഗൗരവത്തില്‍ കാണുന്നില്ല എന്നു പറയേണ്ടിവരും. കക്ഷിരാഷ്ട്രീയതാല്‍പ്പര്യങ്ങളാണ് പലപ്പോഴും ഇവിടെയുള്ളവരെ നയിക്കുന്നത്. കുരിശിന്റെ വഴി നാടകാവതരണവുമായി ബന്ധപ്പെട്ടവര്‍ക്കെതിരായ കേസ് വര്‍ഷങ്ങള്‍ നീണ്ടിട്ടും ഇടപെടാന്‍ അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാകാതിരുന്നപ്പോള്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പല വക്താക്കളും നിര്‍ജ്ജീവമായത് മറക്കാറായിട്ടില്ല. രോഹിത് വെമുലയും ജിഗ്നേഷുമടക്കമുള്ളവര്‍ ഇപ്പോഴുന്നയിച്ച് ചോദ്യം – നിങ്ങളാരെ കമ്യൂണിസ്റ്റ്ാക്കി – വര്‍ഷങ്ങള്‍ക്കുമുന്നയിച്ച സിവിക് ചന്ദ്രന്റെ നാടകത്തിനെതിരെ അക്രമങ്ങളും കേസുമുണ്ടായപ്പോഴും അത്തരം നിശബ്ദതക്ക് കേരളം സാക്ഷ്യം വഹിച്ചു. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ കക്ഷിരാഷ്ട്രീയവും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വെല്ലുവിളിയാണ്. സനല്‍ കുമാര്‍ ശശിധരന്‍ നോട്ടു നിരോധനത്തേയും മറ്റും അനുകൂലിച്ചതിനാലാണ് പലരും പിന്തുണക്കാത്തതത്രെ. പണ്ട് രാജാവിന്റെ പട്ടിനും വളക്കുമായി കാത്തിരുന്ന കലാകാരന്മാരെപോലെ തന്നെയാണ് ഇപ്പോള്‍ സാംസ്‌കാരികാധികാരത്തിനായി കാത്തിരിക്കുന്ന പലരും. ആരു ഭരിച്ചാലും ജനകീയ പ്രതിപക്ഷത്തായിരിക്കുക എന്നതാണ് ആവിഷ്‌കാരസ്വാതന്ത്ര്യത്തിനായി ശബ്ദമുയര്‍ത്തുന്നവര്‍ ചെയ്യേണ്ടത്. വൈലോപ്പിള്ളി പറഞ്ഞപോലെ സുവര്‍ണ്ണപ്രതിപക്ഷമാകണം. ഹിറ്റ്‌ലര്‍ മുതല്‍ സ്റ്റാലിന്‍ വരെയുള്ള ഏതൊരു ഭരണാധികാരിയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അംഗീകരിച്ചിട്ടില്ല. അതിനാല്‍തന്നെ ചരിത്രത്തിന്റെ ഈ നിര്‍ണ്ണായക ഘട്ടത്തിലെങ്കിലും വൈലോപ്പിള്ളിയുടെ വാക്കുകള്‍ക്ക് ചെവിയോര്‍ക്കാന്‍ കേരളത്തിലെ സാംസ്‌കാരിക ലോകം തയ്യാറാകുമോ എന്നു കാത്തരുന്നു കാണാം.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>