സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, Nov 29th, 2017

നീലക്കുറിഞ്ഞി : ഒന്നര നൂറ്റാണ്ടിന്റെ തര്‍ക്കം

Share This
Tags

neelaകെ.ആര്‍. പ്രമോദ്

നീലക്കുറിഞ്ഞി ദേശീയോദ്യാനം എന്നറിയപ്പെടുന്ന ഭൂപ്രദേശം 146 വര്‍ഷം മുമ്പും സര്‍ക്കാരിനു തലവേദനയുണ്ടാക്കിയ വിവാദഭൂമി. ഇവിടെ ബ്രിട്ടീഷുകാര്‍ നടത്തിയ കൈയേറ്റങ്ങള്‍ക്കെതിരേ ഈ സ്ഥലങ്ങളുടെ അധികാരിയായിരുന്ന പൂഞ്ഞാര്‍ രാജാവ് മദ്രാസ് ഗവര്‍ണര്‍ക്കും തിരുവിതാംകൂര്‍ മഹാരാജാവിനും പരാതി നല്‍കിയതായി രേഖകള്‍.
കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ രാജവംശത്തിന്റെ കീഴിലുണ്ടായിരുന്ന പ്രദേശങ്ങളാണ് ഇപ്പോഴത്തെ കുറിഞ്ഞിമലകളും അഞ്ചുനാടും. കീഴ്മല രാജാവായിരുന്ന ഗോദവര്‍മ പൂഞ്ഞാര്‍ രാജാവിന് 1252-ല്‍ എഴുതിനല്‍കിയ സ്ഥലങ്ങളാണിവ. നൂറ്റാണ്ടുകള്‍ക്കു ശേഷം 1871 ജൂലൈ 11-ന് പൂഞ്ഞാറിലെത്തിയ ബ്രിട്ടീഷ് റെസിഡന്റ് ഡാനിയല്‍ മണ്‍റോ അന്നു പൂഞ്ഞാര്‍ രാജാവായിരുന്ന രോഹിണി തിരുനാള്‍ കേരളവര്‍മയെ നേരില്‍ക്കണ്ടു. തേയിലക്കൃഷിക്കായി മൂന്നാര്‍ മേഖലയിലെ ഭൂമി വാങ്ങുകയായിരുന്നു ഉദ്ദേശ്യം.
അപ്പോള്‍ത്തന്നെ എഴുതിയ കരാറാണ് ഈ പ്രദേശത്തെ സംബന്ധിച്ച ആദ്യകരാര്‍. കണ്ണന്‍ദേവന്‍ മലകള്‍ അടക്കമുള്ള പ്രദേശങ്ങള്‍ 99 വര്‍ഷത്തേക്കാണ് മണ്‍റോ പാട്ടത്തിനു വാങ്ങിയത്. ഏകദേശം ഒന്നര നൂറ്റാണ്ടിനു മുമ്പുള്ള ആ കരാര്‍ മുതല്‍ വിവാദഭൂമിയിലെ തര്‍ക്കങ്ങളുടെ കഥ തുടങ്ങുന്നു. കേരളത്തില്‍ തേയിലക്കൃഷി തുടങ്ങിയത് ഈ കരാറിന്റെ ബലത്തിലായിരുന്നു. തേയിലക്കൃഷി ചെയ്യാനെന്ന പേരില്‍ ബ്രിട്ടീഷുകാര്‍ സ്ഥലങ്ങള്‍ കൈയേറി വനവിഭവങ്ങള്‍ മൂന്നാര്‍, മറയൂര്‍ വഴി കടത്താന്‍ തുടങ്ങി; അങ്ങനെ അവിടം കൈയേറ്റഭൂമിയായി മാറി. വിവരങ്ങള്‍ മനസിലാക്കിയ രാജാവ് 1897ല്‍ മദ്രാസ് ഗവര്‍ണര്‍ സര്‍. ആര്‍തര്‍ എല്‍ബാക് ഹാവ്ലോക്കിനു നിവേദനം സമര്‍പ്പിച്ചെങ്കിലും ഗവര്‍ണര്‍ ഒരു നടപടിയുമെടുത്തില്ല. വനംകൊള്ളയും കൈയേറ്റവും തുടര്‍ന്നു.
അഞ്ചുനാടിലെ മലകള്‍ പൂഞ്ഞാറിന് തിരിച്ചുനല്‍കണമെന്ന ആവശ്യവും നടപ്പായില്ല. ഈ ഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി, അങ്ങനെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിയമയുദ്ധം ആരംഭിച്ചു. 1898-ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഒരു കമ്മിഷനെ വച്ചു.
ബ്രിട്ടീഷുകാരുടെ മേല്‍ക്കോയ്മമൂലം പൂഞ്ഞാറിന് അനുകൂലമായി തീരുമാനമെടുക്കാന്‍ തിരുവിതാംകൂറിനു ധൈര്യമുണ്ടായിരുന്നില്ല. കേണല്‍ മണ്‍റോയുമായുള്ള പാട്ടക്കരാറിലെ 99 വര്‍ഷം എന്ന കാലാവധി തിരുവിതാംകൂര്‍ സര്‍ക്കാര്‍ ബ്രിട്ടീഷ് സമ്മര്‍ദത്തിനു വഴങ്ങി എടുത്തുകളയുകയും ചെയ്തു.
കമ്മിഷനെ നിയമിച്ച് മാസങ്ങള്‍ക്കുശേഷം സെപ്റ്റംബര്‍ 18-ന് തിരുവിതാംകൂറും പൂഞ്ഞാറുമായി ഒരു ഉടമ്പടിയുണ്ടാക്കി. പൂഞ്ഞാര്‍ രാജാവിന് വര്‍ഷംതോറും പതിനാലായിരം രൂപ കിട്ടണമെന്നായിരുന്നു കരാറിലെ വ്യവസ്ഥ! എന്നാല്‍ കാലക്രമേണ ആ നിബന്ധനയും ബ്രിട്ടീഷുകാര്‍ ലംഘിച്ചു. ഇതിന്റെ പേരില്‍ ഇപ്പോഴും കേസുകള്‍ തുടരുന്നു!
മധുരയില്‍നിന്നു വന്ന മന്നാന്‍മാരുടെ കുടുംബങ്ങള്‍ക്ക് പൂഞ്ഞാര്‍ രാജാവ് ഈ മേഖലകളില്‍ സ്ഥലങ്ങള്‍ അനുവദിച്ചു നല്‍കിയിരുന്നു. അയ്യപ്പന്‍കോവില്‍ വരെയുള്ള മലകളില്‍ ഇതര ഗോത്രരാജാക്കന്മാരെയും നിയമിച്ചു. ഇതില്‍ അയ്യപ്പന്‍കോവിലിനു സമീപമുള്ള കോവില്‍മല ഇന്നും കോവില്‍മല രാജാവിന്റെ കീഴില്‍ നിലകൊള്ളുന്നു.
പൂഞ്ഞാര്‍ രാജാവ് മന്നാന്മാര്‍ക്കു നല്‍കിയ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ചെപ്പേടുകളും മറ്റു രേഖകളും പൂഞ്ഞാറില്‍നിന്നു കേസുകളുടെ തെളിവിലേക്കായി തിരുവനന്തപുരത്തേക്കു കൊണ്ടുപോയിരുന്നു. ബ്രിട്ടീഷുകാര്‍ ഇവയില്‍ പലതും നശിപ്പിച്ചെന്നാണു പറയപ്പെടുന്നത്. തിരുവിതാംകൂര്‍ സ്റ്റേറ്റ് മാന്വലില്‍ ഇതുസംബന്ധിച്ച ചില പരാമര്‍ശങ്ങളുണ്ട്. കുറച്ചു രേഖകള്‍ തിരുവനന്തപുരത്തെ പുരാരേഖാശേഖരത്തിലും ഉണ്ടാകും. ഇവ കണ്ടെടുത്താല്‍ നീലക്കുറിഞ്ഞി മേഖലയെ കൈയേറ്റക്കാരില്‍നിന്നു സംരക്ഷിക്കാന്‍ സഹായകരമായേക്കാവുന്ന പഴയ തെളിവുകള്‍ ലഭ്യമായേക്കും.

മംഗളം

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>