സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Nov 24th, 2017

ജാതിയും വര്‍ഗ്ഗവും വിരുദ്ധസംവര്‍ഗ്ഗങ്ങളല്ല

Share This
Tags

CCCസുനില്‍ പി. ഇളയിടം

ഇന്ത്യയില്‍ ദളിത് പ്രസ്ഥാനങ്ങള്‍ പൊതുവില്‍ വ്യവസ്ഥയില്‍ നിന്നുള്ള വിഹിതം ചോദിക്കുന്നവര്‍ മാത്രമാണോ? ജാതിവിരുദ്ധ വ്യവസ്ഥാവിരുദ്ധ പ്രസ്ഥാനങ്ങളായി അവ മാറേണ്ടതല്ലേ?

വ്യവസ്ഥയില്‍നിന്നുള്ള വിഹിതം ചോദിക്കല്‍ എന്നത് ഒരു പ്രധാനപ്പെട്ട കാര്യം തന്നെയാണ്. കാരണം വ്യവസ്ഥയില്‍നിന്നുള്ള വിഹിതം നല്‍കാതെ സഹസ്രാബ്ദങ്ങളായി ഒഴിച്ചുനിര്‍ത്തപ്പെട്ട സാമൂഹ്യവിഭാഗങ്ങള്‍ വ്യവസ്ഥയില്‍നിന്നുള്ള വിഹിതം ആവശ്യപ്പെടുകയും അതിനുവേണ്ടി സംഘടിക്കുകയും സമരം ചെയ്യുകയും ചെയ്യുമ്പോള്‍ അതിന് വ്യവസ്ഥാവിരുദ്ധമായ ഒരു ഉള്ളടക്കം കൈവരുന്നുണ്ട്. നിലനില്‍ക്കുന്ന സാമൂഹ്യഘടനയില്‍ ഒരു അലോസരവും ഉളവാക്കാതെ, അതിന് ഒരു മാറ്റവും വരുത്താതെ വാസ്തവത്തില്‍ ഇന്ത്യയിലെ ദളിതജനവിഭാഗങ്ങള്‍ക്കുള്ള വിഹിതം നല്‍കാന്‍ പറ്റില്ല. അതുകൊണ്ട് പുറമേക്ക് സാമൂഹ്യവ്യവസ്ഥയെ അട്ടിമറിക്കുക, സാമൂഹ്യഘടനയെ പൊളിച്ചുപണിയുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ നേരിട്ടുയര്‍ത്തുന്നില്ലെങ്കിലും വ്യവസ്ഥയില്‍നിന്നും വിഹിതം ആവശ്യപ്പെടുന്ന ഈ സമീപനത്തില്‍ വ്യവസ്ഥാവിരുദ്ധം എന്നു പറയാവുന്ന ഒരു ഉള്ളടക്കം ഉണ്ട്. ഉദാഹരണത്തിന് ഗുജറാത്തിലെ ദളിത് പ്രക്ഷോഭകാരികള്‍ ഉന്നയിക്കുന്ന ആവശ്യം… 5 ഏക്കര്‍ ഭൂമി നല്‍കണം. അത് അടിസ്ഥാനപരമായ വ്യവസ്ഥയുടെ പുനക്രമീകരണത്തിലൂടെ അല്ലാതെ സാധ്യമല്ല. പുറമേക്ക് സാമൂഹ്യ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള വാദം മാത്രമാണെന്ന് തോന്നിയാലും അതിന് വ്യവസ്ഥാവിരുദ്ധമായ ഒരു ഉള്ളടക്കം ഉണ്ട്. അതുകൊണ്ട് വാസ്തവത്തില്‍ നാം ചെയ്യേണ്ടത് വ്യവസ്ഥാവിരുദ്ധമായ ഈ അംശത്തെ കൂടുതല്‍ ഉയര്‍ത്തിക്കൊണ്ടുവരികയും സാമൂഹ്യമാറ്റത്തിന്റെ വിശാലമായ അജണ്ടകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിഭാഗങ്ങളുമായി ഇതിനെ കണ്ണിചേര്‍ക്കുകയും അതുവഴി വ്യവസ്ഥാവിരുദ്ധമായ പ്രക്ഷോഭങ്ങളുടെ ഒരു വിശാല മേഖല തുറക്കുകയും ചെയ്യുക എന്നുള്ളതാണ്. അത് ഈ ദളിത് പ്രസ്ഥാനങ്ങള്‍ ഒരുപക്ഷേ നേരിട്ട് ചെയ്യുന്നുണ്ടാവില്ല. പക്ഷേ അങ്ങിനെ നേരിട്ട് ആ മുദ്രാവാക്യം ഉയര്‍ത്തുന്നില്ല എന്നതുകൊണ്ട് ജാതിവിരുദ്ധ പ്രസ്ഥാനങ്ങളുടെ, ദളിത്പ്രസ്ഥാനങ്ങളുടെ, വിപ്ലവകരമായ ഉള്ളടക്കത്തെ നാം കാണാതിരുന്നൂടാ. ഇവിടെ ഒരു കാര്യം കൂടി പറയാനുള്ളത് ഈ പ്രസ്ഥാനങ്ങളില്‍ പലതും കേവലം ജാതിപ്രസ്ഥാനങ്ങളായി മാറുകയും (ജാതിവിരുദ്ധ പ്രസ്ഥാനങ്ങളല്ല) അതിനെ മുന്‍നിര്‍ത്തിക്കൊണ്ട് ഒരു വിലപേശല്‍ രാഷ്ട്രീയത്തിലേര്‍പ്പെടുകയും ചെയ്യുന്നുണ്ട്. അവരെയും ജാതിവിരുദ്ധമായ നിലപാടെടുക്കുന്ന, അല്ലെങ്കില്‍ ജാതിവിരുദ്ധ നിലപാടിന് ഊന്നല്‍ നല്‍കുന്നവരേയും വേറിട്ടു കാണുകയും ചെയ്യണം. പലപ്പോഴും സംഭവിക്കുന്നത് ഈ ജാതിവാദ പ്രസ്ഥാനങ്ങളുടെ ഒരു പൊതുചട്ടക്കൂടിലേക്ക് ഇത്തരം പ്രസ്ഥാനങ്ങളെയെല്ലാം ചേര്‍ത്തുവെച്ച് തള്ളിക്കളയലാണ്. മറുഭാഗത്ത് വ്യവസ്ഥാവിരുദ്ധ നിലയ്ക്ക് എടുക്കുന്ന സാമൂഹ്യശക്തികളെയും പ്രസ്ഥാനങ്ങളെയും ഒറ്റയടിക്ക് തളളിക്കളയുന്ന നിലപാട് ജാതിവിരുദ്ധ പ്രസ്ഥാനങ്ങളും കൈക്കൊളളുന്നുണ്ട്. ഇത് രണ്ടും ശരിയല്ല. ഇപ്പോള്‍ കേരളത്തില്‍ എസ്എന്‍ഡിപി പോലുള്ള ഒരു പ്രസ്ഥാനം ഇന്നു ചെയ്തുകൊണ്ടിരിക്കുന്നത് അടിസ്ഥാനപരമായ ഒരു വിലപേശലിന്റെ യുക്തിക്കകത്ത് നില്‍ക്കലാണ്. സാമൂഹ്യവ്യവസ്ഥയെ നവീകരിക്കുക, പൊളിച്ചുപണിയുക തുടങ്ങിയ ആവശ്യങ്ങളൊന്നുമല്ല അവിടെ പ്രധാനമായിട്ടുള്ളത്. അത്തരം ഊര്‍ജ്ജമല്ല, അവര്‍ പ്രസരിപ്പിക്കുന്നത്. അതേസമയം ആദിവാസിഭൂമിക്ക് വേണ്ടിയുള്ള സമരം, അല്ലെങ്കില്‍ ദളിത് ജനവിഭാഗങ്ങളുടെ, കര്‍ഷകതൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരം അതില്‍ വിപ്ലവകരമായ, വ്യവസ്ഥാവിരുദ്ധമായ ഉളളടക്കമുണ്ട്. നവോത്ഥാനത്തിനു ശേഷമുള്ള കേരളീയ സാമൂഹ്യ ഘടനക്കെതിരായ ഒരു വിമര്‍ശനമുണ്ട്. ഈ രണ്ടിനെയും നാം വേറിട്ടു കാണണം. അതായത് ലളിതമായി പറഞ്ഞുകഴിഞ്ഞാല്‍ പ്രതിരോധപരമായ ഉളളടക്കമുള്ള, ജാതിവിരുദ്ധ, പ്രസ്ഥാനങ്ങളുണ്ട്. വിലപേശല്‍ സ്വഭാവത്തിലേക്ക് നീങ്ങിപ്പോയ ജാതിവാദ പ്രസ്ഥാനങ്ങളുണ്ട്. ഇത് രണ്ടും ഒന്നാണെന്ന് തെറ്റിദ്ധരിക്കരുത്. രണ്ടും രണ്ട് താല്‍പ്പര്യങ്ങളാണ്. ആദ്യത്തേതില്‍ വ്യവസ്ഥാവിരുദ്ധമായ വിപ്ലവപരമായ രാഷ്ട്രീയ ഉള്ളടക്കം ഉണ്ട് എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>