സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Nov 23rd, 2017

മെര്‍സലും പത്മാവതിയും വിവാദമാക്കിയവര്‍ മുക്കി കളഞ്ഞ ഏഴ് പ്രധാനവാര്‍ത്തകള്‍

Share This
Tags

IMG-20171123-WA0049

വീണ്ടും ആവിഷ്‌ക്കാര സ്വാന്ത്ര്യത്തിനെതിരെയുള്ള സംഘപരിവാര്‍ സംഘടനകളുടെ കടന്ന് കയറ്റത്തെ കുറിച്ച്. ചര്‍ച്ചകളും സിനിമകള്‍ക്ക് നേരെയുള്ള വെല്ലുവിളികളും രൂക്ഷമാവുകയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് തമിഴ് നടന്‍ വിജയ് അഭിനയിച്ച മെര്‍സല്‍ എന്ന സിനിമക്കെതിരെ വ്യാപകമായി ബി.ജെ.പിയും മറ്റ് അനുബന്ധസംഘടകളും രൂക്ഷവിമര്‍ശനങ്ങളും പ്രതിഷേധങ്ങളുമായി രംഗത്തെത്തിയത്. സിനിമക്കെതിരെ വ്യാപക ക്യാമ്പയിനുകള്‍ നടത്താന്‍ അവര്‍ക്ക് കഴിയുകയും ചെയ്തു. സിനിമക്കെതിരെ തിരിഞ്ഞവര്‍ക്കെതിരെ പ്രതിഷേധം ശക്തമാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചിത്രം പ്രതീക്ഷിച്ചതിലും വലിയ വിജയം നേടി. പലരും സംഘപരിവാര്‍ സംഘടനകളുടെ കലാരംഗത്തുള്ള കടന്ന് കയറ്റത്തെ കുറിച്ചും ആവിഷ്‌ക്കാരസ്വാതന്ത്യത്തിനെ കുറിച്ചുള്ള ചര്‍ച്ചകളും വീണ്ടും സജീവമാക്കി.
ഈ പ്രശ്നങ്ങളൊക്കെ കെട്ടടങ്ങിയപ്പോഴാണ് വീണ്ടും ദീപികയുടെ പത്മാവതിയെ ചുറ്റിപറ്റിയുള്ള വിവാദങ്ങളും മറ്റും വീണ്ടും സജീവമായത്. ചിത്രത്തില്‍ റാണി പത്മാവതിയെ മോശമായി ചിത്രീകരിച്ചെന്നും ഇന്ത്യന്‍ സംസ്‌ക്കാരത്തെ മോശമായി അവതരിപ്പിച്ചുമെന്നുമാണ് ആരോപണം. കര്‍ണി സേനയെ പോലുള്ള സംഘടനകള്‍ സിനിമ പ്രദര്‍ശിപ്പിച്ചാല്‍ തിയ്യെറ്ററുകള്‍ കത്തിക്കുമെന്നും സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെയും നായിക ദീപികയുടെയും തലകൊയ്യുന്നവര്‍ക്ക് പത്ത് കോടി പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തു. സിനിമക്കെതിരെ പരസ്യ നിലപാടുമായി ബി.ജെ.പിയും രംഗത്തെത്തി. വീണ്ടും പ്രതിഷേധങ്ങള്‍ ശക്തമാവുകയും സിനിമയെ പിന്തുണക്കുന്നവരുടെയും എതിര്‍ക്കുന്നവരുടെയും സംവാദങ്ങള്‍ കൊണ്ട് ,സോഷ്യല്‍ മീഡിയയും മറ്റ് മാധ്യമങ്ങളുംവ നിറയുകയും അവര്‍ വാര്‍ത്തകള്‍ ഏറ്റെടുക്കുകയും ചര്‍ച്ചകള്‍ സജീവമായി നിലനിര്‍ത്തുകയും ചെയ്തു. പലരും ഈ കാലയളവില്‍ ചോദിക്കുന്നുണ്ടായിരുന്നു ആവിഷ്‌ക്കാര സ്വാതന്ത്യത്തിനെതിരെ എന്തിനാണ് ഭരണകൂടം രംഗത്തെത്തുന്നത്. തമാശയായി സംഘപരിവാരുകാരുടെ എതിര്‍പ്പുകൊണ്ട് സിനിമകള്‍ക്ക് നേട്ടമുണ്ടായെന്നും സിനിമ കാണാന്‍ ആഗ്രഹമില്ലാതിരുന്നവര്‍ കൂടി സിനിമ കാണാനും തയ്യാറായി എന്ന് അഭിപ്രായമുയരുകയും ചെയ്തു. പക്ഷേ നേട്ടം യഥാര്‍ത്ഥത്തില്‍ ആര്‍ക്കായിരുന്നു എന്ന വലിയ ഒരു ചോദ്യം നിലനില്‍ക്കുന്നുണ്ട്. മെര്‍സലിന്റെയും പത്മാവതിയുടെയും വിവാദങ്ങള്‍ സജീവമായി നിലനിര്‍ത്തേണ്ടതിന്റെയും ഇത്തരം വിവാദങ്ങളെ സമുഹം എതിര്‍ക്കേണ്ടതിന്റെയും യഥാര്‍ത്ഥ ആവശ്യകത വിവാദമുണ്ടാക്കിയവര്‍ക്ക് തന്നെയായിരുന്നു എന്ന് നിസംശ്ശയം പറയേണ്ടി വരും. സിനിമയെ ചൊല്ലിയും ആവിഷ്‌ക്കാര സ്വാന്ത്യത്തെ കുറിച്ചും ചര്‍ച്ചകളും പ്രതിഷേധങ്ങളും ഉയരുമ്പോള്‍ യഥാര്‍ത്ഥത്തില്‍ വാര്‍ത്തയും ചര്‍ച്ചയുമാകേണ്ടിയിരുന്ന പലതും ലൈം ലൈറ്റില്‍ നിന്ന് മറയുകയായിരുന്നു. ഭരണകുടത്തിന് വാര്‍ത്തയാകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്ന അത്തരം വാര്‍ത്തകള്‍ മറയ്ക്കാനുള്ള പുകമറകള്‍ മാത്രമായിരുന്നു ഇപ്പോള്‍ ഉണ്ടായികൊണ്ടിരിക്കുന്ന വിവാദങ്ങള്‍. അത്തരത്തില്‍ ഭരണ കൂടം വിദഗ്ദമായി മറക്കാന്‍ ശ്രമിക്കുന്ന വാര്‍ത്തകളില്‍ ചിലത് ഇതാണ്.

1.കേന്ദ്ര സര്‍ക്കാരിനെകുറിച്ചുള്ള അഴിമതിയാരോപണങ്ങള്‍
a. അമിത് ഷായുടെ മകന്‍ ജയ് ഷായുടെ ടെമ്പിള്‍ എന്റര്‍പ്രൈസ് കമ്പനി മൂന്ന് വര്‍ഷം കൊണ്ട് 16000 മടങ്ങ് ലാഭം ഉണ്ടാക്കിയ വിവരങ്ങള്‍ ദ വയര്‍ പുറത്ത് വിട്ടിരുന്നു. ഇത് ബി.ജെ.പി നേതൃത്വത്തിന് ഉണ്ടാക്കിയ തലവേദന വളരെ വലുതായിരുന്നു. എന്നാല്‍ മെര്‍സല്‍ വിവാദം ദേശീയ തലത്തില്‍ അടക്കം വാര്‍ത്തയായതോടെ ജയ് ഷാക്കെതിരെയുള്ള ആരോപണങ്ങള്‍ ഈ മെര്‍സല്‍ വാര്‍ത്തയില്‍ മുങ്ങി.
b. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ ശൗര്യ ദയാല്‍ നടത്തുന്ന ഇന്ത്യന്‍ ഫൗണ്ടേഷന്‍ എന്ന കമ്പനിക്ക് സര്‍ക്കാറുമായി ഇടപാടുകളുള്ള വിദേശ ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ ഇതേ കമ്പനിക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്ന വയര്‍ പുറത്ത് വിട്ട വാര്‍ത്ത. ഇതിനൊക്കെ പുറമെ 126 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഫ്രഞ്ച് കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ മോദി ഗവണ്‍മെന്റ് റദ്ധാക്കിയ വാര്‍ത്തകളും ദ വയറിനെതിരെ രാഷ്ട്രീയ സമ്മര്‍ദ്ദമുയര്‍ത്തി കൊണ്ട് ജയ് ഷാ മാന നഷ്ടത്തിന് കേസ് നല്‍കിയ വാര്‍ത്തകളും മെര്‍സല്‍ വിവാദത്തില്‍ മുങ്ങി.

2. ഉത്തരേന്ത്യയിലെ രൂക്ഷമായ വായു മലിനീകരണം
ദല്‍ഹി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രൂക്ഷമായ വായുമലിനീകരണം ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. വാരണാസി അടക്കമുള്ള സ്ഥലങ്ങളില്‍ വായു മലിനീകരണ തോത് കുതിച്ചുയരുകയാണ്. എന്നാല്‍ ജനങ്ങളില്‍ ഭീതിയുണ്ടാക്കരുതെന്നും ഭോപ്പാലില്‍ നടന്ന അപകടത്തിന്റെ അത്രയില്ലെന്നുമായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷ വര്‍ദ്ദന്റെ കമന്റ്.

3. അധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യാതെ ഉണ്ടായ പട്ടിണി മരണങ്ങള്‍
ജാര്‍ഖണ്ഡില്‍ 11 വയസുകാരിയും ഉത്തര്‍പ്രദേശിലെ അമ്പത് വയസുള്ള സ്ത്രീയും മരിച്ചത് പട്ടിണികൊണ്ടായിരുന്നു. ആധാര്‍ കാര്‍ഡ് റേഷന്‍കാര്‍ഡുമായി ലിങ്ക് ചെയ്യാത്തതിനെ തുടര്‍ന്ന് ഇവര്‍ക്ക് റേഷന്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ ഈ വാര്‍ത്തകളും കേവല വാര്‍ത്തകള്‍ മാത്രമായി ഒതുങ്ങി.

4.വൈകുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇതുവരെ തുടങ്ങിയിട്ടില്ല. നിരവധി പ്രശ്നങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുകയാണ്. ആധാര്‍, ജി.എസ്.ടി നോട്ടു നിരോധനത്തിന്റെ ഒന്നാം വര്‍ഷം, സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങള്‍ എന്നിവ ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുമ്പ് സഭയില്‍ ചര്‍ച്ചയായാല്‍ അത് വലിയ ക്ഷീണം സര്‍ക്കാരിന് ഉണ്ടാക്കുമെന്നതിനാലാണ് സമ്മേളനം തുടങ്ങാത്തതെന്നാണ് ആരോപണം

5. പാരഡൈസ് പേപ്പര്‍ വിവാദം
കേന്ദ്രമന്ത്രിമാരും ഉന്നതനേതാക്കളും ബിസിനസുകാരുമടക്കം 714 ഇന്ത്യക്കാരുടെ വിദേശത്തെ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ചാണ് പാരഡൈസ് പേപ്പേഴ്സ് വാര്‍ത്ത പുറത്തുവിട്ടത്. കേന്ദ്രവ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ, ബിജെപി എം.പി ആര്‍.കെ സിന്‍ഹ, ബോളിവുഡ് താരം അമിതാഭ് ബച്ചന്‍, സഞ്ജയ് ദത്തിന്റെ ഭാര്യ മന്യ ദത്ത്, 2 ജി സ്പെക്ട്രം കേസിലെ ഇടനിലക്കാരി നീരാ റാഡിയ എന്നിവരുള്‍പ്പടെ 714 ആളുകളുടെ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരുടെ സംയുക്ത കൂട്ടായ്മയായ പാരഡൈസ് പേപ്പേഴ്സാണ് കള്ളപ്പണ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. ജര്‍മന്‍ ദിനപത്രമായ സെഡ്യൂസെ സെയ്റ്റങും അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റും 96 മാധ്യമങ്ങളുമായി ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കള്ളപ്പണ വിവരങ്ങള്‍ കണ്ടെത്തിയത്.ധനകാര്യ രഹസ്യാന്വേഷണ വിഭാഗത്തിലേയും ആര്‍.ബി.ഐ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലേയും പ്രതിനിധികള്‍ അന്വേഷണസംഘത്തിലുണ്ട്.ലഭിച്ച വിവരങ്ങള്‍ ‘പാരഡൈസ് പേപ്പര്‍’ എന്ന പേരില്‍ പുറത്തുവിടുകയായിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗെലോട്ട്, സച്ചിന്‍ പൈലറ്റ്, കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിമാരായ വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ, പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം എന്നിവരുടെ പേരുകളും റിപ്പോര്‍ട്ടിലുണ്ട്.

6 ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പ്രതിഫലം മുടങ്ങി.?
രാജ്യത്തെ 9.2 കോടി ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കിയിരുന്ന ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ പ്രതിഫലം മുടങ്ങിയിരിക്കുകയാണ്. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ ഏകദേശം 7 ശതമാനമാണ് ഇത്. ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ 4800 കോടി രൂപയാണ് തൊഴിലുറപ്പു പദ്ധതിക്കായി മാറ്റി വെച്ചിരുന്നത് എന്നാല്‍ ഇതില്‍ 85 ശതമാനം തുകയും ഇപ്പോള്‍ ചിലവഴിച്ചിരിക്കുകയാണ്. അടുത്ത ബഡ്ജറ്റ് നടക്കാന്‍ ഇനിയും നാലുമാസത്തെ സമയമുണ്ട്. ഇനി ഈ സമയത്ത് എന്ത് ചെയ്യുമെന്നാണ് അറിയേണ്ടത്.

7. ജഡ്ജിമാര്‍ക്കെതിരെയുള്ള അഴിമതിയാരോപണങ്ങള്‍?
ലക്‌നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനു കീഴിലുള്ള മെഡിക്കല്‍ കോളേജിന് പ്രവേശനാനുമതി ലഭിക്കുന്നതിന് സുപ്രീംകോടതി ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് അഴിമതിയിലുള്ള പങ്ക് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണും കാമിനി ജയ്‌സ്വാളും നല്‍കിയ ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. ഈ വാര്‍ത്തകളും സിനിമാ വിവാദത്തില്‍ മുങ്ങുകയായിരുന്നു.

ഇത്തരത്തില്‍ യഥാര്‍ത്ഥത്തില്‍ ചര്‍ച്ചയാവേണ്ടിയിരുന്ന വാര്‍ത്തകള്‍ പലതും പലരും നിര്‍മിച്ചെടുക്കുന്ന മെര്‍സലിന്റെയും പത്മാവതിയുടെയും പോലുള്ള വിവാദങ്ങളില്‍ മുങ്ങി പോകുകയായിരുന്നു. വിവാദമുണ്ടാക്കിയവര്‍ എന്തില്‍ നിന്ന് രക്ഷ നേടണമെന്ന് കരുതിയോ അതില്‍ നിന്ന് കൃത്യമായി രക്ഷപ്പെടുകയായിരുന്നു. ഇനിയും ഇത്തരക്കാര്‍ വിവാദങ്ങള്‍ നിര്‍മിച്ച് കൊണ്ടെയിരിക്കും

വിവരങ്ങള്‍ക്ക് കടപ്പാട് ബസ് ഫീഡ് ന്യൂസ്, മേഘനാഥ് എസ്

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>