സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, Nov 22nd, 2017

സാംസ്‌കാരിക രംഗത്തും യു.എ.പി.എ

Share This
Tags

cccഎ.പി.കുഞ്ഞാമു
കുറ്റം ആരോപിക്കുന്ന ആള്‍ അതു തെളിയിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. തെളിയിക്കാനുള്ള ഉത്തരവാദിത്വം (Burden of proof) കുറ്റം ചുമത്തുന്നവര്‍ക്കാണ് എന്നത് നീതിന്യായ വ്യവസ്ഥയുടെ സുപ്രധാന ആശയങ്ങളിലൊന്നാണ്്. എന്നാല്‍ ടാഡ, മിസ, യു.എ.പി.എ. പോലെയുള്ള കരിനിയമങ്ങളില്‍ കുറ്റാരോപിതരാണ് മറിച്ചു തെളിയിക്കേണ്ടിവരുന്നത്. ഭരണകൂടത്തിന്റെ ഉരുക്കുമുഷ്ടി പൗരാവകാശങ്ങളുടെ മേല്‍ പിടിമുറുക്കുകയും നിരപരാധികള്‍ നിസ്സഹായമായി വര്‍ഷങ്ങളോളം പീഡനം ഏറ്റുവാങ്ങേണ്ടി വരികയും ചെയ്യുന്നതിന്റെ ന്യായം ഇതാണ്.
സാംസ്‌കാരിക രംഗത്തും ഇങ്ങനെയൊരു അടിയന്തിരാവസ്ഥ നിലനില്ക്കുന്നുണ്ടോ? നമ്മുടെ പൊതുബോധം രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്ന ചില ഘടകങ്ങളുമുണ്ട്. കോടതി, മാധ്യമങ്ങള്‍, രാഷ്ട്രീയാധികാരങ്ങള്‍ തുടങ്ങിയവയ്‌ക്കൊപ്പം സാഹിത്യകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും അക്കൂട്ടത്തില്‍ പെടും. അതുകൊണ്ടാണ് ഏതു പ്രശ്‌നത്തിലും സാംസ്‌കാരിക നായകര്‍ ഇടപെടുകയും പ്രസ്താവനകളിറക്കുകയും ചെയ്യേണ്ടിവരുന്നത്. ഒമ്പതുമണി ചര്‍ച്ചകള്‍ ചാനലുകളില്‍ വ്യാപകമായതോടെ ഇക്കൂട്ടരുടെ ഉത്തരവാദിത്വം വര്‍ദ്ധിച്ചു. ഇതോടെ ഇന്ന ആള്‍ ഫ്രോഡാണ്, ഇന്ന സംഘടന തീവ്രവാദിക്കൂട്ടമാണ് എന്നൊക്കെ വിധിയെഴുത്തു നടത്തുക എന്നത് സാംസ്‌കാരിക നായകരുടെ കൃത്യമായ ചുമതലയായി. അവര്‍ തീര്‍പ്പു കല്പിച്ചാല്‍ മതി, പൊതുബോധം ഒരു മുറുമുറുപ്പുമില്ലാതെ പിന്നാലെ വരും. പിന്നീട് മറിച്ച് തെളിയിക്കേണ്ട പെടാപ്പാട് കുറ്റമാരോപിക്കപ്പെട്ട പാവങ്ങളുടേതാണ്. സാംസ്‌കാരിക രംഗത്ത് നിലനില്‍ക്കുന്ന ഈ യു.എ.പി.എ. ചുമത്തലിന്റെ ആഘാതത്തില്‍ പെട്ട് പ്രയാസപ്പെടുകയാണ് നിര്‍ഭാഗ്യവശാല്‍ ചില എഴുത്തുകാരും പൊതുപ്രവര്‍ത്തകരും. ചാനല്‍ ചര്‍ച്ച, ലേഖനമെഴുത്ത്, പ്രസംഗങ്ങള്‍, അഭിമുഖങ്ങള്‍ – ഇത്തരം ഉപാധികളിലൂടെയാണ് ഈ കുറ്റം ചുമത്തല്‍ നടക്കുന്നത്. തന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയുടെ ബാധ്യതയായി മാറുകയാണ് പിന്നീട്; ശരിക്കും യു.എ.പി.എ.
ക്ഷമിക്കണം, മുസ്‌ലിം മത സംഘടനകളില്‍ പലതും ഇമ്മട്ടിലുള്ള സാംസ്‌കാരിക കരിനിയമങ്ങളുടെ ഇരകളാണ്. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ മുതല്‍ മുടക്കുകളും മുന്‍കൈകളും പണ്ടേതന്നെ പ്രതിലോമ മുദ്രകള്‍ പേറേണ്ടിവന്നിട്ടുണ്ടല്ലോ. ഗള്‍ഫ് നാടുകളില്‍ പോയി ‘കാക്കാ’മാര്‍ നാലു കാശുണ്ടാക്കുകയും അതിന്റെ പൊലിമ ഉടുപ്പിലും നടപ്പിലും വീട്ടു നിര്‍മ്മാണത്തിലും പൊതു പ്രവര്‍ത്തനങ്ങളിലുമെല്ലാം പ്രകടമാക്കാന്‍ തുടങ്ങുകയും ചെയ്തതോടെയാണ് എണ്ണപ്പണമുണ്ടാക്കുന്ന അപകടങ്ങളെപ്പറ്റി നമ്മുടെ സാംസ്‌കാരിക നേതൃത്വം ഭീതി കാട്ടാന്‍ തുടങ്ങിയത്. ആദ്യമൊക്കെ ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ക്കായിരുന്നു ഈ രോഗം. കോഴിക്കോട് നടന്ന ഒരു മുസ്‌ലിം ലീഗ് സമ്മേളനത്തെ എണ്ണപ്പണമുണ്ടാക്കുന്ന ഹുങ്കിന്റെ ആവിഷ്‌കാരവുമായി തായാട്ട് ശങ്കരന്‍ വിലയിരുത്തിയത് ഓര്‍ക്കുക. കാലക്രമേണ ഗള്‍ഫ് പത്തിരിയും ബിരിയാണി മണവും രൂപകങ്ങളായി വളര്‍ന്നു. ഈ പത്തിരി / ബിരിയാണി തിന്നാനുള്ള കൊതിയുടെ പേരില്‍ പല എഴുത്തുകാരും വിമര്‍ശിക്കപ്പെട്ടു. പീഡനങ്ങള്‍ക്ക് ഇരയാകുന്ന മുസ്‌ലിം ന്യൂനപക്ഷത്തിന്റെ കൂടെ നില്‍ക്കുന്ന എഴുത്തുകാര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ, പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വീകരണവും സമ്മാനവും സൗജന്യവും സ്വീകരിക്കുന്നവരായി മുദ്രകുത്തപ്പെട്ടു. പ്രത്യയശാസ്ത്രപരമായ അത്യാസക്തിയോടെ സി.ആര്‍.പരമേശ്വരനാണ് ഈ അച്ചു കുത്തലിന് നേതൃത്വം നല്‍കിപ്പോന്നത്. ഈ അച്ചുകുത്തല്‍ ഈയിടെയായി കൂടുതല്‍ വ്യാപകമാകുന്നതാണ് നാം കാണുന്നത്. സിവിക് ചന്ദ്രന്‍, കെ.പി.രാമനുണ്ണി, കെ.പി.ശശി, ടി.ടി.ശ്രീകുമാര്‍, കെ.കെ.കൊച്ച് തുടങ്ങിയവര്‍ പലപ്പോഴും ഈ സാംസ്‌കാരിക യു.എ.പി.എ. ചുമത്തലിന്റെ ഇരകളാവേണ്ടി വരുന്നു. ഓരോ ചാനല്‍ ചര്‍ച്ച വരുമ്പോഴും ഓരോ പുതിയ അഭിമുഖം അച്ചടിക്കപ്പെടുമ്പോഴും അവര്‍ പുതിയ ജാമ്യമില്ലാ കേസുകളില്‍ അകപ്പെട്ട് നരകിക്കേണ്ടിവരുന്നു.
ഉദാഹരണത്തിന് സിവിക് ചന്ദ്രന്‍ ഫ്രോഡാണ് എന്ന എം.എന്‍.കാരശ്ശേരിയുടെ അഭിപ്രായം (പച്ചക്കുതിര: ഒക്‌ടോബര്‍ 2017) നോക്കുക. സിവിക്ചന്ദ്രന്‍ മുസ്‌ലിം തീവ്രവാദികള്‍ക്കിടയിലെ കൂലിക്കാരനാണ് എന്ന തീര്‍പ്പിന്ന് പിന്‍ബലമേകാന്‍ കാരശ്ശേരി ഒരു തെളിവും നല്‍കുന്നില്ല. ആകെയുള്ള തെളിവ് അക്കാര്യം താന്‍ ടൗണ്‍ഹാളില്‍ പ്രസംഗിക്കുമ്പോള്‍ അയാളുടെ മുഖത്ത് നോക്കിപ്പറഞ്ഞു എന്നതാണ്. ഇതുകൊണ്ടുമാത്രം ഒരാള്‍ ഫ്രോഡാവുമോ? പക്ഷേ സിവിക് കുടുങ്ങി. കാരശ്ശേരി പ്രതിനിധാനം ചെയ്യുന്ന സെക്കുലര്‍ സാംസ്‌കാരിക നേതൃത്വം കുറ്റമാരോപിച്ചതോടെ താന്‍ ഫ്രോഡല്ല എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം സിവിക് ചന്ദ്രന്റെ മേല്‍ വന്നുവീണു. ഇത് പോലീസ് യു.എ.പി.എ. പോലുള്ള കരിനിയമങ്ങള്‍ ചുമത്തുന്നതിനു തുല്യമായ നടപടിയാണ്. സാംസ്‌കാരിക രംഗത്തു നടക്കുന്ന ഇത്തരം കരിനിയമപ്രയോഗങ്ങള്‍ പൊതുബോധത്തെ സ്വാധീനിക്കുന്നത് ആരോഗ്യകരമായ സാമൂഹ്യ നിര്‍മ്മിതിക്ക് ഒരിക്കലും സഹായകമല്ല.
ജനകീയ സമരങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് പലപ്പോഴും സംഭവിക്കുന്നത്. യാതൊരു ഉത്തരവാദിത്വവുമില്ലാതെയാണ് മുഖ്യധാരാ രാഷ്ട്രീയ നേതൃത്വം ജനകീയ സമരങ്ങള്‍ക്ക് മാവോയിസ്റ്റ് മുഖവും ഇസ്‌ലാമിസ്റ്റ് തീവ്രവാദത്തിന്റെ മുഖവും നല്‍കുന്നത് പ്ലാച്ചിമടയിലും മൂലമ്പിള്ളിയിലും പുതുവൈപ്പിനിലും മറ്റും നടന്ന സമരങ്ങളില്‍ തീവ്രവാദം കടന്നുവന്നത് അങ്ങനെയാണ്. ഗെയില്‍ പദ്ധതി മൂലം ഭൂമി നഷ്ടപ്പെടുന്നവര്‍ തെരുവിലിറങ്ങിയപ്പോള്‍ അത് ഏഴാം നൂറ്റാണ്ടിലെ ഇസ്‌ലാമിക പ്രാകൃതത്വത്തിലേക്കുള്ള തിരിച്ചുപോക്കായി മാറിയതും അങ്ങനെതന്നെ. പ്രതിരോധ കുത്തിവെപ്പുകള്‍ക്കെതിരായി നിലക്കൊള്ളുന്ന ഒരു ബദല്‍ധാര ചികിത്സാരംഗത്ത് പ്രബലമാണ്. എം.ആര്‍.വാക്‌സിന്നെതിരായി ഈ ബദല്‍ ഗ്രൂപ്പ് രംഗത്തുവരുമ്പോള്‍ പ്രതിക്കൂട്ടിലാവുന്നതും ഇസ്‌ലാമാണ്. ഇങ്ങനെ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുന്ന ആശയങ്ങള്‍ പൊതുബോധ നിര്‍മ്മിതിയെ അപകടപ്പെടുത്തും എന്നതാണ് ഇതില്‍ അടങ്ങിയിട്ടുള്ള പ്രശ്‌നം. കഷ്ടം! റുബല്ലാ വാക്‌സിന്‍ വേണ്ടെന്ന് പറയുന്ന താടിക്കാരനും മുസ്‌ലിംകളെപ്പറ്റി അനുഭാവപൂര്‍വം രണ്ടുവാക്കു പറയുന്ന എഴുത്തുകാരനും ചെന്നുപെട്ട ഗതികേട് ഒന്നുതന്നെ. തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ ഇവര്‍ ഇനി എത്രകാലം സാംസ്‌കാരിക ന്യായമൂര്‍ത്തികളുടെ ഇരിപ്പിടങ്ങള്‍ക്ക് മുമ്പാകെ കയറിയിറങ്ങേണ്ടിവരും?

പാഠഭേദം

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>