സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Nov 18th, 2017

എഴുതപ്പെടാത്തതും എഴുതപ്പെട്ടതുമായ ചരിത്രം ജാതിവ്യവസ്ഥയുടെയും ജാതി സംവരണത്തിന്റെയും ചരിത്രമാണ്.

Share This
Tags

rrഷഫീക് സുബൈദ ഹക്കിം

ഇന്ത്യയുടെ എഴുതപ്പെടാത്തതും എഴുതപ്പെട്ടതുമായ ചരിത്രം ജാതിവ്യവസ്ഥയുടെയും ജാതി സംവരണത്തിന്റെയും ചരിത്രമാണ്. ഇന്ത്യന്‍ ജാതിവ്യവസ്ഥതന്നെ സംവരണാത്മകമാണ്. അധികാരം, സമ്പത്ത്, ഭൂമി എന്നി വിഭവങ്ങളുടെ പങ്കുവെയ്ക്കല്‍ ഇന്ത്യയിലൊരുകാലത്തും മെരിറ്റടിസ്ഥാനത്തിലായിരുന്നില്ല, മറിച്ച് ജന്മം കൊണ്ട് നിശ്ചയിക്കപ്പെടുന്ന ജാതിയുടെ അടിസ്ഥാനത്തിലായിരുന്നു. മേല്‍ജാതിക്കാര്‍ക്ക് ഇവ സംവരണം ചെയ്യപ്പെട്ടത് മെരിറ്റടിസ്ഥാനത്തിലല്ല മറിച്ച് മേല്‍ ജാതി സംവരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. അവര്‍ക്കു മാത്രമേ അന്ന് സംവരണം ഉണ്ടായിരുന്നുള്ളു. അതാണ് ജാതിവ്യവസ്ഥയുടെ സവിശേഷതയും. അതുകൊണ്ടാണ് സാമൂഹികമായി, ചരിത്രപരമായി അത്തരം അധികാരത്തില്‍ നിന്നും വിഭവങ്ങളില്‍ നിന്നും ജാതിയിലെ താഴത്തെ നിലകളിലുള്ള മനുഷ്യര്‍ ആട്ടിപ്പായിക്കപ്പെട്ടത്. അവര്‍ മെരിറ്റില്ലാത്തവരായിരുന്നു എന്നുള്ളതുകൊണ്ടല്ല, മറിച്ച് അവര്‍ ജാതിയില്‍ താഴെയായിരുന്നു എന്നതുകൊണ്ടാണ്. ഈ ചരിത്രയാഥാര്‍ത്ഥ്യത്തിന്റെ മുഖത്ത് നോക്കിയാണ് വാസ്തവത്തില്‍ മെരിറ്റ് വാദികളായിട്ടുള്ള ഇടതുപക്ഷം കൊഞ്ഞനം കുത്തുന്നത് എന്നത് മറന്നുകൂടാത്തതാണ്. വാസ്തവത്തില്‍ നമ്മള്‍ ചോദിക്കേണ്ട ചോദ്യം ജാതിയില്‍ താഴെ നില്‍ക്കുന്നവരും ദളിതരും എന്തുകൊണ്ട് സാമൂഹികമായി പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്നു എന്നല്ല മറിച്ച് മേല്‍ജാതിക്കാര്‍ എങ്ങനെയാണ് എളുപ്പത്തില്‍ സാമൂഹികമായി രാഷ്ട്രീയപരമായി സാമ്പത്തികപരമായി അധികാരപരമായി മറ്റുള്ളവരേക്കാള്‍ മുന്നോക്കം എത്തിയത് എന്നാണ്. അത് ഒരിക്കലും മെരിറ്റ് കൊണ്ടായിരുന്നില്ല, മറിച്ച് ജാതി (എക്സ്‌ക്ലൂസീവ്) സംവരണം കൊണ്ടായിരുന്നു. ഇതിന്റെ വ്യുല്‍ക്രമം ഒരു സമൂഹത്തിലെ സാമൂഹിനീതിക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതാണ് സംവരണത്തിന്റെ ചരിത്രപ്രാധാന്യമെന്ന് വിശ്വസിക്കുന്നു. അതിലൂടെയാണ് ഈ ജനാധിപത്യ സമൂഹത്തില്‍ അല്‍പമെങ്കിലും സാമൂഹ്യനീതി ഉറപ്പാക്കപ്പെടാനുള്ള ശ്രമങ്ങള്‍ നടന്നത് എന്ന് കരുതുന്നു. ഇവിടെ സംഭവിക്കുന്നത് ചരിത്രപരമായി ഇന്നോളം അധികാരവും സമ്പത്തും പ്രാതിനിധ്യവും അനര്‍ഹമായി തന്നെ (ജാതിവ്യവസ്ഥയുടെ ആനുകൂല്യം കൊണ്ട്) കൈവശം നേടിയ മേല്‍ജാതിമനുഷ്യര്‍ക്ക്, നിലവില്‍ തന്നെ അവരുടെ പ്രാതിനിധ്യം ഈ വ്യവസ്ഥയില്‍ ശാശ്വതീകരിച്ച് നിലനില്‍ക്കെ വീണ്ടും അവര്‍ക്ക് സാമ്പത്തികാടിസ്ഥാനത്തിലും സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ വാസ്തവത്തില്‍ ഇരട്ടി അധികാരം നല്‍കപ്പെടുന്നു എന്നു മാത്രമല്ല, ഇപ്പുറത്ത് ജാതിയില്‍ പിന്നാക്കം നില്‍ക്കുന്ന സംവരണ സമുദായങ്ങള്‍ കുറേക്കൂടി ചരിത്രപരമായി പിന്നോക്കം തള്ളപ്പെടുന്നു എന്നുകൂടിയാണ്. അധികാരത്തില്‍ നിന്നും പ്രാതിനിധ്യത്തില്‍ നിന്നും അരികുവല്‍ക്കരിക്കപ്പെടുന്നു. വീണ്ടും വീണ്ടും മേല്‍ജാതിക്കാര്‍, നിലവിലെ അധികാര അസന്തുലിതാവസ്ഥയെ തീവ്രമാക്കിക്കൊണ്ട് സംവരണ സമുദായങ്ങളെ അവര്‍ക്ക് പിന്നിലേയ്ക്ക് സ്വയംതന്നെ തള്ളിനീക്കുന്നു എന്നതാണ്. ഇന്നോളവും ചരിത്രത്തില്‍ ഇതു തന്നെയാണ് സംഭവിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍ തീവ്രമായി ഇടതുപക്ഷാഭിമുഖ്യത്തില്‍ നടക്കുന്നതും ഇതാണ്. അതുകൊണ്ട് തന്നെ വാസ്തവത്തില്‍ ഇടതുപക്ഷത്തിന്റെ ഈ നീക്കത്തെ ജാതീയത എന്നാണ് വിശേഷിപ്പിക്കേണ്ടത്. ബ്രാഹ്മണിസ്റ്റ് ബോധത്തിന്റെ ഏറ്റവും പ്രകടിതരൂപമായി ഇടതുപക്ഷം പ്രഛന്ന വേഷമേതുമില്ലാതെ രംഗപ്രവേശനം ചെയ്തിരിക്കുന്നു എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അപ്പോള്‍ ചോദ്യം ചരിത്രപരമായി പിന്നോക്ക ജാതിമനുഷ്യരെ പിന്നിലാക്കിയത് ആര് എന്നത് തന്നെ? തീര്‍ച്ചയായും ഇടതുപക്ഷത്തിന്റെ ചരിത്രത്തില്‍ ഈ കറ മായാതെ കിടക്കും; അവരുടെ പ്രത്യയശാസ്ത്രത്തിന്റെ മേല്‍ ഒരു പൂണൂല് പോലെ.

ഫേസ് ബുക്ക് പോസ്റ്റ്

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>