സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Nov 13th, 2017

മേജര്‍ രവി പറഞ്ഞത് ‘സവര്‍ണസത്യം’

Share This
Tags

mm

ശങ്കരനാരായണന്‍ മലപ്പുറം

കുചേലന്‍ എന്ന വാക്കിന് നിഘണ്ടുവില്‍ അര്‍ത്ഥം കൊടുത്തിരിക്കുന്നത് ദാരിദ്ര്യം എന്നാണ്. ദ്വാപരയുഗത്തില്‍ ജീവിച്ച ദരിദ്രനായ കുചേലന്‍ ചാതുര്‍വര്‍ണ്യ സിദ്ധാന്തപ്രകാരം രാജ്യം ഭരിച്ച സാക്ഷാല്‍ ശ്രീകൃഷ്ണന്റെ സഹപാഠിയും കൂട്ടുകാരനുമായിരുന്നു. കൂടുതല്‍ വിശദീകരിക്കാതെ ഇതില്‍നിന്നു മനസ്സിലാക്കാവുന്ന കാര്യം, വളരെവളരെ പണ്ടും ദരിദ്രരായ ബ്രാഹ്മണരുണ്ടായിരുന്നുവെന്നതാണ്. അപ്പോള്‍ ഇക്കാലത്ത് ബ്രാഹ്മണരിലും മറ്റു സവര്‍ണരിലും പട്ടിണിക്കാരുണ്ടാകുന്നത് ഏറെ അത്ഭുതത്തോടെ കാണേണ്ട കാര്യമില്ല. എന്നാല്‍ പലരും (സാഹിത്യകാരികളും, കാരന്മാരും സിനിമാക്കാരും സീരിയലുകാരും മിമിക്രിക്കാരുമൊക്കെ) സവര്‍ണരിലെ ദാരിദ്ര്യം പറഞ്ഞുപറഞ്ഞ് പൊലിപ്പിക്കാറുണ്ട്. ഈ പൊലിപ്പിക്കല്‍ തന്നെയാണ് സിനിമാ സംവിധായകനായ മേജര്‍ രവിയും നടത്തിയത്. മഞ്ചേരിയില്‍ നടന്ന ബാലഗോകുലം പരിപാടിയില്‍, സര്‍ട്ടിഫിക്കറ്റുകളില്‍ ജാതിക്കോളം ചേര്‍ക്കുന്നത് ഒഴിവാക്കണമെന്നു ഇദ്ദേഹം പറഞ്ഞിരുന്നു. ഈ പ്രസ്താവനയില്‍ ജാതിതാല്‍പര്യമുണ്ടെന്ന് പ്രത്യക്ഷത്തില്‍ തോന്നില്ല. പക്ഷേ, 12.07.2015 ലെ കേരളകൗമുദി വായിച്ചപ്പോള്‍ സത്യം ശരിക്കും ബോധ്യപ്പെട്ടു. വാര്‍ത്തയില്‍ മേജര്‍ രവിയുടെ വാദം ഇങ്ങനെ: ”ഹിന്ദുസമൂഹത്തില്‍ വിവിധ ജാതി എടുത്തു പരിശോധിച്ചാല്‍ ഉന്നത ജാതിയില്‍പ്പെട്ട പലരുടെയും അവസ്ഥ പരിതാപകരമാണ്”. അതെ, മേജര്‍ രവിക്ക് 100-നേക്കാള്‍ വലുതാണ് 10 ! മേജര്‍ രവി ഹിന്ദുസമൂഹ ജാതിഘടനയിലെ മേജര്‍ ജാതിക്കാരുമായി മാത്രമേ ബന്ധപ്പെട്ടിട്ടുള്ളൂ. അവരുടെ ഇല്ലായ്മകളെക്കുറിച്ചു മാത്രമേ അദ്ദേഹം പഠിച്ചിട്ടുള്ളൂ. പട്ടികജാതി/വര്‍ഗ്ഗക്കാരെയും മറ്റു പിന്നാക്കക്കാരെയും അദ്ദേഹം മനുഷ്യരുടെ ഗണത്തില്‍ കൂട്ടിയിട്ടുണ്ടാകില്ല. അല്ലെങ്കില്‍, അവര്‍ എത്രയോ നൂറ്റാണ്ടുകളായി കഷ്ടപ്പെടുന്നവരാണല്ലോ, അതങ്ങനെ തുടരട്ടെ എന്നായിരിക്കും മേജര്‍ രവിയുടെ ഭാവം.

ഉയര്‍ന്നജാതിക്കാരില്‍ കഷ്ടപ്പെടുന്നവരുണ്ടെന്ന കാര്യം പച്ചപ്പരമാര്‍ത്ഥം തന്നെ. അതൊരിക്കലും നിഷേധിക്കാന്‍ സാധിക്കുകയില്ല. അത്തരക്കാരെ സഹായിക്കുകയും വേണം. എന്നാല്‍ എണ്ണം കൊണ്ടും ജനസംഖ്യാനുപാത ശതമാനം കൊണ്ടും സവര്‍ണരല്ല അവര്‍ണര്‍തന്നെയാണ് ഈ കേരളത്തില്‍പോലും ഇന്നും കൂടുതല്‍ കഷ്ടതകള്‍ അനുഭവിക്കുന്നത്. 100-നേക്കാള്‍ വലുതാണ് 10 എന്നു കരുതുന്നവര്‍ക്കിത് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. അത് സാധിക്കണമെങ്കില്‍ എല്ലാവരും ജന്മനാ സമന്മാരാണെന്ന ബോധം വേണം. കഷ്ടപ്പാടുകളുടെയും ഇല്ലായ്മയുടെയും കാര്യത്തില്‍ ജാതിയുമായി ബന്ധപ്പെട്ടുള്ള കേരളീയ അവസ്ഥ എന്താണ്?

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ, കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു?(കേരള പഠനം-2006) പഠനത്തില്‍ പറയുന്നത് നമുക്ക് ചെറുതായൊന്നു പരിശോധിച്ചു നോക്കാം.
ഉദ്യോഗങ്ങളെല്ലാം പട്ടികജാതിക്കാരും മറ്റും വെട്ടിവഴുങ്ങുന്നു എന്നാണല്ലോ മിക്കവരും വിളിച്ചുകൂവാറുള്ളത്. എന്നാല്‍ പ്രസ്തുത പഠനം പറയുന്നത് ജനസംഖ്യയില്‍ 12.5 ശതമാനം വരുന്ന നായന്മാര്‍ക്ക് 21 ശതമാനം ഉദ്യോഗങ്ങളും ജനസംഖ്യയില്‍ 1.3 ശതമാനം വരുന്ന മറ്റു മുന്നാക്ക ഹിന്ദുക്കള്‍ക്ക് 3.1 ശതമാനം ഉദ്യോഗങ്ങളും ലഭിച്ചുവെന്നുമാണ്. പഠനം അടിവരയിട്ട് ഇങ്ങനെ പറയുന്നു: ”ജാതി, മത അടിസ്ഥാനത്തില്‍ നോക്കിയാല്‍ സവര്‍ണ്ണ ഹിന്ദു മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ജനസംഖ്യാനുപാതമായി അര്‍ഹതപ്പെട്ടതിനെക്കാള്‍ കൂടുതല്‍ പങ്കു കിട്ടുന്നുണ്ട്”.

പ്രസ്തുത പഠനത്തിലെ ദാരിദ്ര്യ സൂചികയുടെ കണക്ക് ഇങ്ങനെ: പട്ടികവര്‍ഗ്ഗം 37.5, പട്ടികജാതി 29.5, പിന്നാക്കം 14.0, മുന്നാക്കം 8.0. ആളോഹരി വാര്‍ഷിക വരുമാനം (രൂപയില്‍) ഇങ്ങനെ: പട്ടികവര്‍ഗ്ഗം 9022, പട്ടികജാതി 12317, പിന്നാക്കം 17558, മുന്നാക്കം 22503. വാസയോഗ്യമായ വീടിന്റെ കാര്യം ഇങ്ങനെ: പട്ടികവര്‍ഗ്ഗം 41.7, പട്ടികജാതി 64.7, പിന്നാക്കം 82.9, മുന്നാക്കം 86.8 കക്കൂസുള്ളവരുടെ കണക്ക് ഇങ്ങനെ: പട്ടികവര്‍ഗ്ഗം 61.0, പട്ടികജാതി 82.1, പിന്നാക്കം 92.2, മുന്നാക്കം 93.4 കുടിവെള്ള സുരക്ഷിതമില്ലാത്തവരുടെ കാര്യം ഇങ്ങനെ: പട്ടികവര്‍ഗ്ഗം 50.0, പട്ടികജാതി 30.9, പിന്നാക്കം 18.1, മുന്നാക്കം 9.7.

സാമൂഹികാവസ്ഥയില്‍ കേരളം ഇപ്പോഴും ഏറ്റവും മേല മുന്നാക്കം അതിനു താഴെ പിന്നാക്കക്കക്കാര്‍ അതിനു താഴെ പട്ടികജാതിക്കാര്‍ ഏറ്റവും അടിത്തട്ടില്‍ പട്ടികവര്‍ഗ്ഗം എന്ന വര്‍ണവ്യവസ്ഥയില്‍ത്തന്നെ കിടക്കുകയാണ്.

ഇത്തരം സത്യം നിലനില്‍ക്കുമ്പോഴാണ് മേജര്‍ രവിയെപ്പോലുള്ളവര്‍ ഇങ്ങനെ പറയുന്നത്. നിലനില്‍ക്കുന്ന ദുരവസ്ഥയെന്തെന്നാല്‍ മേജര്‍ രവിയെപ്പോലുള്ളവര്‍ പറയുന്ന ഈ ‘സവര്‍ണസത്യം’ തിരിച്ചറിയാന്‍ ഇന്നാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന അവര്‍ണ ജനതയ്ക്കും സാധിച്ചിട്ടില്ല എന്നതാണ്. ഇങ്ങനെ പറഞ്ഞ മേജര്‍ രവിയെയല്ല ഇങ്ങനെ എഴുതുന്ന എന്നെപ്പോലെയുള്ളവരാണ് ഇക്കൂട്ടര്‍ ശത്രുക്കളായി കണക്കാക്കുക.

ഫേസ് ബുക്ക് പോസ്റ്റ്

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>