സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Nov 11th, 2017

ഗീതാനന്ദന്റേത് മനുഷ്യസംഗമ യുക്തിതന്നെ

Share This
Tags

ggകെ കെ ബാബുരാജ്

പതിവുപോലെ, മുസ്ലിം കര്‍ത്തൃത്വത്തോട് ലിബറല്‍ ലെഫ്റ്റിനുള്ള ശത്രുതയെ ‘പൊതുവായത്’ ആക്കിമാറ്റി ദളിതരും പിന്നാക്കക്കാരുമായ ജനവിഭാഗങ്ങളുടെ അകത്തേക്ക് വ്യാപിപ്പിക്കുക എന്ന മനുഷ്യസംഗമ യുക്തിയുടെ പുനരവര്‍ത്തനമാണ് ‘മാതൃഭൂമിയില്‍’ ഐ.ഗോപിനാഥ് നടത്തിയ ഗീതാനന്ദനുമായുള്ള അഭിമുഖമെന്നു പറയാതെ വയ്യ.
മറ്റുള്ളവരെല്ലാം സ്വത്വവാദികള്‍. ഞങ്ങള്‍ കുറച്ചുപേര്‍ മാത്രം ഭൂമിക്കും അധികാരത്തിനുവേണ്ടി വാദിക്കുന്നവര്‍ എന്നതാണല്ലോ അഭിമുഖം ഉന്നയിക്കുന്ന പ്രശ്‌നം. സിവില്‍ സമുദായവും ഭരണകൂടവും തമ്മിലുള്ള വൈരുധ്യം വളര്‍ന്ന് തദ്ദേശീയ ജനതയ്ക്കു വിഭവങ്ങള്‍ക്കുമേലുള്ള അധികാരം കിട്ടുമ്പോഴാണത്രെ; അവരുടെ സ്വര്‍ഗ്ഗരാജ്യ പ്രവേശം നടക്കുക. ഇത്തരമൊരു കാര്യത്തെപ്പറ്റി ഡോ.അംബേദ്കറോ, കാറല്‍ മാര്‍ക്‌സോ, ഗാന്ധിജിയോ പ്രവചിച്ചതായി അറിയില്ല. മറിച്ചു, പഴയ ദര്‍ബാന്‍ സമ്മേളനത്തിലെ എന്‍.ജി.ഓ. പ്രമേയങ്ങള്‍ പൊടിതട്ടി എടുത്തതായിട്ടാണ് ഓര്‍മ്മ. ഇത്തരം പ്രമേയങ്ങള്‍കൊണ്ട് കീഴാളര്‍ക്കു ഭൂമി, അധികാരം, സാമൂഹികനീതി മുതലായവ കിട്ടുകയില്ലെങ്കിലും ‘ഞങ്ങള്‍ക്ക്’ വിപ്ലവ വീമ്പുപറച്ചിലുകള്‍ തുടരാനും, ചലോ തിരുവന്തപുരം പൊയ്വെടികള്‍ പൊട്ടിക്കാനും, ദളിത് മധ്യവര്‍ഗ്ഗത്തെ പിരിവുകൊടുക്കുന്നവരാക്കി നിലനിര്‍ത്തുവാനും പറ്റും എന്നത് നേട്ടം തന്നെയാണ്.
‘ഞങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് സംഘടനയല്ല. ജൈവരൂപമാണ്. ഭൂമി, അധികാരം, ജീവിത പരിസരം എന്നിവയെ ആധാരമാക്കി അടിത്തട്ടിലെ ഏകോപനമാണിത്. ഇവിടെ മേല്‍കമ്മിറ്റികളോ കീഴ്ക്കമ്മിറ്റികളോ ഇല്ല.’ സ്വത്വവാദത്തെ ഉപേക്ഷിച്ചു, മേല്പറഞ്ഞതരത്തിലുള്ള ജൈവരൂപത്തിലേക്കുള്ള മടക്കയാത്രയായിരുന്നല്ലോ ഗോത്രമഹാസഭ. എന്നിട്ടു എന്തായി? ജനാധിപത്യപരമായി വികസിച്ചുവന്ന ആദിവാസി പ്രസ്ഥാനം ലിക്യുഡേറ്റു ചെയ്യപ്പെട്ടു. ഊരുകളിലെല്ലാം മാര്‍ക്‌സിസ്റ്റ്- ബി.ജെ.പി. പോഷകസംഘടനകളുടെ കൊടി ഉയര്‍ന്നു. ‘പട്ടിണിക്കാരായ’ ആദിവാസികളോടും ‘നിരക്ഷരയായ’ ഒരു ആദിവാസി വനിതയോടും കേരളീയ നാഗരിക മധ്യവര്‍ഗ്ഗത്തിനു തോന്നിയ ഉദാരതയുടെ മറവില്‍, ആദിവാസി ഭൂനിയമത്തെ അട്ടിമറിച്ചവര്‍ക്കു ഇതില്പരം മറ്റെന്താണ് ചെയ്യാന്കഴിയുക.
അംബേദ്കറുടെ കാലത്തെ ജാതിയല്ല ഇന്നുള്ളതെന്നും, അദ്ദേഹം തിരുത്തപ്പെടേണ്ടതാണെന്നും പറയുക. എന്നിട്ടു അദ്ദേഹം നിര്‍ദ്ദേശിച്ച പ്രത്യേക നിയോജകമണ്ഡലങ്ങള്‍ വേണമെന്നു വാദിക്കുക. ജാതിവ്യവസ്ഥതയുടെ സമകാലീനതയെപ്പറ്റിയുള്ള തിരിച്ചറിവോ, അംബേദ്കറിന്റെ തിരുത്തോ ഇത് ഉള്‍കൊള്ളുന്നുണ്ടോ? യഥാര്‍ത്ഥത്തില്‍ ആദിവാസികളുടെ രാഷ്ട്രീയമുന്നേറ്റങ്ങളെ റദ്ദ് ചെയ്തുകൊണ്ട് അവരെ ഗോത്രീയതയിലേക്കു മടക്കിവിളിക്കുന്നതിനു സമാന്തരമായി, ദളിതരെ ‘ഇല്ലങ്ങളിലേക്കും’ സ്ത്രീകളെ ‘ജീവശാസ്ത്രപരതയിലേക്കും’ മടക്കാന്‍ അംബേദ്കറെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണിവിടെ. ലിബറല്‍ ശുദ്ധിവാദക്കാര്‍ക്ക് ഇരട്ടനാവുകൊണ്ടുള്ള ഇത്തരം വാചകമടികളുടെ അര്‍ഥം പിടികിട്ടുക ബുദ്ധിമുട്ടാണ്.
അംബേദ്കറൈറ്റുകള്‍ പണ്ടേ പ്രശ്‌നവല്‍ക്കരിച്ച കേരള മോഡല്‍ ഭൂപരിഷ്‌കരണം, എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ മൂലധനകൊള്ള എന്നിവയെ നാല് സമുദായങ്ങളെ ജനാധിപത്യ പ്രക്രിയയില്‍നിന്നും അകറ്റിമാറ്റാനായി ഉപയോഗിക്കുക എന്നതിനപ്പുറം വിഭവാധികാരത്തെ ഒരു വിധത്തിലും രാഷ്ട്രീയമായി നിര്‍വചിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നിട്ടും അതിനെ ആവര്‍ത്തിക്കുന്നതിലെ വംശീയത ചെറുതല്ല.
പഴയ ആര്യസമാജക്കാര്‍ ഗുണ-കര്‍മ്മ സിദ്ധാന്തത്തിന്റെയും കമ്മ്യൂണിസ്റ്റുകള്‍ തൊഴില്‍ വിഭജനത്തിന്റെ അടിസ്ഥാനത്തിലുമാണ് ജാതിവ്യവസ്ഥയെ കാണാന്‍ ശ്രമിച്ചത്. അവിടെനിന്നും പിറകോട്ടുനടന്നു ഗീതാനന്ദനും കൂട്ടരും ‘മണ്ണ്-വനം-കോളനി-ചേരി’ മുതലായ ആവാസ്ഥസ്ഥാനങ്ങളുടെ അടിസ്ഥാനത്തിലാണ് ജാതിവ്യവസ്ഥയെ കാണുന്നെതെന്നു തോന്നുന്നു.
മണ്ണിനെ ആശ്രയിക്കുന്ന ദളിതരുടെയും കാടിനെ ആശ്രയിക്കുന്ന ആദിവാസികളുടെയും കടലിനെ ആശ്രയിക്കുന്ന മല്‍സ്യ തൊഴിലാളികളുടെയും സമുദായീകാവസ്ഥ നോക്കിയാല്‍, അതില്‍ ഇരുപതു ശതമാനം പോലും ഏതെങ്കിലും നിശ്ചിത ആവാസവ്യവസ്ഥയില്‍ ഉള്ളവരല്ലന്നു തിരിച്ചറിയാനാവും. ഇപ്രകാരം വിട്ടുപോയവരെ മടക്കിക്കൊണ്ടു വരുമോ? അതേപോലെ, ഇവര്‍ പറയുന്ന കോളനികളും ചേരികളും ദളിതരുടെ മാത്രം ആവാസയിടങ്ങളോ, അധഃപതനത്തിന്റെ/ നരകത്തിന്റെ അടയാളങ്ങളോ മാത്രമല്ല.

ഫേസ് ബുക്ക് പോസ്റ്റ്

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>