സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Nov 10th, 2017

ഉമ്മന്‍ചാണ്ടിയും സംഘവും പൊതുരംഗത്തുനിന്ന് മാറണം

Share This
Tags

uuuആസാദ്

സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൊതുരേഖയായി നിയമസഭയില്‍ വെച്ചുകഴിഞ്ഞു. ഇത്തരം റിപ്പോര്‍ട്ടുകള്‍ ശീതനിദ്രയിലേക്കു തള്ളിവിടുന്ന പതിവാണ് നാം കണ്ടുപോന്നത്. പക്ഷെ, പിണറായി സര്‍ക്കാര്‍ ഉത്തരവാദിത്തം നിര്‍വ്വഹിച്ചിരിക്കുന്നു. നിയമ നടപടി സ്വീകരിക്കാനും അത് കമ്മീഷന്‍ റിപ്പോര്‍ട്ടിനൊപ്പം നിയമസഭയെ അറിയിക്കാനും മുഖ്യമന്ത്രി വിജയന്‍ സന്നദ്ധനായി. അതത്രയും അഭിനന്ദനീയമാണ്.

സോളാര്‍ തട്ടിപ്പ് എന്താണ്? സംസ്ഥാനത്ത് സൗരോര്‍ജ്ജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കുമെന്ന ഉറപ്പില്‍ നൂറോളം പേരെ വഞ്ചിച്ചു പണം തട്ടിയ കേസാണിത്. സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും ടിം സോളാര്‍ കമ്പനിയാണ് വഞ്ചനയും തട്ടിപ്പും നടത്തിയത്. ഈ തട്ടിപ്പില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫീസും ചില മന്ത്രിസഭാംഗങ്ങളും പാര്‍ട്ടിനേതാക്കളും പണംവാങ്ങി പങ്കുചേരുകയോ സഹായിക്കുകയോ ചെയ്തുവെന്ന് ആരോപണമുയര്‍ന്നത് നമ്മെയാകെ ഞെട്ടിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്തു. ആ ആരോപണം ശരിവെച്ച റിപ്പോര്‍ട്ടാണ് ജസ്റ്റിസ് ശിവരാജന്‍ സമര്‍പ്പിച്ചത്.

കേന്ദ്ര സര്‍ക്കാറിന്റെയോ അനര്‍ട്ടിന്റെയോ അംഗീകാരമില്ലാത്ത ടീം സോളാറിന് വഴിവിട്ട സഹായം നല്‍കാന്‍ അന്നത്തെ മുഖ്യമന്ത്രി തന്നെയാണ് മുന്നിട്ടിറങ്ങിയത്. ജനാധിപത്യം കളങ്കിതമായി. മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പുകേന്ദ്രമായി.ജോപ്പനും ജിക്കുവും സലിംരാജും തട്ടിപ്പുകളില്‍ മുഖ്യ പങ്കാളികളായി. അന്നത്തെ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും ആഭ്യന്തര വകുപ്പിലേക്കു വന്ന മന്ത്രി തിരുവഞ്ചൂരും നിയമ നടപടിക്കു വിധേയമാകണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു. രാജ്യത്തു സമീപകാലത്തൊന്നും സംസ്ഥാന ഭരണത്തിലിരുന്നവര്‍ക്കെതിരെ ഇത്രയും ഗൗരവതരമായ അന്വേഷണ റിപ്പോര്‍ട്ടും അത്രതന്നെ ഗൗരവമുള്ള നിയമ നടപടി ഉത്തരവും നാം കണ്ടിട്ടില്ല.

ഈ തട്ടിപ്പില്‍ കോടികളുടെ കൈമാറ്റം നടന്നിട്ടുണ്ട്. ഒട്ടേറെപ്പേര്‍ വഞ്ചിക്കപ്പെട്ടു. വളരെയേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. സരിത പലകോടതികളിലെ പ്രതിക്കൂടുകളില്‍ കയറിയിറങ്ങി. തടവിലടയ്ക്കപ്പെട്ടു. തടവില്‍ കിടക്കെത്തന്നെ പല കേസുകളിലും പണം നല്‍കി ഒത്തുതീര്‍പ്പുണ്ടായി. ഈ പണത്തിന്റെ ഉറവിടമോ വഞ്ചനാ കേസുകളുടെ ധൃതിപിടിച്ച പിന്‍വലിക്കലുകളോ അന്വേഷണ വിധേയമായിട്ടുണ്ടോ ആവോ. മുന്‍ മുഖ്യമന്ത്രിയുള്‍പ്പെടെ പ്രമുഖരുള്ള ഈ കേസില്‍ ടീം സോളാറിന്റെ നടത്തിപ്പുകാര്‍ കുറ്റക്കാരല്ലെന്ന മട്ടിലാണ് വാര്‍ത്തകള്‍ കാണുന്നത്. തട്ടിപ്പുകാരും അവരെ സഹായിക്കാന്‍ അധികാരം ദുരുപയോഗം ചെയ്ത് തട്ടിപ്പില്‍ പങ്കാളികളായവരും ശിക്ഷിക്കപ്പെടേണ്ടതുണ്ട്.

പണംപോലെ ശരീരവും പങ്കുവെച്ചാണ് ഈ തട്ടിപ്പിനു വട്ടംകൂട്ടിയത്. നേട്ടമുണ്ടാക്കാന്‍ ഉടല്‍വിനിമയവും ആവാമെന്ന് പങ്കാളികളെല്ലാം സമ്മതിക്കുന്നു. അതത്ര ചെറിയ കാര്യമല്ല. ആണഹങ്കാരങ്ങളെ ചൊടിപ്പിച്ചും അതിനു കീഴ്പ്പെട്ടതായി നടിച്ചും പണമുണ്ടാക്കാമെന്നത് വ്യാപാര കൗശലമായി. ജനാധിപത്യത്തിലെ ഇരിപ്പിടങ്ങള്‍ വിസ്മരിച്ച് ഉടല്‍ത്തിളക്കത്തില്‍ ഒരു വഞ്ചനയ്ക്കു കൂട്ടുനിന്നത് കുറ്റമാവാതെ വരില്ല. ഉഭയ സമ്മത പ്രകാരമുള്ള സ്വാഭാവിക ബന്ധം തെറ്റല്ല. അതുപക്ഷെ, ഒരു തട്ടിപ്പിന്റെ പരസ്പരധാരണയോടെയുള്ള പങ്കുവെയ്ക്കലാകുമ്പോള്‍ ഒരു ഭാഗം മാത്രം തെറ്റുകാരെന്നു നമുക്കു കരുതാനുമാവില്ല.

സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഹീനമായ കുറ്റമാണ് നാം ചര്‍ച്ച ചെയ്യുന്നത്. അതില്‍ കുറ്റാരോപിതരായി നില്‍ക്കുന്ന ഒരാളും കുറ്റവിമുക്തരാവുംവരെ ജനാധിപത്യ പൊതുവേദികളെ കളങ്കപ്പെടുത്തരുത്. നിര്‍വ്വഹിച്ചുപോരുന്ന രാഷ്ട്രീയ ഉത്തരവാദിത്തങ്ങളില്‍നിന്നും അവര്‍ മാറി നില്‍ക്കണം. അവരതു ചെയ്യുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് അവരെ പുറത്താക്കണം.. രാജ്യം വലിയ പ്രതിസന്ധികളെ നേരിടുന്ന കാലത്ത് ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ശൈഥില്യത്തിലേക്ക് എടുത്തു ചാരുത്. കളങ്കിതരെ മാറ്റി തെറ്റ് തിരുത്തി മുന്നോട്ടുപോകണം.

അഴിമതിക്കാരെ തുണയ്ക്കുന്ന ഭരണാധികാരികള്‍ക്കും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും തുടര്‍ നടപടികളും പാഠമാകേണ്ടതുണ്ട്

ഫേസ് ബുക്ക് പോസ്റ്റ്‌

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>