സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, Nov 8th, 2017

ഭൂമികയ്യേറ്റങ്ങളും വളരുന്ന ഭൂരാഷ്ട്രീയവും

Share This
Tags

hh

സംസ്ഥാനത്തെ ഭൂരഹിതര്‍ക്ക് നല്‍കാന്‍ ഭൂമിയില്ലെന്നു പറഞ്ഞ് എല്ലാവരേയും കൊച്ചു ഫ്‌ളാറ്റുകളിലേക്ക് ഒതുക്കുന്ന ലൈഫ് പദ്ധതി കൊട്ടിഘോഷിച്ച് ആഘോഷിക്കുകയാണ് പിണറായി സര്‍ക്കാര്‍. കഴിഞ്ഞ ദിവസം ഒരു വീടിനുള്ള സാമ്പത്തികം നല്‍കി സ്വന്തം നാട്ടില്‍ മഞ്ജുവാര്യര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. സത്യത്തില്‍ ടാറ്റായും ഹാരിസണും മാത്രം അനധികൃതമായി കയ്യടക്കിയിട്ടുള്ള ഭൂമി മാത്രം പിടിച്ചെടുത്താല്‍ സംസ്ഥാനത്തെ ഭൂരഹിതരുടെ പ്രശ്‌നം മുഴുവന്‍ പരിഹരിക്കാം. അങ്ങനെ ചെയ്യാന്‍ രാജമാണിക്യത്തിന്റേതടക്കം നിരവധി റിപ്പോര്‍ട്ടുകളുമുണ്ട്. എന്നാല്‍ ഭൂവിഷയത്തില്‍ കേരള സര്‍ക്കാര്‍ കള്ളക്കളിയാണ് നടത്തുന്നതെന്ന് പറയാതെ വയ്യ. വന്‍കിടക്കാരുടെ മാത്രമല്ല, ആരുടേയും ഭൂമികയ്യേറ്റങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. രാഷ്ട്രീയക്കാരും കൈയേറ്റക്കാരും റവന്യൂ ഉദ്യോഗസ്ഥരുമായുള്ള അവിശുദ്ധബന്ധമാണ് ഇതിനു കാരണം. ഇക്കാര്യത്തില്‍ ഏറ്റവും വലിയ ഉദാഹരണമാണ് മന്ത്രി തോമസ് ചാണ്ട്ി. ഭൂപരിഷ്‌കരണനിയമവും നെല്‍വയല്‍ഭൂ നിയമവുമെല്ലാം ലംഘിച്ചാണ് മന്ത്രി ഭൂമികയ്യേറ്റം നടത്തിയതെന്ന് കളക്ടറുടെ റിപ്പോര്‍ട്ട് ഉണ്ടായിട്ടുപോലും അദ്ദേഹത്തെ സംരക്ഷിക്കുന്ന നയത്തോടെ തങ്ങള്‍ ഏതുപക്ഷത്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയാണ് ചെയ്യുന്നത്. മറുവശത്ത് അനധികൃതമായി മണ്ണിട്ടു മൂടിയ കൃഷിഭൂമിക്ക് അംഗീകാരം കൊടുക്കാനുള്ള നീക്കവും ശക്തമാകുന്നു.
ഹാരിസണ്‍, ടാറ്റ കമ്പനികളുടേത് മാറ്റിവെച്ചാല്‍ പോലും കേരളത്തില്‍ 1000 ഏക്കറോളം സര്‍ക്കാര്‍ ഭൂമി പലരും കയ്യേറിയിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇടുക്കി, വയനാട്, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ കൈയേറ്റം. കൈയേറ്റം കണ്ടെത്തിയാല്‍ വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ നല്‍കണം. പിന്നീടു ഭൂസംരക്ഷണനിയമം, ഭൂസംരണക്ഷണ ഭേദഗതിനിയമം എന്നിവപ്രകാരം കൈയേറ്റക്കാര്‍ക്കു നോട്ടീസ് നല്‍കുകയും 15 ദിവസം സാവകാശം നല്‍കി ഭൂമി സര്‍ക്കാരിലേക്കു മുതല്‍ക്കൂട്ടുകയും ചെയ്യണമെന്നാണ് നിയമം. കൈയേറ്റക്കാരുടെ വാദവും കേട്ടശേഷമാകണം നടപടി. എന്നാല്‍ ഇവിടെ ഒന്നും നടക്കുന്നില്ല. മൂന്നാറില്‍ 37 കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയതോടെ ഒഴിപ്പിക്കല്‍ പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. കൊച്ചിയില്‍ ഭൂമി കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടിയെടുത്ത സബ് കലക്ടറായിരുന്ന അദീല അബ്ദുള്ളക്കുണ്ടായ അനുഭവും വ്യത്യസ്ഥമല്ല. റവന്യൂ വകുപ്പ് പിന്തുണച്ചിട്ടുപോലും ഇരുവര്‍ക്കും ദൗത്യം പൂര്‍ത്തിയാക്കാനായില്ല എന്നിടത്താണ് ഭൂമാഫിയയുടെ ശക്തി നാം തിരിച്ചറിയേണ്ടത്. ഈ സാഹചര്യത്തില്‍ നിയമം നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും താല്‍പ്പര്യമില്ലാതാകുന്നത് സ്വാഭാവികം.
തിരുവനന്തപുരം ജില്ലയില്‍ തീരപ്രദേശങ്ങളിലാണു കൂടുതല്‍ കൈയേറ്റം. കായല്‍തീരം കൈയേറി വന്‍കിട റിസോര്‍ട്ടുകളും ആഡംബരവസതികളും നിര്‍മിച്ചിട്ടും ഒഴിപ്പിക്കാന്‍ നടപടിയില്ല. വെള്ളായണി കായല്‍തീരം കൈയേറി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. മറുവശത്ത് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ജനറല്‍ മാനേജരും അസിസ്റ്റന്റ് മാനേജരുമടക്കം കുറ്റക്കാരാണെന്നു കണ്ടെത്തിയിട്ടുണ്ട്. കയ്യേറ്റത്തില്‍ പാര്‍ട്ടികളും മോശമല്ല. മൂന്നാറിലെ സിപിഐ കയ്യേറ്റം പ്രസിദ്ധമാണല്ലോ. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപം കോടികള്‍ വിലമതിക്കുന്ന ഭൂമി കയ്യേറിയിട്ടുണ്ട്. പാലക്കാട് ഡി.വൈ.എഫ്.ഐ. ഓഫീസ് തന്നെ കയ്യേറിയ ഭൂമിയിലാണ്. കാഞ്ഞങ്ങാട് 27.34 ഏക്കര്‍ ബി.ജെ.പിയുടെ പോഷകസംഘടനയാണു കൈയേറിയത്. മൂന്നാറില്‍ കോണ്‍ഗ്രസ് നേതാവ് തന്നെ കയ്യേറി വീടുവച്ചിട്ടുണ്ട്. വനമേഖലകളിലും കയ്യേറ്റങ്ങള്‍ സജീവമാണ്. പുനലൂര്‍ ഡിവിഷനിലെ അമ്പനാര്‍, ഏരൂര്‍, കോട്ടയം ഡിവിഷനിലെ ഉളുപ്പുണ്ണികാനം, കോതമംഗലം ഡിവിഷനിലെ കുടയത്തൂര്‍, ആള്‍ക്കല്ല്, മാങ്കുളം ഡിവിഷനിലെ കല്ലാര്‍, പാലക്കാട് ഈസ്റ്റേണ്‍ സര്‍ക്കിളിനു കീഴില്‍ മണ്ണാര്‍ക്കാട് ഡിവിഷനിലെ പുതുറ, പാലക്കയം, നെന്മാറ ഡിവിഷനിലെ മംഗലംഡാം, മലമ്പുഴ അകത്തേത്തറ, ഒളകര, കോഴിക്കോട് ഡിവിഷനിലെ കാന്തലാട്, കൂരാച്ചുണ്ട്, ചെമ്പനോട, കോടഞ്ചേരി എന്നിവിടങ്ങളില്‍ വനഭൂമി കൈയേറിയിട്ടുണ്ട്.
മറുവശത്ത് 2011 വരെ നികത്തിയ നിലവും തണ്ണീര്‍ത്തടവും നിയമവിധേയമാക്കാന്‍ അവസരം നല്‍കുന്ന തരത്തില്‍ സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിരിക്കുകയാണ്. നിലവും തണ്ണീര്‍ത്തടങ്ങളും നികത്തുന്നതിനെതിരെ ശക്തമായ അവബോധം ഉണ്ടായശേഷവും നികത്തിയവയാണ് ഇവയിലധികവും. നിലംനികത്തിയ ഭൂമി എന്ന പരാമര്‍ശം റവന്യു രേഖകളില്‍നിന്ന് നീക്കപ്പെടുന്നതോടെ ഇത്തരം സ്ഥലങ്ങളില്‍ നിര്‍മാണപ്രവൃത്തികള്‍ നടത്താനാകും.അതോടെ നെല്‍വയല്‍-തണ്ണീര്‍ത്തട നിയമത്തിന്റെ വ്യവസ്ഥകളില്‍നിന്ന് ഒഴിവാകുകയും ചെയ്യും. വീട് നിര്‍മാണത്തിന് ഇപ്പോള്‍ ത്‌ന്നെ ഇളവുണ്ടെങ്കിലും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ക്ക് അനുമതി കിട്ടിയിരുന്നില്ല. ഇനിയതു സാധ്യമാകും. മാത്രമല്ല, വന്‍വിലയ്ക്ക്‌വില്‍ക്കാനുള്ള സാഹചര്യവും സൃഷ്ടിക്കപ്പെടും. അതുവഴി പ്രതാപം കുറഞ്ഞിരിക്കുന്ന ഭൂമാഫിയകള്‍ വീണ്ടും സജീവമാകും.
കേരളത്തിലെ സാമൂഹ്യ – രാഷ്ട്രീയ രംഗത്ത് ഭൂമി സജീവവിഷമായ സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത്. ദളിതരും ആദിവാസികളുമൊക്കെ ഭൂമിക്കായുള്ള പോരാട്ടത്തിലാണ്. രണ്ടാം ഭൂപരിഷ്‌കരണത്തിനായുള്ള ആവശ്യങ്ങളും ശക്തമാണ്. കഴിഞ്ഞ 10 വര്‍ഷമായി ചങ്ങറയിലെ ദളിതര്‍ ഭൂസമരത്തില്‍ പുതിയൊരു ചരിത്രമെഴുതുകയാണ്. എന്നാല്‍ അവിടെ പോലും നുഴഞ്ഞുകയറി മാതൃകാപരമായ ആ പരീക്ഷണത്തെപോലും തകര്‍ക്കാനാണ് ഭരണകൂടശക്തികള്‍ ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഭൂമി കയ്യേറ്റങ്ങളും ഭൂരാഷ്ട്രീയം ഏറ്റവും പ്രാധാന്യമുള്ളതായി മാറുന്നത്.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>