സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Nov 4th, 2017

തനിക്കു കീഴില്‍ സംഭവിച്ച വംശഹത്യയ്ക്ക് മാപ്പുപറയാത്ത നേതാവ് ഒരിക്കലും നീതിമാനാവില്ല

Share This
Tags

tmടി.എം കൃഷ്ണ

ദേശീയോദ്ഗ്രഥനത്തിനായി നല്‍കിയ സംഭാവനയ്ക്കുള്ള പുരസ്‌കാരം സ്വീകരിച്ചുകൊണ്ടാണ് ഞാന്‍ നിങ്ങള്‍ക്കുമുമ്പില്‍ നില്‍ക്കുന്നത്. ഈ പുരസ്‌കാരത്തിന്റെ മഹാത്മ്യത്തെക്കുറിച്ച് പറയുന്നതിനു മുമ്പ് എന്റെ തന്നെ പൗരത്വത്തിന്റെ വ്യത്യാസത്തെക്കുറിച്ച്, സമന്വയമില്ലായ്മയെക്കുറിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാനൊരു സാധാരണ ഇന്ത്യന്‍ പൗരനാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
പക്ഷേ ഒരിക്കലും ഞാനതല്ല. തീര്‍ച്ചയായും അല്ല. ചില വിശേഷാധികാരങ്ങളുള്ള ജാതിയിലും വിഭാഗത്തിലുമാണ് ഞാന്‍ ജനിച്ചുവീണത്. ഈ രാജ്യത്തെ ഇംഗ്ലീഷ് സംസാരിക്കുന്ന, സാംസ്‌കാരികമായി ശാക്തീകരിക്കപ്പെട്ട പൗരനാണ് ഞാന്‍. ഞാനത് തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും അതിന്റെ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ എനിക്കു കഴിയില്ലെങ്കിലും ഇത് വസ്തുതയാണ്.
ഈ ഗുണഗണങ്ങളെല്ലാം ആഴത്തില്‍ ഉറച്ചുപോയ ഒരു പാരമ്പര്യത്തില്‍ ഇന്ന് ഒരു സംഗീതജ്ഞനായ ഞാന്‍ ‘ഇന്ത്യന്‍ സംസ്‌കാരം’ എന്ന രീതിയില്‍ നിരീക്ഷിക്കപ്പെടുന്ന ഒന്നിന്റെ ചിഹ്നമായി മാറിയിരിക്കുന്നു. ഞാനൊരു വരേണ്യനായ പൗരനാണ്. ദളിതരാവുക, മുസ്ലീം ആകുക, അല്ലെങ്കില്‍ ആദിവാസി ആവുകയെന്നത് എന്താണെന്ന് അനുഭവത്തിലൂടെ ഞാന്‍ മനസിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും എനിക്കതിനു കഴിഞ്ഞിട്ടില്ല. തെരുവിലെ മറ്റൊരു വ്യക്തിയാവാനും എനിക്കു കഴിയില്ല.
പക്ഷേ കര്‍ണാടിക് സംഗീതം എന്ന എന്നിലെ കല എനിക്ക് ഒരു വരദാനം നല്‍കിയിട്ടുണ്ട്. അനുഭവങ്ങളുടെ, സഹാനുഭൂതിയുടെ എന്റെ പരിമിതിക്ക് അപ്പുറവും ജീവിതത്തിന്റെ അര്‍ത്ഥം അറിയാനുള്ള വരദാനം. ഈ അനുഭവമാണ്, ജീവിത രീതിയും കലയും, വിശ്വാസവും മതവും ആചാരങ്ങളും എന്നിങ്ങനെ എന്നെ ഞാനാക്കുന്ന എല്ലാ കാര്യങ്ങളുമുണ്ടെങ്കിലും ഇന്ത്യ എന്ന വിശാലമായ പ്രപഞ്ചത്തില്‍ ഒരുബിന്ദുമാത്രമാണ് ഞാന്‍ എന്ന ബോധ്യം എന്നിലുണ്ടാക്കുന്നത്.
കലയുടെ മാഹാത്മ്യം മാത്രമാണ് എന്നെ ഇന്നിവിടെ എത്തിച്ചത്.
മനുഷ്യന്‍ എന്നത് ഏറെ സങ്കീര്‍ണമമായ ഒരു സൃഷ്ടിയാണ്. അതിന്റെ ഒരുഭാഗം രൂപകല്‍പന ചെയ്തിരിക്കുന്നത് സ്വാര്‍ത്ഥത, നിയന്ത്രണം, അധീശത്വം, അച്ചടക്കം, ആജ്ഞ എന്നിവകൊണ്ടാണ്. പക്ഷേ മറ്റൊരു മനോഹരമായ ഭാഗം കൂടി മനുഷ്യനുണ്ട്. സെന്‍സിറ്റീവായ, സഹാനുഭൂതിയും സഹവര്‍ത്തിത്വവുമുള്ള ഒന്ന്. ഓരോ ഭാഗവും ചില തവണ വിജയിക്കുന്ന ഒരു സംഘട്ടനത്തിലൂടെയാണ് ജീവിതത്തിലുടനീളം നമ്മള്‍ കടന്നുപോകുന്നത്.
കുറേക്കൂടി ആഴത്തില്‍ നോക്കുമ്പോള്‍ നമുക്കുവേണ്ടി നമ്മള്‍ സൃഷ്ടിച്ച പരിതസ്ഥിതിയാണ് നമുക്കുള്ളിലെ സഹജമായ മാനവികതയെ രൂപപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് ജനാധിപത്യം മഹത്വപൂര്‍ണവും മാറ്റംവരുത്താന്‍ പറ്റാത്തതുമായ ഉപകരണമാകുന്നത്- മാനവികതയുടെ ഉപകരണമാകുന്നത്. നമ്മയെല്ലാം നല്ല മനുഷ്യര്‍ ആക്കുകയെന്ന ലക്ഷ്യത്തിന്റെ ഊര്‍ജത്തിലാണ് ജനാധിപത്യം അതിജീവിക്കുന്നത്.
എല്ലാ പൗരന്മാരില്‍ നിന്നും സമുദായത്തില്‍ നിന്നും സര്‍ക്കാറില്‍ നിന്നും ജനാധിപത്യം മാനവികത ആവശ്യപ്പെടുന്നു. അതുകൊണ്ടുതന്നെ അത് ഒരിക്കലും എളുപ്പമല്ല. ജനാധിപത്യം പ്രതിസന്ധിയിലായ കാലഘട്ടത്തിലൂടെ നമ്മള്‍ കടന്നുപോയിട്ടുണ്ട്. 1976 ജനുവരിയില്‍ ജനിച്ച ഞാനും ആ പ്രതിസന്ധി കാലഘട്ടത്തിലൊന്നിന്റെ മകനാണ്.
പക്ഷെ ഞങ്ങള്‍ അതിനെ അതിജീവിച്ച് മുന്നോട്ടുപോയി.
വളരുമ്പോള്‍ 1980കളിലും 90കളിലും ദേശീയ ഉദ്ഗ്രഥനമായിരുന്നു എന്റെ പദസമ്പത്തിലെ പ്രധാന ഭാഗങ്ങളിലൊന്ന്. രാഷ്ട്രീയ മേഖലയിലെ നേതാക്കള്‍ ഊന്നല്‍ ഇന്ത്യയ്ക്കു നല്‍കിക്കൊണ്ട് ദേശീയോദ്ഗ്രഥനത്തെക്കുറിച്ച് സംസാരിക്കുമായിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ കാലഘട്ടത്തില്‍ ഭീകരമായ ഹിംസ നടമാടിയപ്പോഴും നമ്മള്‍ അതിനെ അതിജീവിക്കുകയും നമ്മുടെ പൗരസസമൂഹത്തിനുള്ളിലെ പ്രബുദ്ധത നമ്മുടെ ഐക്യത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ 1984ലെ കലാപത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ഖേദപ്രകടനം ഞാന്‍ സൂചിപ്പിക്കുകയാണ്. അതൊരു പ്രതിഫലനം സൃഷ്ടിക്കുന്ന, ഏറെ ആവശ്യമായ ഒരു പ്രസ്താവനയായിരുന്നു. ‘അത് ഒന്നിനും ഒരുമാറ്റവും വരുത്തുന്നില്ലെന്ന്’ ചില വിമര്‍ശകര്‍ പറഞ്ഞേക്കാം. അത് ഭൂതകാലത്തില്‍ മാറ്റം സൃഷ്ടിക്കുന്നില്ല. പക്ഷേ തീര്‍ച്ചയായും ഭാവിയെ മാറ്റുന്നുണ്ട്.
തനിക്കു കീഴില്‍ സംഭവിച്ച ഒരു വംശഹത്യയില്‍ മാപ്പുപറയാത്ത നേതാവ് ഒരിക്കലും നീതിമാനാവില്ല.
ദേശീയോദ്ഗ്രഥനത്തിന്റെ ആശയങ്ങള്‍ക്ക് അതിന്റെ തിളക്കം നഷ്ടപ്പെട്ട ഒരു പുതിയ നൂറ്റാണ്ടിലേക്ക് നമ്മള്‍ പ്രവേശിച്ചിരിക്കുകയാണെന്ന് ഖേദത്തോടെ ഞാന്‍ പറയട്ടെ. ദേശീയോദ്ഗ്രഥനം ആരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നില്ല. ആര്‍ക്കും അതൊരു വിഷയമേയല്ല.
എല്ലാ നന്മകളെയും സ്വീകരിക്കുന്ന നമ്മുടെ സംസ്‌കാരത്തിന്റെ ഇപ്പോഴത്തെ അസ്വീകാര്യതയില്‍ നമ്മള്‍ അമിതമായി അഹങ്കരിക്കുകയും ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്ന കാലഘട്ടവും വിദൂരമല്ല. വികസനത്തെക്കുറിച്ച് നമ്മള്‍ ഒരുപാട് സംസാരിക്കുകയയാണ്. അധികം വൈകാതെ തന്നെ ദേശീയോദ്ഗ്രഥവും കാലഹരണപ്പെട്ടതാകും.
വിവരാവകാശ നിയമം, തൊഴിലുറപ്പുപദ്ധതി പോലെ സാമൂഹ്യസമത്വമുണ്ടാക്കുന്ന നിയമങ്ങള്‍ ഉണ്ടായിട്ടും നമ്മള്‍ നമ്മുടെ ജനതയെ സംരക്ഷിക്കുന്നില്ലെങ്കില്‍, വരാനിരിക്കുന്ന അപകടങ്ങളില്‍ ജാഗരൂകരായില്ലെങ്കില്‍ ഒരു രാഷ്ട്രമെന്ന നിലയില്‍ ഗുരുതരമായ ഭീഷണി നേരിടുന്ന ഒരു കാലഘട്ടത്തില്‍ നമ്മള്‍ എത്തിച്ചേരും.
ദേശീയോദ്ഗ്രഥനം എന്നതിനെ മാറ്റി ‘യുദ്ധതല്‍പരത’ എന്ന ഒരു വികല ദേശീയതയെ പ്രതിഷ്ഠിച്ചിരിക്കുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. എന്ത് കഴിക്കണം, ധരിക്കണം, പറയണം, ചിന്തിക്കണം എന്ന് നമ്മളോട് അവര്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സംസ്‌കാരം എന്ന പേരില്‍ ഒരു ഏകശിലാസ്തംഭമായ ഉത്തരവ് നമുക്കുമേല്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഇന്ത്യന്‍ സംസ്‌കാരം എന്ന ഒന്ന് ഇല്ലെന്ന് ആ സംസ്‌കാരത്തിന്റെ ഭാഗമെന്നു പറയുന്ന മനുഷ്യന്‍ എന്ന നിലയില്‍ ഞാന്‍ അസന്നിഗ്ദ്ധമായി പറയുകയാണ്. ഉള്ളത് ഇന്ത്യന്‍ സംസ്‌കാരങ്ങളാണ്. ബഹുസ്വരതയാണ് സമന്വയത്തിന്റെ അടയാളം. ഐക്യം ഏകാത്മകത വളര്‍ത്തുന്നു. ദേശീയോദ്ഗ്രഥനത്തിലൂടെയുള്ള ഐക്യം ബഹുമാനം വളര്‍ത്തുന്നു.
നമ്മുടെ ജനാധിപത്യത്തെയും ഭരണഘടനയെയും ബഹുസ്വരതയെയും സോഷ്യലിസത്തെയും പൗരത്വത്തെയും ബാധിക്കുന്ന വലിയ വെല്ലുവിളികളെ നമ്മള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ മൂലക്കല്ല് നമ്മുടെ കണ്‍മുമ്പില്‍ തകര്‍ക്കപ്പെടുകയാണ്, കളങ്കിതമാക്കപ്പെടുകയാണ്, ഇടിച്ചുപൊളിക്കപ്പെടുകയാണ്. അതിനായി സ്വീകരിച്ച രീതികള്‍ ഇപ്പോള്‍ രഹസ്യമല്ല. എതിര്‍ക്കുന്നവര്‍ കൊല്ലപ്പെടുകയും പ്രതിരോധിക്കുന്ന നമ്മളെയെല്ലാം പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ്.
ദേശീയോദ്ഗ്രഥനം പൊതുചിന്തയില്‍ തിരിച്ചുകൊണ്ടുവരേണ്ട ഒരു കാലഘട്ടമുണ്ടെങ്കില്‍ അത് ഇതാണ്. കളയാന്‍ ഇനി സമയമില്ല. ആ ഉദ്ഗ്രഥനം വെറും മതന്യൂനപക്ഷങ്ങളില്‍ മാത്രമാകരുത്, ദളിതരിലും ആദിവാസികളിലും, ലിംഗ, വംശ ന്യൂനപക്ഷങ്ങളില്‍കൂടിയാവണം.
ഇന്ത്യയുടെ അടിസ്ഥാന ഘടകം അതിന്റെ സംസ്‌കാരങ്ങളാണ്. അതിനെ വിഷലിപ്തമാകാന്‍ നമ്മള്‍ അനുവദിക്കുകയാണെങ്കില്‍ നമ്മുടെ സാംസ്‌കാരിക പ്രബുദ്ധതയെ മുഴുവന്‍ ബലിപീഠത്തില്‍ വെക്കുകയാണ്. യുദ്ധത്തില്‍ നമ്മള്‍ പരാജയപ്പെടും. ഒരിക്കലും അങ്ങനെ സംഭവിക്കാന്‍ നമ്മള്‍ അനുവദിക്കരുത്.
ചോദ്യം ചെയ്യലിന്റെയും പ്രതിരോധത്തിന്റെയും പര്യവേഷണത്തിന്റെയും ജ്ഞാനസമ്പാദനത്തിന്റെയും യാത്ര ഞാന്‍ തുടരും. ഈ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ഒരു രാജ്യമെന്ന നിലയില്‍ നമ്മളിന്ന് ആരാണെന്നതിനെയും ആരാവണമെന്നതിനെയും സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ സൃഷ്ടിക്കാനുള്ള ഇടനിലക്കാരനാവുകയാണ് ഞാന്‍.
എന്റെ അന്വേഷണങ്ങളില്‍ എനിക്കുമാര്‍ഗദര്‍ശനവും പ്രചോദനവും നല്‍കി ഇതേ വഴിയില്‍ യാത്രചെയ്ത എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. ചുരുക്കി പറഞ്ഞാല്‍, നമ്മുടെ നന്മകളില്‍ വിശ്വസിച്ചിരുന്ന ഇന്ത്യയുടെ ജനാധിപത്യചിന്തകരുടെ പാരമ്പര്യത്തില്‍ തുടരുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്.
അവസാനിപ്പിക്കുന്നതിനു മുമ്പ് ഗാന്ധിജിയുടെ ആശ്രമ ഗീതങ്ങളുടെ ഭാഗമായ ചിലവരികള്‍ ഞാന്‍ ചൊല്ലുകയാണ്. ഈ വാക്കുകള്‍ നമുക്ക് നമ്മുടെ ഹൃദയത്തില്‍ സൂക്ഷിക്കാനും അതിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കാനും കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ദേശീയോദ്ഗ്രഥനത്തിനുള്ള പുരസ്‌കാരം സ്വീകരിച്ച് നടത്തിയ പ്രസംഗം പൂര്‍ണരൂപം- മൊഴിമാറ്റം: ജിന്‍സി ബാലകൃഷ്ണന്‍.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>