സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Nov 4th, 2017

വിഴിഞ്ഞം ഇനിയെന്ത്?

Share This
Tags

vv

ജോസഫ് വിജയന്‍

വിഴിഞ്ഞം തീരദേശ ഇടവകക്കാര്‍ ഇന്ന് നിര്‍ത്തിവച്ച സമരം യഥാര്‍ത്ഥത്തില്‍ തുടങ്ങിയത് പ്രധാനമായും രണ്ട് പ്രശ്‌നങ്ങളിലാണ്. ഒന്ന്, വാണിജ്യ തുറമുഖത്തെ നിര്‍മ്മാണത്തിന് ശേഷം വിഴിഞ്ഞം ഫിഷിംഗ് ഹാര്‍ബറിലെ മീന്‍പിടുത്തക്കാരുടെ വള്ളങ്ങള്‍ അപകടാവസ്ഥ നേരിടുന്നു. നിരവധി വള്ളങ്ങള്‍ക്ക് അടുത്തിടെ കേടുപാടുകള്‍ സംഭവിച്ചു. ഈ പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കുന്നതിന് ഇത് സംബന്ധിച്ച ഒരു വാര്‍ത്ത ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം 19-ന് മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ചത് കാണുക. ഈ പ്രശ്‌നം വാണിജ്യ തുറമുഖത്തിന്റെ പുലിമുട്ട് നിര്‍മ്മാണം കടലിലേക്ക് കൂടുതല്‍ നീളുന്നതോടെ രൂക്ഷമാകും.
രണ്ടാമത്തെ പ്രശ്‌നം, വാണിജ്യ തുറമുഖത്തിനായുള്ള ബര്‍ത്ത് നിര്‍മ്മാണം തുടങ്ങിയതോടെ സമീപ തീരത്തെ നിരവധി വീടുകളുടെ ഭിത്തികള്‍ തകരാന്‍ തുടങ്ങിയതാണ്. ഈ പ്രശ്‌നത്തിന്റെ പേരില്‍ ആദ്യം പണി നിര്‍ത്തിവച്ചിരുന്നു. പിന്നീട് പൈലിംഗ് പണി മൂലമല്ല വീടുകളുടെ തകര്‍ച്ച ഉണ്ടായതെന്ന വാദവുമായി അദാനി പണി പുനരാരംഭിച്ചപ്പോള്‍ സഹികെട്ട വീട്ടമ്മമാരാണ് സമരത്തിന് മുന്നിട്ടിറങ്ങിയത്. ഈ പ്രശ്‌നത്തെ കുറിച്ച് മാതൃഭൂമി പത്രം ജൂലായ് 4-ന് പ്രസിദ്ധീകരിച്ച വാര്‍ത്ത കാണുക. എന്താണ് പൈലിംഗ് പണി എന്നറിയാന്‍ രണ്ട് ചിത്രങ്ങള്‍ നല്‍കിയിരിക്കുന്നതും കാണുക. കപ്പലുകള്‍ അടുപ്പിക്കാനുള്ള ബര്‍ത്തിന് വേണ്ടി ഇത്തരം 600-ലേറെ പൈലിംഗ് തൂണുകളാണ് നിര്‍മ്മിക്കാന്‍ പോകുന്നത്. അപ്പോള്‍ വീടുകളുപേക്ഷിച്ച് പോകാന്‍ ഇവര്‍ നിര്‍ബന്ധിതരാകില്ലേ?
ഈ രണ്ട് പ്രശ്‌നങ്ങളില്‍ നിന്നും വഴുതി മാറി നഷ്ടപരിഹാര പാക്കേജ് വിതരണം സംബന്ധിച്ച പ്രശ്‌നങ്ങള്‍ മാത്രമായി ഈ സമരത്തെ ചിത്രീകരിക്കാനാണ് ഒരു വിഭാഗം ഇടവക നേതാക്കളും പല മാധ്യമങ്ങളും VISL (വിസില്‍) ഉദ്യോഗസ്ഥരും ശ്രമിച്ചത്. നഷ്ടപരിഹാര പാക്കേജില്‍ വിഴിഞ്ഞം ഇടവകയില്‍ പെട്ട ഒരു ചെറിയ വിഭാഗം കമ്പവല തൊഴിലാളികളെ മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്. സമരത്തിന്റെ ഫലമായി അവര്‍ക്ക് ആദ്യം നിശ്ചയിച്ചിരുന്ന രണ്ടര ലക്ഷം രൂപാ വീതം നഷ്ടപരിഹാരം എന്നത് അഞ്ചര ലക്ഷമായി കൂട്ടിയിട്ടുണ്ട്. ഗുണഭോക്താക്കളുടെ എണ്ണവും കൂട്ടിയെന്നറിയുന്നു. (ഇത് പാക്കേജിലുള്‍പ്പെട്ട മറ്റു മതവിഭാഗക്കാരും/കക്കാ വാരുന്നവരും മറ്റും കൂടുതല്‍ തുക ചോദിച്ച് സമരത്തിനിറങ്ങുന്നതിന് ഇടവരുത്തിയേക്കാം).
ഇന്ന് നടന്ന ചര്‍ച്ചയില്‍ ആദ്യം പറഞ്ഞ രണ്ട് പ്രധാന വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു എന്നാണറിയുന്നത്. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ ഗവണ്മെന്റിന്റെ ശ്രദ്ധയില്‍ പെടുത്താമെന്ന കളക്ടറുടെ ഉറപ്പ് മാത്രമാണ് ലഭിച്ചതെന്നും അറിയുന്നു.
സമരത്തിനാധാരമായ മുഖ്യ പ്രശ്‌നങ്ങള്‍ തീരുകയല്ലെന്ന് വ്യക്തം. വിഴിഞ്ഞത്തെ ജനങ്ങള്‍ പലതും തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. പണ്ട് വിഴിഞ്ഞം തുറമുഖ പദ്ധതി എങ്ങനെയെങ്കിലും നടപ്പാക്കണമെന്നാവശ്യപ്പെട്ട്, സെക്രട്ടറിയേറ്റ് നടയില്‍ തുറമുടക്കി പള്ളിയുടെ പണം ചെലവിട്ട് സമരം നടത്തിയ അതേ ആളുകളാണ് ഇപ്പോള്‍ പദ്ധതിയുടെ ദൂഷ്യഫലങ്ങള്‍ക്കെതിരെ സമരത്തിനിറങ്ങിയത്. അന്ന് ഏലിയാസ് ജോണ്‍ എന്നയാള്‍ ഇവരെയെല്ലാം പറഞ്ഞ് പറ്റിച്ചാണ് അങ്ങനെ ചെയ്യിച്ചതെന്ന് ഇന്ന് വിഴിഞ്ഞത്തെ നിരവധി പേര്‍ തിരിച്ചറിയുന്നു, ഏറ്റുപറയുന്നു. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ ഇപ്പോള്‍ നടന്ന സമരത്തെ തള്ളിപ്പറയാനും പകരം അദാനിക്ക് തുറമുഖ നിര്‍മ്മാണത്തിന് എത്രയും വേഗം ഒത്താശ ചെയ്യണമെന്ന് പരസ്യമായി വാദിക്കാനും ഏലിയാസ് ജോണ്‍ മുന്നോട്ടു വന്നതോടെ ഇയാളുടെ കാപട്യം മാത്രമല്ല, ഇയാളുടെ കൂറ് തീരദേശവാസികളോടല്ല മറിച്ച് അദാനിയോടാണെന്ന് അവരിലേറെപ്പേര്‍, പ്രത്യേകിച്ച് യുവജനങ്ങള്‍, തിരിച്ചറിയുന്നു. ഒരു പക്ഷേ ഇപ്പോള്‍ നടന്ന സമരത്തിന്റെ ഒരു നല്ല ഫലം ഇതാണെന്ന് പറയാം.
അദാനി പണികള്‍ പുനരാരംഭിക്കുന്നതോടെ, പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നതോടെ, നിലനില്‍പ്പിനായി വീണ്ടും സമരം ചെയ്യാന്‍ തീരദേശവാസികള്‍ നിര്‍ബന്ധിതരാകുന്ന കാഴ്ചയാണ് ഇനിയുള്ള നാളുകളില്‍ വരാനിരിക്കുന്നത്..

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>