സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Tue, Oct 31st, 2017

കഥ്പുട്‌ലി – പാവകളി ഗ്രാമം സംരക്ഷിക്കണം

Share This
Tags

kathഡോ ആസാദ്

ആനി രാജയ്ക്ക് മര്‍ദ്ദനമേറ്റത് അപൂര്‍വമായ ഒരു സംസ്‌കൃതിയുടെ അതിജീവനപ്പിടച്ചിലുകള്‍ക്ക് തുണയും ആവേശവുമായപ്പോഴാണ്. ലോകത്തിലെ അത്യപൂര്‍വ്വമായ കൂട്ടു ജീവിതമെന്ന് ടൈംപോലെയുള്ള ലോക മാധ്യമങ്ങള്‍ വാഴ്ത്തിയ ഒരു കലാഗ്രാമം തുടച്ചുമാറ്റുകയായിരുന്നു അധികാരികളും ഗുണ്ടകളും. അരുതേയെന്നു തടയാന്‍ ആനിരാജയെത്തി. ലാല്‍സലാം സഖാവേ.
ദില്ലിയുടെ പടിഞ്ഞാറനതിര്‍ത്തിയില്‍ അമ്പതുകളുടെ തുടക്കത്തിലാണ് രാജസ്ഥാനിലെ പാവനിര്‍മ്മാതാക്കളും പാവക്കൂത്തുകാരും തമ്പടിച്ചത്. അവരാണ് കഥ്പുട്‌ലി എന്ന പേരിട്ട് പാവകളിക്കാരുടെ ഗ്രാമമുണ്ടാക്കിയത്. പിന്നീട് മഹാരാഷ്ട്രയില്‍നിന്നും ആന്ധ്രയില്‍നിന്നും ബംഗാളില്‍നിന്നും കലാകാരന്മാര്‍ വന്നു ചേര്‍ന്നു. അവരില്‍ തെരുവു ഗായകര്‍, നര്‍ത്തകര്‍, അഭിനേതാക്കള്‍, ശില്‍പ്പികള്‍, മായാജാലക്കാര്‍, പാമ്പാട്ടികള്‍ എന്നിങ്ങനെ പലമട്ട് കലാകാരന്മാരുണ്ടായിരുന്നു. മുവായിരത്തഞ്ഞൂറിലേറെ കലാ കുടുബങ്ങളുടെ ചേരിയായി കഥ്പുട് ലി പ്രശസ്തമായി.
തലസ്ഥാന നഗരം മോടികൂട്ടണമെന്ന ആശയം ദില്ലി ഡവലപ്‌മെന്റ് അതോറിറ്റിയെ അവിടെയെത്തിച്ചു. ചേരികള്‍ക്ക് തീരെ ഭംഗിയില്ല, പി പി പി വികസന മാതൃകയില്‍ 5.2 ഹെക്ടര്‍ സ്ഥലത്ത് മുവായിരത്തോളം ആഡംബര ഫ്‌ലാറ്റുകളും ഷോപ്പിംഗ് മാളുകളും നിര്‍മിക്കാം എന്നവര്‍ കണ്ടെത്തി. രഹേജ ഡവലപ്പേഴ്‌സിനെ നിശ്ചയിക്കുകയും ചെയ്തു. നഗരം വൃത്തിയാക്കൂന്ന ബി ഒ ടി വികസനത്തിന് കലാകാരന്‍മാരുടെ ചേരി ഒഴിപ്പിക്കുന്നതില്‍ അധികാരികള്‍ ആവേശംകൊണ്ടു. ഉയര്‍ന്ന മധ്യവര്‍ഗത്തിന് ഏറെ അലോസരമുണ്ടാക്കുന്ന ഗാനങ്ങളും നൃത്തങ്ങളും ശില്‍പ്പങ്ങളും മാന്ത്രികാത്ഭുതങ്ങളും ബുള്‍ഡോസറില്‍ അവസാനിപ്പിക്കണമായിരുന്നു അവര്‍ക്ക്.
ഞങ്ങളുടെ കലയാണ് ഞങ്ങളുടെ ജീവിതം. വേഷവും ശൈലിയുമെല്ലാം കലയുടെ സവിശേഷതയില്‍ രൂപപ്പെട്ടതാണ്. ഞങ്ങളുടെ തനിമ ഇതാണ്. രണ്ടു വര്‍ഷംമുമ്പ് കുടിയൊഴിക്കല്‍ ഭീഷണി നേരിട്ടപ്പോള്‍ അസീസ് ഖാന്‍ എന്ന മഹാ മജിഷ്യന്‍ ടൈം മാസികയോടു പറഞ്ഞതാണിത്. 1995ല്‍ ഇന്ത്യന്‍ റോപ് ട്രിക്കെന്ന മായാജാലത്തിലൂടെ ഗിന്നസ് റിക്കാര്‍ഡ് സ്ഥാപിച്ചയാളാണ് അസീസ് ഖാന്‍.
ടൈം മാസിക എഴുതിയത് (2014 മാര്‍ച്ച് 4) ലോകത്തിലെ ഏറ്റവും വലിയ തെരുവു കലാ സമൂഹം പറിച്ചെറിയപ്പെടുന്നു എന്നാണ്. അവിടത്തെ കലാകാരന്മാരെ ഫ്‌ലാറ്റുകളില്‍ പുനരധിവാസം നല്‍കാമെന്ന വാഗ്ദാനമുണ്ട്. പക്ഷെ, കലാകാരന്മാര്‍ ചോദിക്കുന്നത് ആ ചതുരക്കട്ടകളില്‍ ഞങ്ങളുടെ ശില്‍പ്പങ്ങളും നെടുങ്കന്‍ കോലങ്ങളും കലാ ഉപകരണങ്ങളും എങ്ങനെ നിലനിര്‍ത്താനാവുമെന്നാണ്. പുറം തള്ളലുകളേ നടക്കൂ. എവിടേയ്‌ക്കെങ്കിലും ചിതറിത്തെറിപ്പിച്ച് നാമാവശേഷമാക്കുകയാണ് ഒരു സമൂഹത്തെ. വൈവിദ്ധ്യമാര്‍ന്ന സംസ്‌കൃതിയുടെ ജൈവപ്രകൃതിയാണ് ഇല്ലാതാവുക.
മഹത്തായ പാരമ്പര്യത്തില്‍ ഊറ്റംകൊള്ളുന്നവരാരും ആ കലാഗ്രാമത്തിന്റെ നിലവിളി കേട്ടില്ല. പൊലീസും ഗുണ്ടകളും ഉദ്യോഗസ്ഥരുമെല്ലാം ഒരു ബി ഒ ടി പദ്ധതിയുടെ ഉന്മാദത്തിലായിരുന്നു. യഥാര്‍ത്ഥ ഇന്ത്യയെ മെതിച്ചമര്‍ത്തുന്ന പുതിയ തുര്‍ക്കുമാന്‍ ഗേറ്റ് സ്വപ്നത്തെ തടയാനാണ് കലാകാരന്മാര്‍ക്കൊപ്പം ആനിരാജയും സഖാക്കളും ധൈര്യപ്പെട്ടത്. ആ സന്നദ്ധത, രാജ്യത്തെമ്പാടും കോര്‍പറേറ്റ് വികസനം ചവിട്ടി പുറംതള്ളുന്ന നിസ്വ ജന വിഭാഗത്തോടുള്ള ഐക്യദാര്‍ഢ്യമായി കാണണം.
ആനിരാജയെയും സഖാക്കളെയും അക്രമിച്ചവരെ പിടികൂടി ശിക്ഷിക്കണം. ഇങ്ങനെയൊരു സാഹചര്യത്തിനിടയാക്കിയ തെറ്റായ വികസന നയം ഗവണ്‍മെന്റ് തിരുത്തണം. കഥ് പുട് ലിയെ അവിടത്തെ മനുഷ്യരെ പുറംതള്ളി ഭംഗികൂട്ടാമെന്നോ റിയല്‍ എസ്റ്റേറ്റ് വ്യാപാര കേന്ദ്രമാക്കാമെന്നോ ഉള്ള മോഹം അധികാരികള്‍ ഉപേക്ഷിക്കണം. അതിനുള്ള പിന്തുണയും ഊര്‍ജ്ജവും നല്‍കാന്‍ രാജ്യത്തെ പൊരുതജീവിക്കുന്ന മനുഷ്യര്‍ സന്നദ്ധരാവണം.
ഒരിക്കല്‍ക്കൂടി ആനി രാജയ്ക്കും സഖാക്കള്‍ക്കും അഭിവാദ്യം

ഫേസ് ബുക്ക് പോസ്റ്റ്

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>