സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Oct 27th, 2017

ഈ പുസ്തകം പ്രതികാരമല്ല, സത്യാന്വേഷണ പരീക്ഷയാണ്

Share This
Tags

nnn

എസ് നമ്പി നാരായണന്‍

ഞാന്‍ കുറ്റാരോപിതനായിരുന്ന ഐ എസ് ആര്‍ ഒ ചാര കേസിനെ മാത്രം കേന്ദ്രീകരിച്ചുള്ള ഒന്നല്ല ഈ പുസ്തകം. അതേസമയം 1994ല്‍ ആരംഭിച്ചതും ചാരപ്പണിയും ലൈംഗികതയും റോക്കറ്റ് സയന്‍സുമെല്ലാമടങ്ങിയ അന്താരാഷ്ട്രതലത്തിലുള്ള ഗൂഢാലോചനയും കേരള പോലീസിന്റെ സൃഷ്്ടിയുമെന്ന് പിന്നീട് തെളിഞ്ഞതുമായ ചാര കേസ് ഈ പുസ്തകത്തിന്റെ പ്രധാന പ്രതിപാദ്യവിഷയം തന്നെയാണ്.
എന്റെ ജീവിതത്തേയും ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങളേയും ചാരകേസിനു മുമ്പ് – പിമ്പ് എന്ന ് രണ്ടായി വേര്‍തിരിച്ച സംഭവമാണ് ഐ എസ് ആര്‍ ഒ കേസ്. ചാരകേസുമായി ബന്ധപ്പെട്ട് 1994ല്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ എന്റെ പ്രായം 53 ആയിരുന്നു. വിക്രം സാരാഭായുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി ഫോര്‍ സ്‌പെയ്‌സ് റിസര്‍ച്ച് സ്ഥാപിക്കപ്പെട്ട് ഇന്ത്യ ബഹിരാകാശ ഗവേഷണരംഗത്ത് പ്രവേശിച്ച് അന്ന് 31 വര്‍ഷമായിരുന്നു. ഐ എസ് ആര്‍ ഒവിന്റെ ക്രയോജനിക് പ്രോജക്ട് ഡയറക്ടറായി ചാര്‍ജ്ജെടുക്കുകയും റഷ്യയില്‍ നിന്ന് സാങ്കേതിക വിദ്യ തേടുകയും ചെയ്ത ആ കാലഘട്ടമാണ് എന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ കാലമെന്നു പറയാം. തൊട്ടുമുമ്പത്തെ മാസം മാത്രമായിരുന്നു ഐ എസ് ആര്‍ ഒ ആദ്യമായി പി എസ് എ ല്‍ വി വിക്ഷേപണം വിജയകരമായി നടത്തിയതും ബഹിരാകാശരംഗത്തെ ഇന്ത്യയുടെ കുതിപ്പിനു തുടക്കമിട്ടതും. എങ്ങനെയാണ് മാലി യുവതിയോട് ഒരു പോലീസ് ഓഫീസര്‍ക്ക് തോന്നിയ ആസക്തി പ്രമാദമായ ഒരു ചാരകേസായി മാറിയതെന്നും എങ്ങനെയാണ് കോണ്‍ഗ്രസ്സിലെ ഒരുവിഭാഗം സര്‍ക്കാരിനെ വീഴ്ത്താനുള്ള തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യത്തിനായി അതിനെ ഉപയോഗിച്ചതെന്നും എങ്ങനെയാണ് നമ്മുടെ ഇന്റലിജെന്റ്‌സ് ബ്യൂറോ ആഗോളതലത്തില പല ശക്തികളുമായി കൈകോര്‍ത്ത് ബഹിരാകാശ രംഗത്തെ് ഇന്ത്യയുടെ കുതിപ്പിനു തടയിടാന്‍ ഈ സംഭവത്തെ ഉപയോഗിച്ചതെന്നും ഈ പുസ്തകം വ്യക്തമാക്കുന്നു. എന്തായാലും ആ ഗൂഢാലോചന കാലം തകര്‍ത്തു. കേസ് വ്യാജമെന്ന് കണ്ടെത്തിയ സിബിഐ പ്രതികളെന്ന് ആരോപിക്കപ്പെട്ട ആറുപേരും നിരപരാധികളണെന്നു തെളിയിച്ചു. മാത്രമല്ല കള്ളകേസ് മെനഞ്ഞുണ്ടാക്കിയ ഐബിയിലേയും കേരള പോലീസിലേയും ഉദ്യോഗസ്ഥരുടെ പേരുകള്‍ വ്യക്തമാക്കികൊണ്ട് അവര്‍ക്കെതിരെ നടപടിയെടുക്കാനാവശ്യപ്പെട്ട് സര്‍ക്കാരിന് രഹസ്യ റിപ്പോര്‍ട്ടും നല്‍കി. എന്റെ കുടുംബത്തിന് ആത്മാഭിമാനം തിരിച്ചുകിട്ടി. ചാരന്റെ മക്കള്‍ എന്ന ആരോപണത്തില്‍ നിന്ന് മക്കള്‍ക്ക മോചനം ലഭിച്ചു. മീഡിയ എന്നെ ഫീനിക്‌സ് പക്ഷിയാക്കി. എന്നാല്‍ ചിലതൊന്നും തിരിച്ചു കിട്ടിയില്ല. എന്റെ കരിയറും ഭാര്യയുടെ മാനസികാരോഗ്യവും മറ്റും.
തീര്‍ച്ചയായും കുടുംബത്തേക്കാല്‍ വേഗത്തില്‍ രാഷ്ട്രവും തിരിച്ചുവന്നു. ഇന്ത്യയുടെ പി എസ് എല്‍ വി പ്രോഗ്രാം ഇന്ന് ലോകത്തുതന്നെ ഏറ്റവും മികച്ചതാണ്. ഭാരമേറിയ കൃത്രിമോപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിക്കാനുള്ള ക്രയോോജനിക് റോക്കറ്റ് എഞ്ചിനുകള്‍ നമ്മള്‍ തന്നെ നിര്‍മ്മിക്കുന്നു. അങ്ങനെ പ്രപഞ്ചരഹസ്യങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളില്‍ പങ്കാളിയാകുന്നു. അപ്പോഴും ഈ നേട്ടത്തെ 15 വര്‍ഷമെങ്കിലും വൈകിപ്പിക്കാന്‍ ചാരകേസിനായി എന്നു മറക്കരുത്. അതില്‍ നിന്ന് നേട്ടമുണ്ടാക്കിയവര്‍ ഉണ്ടെന്നുറപ്പ്. ഉപഗ്രഹ വിക്ഷേപണത്തിനു ഇന്ത്യ ഈടാക്കുന്നത് നാസ ഈടാക്കുന്നതിന്റെ പകുതി തുകയാണ്. കോളോറാഡ കേന്ദ്രീകരിച്ച ഒരു സ്‌പേസ് ഫൗണ്ടേഷന്റെ 2015ലെ പഠനപ്രകാരം ബഹാരാകാശ ഗവേഷണമേഖയിലെ 2014ലെ ആഗോളചിലവ് 330 ബില്ല്യണ്‍ ഡോളറായിരുന്നു. അത് മുന്‍വര്‍ഷത്തേക്കാള്‍ 9 ശതമാനം വര്‍ദ്ധനവാണ്. അതില്‍ 75 ശതമാനുവും ഉപഗ്രഹവിക്ഷേപണത്തിനും കമ്മേഴ്‌സ്യല്‍ ചിലവുകള്‍ക്കുമാണ്. 1992ല്‍ ഇന്ത്യയും റഷ്യയും ക്രയോജനിക് സാങ്കേതിക വിദ്യ കൈമാറാന്‍ തീരുമാനിച്ചപ്പോള്‍ അമേരിക്ക ഇരുരാജ്യങ്ങള്‍ക്കുമേര്‍പ്പെടുത്തിയ വിലക്കുകള്‍ മറക്കാറായിട്ടില്ലല്ലോ. ചാരകേസിന്റെ സമയവും ഐബിയിലെ ഉന്നത ഉദ്യോഗസ്ഥന്റെ സിഐഐ ബന്ധവും കേസുമായി അതിനുള്ള ബന്ധവുമൊക്കെ വളരെ പ്രകടമാണ്. ഒരിക്കല്‍ ഞാനെല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ ജനം എല്ലാം അറിയണമെങ്കില്‍ ഞാന്‍ ജീവിച്ചിരിക്കണമല്ലോ. ഈ പുസ്തകം ഒരു പ്രതികാരമല്ല, അതിനേക്കാള്‍ ശക്തമായ സത്യോന്വേഷണ പരീക്ഷയാണ്.

(തൃശൂര്‍ കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച ഓര്‍മ്മകളുടെ ഭ്രമണപഥം എന്ന ആത്മകഥക്കെഴുതിയ മുഖവുര)

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>