സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, Oct 25th, 2017

ബിജെപി അജണ്ട നടപ്പാക്കാനോ കേരള സര്‍ക്കാര്‍?

Share This
Tags

EDഡോ ആസാദ്

ബി ജെ പി ഗവണ്‍മെന്റ് നിര്‍ദ്ദേശിക്കുന്ന അജണ്ടകളെല്ലാം അതിവേഗം നടപ്പാവുന്ന സംസ്ഥാനമായി കേരളം മാറുന്നുണ്ടോ? യോഗദിനാചരണം അത്തരമൊരു പരിപാടിയല്ല, പാര്‍ട്ടിക്കും പൊലീസിനുമൊക്കെ സ്വീകാര്യമാണ് എന്ന നിലപാടു നാം കണ്ടു. ബംഗാളില്‍ മമതപോലും തള്ളിക്കളയുന്ന പദ്ധതികള്‍ ഇവിടത്തെ ഇടതുപക്ഷ ഗവണ്‍മെന്റിന് പ്രിയതരമായി. ഇപ്പോഴിതാ ആര്‍ എസ് എസ് ദാര്‍ശനികനും ജനസംഘം നേതാവുമായിരുന്ന ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷം കേമമായി നടത്താന്‍ കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരിക്കുന്നു.(No.QIP (2) 53349/ 2017 /DPI dated 31 -08 -2017 ).
കഴിഞ്ഞ വര്‍ഷ(2016)മായിരുന്നു ദീനദയാലിന്റെ ജന്മശതാബ്ദി വര്‍ഷം. ഇപ്പോള്‍ മാനവ വിഭവശേഷി വകുപ്പ് സെക്രട്ടറി അയച്ച അര്‍ദ്ധ ഔദ്യോഗിക അറിയിപ്പിന്റെ ബലത്തിലാണ് നമ്മുടെ വിദ്യാഭ്യാസ വകുപ്പ് ആര്‍ എസ് എസ് പ്രചാരണം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ദീനദയാല്‍ ആരായിരുന്നുവെന്നോ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലോ രാഷ്ട്ര നിര്‍മാണത്തിലോ ബന്ധപ്പെട്ടിരുന്നുവോ എന്നോ ഗവണ്‍മെന്റ് ശ്രദ്ധിച്ചില്ല.
ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു ജയില്‍വാസം അനുഷ്ഠിക്കാനല്ല, ഹിന്ദുത്വ പ്രചാരകനാവാനാണ് താന്‍ താല്‍പ്പര്യപ്പെടുന്നതെന്ന് സ്വാതന്ത്ര്യ സമരം കത്തിനിന്ന കാലത്താണ് ഉപാധ്യായ പ്രഖ്യാപിച്ചത്. ഹെഗ്‌ഡെവാറിനെ ചെന്നു കണ്ടു ശിഷ്യത്വം സ്വീകരിച്ച് ആര്‍ എസ് എസ്സിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായത് നാല്‍പ്പതുകളുടെ തുടക്കത്തിലാണ്. പതുക്കെ ഹിന്ദുത്വ ആശയ രൂപീകരണത്തിലേക്കും അതിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്കും കടന്ന് രാഷ്ട്ര ധര്‍മ്മ, പാഞ്ചജന്യം, സ്വദേശ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ മുഖ്യ നടത്തിപ്പുകാരനായി. രാജ്യ താല്‍പ്പര്യങ്ങള്‍ക്കെതിരായ ആശയങ്ങളായതിനാല്‍ ഇവ ചിലഘട്ടങ്ങളില്‍ നിരോധിക്കപ്പെടുകയുമുണ്ടായി.
സ്വാതന്ത്ര്യ പൂര്‍വ്വ ഘട്ടത്തില്‍ ഗാന്ധിയന്‍ നയങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും എതിരായ സൈദ്ധാന്തിക കാഴ്ച്ചപ്പാട് ഹിന്ദുത്വ ദേശീയതയുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്താന്‍ ദീനദയാല്‍ നിയുക്തനായി. ഗോള്‍വാള്‍ക്കര്‍ നിര്‍ദ്ദേശിച്ച തത്വങ്ങളിലും ശത്രുപ്രഖ്യാപനങ്ങളിലും ഊന്നിയുള്ള ശ്രമമായിരുന്നു അത്. ജനാധിപത്യം ഒരു മികച്ച മാതൃകയായി അദ്ദേഹം അംഗീകരിച്ചില്ല.
സ്വാതന്ത്ര്യാനന്തര കാലത്ത് അനുകൂലാന്തരീക്ഷത്തില്‍ രാഷ്ട്രീയാധികാരം മോഹിപ്പിച്ചുവെങ്കിലും തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചില്ല. ജനസംഘമെന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നത് ഇക്കാലത്താണ്. 1967 -68 കാലത്ത് ജനസംഘം പ്രസിഡണ്ടുമാകുന്നുണ്ട് ദീനദയാല്‍. 1950 മുതല്‍ രാഷ്ട്രീയാധികാരം ലക്ഷ്യമാക്കിയുള്ള ഹിന്ദുത്വ പ്രചാരണത്തിനായിരുന്നു ഊന്നല്‍. നെഹ്‌റുവിയന്‍ നയങ്ങളോടു വിയോജിച്ച് ഒരു സ്വദേശി നയം അവതരിപ്പിച്ചത് അദ്ദേഹമാണ്. അതി ദ്രുതവും വിപുലവുമായ വ്യവസായവത്ക്കരണത്തെയും ആധുനീകരണത്തെയും എതിര്‍ത്ത് വ്യക്തിഗത സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സാമ്പത്തിക വീക്ഷണമാണ് ദീനദയാല്‍ മുന്നോട്ടുവെച്ചത്. ഇത് വിശദീകരിക്കുന്ന രണ്ടു പദ്ധതികള്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ മോഡിക്കോ മുമ്പ് വാജ്‌പേയ്‌ക്കോ ഭരണത്തില്‍ പിന്തുടരാനാവാത്ത ആശയമായിരുന്നു അതിലെന്ന് വ്യക്തം. എന്നാല്‍ പുതിയ പദ്ധതികള്‍ക്കു നാമകരണം ചെയ്യുമ്പോള്‍ അന്ത്യോദയ പോലുള്ള പദങ്ങള്‍ അദ്ദേഹത്തില്‍നിന്നു സ്വീകരിച്ച് ഹിന്ദുത്വ രാഷ്ട്രീയത്തെ സമ്പന്നമാക്കുകയാണ് മോഡി.
കോണ്‍ഗ്രസ്സുപാര്‍ട്ടിയുടെ ജനാധിപത്യ ആശയങ്ങളോടും കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സോഷ്യലിസ്റ്റാശയങ്ങളോടും വിയോജിച്ച് ഹിന്ദുത്വ രാഷ്ട്രീയത്തിന് ഒരു പ്രത്യയശാസ്ത്ര മുഖമുണ്ടാക്കാനും ശ്രമമുണ്ടായി. സമഗ്ര മാനവികതയുടെ ദര്‍ശനമായി ഹിന്ദുത്വത്തെ നിര്‍വ്വചിക്കുകയായിരുന്നു അദ്ദേഹം. ഏറെക്കാലം ഇതായിരുന്നു ജനസംഘത്തിന്റെ മാനിഫെസ്റ്റോ. ആര്‍ എസ് എസ്സിന്റെയും ജനസംഘത്തിന്റെയും ദാര്‍ശനികനും പ്രവര്‍ത്തകനും എന്നതില്‍ക്കവിഞ്ഞ് രാഷ്ട്രനിര്‍മാണത്തില്‍ ഇങ്ങനെ ആദരിക്കപ്പെടേണ്ട പങ്ക് അദ്ദേഹത്തിന്റെതായി കാണുന്നില്ല. ഇതുപോലുള്ള സങ്കുചിത മത ദര്‍ശനങ്ങളുടെയും അതിലൂന്നുന്ന രാഷ്ട്രീയ വീക്ഷണങ്ങളുടെയും വക്താക്കള്‍ക്കും നേതാക്കള്‍ക്കും രാഷ്ട്രത്തിന്റെ മതേതര പ്രഭാവത്തിനുമേല്‍ കയറി നില്‍ക്കാന്‍ അവസരമുണ്ടാക്കുകയാണ് മോഡി- അമിത്ഷാ ഭരണം. അതപ്പടി സ്വീകരിക്കേണ്ട ബാധ്യത സംസ്ഥാനങ്ങള്‍ക്കില്ല. വിദ്യാഭ്യാസം ഒരു കേന്ദ്രാധികാര വിഷയവുമല്ല. സംസ്ഥാനത്തെ വിദ്യാഭ്യാസത്തിന് വേറിട്ട വഴിയും ചരിത്രവുമുണ്ട്.
ഇതിനിടയിലും ആര്‍ എസ് എസ്സിന്റെ വിദ്യാഭ്യാസ വിഭാഗം ചില പുസ്തകങ്ങളും സ്‌കോളര്‍ഷിപ്പു പരീക്ഷകളുമായി നമ്മുടെ പൊതു വിദ്യാലയങ്ങളില്‍ കടന്നു കയറുന്നതായി വാര്‍ത്തയുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ഇല്ലാതെ ഹിന്ദുത്വ പ്രചാരണത്തിന് പൊതു വിദ്യാലയങ്ങളിലേക്കു കടന്നു കയറുന്ന രീതി ആശാസ്യമല്ല. അത് ഗൗരവപൂര്‍വ്വം കാണാന്‍ ഗവണ്‍മെന്റ് തയ്യാറാവണം. സിലബസ്സും പാഠപുസ്തകങ്ങളും മാറ്റി വിദ്യാഭ്യാസത്തിന്റെ സത്തയും മതേതര സ്വഭാവവും അട്ടിമറിക്കുന്ന പ്രവര്‍ത്തനം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ശക്തമാണ്. ഇപ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും കേരളത്തില്‍ അതേ അജണ്ട പ്രവേശിക്കുന്നു. ഇടതുപക്ഷത്തുനിന്നു പ്രതീക്ഷിക്കുന്ന ജാഗ്രത കാണുന്നില്ല എന്നു പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. ആര്‍ എസ് എസ് നേതാവിന്റെ ദിനാചരണം കാമ്പസുകളിലേയ്ക്കു കൊണ്ടുപോകുന്നത് തെറ്റായ കീഴ് വഴക്കമാണ് സൃഷ്ടിക്കുക. അത്തരം ശ്രമങ്ങളെ കരുതിയിരിക്കേണ്ടതുണ്ട്

ഫേസ് ബുക്ക് പോസ്റ്റ്

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>