സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, Oct 25th, 2017

ഫാസിസ്റ്റുകള്‍ കച്ച മുറുക്കുന്നു

Share This
Tags

rss

ഗുജറാത്തടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പുകള്‍ സംഘപരിവാര്‍ ശക്തികളേയും മോദിയേയും അമിത് ഷായേയുമൊക്കെ ഏറെ പരിഭ്രാന്തരാക്കിയെന്നു വേണം കരുതാന്‍. പഞ്ചാബിലും കേരളത്തിലും മഹാരാഷ്ട്രയിലും ഡെല്‍ഹിയിലുമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പല തെരഞ്ഞെടുപ്പുകളിലും വലിയ തിരിച്ചടികളാണ് സംഘപരിവാറിന് നേരിടേണ്ടി വന്നിട്ടുള്ളത്. രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലകളില്‍ എബിവിപിയും കനത്ത തിരിച്ചടി നേരിട്ടു. ഈ നിലക്കു പോയാല്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മാത്രമല്ല, അധികം വൈകാതെ വരാന്‍ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പിലും പ്രതീക്ഷിക്കുന്ന വിജയം ലഭിക്കില്ല എന്നു മാത്രമല്ല, ചിലപ്പോള്‍ അധികാരത്തില്‍ നിന്നു പുറത്തുപോകേണ്ടിവരുമെന്നും മോദിയും ഷായും തിരിച്ചറിയുന്നു എന്നു വേണം കരുതാന്‍. വീണ്ടും വര്‍ഗ്ഗീയ വികാരങ്ങള്‍ ഇളക്കിവിടാനുള്ള ശ്രമമാരംഭിച്ചിരിക്കുന്നത് അതിന്റെ ഭാഗമായിട്ടുവേണം എന്നു കരുതാം.

സാക്ഷാല്‍ ഗുജറാത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ പോലും തങ്ങള്‍ക്ക് ഗുണകരമല്ല എന്നു സംഘപരിവാര്‍ ശക്തികള്‍ മനസ്സിലാക്കുന്നുണ്ട്. ദളിതുകളും ഠാക്കൂര്‍മാരുമടക്കം വിവിധ സാമുദായിക സംഘടനകളെഐക്യപ്പെടുത്താനുള്ള കോണ്‍ഗ്രസ് ശ്രമം മുന്നോട്ടുപോകുന്നതാണ് ബിജെപിക്ക് മുഖ്യഭീഷണിയായിരിക്കുന്നത്. പട്ടേല്‍ സമുദായ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍, ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂര്‍, ദളിത് മുന്നേറ്റ പ്രവര്‍ത്തകനും അംബേദ്കര്‍ അനുയായിയുമായ ജിഗ്‌നേഷ് മേവാനി, ജനതാദള്‍ യുണൈറ്റഡ് നേതാവ് ഛോട്ടു വാസവ തുടങ്ങിവരുമെല്ലാമായി കോണ്‍ഗ്രസ്സ് നല്ല ബന്ധത്തിലാണ്. അല്‍പേഷ് ഠാക്കൂര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു കഴിഞ്ഞു. മറ്റുള്ളവരാകട്ടെ ബിജെപിയെ പരാജയപ്പെടുത്താന്‍ സഖ്യത്തിനു തയ്യാറാണെന്നു സൂചിപ്പിച്ചു കഴിഞ്ഞു. അതിനിടയില്‍ കോടികളിറക്കി കളിക്കാനുള്ള നീക്കം പരസ്യമായതും ബിജെപിക്ക് നാണക്കേടായി.
മോദി ഭരണം നാലുവര്‍ഷമാകാറായിട്ടും തെരഞ്ഞെടുപ്പു സമയത്തു നല്‍കിയ വാഗ്ദാനങ്ങള്‍ മിക്കവാറും നിര്‍വ്വഹിക്കാനായില്ല എന്നു മാത്രം പല കാര്യങ്ങളിലും രാജ്യം പുറകോട്ടുപോകുകയാണുണ്ടായത്. തൊഴില്‍ അവസരങ്ങള്‍ ഇരട്ടിയാക്കും എന്ന് പറഞ്ഞാണ് മോഡി അധികാരത്തില്‍ വന്നത്. കണക്കുകള്‍ പ്രകാരം ഉള്ള തൊഴില്‍കൂടി ഇല്ലാതാവുകയാണ്. സാമ്പത്തിക വളര്‍ച്ചയില്‍ രാജ്യം പുറകോട്ടായി എന്നു പ്രധാനമന്ത്രി തന്നെ സമ്മതിച്ചു. നോട്ടുനിരോധനത്തിന്റെ തിക്തഫലങ്ങള്‍ തുടരുകയാണ്. ജിഎസ്ടിയും എവിടെ എത്തുമെന്ന് ആര്‍ക്കും ഉറപ്പില്ല. ചൈനയില്‍ നിന്നുള്ള ഇറക്കുമതി കൂടുകയും കയറ്റുമതി കുറയുകയും ചെയ്തു. പെട്രോള്‍ – ഡീസല്‍ വില ദിനം പ്രതി വര്‍ദ്ധിക്കുന്നു. പാക്കിസ്ഥാനും ചൈനയുമായുള്ള ബന്ധം വഷളായി. പട്ടിക നീളുകയാണ്. ദളിത് പ്രക്ഷോഭങ്ങളും കര്‍ഷക പ്രക്ഷോഭങ്ങളും വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്. ഇതിനൊന്നും മറുപടിയില്ലാത്ത സാഹചര്യത്തില്‍ വിജയ് സിനിമക്കും ടാജ് മഹളിനും നേരെ വികാരങ്ങള്‍ ഇളക്കിവിടാന്‍ ശ്രമിക്കുന്നതെന്നത് യാദൃച്ഛികമാണെന്നു കരുതാനാവില്ല. ലക്ഷ്യം വര്‍ഗ്ഗീയ വികാരങ്ങള്‍ ഇളക്കിവിട്ട് വോട്ടാക്കി മാറ്റാന്‍ ശ്രമിക്കല്‍ തന്നെ. അതാണല്ലോ മോദിയുടെ രീതിയും.
അക്രമിക്കപ്പെടുന്ന മെര്‍സല്‍ സിനിമതന്നെ വാസ്തവത്തില്‍ ഈ വിഷയങ്ങള്‍ തന്നെയാണിന്നയിക്കുന്നത്. 120 കോടി ജനങ്ങളില്‍ വെറും 120 പേര്‍ സമ്പന്നരാകുന്നതിനെയല്ല വികസനം എന്നു വിളിക്കേണ്ടത്, വെറും 6% GST വാങ്ങുന്ന സിംഗപ്പൂരില്‍ മരുന്നുകള്‍ ഫ്രീ ആയി നല്കുമ്പോള്‍, 28% GST വാങ്ങുന്ന നമ്മുടെ രാജ്യത്ത് എന്തുകൊണ്ട് നല്‍കിക്കൂടാ?, ഓക്‌സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരിച്ചു വീഴുന്നു, കാരണം രണ്ടുകൊല്ലമായി ഓക്‌സിജന്‍ സപ്ലൈ ചെയ്യുന്ന കമ്പനിക്ക് പണം നല്കിയില്ല, ആരാധനാലയങ്ങളല്ല എല്ലാ സൗകര്യങ്ങളോട് കൂടിയ ആശുപത്രികളാണ് രാജ്യത്തിനാവശ്യം, മനുഷ്യന്റെ ജീവന്‍ എടുക്കുന്ന മദ്യത്തിന് 0% GST. മനുഷ്യന്റെ ജീവന്‍ രക്ഷിക്കുന്ന മരുന്നിനു 12% GST തുടങ്ങിയ, സിനിമയിലെ ചില ഡയലോഗുകളാണ് സംഘപരിവാര്‍ ശക്തികളെ പ്രകോപിപ്പിച്ചത്. എന്നാല്‍ സിനിമാ ലോകം ഒന്നടങ്കം വിജയിനൊപ്പം നിന്നത് അവര്‍ക്ക് നല്‍കിയത് ക്ഷീണം തന്നെയാണ്. തുടര്‍ന്നാണ് വിജയ് കൃസ്ത്യാനിയാണെന്നു പ്രചരണം തുടങ്ങിയത്. രാജാവിനെയും പരിവാരങ്ങളെയും പ്രീണിപ്പിച്ചു കവിതകള്‍ എഴുതി പട്ടും വളയും വാങ്ങാന്‍ ഇത് രാജഭരണമല്ല, ജനാധിപത്യമാണ്, ജനാധിപത്യത്തില്‍ ആരും വിമര്‍ശനത്തിന് അതീതരല്ല എന്നതാണ് ഇക്കൂട്ടര്‍ മറക്കുന്നത്.
ടാജ് മഹലിനെതിരായ പ്രചരണങ്ങളും കൃത്യമായ ലക്ഷ്യത്തോടെ ഉയര്‍ത്തി കൊണ്ടുവരുന്നതാണ്. ബാബറി മസ്ജിദ് തകര്‍ത്തതില്‍ നിന്നുണഅടായ രാഷ്ട്രീയ ലാഭമാണ് അതിനു പ്രചോദനം. സമസ്തഭാവനകളെയും അതിശയി പ്പിക്കുന്ന ടാജ്മഹല്‍, ജാതിമതഭാഷകള്‍ക്കതീതമായി സ്‌നേഹവേരുകളെ ആവാഹിക്കുന്ന, ലോകവിസ്മയം തീര്‍ത്ത അനശ്വര സ്മാരകമാണെന്നും ഇന്ത്യയുടെ അഭിമാനമാണെന്നതുമാണ് മനപൂര്‍വ്വം മറക്കുന്നത്.
മുസ്ലിമുകള്‍, ദളിതര്‍, എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകും മാധ്യമപ്രവര്‍ത്തകും ചരിത്രകാരന്മാരും സിനിമാപ്രവര്‍ത്തകരും ചരിത്രകാരുമെല്ലാം അടങ്ങുന്ന ബുദ്ധിജീവികള്‍ എന്നിവരെയാണ് ഫാസിസം മുഖ്യമയും ലക്ഷ്യം വെക്കുന്നത്. വര്‍ഗ്ഗീയ വികാരം ഇളക്കി വിട്ട് ഹൈന്ദവരാഷ്ട്രീയം വളര്‍ത്താനാണ് മുസ്ലിമുകളെ ടാര്‍ജറ്റ് ചെയ്യുന്നത്. ദളിതരാകട്ടെ അവരുടെ രാഷ്ട്രീയ മീംമാംസയായ മനുസ്മൃതിയനുസരിച്ച് മനുഷ്യര്‍ പോലുമല്ല. ബുദ്ധിജീവികളെ സ്വാഭാവികമായും ഏതൊരു ഫാസിസ്റ്റും ഭയപ്പെടും. ഇതിനെല്ലാം പുറമെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും ചരിത്ര സ്മാരകങ്ങളുമൊക്കെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. അക്രമാസക്തമായ മതാധിഷ്ഠിത ദേശീയത അടിച്ചേല്‍പ്പിക്കുന്നു. സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങളെ രാജ്യത്തിനെതിരെയാക്കുന്നു. ബ്രിറ്റ്, ഉമ്പര്‍ട്ടോ തുടങ്ങിയ സാമൂഹിക ശാസ്ത്രജ്ഞര്‍ ഫാസിസത്തിന്റെ സ്വഭാവങ്ങളായി ചൂണ്ടികാട്ടിയ കാര്യങ്ങളെല്ലാം ഇവിടെ പ്രകടമാണ്. അതോടൊപ്പം ജനാധിപത്യ സംവിധാനത്തില്‍ അധികാരം നിലനിര്‍ത്താനും. അതിനാല്‍ തന്നെ ഇന്ത്യ നേരിടുന്ന ഫാസിസ്റ്റ് ഭീഷണി കൂടുതല്‍ അപകടകരമാകുന്നു.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>