സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sun, Oct 8th, 2017

ജനരക്ഷായാത്ര : നേട്ടം സിപിഎമ്മിനും ബിജെപിക്കും. കോട്ടം കോണ്‍ഗ്രസ്സിന്

Share This
Tags

yathra

വടക്കുനിന്ന് തെക്കോട്ട് എത്രയോ ജാഥകള്‍ നടക്കുന്ന പ്രദേശമാണ് കേരളം. സോണിയാഗാന്ധി മുതല്‍ സീതാറാം യെച്ചൂരി വരെയുള്ള എത്രയോ അഖിലേന്ത്യാ നേതാക്കള്‍ അവയില്‍ പങ്കെടുക്കാറുമുണ്ട്. സാധാരണനിലക്ക് അര്‍ഹിക്കുന്ന വാര്‍ത്താപ്രാധാന്യം അവക്ക് ലഭിക്കാറുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്ഥമാണ് ഇപ്പോള്‍ ബിജെപി നടത്തുന്ന ജനരക്ഷാമാര്‍ച്ച്. സാധാരണ നിലക്ക് അര്‍ഹിക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങ് വാര്‍ത്താ പ്രാധാന്യമാണ് ഈ മാര്‍ച്ചിന് ലഭിച്ചത്. അതിനവസരം നല്‍കിയതാവട്ടെ ബിജെപിയുടെ ബദ്ധശത്രുവെന്നവകാശപ്പെടുന്ന സിപിഎം. മറുവശത്ത് ഈ ജാഥയുമായി ബന്ധപ്പെട്ട് അഖിലേന്ത്യാതലത്തില്‍ തന്നെ സിപിഎമ്മിന് വന്‍ വാര്‍ത്താ പ്രാധാന്യവും ലഭിച്ചു. ഫലത്തില്‍ ബദ്ധശത്രുക്കളായ ഇരുകൂട്ടരും അറിഞ്ഞോ അറിയാതേയോ പരസ്പരം സഹായിക്കുകയായിരുന്നു. കോണ്‍ഗ്രസ്സിനെ അപ്രസക്തമാക്ക്ി കേരളത്തിലെ പ്രധാന പ്രതിപക്ഷമാകാനുള്ള ബിജെപിയുടെ ശ്രമത്തിനു സിപിഎം സഹായം ചെയ്തുകൊടുക്കുകയാണെന്ന വിമര്‍ശനത്തിനു കാമ്പുണ്ടെന്നു വേണം കരുതാന്‍. അതു തിരിച്ചറിഞ്ഞതു കൊണ്ടുതന്നെയാണ് രാപ്പകല്‍ സമരവും ഹര്‍ത്താലുമൊക്കെയായി തങ്ങളുടെ സാന്നിധ്യം ശക്തമാക്കാന്‍ കോണ്‍ഗ്രസ്സും യുഡിഎഫും തീരുമാനിച്ചത്.
എന്തൊക്കെ പറഞ്ഞാലും ബിജെപി ഇന്ത്യ ഭരിക്കുന്ന, നിയമസഭയില്‍ അംഗമുള്ള അംഗീകൃതപാര്‍ട്ടിയാണ്. അവരുടെ ജാഥയെ മറ്റു ജാഥയെ പോലെ കാണുന്നതിനു പകരം അമിതമായ പ്രാധാന്യമാണ് സിപിഎം നല്‍കിയത്. ‘ജനരക്ഷായാത്ര’ ആര്‍എസ്എസ് കലാപസംരക്ഷണയാത്രയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമായ പ്രകാശ് കാരാട്ട് പോലും പ്രഖ്യാപിച്ചു. ജനരക്ഷായാത്രയുടെ മറവില്‍ നാട്ടില്‍ കലാപമുണ്ടാക്കി, കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ താഴെയിറക്കലാണ് ബിജെപിയുടെ ഗൂഢലക്ഷ്യമെന്നാണ് കാരാട്ട് പറഞ്ഞത്. അമിത്ഷായും യോഗി ആദിത്യനാഥും വര്‍ഗ്ഗീയവാദികളാണെന്നതില്‍ സംശയമില്ല. എന്നാല്‍ അവര്‍ നയിക്കുന്ന ജാഥക്കെതിരെ വഴി നീളെ പ്രതിരോധവും രക്തസാക്ഷികളുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ച് വിവാദമുണ്ടാക്കുന്നതിന്റെ ഉദ്ദേശമെന്താണ്? അതിനു ബദലായി ഡെല്‍ഹിയില്‍ സിപിഎം ഓഫീസിലേക്ക് ബിജെപിയും ജാഥ സംഘടിപ്പിച്ചു. തിരിച്ച് സിപിഎമ്മും സംഘടിപ്പിക്കുന്നു. അതിനിടയില്‍ യുപിയേയും കേരളത്തേയും താരതമ്യം ചെയ്യുന്ന ചര്‍ച്ചയും ഉയര്‍ന്നു വന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ആവേശത്തോടെ രംഗത്തിറങ്ങി. ഇതെല്ലാം ഇരുകൂട്ടര്‍ക്കും ഗുണം ചെയ്തു എന്നു പറയാതിരിക്കാനാകില്ല. കേരളരാഷ്ട്രീയത്തിലെ അജണ്ട നിശ്ചയിക്കുന്നത് ബിജെപിയാണെന്നു കുമ്മനം രാജശേഖരന്‍ പറയുന്നതുവരെയെത്തി കാര്യങ്ങള്‍. അപകടം തിരിച്ചറിഞ്ഞ് ബിജെപിക്കെതിരെ, ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ശക്തമായിതന്നെ രംഗത്തിറങ്ങിയിട്ടുണ്ട. അമിത് ഷാ പിന്‍മാറിയതോടെ കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്ര വിലാപയാത്രയായി മാറിയെന്ന് രമേശ് ചെന്നിത്തല പഞ്ഞു. വര്‍ഗീയത ഇളക്കിവിടാന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തുന്ന ലൊടുക്ക് വിദ്യയൊന്നും കേരളത്തില്‍ ചെലവാകില്ലെന്നും രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനങ്ങളുടെ മുമ്പില്‍ തന്റെ പരിപ്പൊന്നും വേവില്ലെന്ന് ഒറ്റ ദിവസം കൊണ്ടു തന്നെ ബോദ്ധ്യപ്പെട്ടതിനാലാണ് അമിത്ഷാ പിന്‍മാറിയതെന്നും ചെന്നിത്തല കൂട്ടിചേര്‍ത്തത് തങ്ങളുടെ നിലനില്‍പ്പു ചോദ്യം ചെയ്യപ്പെടുമെന്ന് തിരച്ചെറിഞ്ഞു തന്നെയാണെന്നു വേണം കരുതാന്‍. ഒപ്പം തന്നെ അമിത്ഷായ്ക്ക് സ്വാഗതമോതി ഫ്ളക്സ് വയ്ക്കുന്നതൊഴികെ ബാക്കി എല്ലാം സിപിഎം കേരളത്തില്‍ സംഘ്പരിവാരത്തിന് വേണ്ടി ചെയ്തുകൊടുക്കുന്നുണ്ടെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയതും വെറുതെയല്ല. രാഷ്ട്രപതിയുടെ സന്ദര്‍ശനം നടത്തുമ്പോള്‍ മാത്രം നടത്തുന്ന തയാറെടുപ്പാണ് സര്‍ക്കാര്‍ ചെയ്തതെന്നും ചെന്നിത്തല ചൂണ്ടികാട്ടി.
ജിഹാദി ചുവപ്പ് ഭീകരതക്കെതിരെ എന്ന പേരില്‍ നടക്കുന്ന യാത്ര തങ്ങള്‍ക്കു നേ്ട്ടമായെന്ന് സി.പി.എം പ്രവര്‍ത്തകര്‍ പരസ്യമായും രഹസ്യമായും സമ്മതിക്കുന്നുണ്ട്. തങ്ങള്‍ക്കെതിരെ മുഴുവന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധ മാര്‍ച്ച് നടത്തുന്ന ബി.ജെ.പി നടപടി ദേശീയ തലത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സി.പി.എമ്മിനോടുള്ള സ്വീകാര്യത വര്‍ദ്ധിപ്പിച്ചിരിക്കുകയാണെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. കേരളത്തില്‍ പ്രതേകിച്ചും. ഈ മാര്‍ച്ചുകൊണ്ടുമാത്രം വേങ്ങരയില്‍ കൂടുതല്‍ മെച്ചമുണ്ടാക്കാന്‍ കഴിയുമെന്നും സിപിഎം കരുതുന്നു. മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രി പടയും ജനരക്ഷായാത്രയില്‍ അണിനിരക്കുന്നത് സി.പി.എമ്മിനെ എത്രമാത്രം രാജ്യം ഭരിക്കുന്ന ബി.ജെ.പി ഭയക്കുന്നു എന്നതിന്റെ തെളിവായിട്ടാണ് സി.പി.എം വ്യാപകമായി പ്രചരിപ്പിക്കുന്നത്. ദേശീയതലത്തില്‍ പ്രതിപക്ഷത്ത് വീണ്ടും നിര്‍ണ്ണായക സ്ഥാനം സി.പി.എമ്മിന് മറ്റു മതേതര പാര്‍ട്ടികള്‍ കല്‍പ്പിച്ചു നല്‍കുന്ന സാഹചര്യമാണ് ഇതോടെ ഉരുതിരിഞ്ഞിരിക്കുന്നത്. പിണറായിയാകട്ടെ അഖിലേന്ത്യാ നേതാവാകുകയും ചെയ്തു. ഒരു മുഖ്യമന്ത്രിക്കെതിരെ മറ്റൊരു മുഖ്യമന്ത്രി ജാഥ നടത്തുന്ന കാഴ്ചയും കണ്ണൂരില്‍ കണ്ടു. അതെല്ലാം കണ്ട് വിറളി പിടിച്ചാണ് ഹര്‍ത്താല്‍ വിരുദ്ധരായ കോണ്‍ഗ്രസ്സ് ഹര്‍ത്താലുമായി രംഗത്തുവരുന്നത് എന്നത് മറ്റൊരുതമാശ. പെട്രോളിയം വില വര്‍ദ്ധനവിനെതിരെ കേന്ദ്രത്തെയും ജി.എസ്.ടി മൂലം ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയാത്തതിന് കേരള സര്‍ക്കാറിനെയും കുറ്റപ്പെടുത്തിയാണ് ഹര്‍ത്താല്‍. ഒരു വെടിക്ക് രണ്ടുപക്ഷി. മെയ്യനങ്ങി പണിയെടുത്തില്ലെങ്കില്‍ അവശേഷിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രധാനമായ കേരളത്തിലും തങ്ങള്‍ ഇല്ലാതാവുമെന്ന് കോണ്‍ഗ്രസ്സിനു ബോധ്യമായെന്നു വേണം കരുതാന്‍.
ജനരക്ഷായാത്രയില്‍ മറ്റൊരു കാര്യം കൂടി ശ്രദ്ധേയമാണ്. ജിഹാദി – ചുമപ്പ് ഭീകരതക്കെതിരെ എന്ന പേരില്‍ നടക്കുന്ന യാത്രയില്‍ കണ്ണൂരിലുടനീളം ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ ചുവപ്പിനെതിരെ മാത്രമായിരുന്നു. മറ്റു ജില്ലകളില്‍ അത് ജിഹാദി ഭീകരതയിലേക്കു മാറ്റാനാണത്രെ തീരുമാനം. ഹൈന്ദവ വോട്ടുകളുടെ ഏകീകരണമായിരിക്കും ഇനി ജാഥയുടെ ലക്ഷ്യം. ജിഹാദികളെ സഹായിക്കുന്നു എ്ന്നപേരില്‍ സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും നിലപാടുകളും ചോദ്യം ചെയ്യും. അതും ന്യൂനപങ്ങളെ സിപിഎമ്മിലേക്ക് ആകര്‍ഷിക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. അപ്പോഴും നഷ്ടം കോണ്‍ഗ്രസ്സിനായിരിക്കും. ചുരക്കത്തില്‍ ഗുണം സിപിഎമ്മിനും ബിജെപിക്കും, ദോഷം കോണ്‍ഗ്രസ്സിന് എന്നര്‍ത്ഥം.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>