സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sun, Oct 8th, 2017

ജാതിയും വികസനവും : ലോഹ്യയാണ് ശരി

Share This
Tags

llവിജയരാഘവന്‍ ചേലിയ

കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യ കണ്ട രണ്ടു പ്രതിഭാശാലികളാണ് ഗാന്ധിയും അംബേദ്കറും. ജാതിയുടെ വിഷയം അവര്‍ രണ്ടു രീതിയില്‍ കൈകാര്യം ചെയ്തു. പൊതു സമൂഹത്തെ പ്രതിനിധാനം ചെയ്താണ് ഗാന്ധി ഇടപെടുന്നത്. അധികാരത്തിന്റെ എല്ലാ തലങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട ഒരു സമൂഹത്തിന് നഷ്ടപ്പെട്ടതെല്ലാം സ്വയം തിരിച്ചു പിടിക്കാന്‍ എളുപ്പമല്ല. അവര്‍ തനിയെ ചെയ്യേണ്ട സമരവുമല്ല അത്. നീതിബോധമുള്ള എല്ലാവരുടേയും ചുമതലയാണ്. അത് തന്റേതായ ശൈലിയില്‍ ചെയ്തു എന്നതാണ് ഗാന്ധിയുടെ സംഭാവന. രാഷ്ട്രീയാധികാരത്തിന്റെയും സാമ്പത്തിക അധികാരത്തിന്റേയും ജനാധിപത്യവത്കരണത്തിലൂടെ (വികേന്ദ്രീകരണത്തിലൂടെ) മാത്രമേ പാര്‍ശ്വവല്‍കൃതരുടെ പങ്കാളിത്തം സാധ്യമാകൂവെന്ന് ഗാന്ധി കരുതി. അമിതമായ യന്ത്രവത്കരണവും അധികാരത്തിന്റെ കേന്ദ്രീകരണവും നിലവില്‍ അധികാരം കയ്യടക്കിയ സവര്‍ണര്‍ക്ക് സ്റ്റാറ്റസ് കോ തുടരാന്‍ മാത്രമേ സഹായിക്കൂ എന്നതായിരുന്നു ഗാന്ധിയുടെ കാഴ്ചപ്പാട്. അതിനാല്‍ ഇന്ത്യയെന്നാല്‍ 5 ലക്ഷം വില്ലേജ് റിപ്പബ്ലിക്കുകളുടെ ഫെഡറേഷനാണെന്നും Maടട production അല്ല Production by Masses ആണ് വേണ്ടതെന്നും ഗാന്ധി പറഞ്ഞു.
അംബേദ്കാവട്ടെ ഇന്ത്യയിലെ ഫ്യൂഡല്‍ ( യൂറോപ്യന്‍ ഫ്യൂഡലിസമല്ല) വ്യവസ്ഥിതിയില്‍ ജാതി വ്യവസ്ഥ സൃഷ്ടിക്കുന്ന മുരടിപ്പ് മുതലാളിത്ത വികാസത്തിന്റെ ഫലമായി, അതായത് ആധുനീകരണത്തിന്റെ ഫലമായി, ഇല്ലാതാകുമെന്ന് വിശ്വസിച്ചു. ആധുനിക വിദ്യാഭ്യാസവും യന്ത്രവത്കരണവും ഇന്ത്യയെ സംസ്‌കരിക്കുമെന്ന് ന്യായമായും വിശ്വസിച്ചു. നെഹ്രുവും ഇതുതന്നെയാണ് കരുതിയിരുന്നത്. ഡോ. ലോഹ്യ മാത്രമാണ് ഈയൊരു വിഷയത്തെ ഗാന്ധിക്കും അംബേദ്കറിനുമിടയില്‍ നിന്ന് കൊണ്ട് കാണാന്‍ ശ്രമിച്ചത്. ഗാന്ധി കരുതും പോലെ രാഷ്ട്രീയ അധികാര വികേന്ദ്രീകരണവും, സാമ്പത്തിക അധികാര വികേന്ദ്രീകരണവും സംഭവിക്കണമെങ്കില്‍ അധികാരം പിടിച്ചെടുക്കുന്നതിനുള്ള ഇച്ഛാശക്തി മര്‍ദ്ദിത ജനത കൈവരിക്കേണ്ടതുണ്ടെന്ന് ലോഹ്യ പറഞ്ഞു. വന്‍കിട യന്ത്രവത്കരണവും അധികാര കേന്ദ്രീകരണവും സാമൂഹ്യ-സാമ്പത്തിക സമത്വം നേടാന്‍ തടസ്സമാണെന്ന് അദ്ദേഹം വിലയിരുത്തി. അധികാരം തുടര്‍ച്ചയായി കയ്യടക്കിയതിനാല്‍ പരമാവധി കാര്യക്ഷമത നേടാന്‍ കഴിഞ്ഞ ഇന്ത്യയിലെ സവര്‍ണര്‍ക്ക് അനുകൂലമാണ് പാശ്ചാത്യവത്കരണമെന്ന് ലോഹ്യ വിശദീകരിച്ചു. ജാതി അവസരം നിഷേധിക്കുന്നു എന്നും നിഷേധിക്കപ്പെട്ട അവസരം കഴിവുകളെ മുരടിപ്പിക്കുന്നു എന്നും മുരടിപ്പിക്കപ്പെട്ട കഴിവ് അവസരം പിടിച്ചെടുക്കാന്‍ കഴിയാതെ ആക്കുന്നു എന്നും വിശകലനം ചെയ്തു. അതിനാല്‍ അധികാരത്തിന്റെ എല്ലാ മേഖലകളിലും പ്രത്യേക അവസരങ്ങള്‍ സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ടു. സംവരണം പിടിച്ചെടുത്ത അവകാശത്തെ തിരിച്ചു നല്‍കലായി വ്യാഖ്യാനിച്ചു. മുഴുവന്‍ ജനതയും പങ്കാളികളാകുന്ന വികസനം നടപ്പാക്കാതെ ഇന്ത്യ മൊത്തമായി പുരോഗമിക്കുകയില്ല എന്നായിരുന്നു ലോഹ്യയുടെ വാദം. പരമാവധി കാര്യക്ഷമതയാകരുത് (Maximum efficiency) സമ്പൂര്‍ണ കാര്യക്ഷമത (Total efficiency) വികസനത്തിന്റെ അടിത്തറ എന്നും ലോഹ്യ പറയുന്നു.
ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ടെക്കികള്‍ക്കിടയിലും ജാതി നിലനില്‍ക്കുന്നതായി നാം കാണുന്നു. സംവരണത്തിന്റെ ലക്ഷ്യം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. സവര്‍ണര്‍ തന്നെ എല്ലാ മേഖലകളേയും നിയന്ത്രിക്കുന്നു. ഇത് മുന്‍കൂട്ടി കാണുന്നതിന് ഗാന്ധിയും അംബേദ്കറും പരാജയപ്പെട്ടു.
ലോഹ്യയും അംബേദ്കറുമായി ഈ വിഷയത്തില്‍ ആശയ വിനിമയം നടക്കുകയുണ്ടായി. ഇന്ത്യയുടെ നേതൃത്വം അംബേദ്കര്‍ ഏറ്റെടുക്കണമെന്ന് ലോഹ്യ ആവശ്യപ്പെട്ടു. സോഷ്യലിസ്റ്റ് പാര്‍ട്ടിയും അംബേദ്കറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന അഖിലേന്ത്യ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷനും ഒരുമിച്ച് നില്‍ക്കാന്‍ തീരുമാനിച്ചു. ചര്‍ച്ച പൂര്‍ത്തിയാകും മുമ്പ് അംബേദ്കര്‍ മരിച്ചു. പക്ഷേ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഇരുകൂട്ടരും ഒരുമിച്ചു മത്സരിച്ചു. അധികാരത്തിന്റെ എല്ലാ മേഖലകളിലും രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലടക്കം 60% ദളിത്- സ്ത്രീ – ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി സംവരണം വേണമെന്ന് ലോഹ്യ ആവശ്യപ്പെടുകയും സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ 60% സംവരണം നടപ്പാക്കുകയും ചെയ്തു. ഇതാണ് ബീഹാറിലും ഉത്തര്‍പ്രദേശിലും ദളിത്- പിന്നോക്ക- സ്ത്രീ നേതൃത്വം ഉയര്‍ന്നു വരാന്‍ ഇടയാക്കിയത്. അത് മണ്ഡല്‍ – സച്ചാര്‍ കമ്മീഷനുകളിലേക്കും നയിച്ചു. മണ്ഡലും സച്ചാറും ലോഹ്യയുടെ അടുത്ത അനുയായികള്‍ ആയിരുന്നു.
വികസനത്തിന്റെ വഴിയില്‍ നാം പാശ്ചാത്യര്‍ക്കു പിന്നാലെ നടന്നതിന്റെ ദുരന്തഫലമാണ് ഇന്ന് കാണുന്നത്. അത് അടിച്ചമര്‍ത്തപ്പെട്ടവരെ പാര്‍ശ്വവത്കരിച്ചു. വരേണ്യര്‍ കാര്യക്ഷമതാവാദം ഉന്നയിച്ച് എല്ലാം കയ്യടക്കുന്നു. അധിനിവേശം സാംസ്‌കാരിക രംഗത്തേക്ക് കടന്നു വരുന്നു. അപകര്‍ഷത സൃഷ്ടിച്ച് വിധേയരാക്കുന്നു. ഇത് തടയാന്‍ ഇന്ത്യയിലെ സാംസ്‌കാരിക പ്രതിഭകളെ ലോഹ്യ ഹൈദരബാദില്‍ വിളിച്ചു ചേര്‍ത്തു. എം എഫ് ഹുസൈന്‍, ബീരേന്ദ്രകുമാര്‍ ഭട്ടാചാര്യ, ശിവരാമ കാറന്ത്, ഗോപാലകൃഷ്ണ അഡിഗ, അനന്തമൂര്‍ത്തി, ആലനഹള്ളി,ലങ്കേഷ്, ഗിരീഷ് കര്‍ണാട് ( കര്‍ണാടകയിലെ നവ്യ പ്രസ്ഥാനം) തുടങ്ങി ഇന്ത്യയിലെ എഴുത്തുകാരും കലാകാരന്മാരും ലോഹ്യയുടെ ആഹ്വാനം സ്വീകരിച്ച് ജാതിക്കെതിരെ ആഞ്ഞടിച്ചു.(കേരളത്തില്‍ അയ്യപ്പപ്പണിക്കര്‍, ജി അരവിന്ദന്‍ എന്നിവര്‍ക്ക് ലോഹ്യാ ബന്ധം ഉണ്ടായിരുന്നു).

പാഠഭേദം ഗ്രൂപ്പ് വാട്‌സ് ആപ് ചര്‍ച്ചയില്‍ നിന്ന്

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>