സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Oct 7th, 2017

ആര്‍ എസ് എസിന്റെ മുഖ്യശത്രു ദളിത് – പിന്നോക്ക വിഭാഗങ്ങള്‍

Share This
Tags

RSS

അശോകന്‍ ചെരുവില്‍

ഗാന്ധിവധത്തിന് ഗോഡ്‌സെയേയും കൂട്ടരേയും പ്രേരിപ്പിച്ചത് വിഭജനകാലത്തെ മഹാത്മജിയുടെ ‘മുസ്ലീംപ്രീണന’മായിരുന്നുവെന്നാണ് ഹിന്ദുത്വവാദികള്‍ പലരും വിവരിക്കുന്നത്. ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്ന ഗോഡ്‌സെ സ്തുതിഗീതകളില്‍ ഇത് ആവര്‍ത്തിക്കുന്നു. നിഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകരില്‍ ചിലരും ഇത് ശരി വെക്കുന്നുണ്ട്.
എന്നാല്‍ വിഭജനം ഒരു വിഷയമേ അല്ലാതിരുന്ന 1930കളില്‍ തന്നെ ഗാന്ധിക്കെതിരെ സവര്‍ക്കറും മറ്റും ശത്രുതാപരമായ സമീപനം സ്വീകരിക്കാന്‍ തുടങ്ങിയിരുന്നുവെന്ന് ടീസ്ത സെതല്‍വാദ് എഡിറ്റ് ചെയ്ത
‘Beyond Doubt; A Dossier Of Gandhi Assassination’ എന്ന പുസ്തകം കൃത്യമായി വ്യക്തമാക്കുന്നു.
1934 മുതല്‍ അഞ്ചു തവണ ഗാന്ധിക്കെതിരെ ഹിന്ദുവാദികളില്‍ നിന്നും വധശ്രമം ഉണ്ടായിട്ടുണ്ട്.
ധീര ഭഗത്സിംഗിന്റെയും കൂട്ടരുടേയും രക്തസാക്ഷിത്തത്തിനു തൊട്ടുപിറകെ കൂടിയ കറാച്ചി സമ്മേളനമാണ് കോണ്‍ഗ്രസ്സിനും ഗാന്ധിക്കുമെതിരെ തിരിയാന്‍ ഹിന്ദുരാഷ്ട്രവാദികളെ പ്രേരിപ്പിച്ചതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
‘കറാച്ചി പ്രമേയം’ എന്നു പിന്നീടറിയപ്പെട്ട രേഖയാണ് ആദ്യമായി ‘സ്വരാജി’നെ ഇന്ത്യയിലെ സാമാന്യ മനുഷ്യന്റെ ഭാഗത്തുനിന്ന് വ്യാഖ്യാനിക്കുന്നത്. ദേശീയപ്രസ്ഥാനത്തിന്റെ പ്രക്ഷോഭങ്ങളെ ജനസാന്ദ്രമാക്കാനും, പിന്നീട് നമ്മുടെ ഭരണഘടനയുടെ ദര്‍ശനമാവാനും നിയുക്തമായ എണ്ണമിട്ട ലക്ഷ്യങ്ങള്‍ (അയിത്തത്തിനെതിരെ, മതേതരത്വത്തിനും, തുല്യതക്കും, സാമൂഹ്യനീതിക്കും വേണ്ടി) പ്രമേയം അസന്ദിഗ്ദമായി പ്രഖ്യാപിക്കുന്നു.
ഇതോടെ സവര്‍ക്കര്‍ ഉള്‍പ്പടെയുള്ള ഹിന്ദുരാഷ്ടവാദികള്‍ ദേശീയപ്രസ്ഥാനത്തിന് എതിരായി. സ്വാതന്ത്ര്യാനന്തരം വരാനിരിക്കുന്നത് മനുവാദികളുടെ വര്‍ണ്ണാശ്രമധര്‍മ്മവ്യവസ്ഥയല്ല; മതേതര ജനാധിപത്യ രാജ്യമാണ് എന്ന് അവര്‍ക്ക് ബോധ്യമായി. ദളിതുകള്‍ക്ക് തുല്യനീതി ഉറപ്പാക്കുന്ന വ്യവസ്ഥകള്‍ കോണ്‍ഗ്രസ് അംഗീകരിച്ചത് ഗാന്ധിയുടെ സ്വാധീനം കൊണ്ടാണ് എന്നു മനസ്സിലാക്കിയ അവര്‍ തങ്ങളുടെ മുഖ്യശത്രു ആരെന്ന് നിശ്ചയിച്ചു.
വിഭജനത്തിന് ഹിന്ദുത്വവാദികള്‍ ഒരു ഘട്ടത്തിലും എതിരായിരുന്നില്ല. ഹിന്ദുക്കള്‍ക്കും മുസ്ലീമുകള്‍ക്കും ഒരു രാഷ്ട്രത്തില്‍ ജീവിക്കാന്‍ കഴിയില്ല എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന സവര്‍ക്കര്‍ ജിന്നയുടെ വിഭജനനീക്കത്തെ പരസ്യമായി പിന്തുണക്കുന്നുണ്ട്. എന്നാല്‍ വിഭജനാനന്തരം മുസ്ലീംരാഷ്ട്രത്തിനൊപ്പം ഒരു ഹിന്ദുരാഷ്ട്രം ഉണ്ടായില്ല എന്നതാണ് അവരെ രോഷാകുലരാക്കിയത്. ആ രോഷം ഇന്നും തുടരുന്നു.
ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കും ബ്രഹ്മണര്‍ക്കൊപ്പം തുല്യനീതി എന്ന ‘ദുരന്ത’ത്തെ കരുതിയുണ്ടായ പകയും രോഷവുമാണ് ഹിന്ദുത്വവാദികളെ ഗാന്ധിവിരോധിയാക്കിയത്. പക്ഷേ അത് മുസ്ലിം വിരോധം എന്ന വ്യാജത്തിന്റെ മറവിലാണ് അവര്‍ നടപ്പാക്കിയത് എന്നു മാത്രം. ദളിത് വിരുദ്ധത അങ്ങനെ വാക്കു കൊണ്ടു പുറത്തു പറഞ്ഞു നടക്കേണ്ടതല്ല. കോളനികള്‍ ചുട്ടെരിച്ച് നടപ്പാക്കേണ്ടതാണ്.
ഇതേ തന്ത്രം തന്നെയാണ് വര്‍ഷങ്ങള്‍ക്കുശേഷം മണ്ഡല്‍ കമ്മീഷന്‍ കാലത്തുണ്ടായ സംവരണ വിരുദ്ധ രോഷത്തെ വ്യാജമായ ഒരു ബാബറി മസ്ജിദ് തര്‍ക്കമാക്കി മാറ്റി സ്ഥാപിച്ച് അവര്‍ ഉപയോഗപ്പെടുത്തിയത്. ഫലമോ? പള്ളി പൊളിക്കാന്‍ ദളിതുകളെത്തന്നെ കിട്ടി. ഗുജറാത്തില്‍ മുസ്ലീം വംശഹത്യ നടത്താനും അവരെ ഉപയോഗിക്കാനായി.
ആര്‍.എസ്.എസിന് അടിസ്ഥാന വിരോധമുള്ളത് ഗാന്ധിയോടോ ബാബറി പള്ളിയോടോ അന്യ മതസ്ഥരോടോ അല്ല; ദളിത് പിന്നാക്ക ജനവിഭാഗങ്ങള്‍ക്കു കിട്ടുന്ന തുല്യതയോടും സാമൂഹ്യനീതിയോടുമാണ്. കാരണം അത് അധര്‍മ്മമെന്ന് അവരുടെ വേദപുസ്തകം ഉദ്‌ഘോഷിക്കുന്നു.

ഫേസ് ബുക്ക് പോസ്റ്റ്

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>