സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Oct 6th, 2017

അങ്കത്തിനിറക്കുന്നത് രക്തസാക്ഷികളുടെയും ബലിദാനികളുടെയും ആത്മാക്കളെ…

Share This
Tags

bjp

കെ. സുജിത്ത്

അച്ഛന്റെ ഓര്‍മയില്‍ വിതുമ്പിക്കൊണ്ടാണു ദേവാംഗന വന്ദേമാതരം പാടി മുഴുമിപ്പിച്ചത്. അവസാനശ്വാസംവരെ വിശ്വസിച്ച തത്വശാസ്ത്രത്തിന്റെ വക്താക്കള്‍ക്കു വിലപ്പെട്ട ബലിദാനിയാണെങ്കിലും ആ ബാലികയ്ക്കു നഷ്ടപ്പെട്ടത് അതിലേറെ വിലയുള്ള അവളുടെ അച്ഛന്‍ രാമകൃഷ്ണനെയാണ്. അതുതന്നെയാണ് ആ കണ്ണീരില്‍ മുങ്ങിയ മാതൃവന്ദനത്തിന്റെ അര്‍ത്ഥമെന്ന് അവിടെക്കൂടിയവരോ അവരുടെ എതിരാളികളോ തിരിച്ചറിഞ്ഞുവോ?
ബി.ജെ.പി. സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയുടെ ഉദ്ഘാടനവേദിയിലാണു ദേവാംഗനയെന്ന വിദ്യാര്‍ഥിനിയുടെ കണ്ണീര്‍ വീണത്. രാഷ്ട്രീയകൊലപാതകങ്ങളുടെ ഇരകളെ സി.പി.എമ്മുകാര്‍ ‘രക്തസാക്ഷി’കളെന്നും ബി.ജെ.പിക്കാര്‍ ‘ബലിദാനി’കളെന്നുമാണു വീരോചിതം വിശേഷിപ്പിക്കാറുള്ളത്.
ആത്യന്തികനഷ്ടം ദേവാംഗനയെപ്പോലെയുള്ള മക്കള്‍ക്കും അവളുടെ അമ്മയെപ്പോലെ വിധവകളാക്കപ്പെടുന്നവര്‍ക്കും പ്രായമായ മാതാപിതാക്കള്‍ക്കുമാണെന്നു സമ്മതിക്കാതെ ഇരുകൂട്ടരും മരിച്ചവരെ മുന്‍നിര്‍ത്തി പോര്‍വിളി തുടരുകയാണ്.
ബലിദാനികളുടെ ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയാണു ബി.ജെ.പി. ജനരക്ഷായാത്രയ്ക്കു തുടക്കം കുറിച്ചതെങ്കില്‍, യാത്ര കടന്നുപോകുന്നയിടങ്ങളില്‍ രക്തസാക്ഷികളുടെ ചിത്രം നിരത്തിയാണു സി.പി.എം. പ്രതിരോധം തീര്‍ക്കുന്നത്. ഡല്‍ഹിയില്‍ എ.കെ.ജി. ഭവനിലേക്കു ബി.ജെ.പി. ദേശീയനേതൃത്വം സംഘടിപ്പിച്ച മാര്‍ച്ചിനെ ചെറുക്കാനും സി.പി.എം. രക്തസാക്ഷികളെ അണിനിരത്തി.
സി.പി.എമ്മായാലും ബി.ജെ.പിയായാലും പാര്‍ട്ടി പരിപാടികളില്‍ രക്തസാക്ഷി/ബലിദാനി കുടുംബാംഗങ്ങളെ ക്ഷണിച്ചുവരുത്തുക പതിവാണ്. എന്നാല്‍, രാഷ്ട്രീയമേതായാലും അതിന്റെ പേരില്‍ കൊലക്കത്തിക്കിരയാവര്‍ 95 ശതമാനവും ദരിദ്ര-പിന്നാക്കവിഭാഗക്കാരാണ് എന്നതാണ് എല്ലാവരും മറക്കുന്ന മറുവശം.
തുടര്‍ന്നും ജീവിച്ചുപോകാന്‍ പ്രസ്ഥാനത്തിന്റെ പിന്‍ബലം കൂടിയേതീരൂവെന്ന നിസ്സഹായതയുടെ പേരിലാണു രക്തസാക്ഷി/ബലിദാനി കുടുംബങ്ങള്‍ പാര്‍ട്ടി പരിപാടികളില്‍ കെട്ടുകാഴ്ചകളാകുന്നത്. പല കുടുംബങ്ങള്‍ക്കും പാര്‍ട്ടി നേതൃത്വങ്ങള്‍ മുന്‍കൈയെടുത്ത് വീട് വച്ചുകൊടുത്തു. പാര്‍ട്ടി സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ആശ്രിതര്‍ക്കു ജോലി നല്‍കി. കണ്ണൂരിന്റെ മണ്ണില്‍ ബി.ജെ.പി. ജനരക്ഷായാത്രയും അതിനെതിരേ സി.പി.എം. പ്രതിരോധവും തുടരുന്നത് ആത്മാക്കളുടെ കണക്ക് ഉദ്ധരിച്ചാണ്. കൃത്യമായിപ്പറഞ്ഞാല്‍ കണ്ണൂരിന്റെ കണക്കുപട്ടികയിലെ 214 രക്തസാക്ഷികളുടെയും 86 ബലിദാനികളുടെയും പേരിലാണ് ഇരുകക്ഷികളും പരസ്പരം പോര്‍വിളിക്കുന്നത്.
സി.പി.എം. ശക്തികേന്ദ്രങ്ങളായ പിണറായിയിലൂടെയും തലശേരിയിലൂടെയുമാണ് ഇന്നലെ ബി.ജെ.പി. മാര്‍ച്ച് കടന്നുപോയത്. ഒരുവര്‍ഷം മുമ്പു കൊല്ലപ്പെട്ട ബി.ജെ.പി. പ്രവര്‍ത്തകന്‍ രമിത്തിന്റെയും വര്‍ഷങ്ങള്‍ക്കു മുമ്പു കൊല്ലപ്പെട്ട പിതാവ് ഉത്തമന്റെയും വീട് ജാഥാംഗങ്ങള്‍ സന്ദര്‍ശിച്ചു.
മറുപടിയായി ബാനറുകളിലും പോസ്റ്ററുകളിലും രക്തസാക്ഷികളുടെ ഫോട്ടോ പതിച്ച്, പേരും വിശദാംശങ്ങളും ഇംഗ്ലീഷിലെഴുതി പ്രദര്‍ശിപ്പിച്ച് സി.പി.എം. പ്രവര്‍ത്തകര്‍ കാത്തുനിന്നു.
എല്ലാം കണ്ടുനില്‍ക്കുന്ന സാധാരണക്കാരുടെ സാമാന്യബുദ്ധിയെ ചോദ്യംചെയ്താണ് യാത്രയിലും പോസ്റ്ററുകളിലും സാമൂഹികമാധ്യമങ്ങളിലും രക്തസാക്ഷി/ബലിദാനികളെ പ്രദര്‍ശിപ്പിച്ച് ഇരുവിഭാഗവും എരിതീയില്‍ എണ്ണയൊഴിക്കുന്നത്.

മംഗളം

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>