സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Oct 2nd, 2017

ആഗോളീകരണത്തെ പ്രതിരോധിക്കുന്നതില്‍ ട്രേഡ് യൂണിയനുകള്‍ പരാജയപ്പെട്ടു

Share This
Tags

pp

പ്രഭാത് പട്നായിക്

ആഗോളീകരണത്തെ പ്രതിരോധിക്കാന്‍ ഇന്ത്യയിലെ ട്രേഡ് യൂണിയനുകള്‍ക്ക് കഴിയാതെ പോയതിന്റെ ഫലമാണ് ഫാസിസ്റ്റ് പ്രവണതകള്‍ ശക്തി പ്രാപിക്കാന്‍ ഇടയായതെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രഭാത് പട്നായിക്. ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി തൃപ്രയാര്‍ ശ്രീരാമ തിയേറ്ററില്‍ ജനച്ചിത്ര ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചലച്ചിത്രോത്സവം ചരിത്രത്തിലും ചലച്ചിത്രത്തിലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ട്രേഡ് യൂണിയനുകള്‍ എല്ലാരീതിയിലും പ്രതിസന്ധികളെ നേരിടുകയാണ്.

സ്വകാര്യവത്കരണം ശക്തി പ്രാപിക്കാനുള്ള പ്രധാന രാഷ്ട്രീയ കാരണം ട്രേഡ് യൂണിയനുകളിലെ ഈ പ്രതിസന്ധിയാണ്. ഫാസിസത്തെ നിലനിര്‍ത്താന്‍ രാജ്യത്ത് ഏറ്റവും അധികം ആഗ്രഹിക്കുന്നത് കോര്‍പ്പറേറ്റുകളാണ്. ഇപ്പോള്‍ നിലനില്‍ക്കുന്ന ഭയത്തിന്റെ അന്തരീക്ഷം യഥാര്‍ഥത്തില്‍ ഇവിടെ സൃഷ്ടിച്ചത് കോര്‍പ്പറേറ്റ് ശക്തികളാണ്. ഈ കോര്‍പ്പറേറ്റിസത്തെ പരാജയപ്പെടുത്താതെ ഇന്ത്യയില്‍ ഫാസിസത്തെ പരാജയപ്പെടുത്താനാകില്ല. ഈ ചുമതല വേണ്ടപോലെ നിര്‍വഹിക്കാത്തത് ജനാധിപത്യ വിപ്ലവത്തെ ദുര്‍ബലപ്പെടുത്തി. ഒക്ടോബര്‍ വിപ്ലവത്തിന്റെ പാഠങ്ങള്‍ വേണ്ടപോലെ ഉള്‍ക്കൊള്ളാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. സോഷ്യലിസം ഇന്ന് ഒരു പ്രധാന മുദ്രാവാക്യമായി എടുക്കുന്നില്ലെന്നും പ്രഭാത് പട്നായിക് കുറ്റപ്പെടുത്തി.

നോട്ട് നിരോധനവും ജി.എസ്.ടിയും യഥാര്‍ഥത്തില്‍ ഫാസിസ്റ്റ് പ്രവണതകളെ ശക്തിപ്പെടുത്താന്‍ ഇടയാക്കിയത് വിപ്ലവാത്മക പ്രതിരോധം ഇന്ത്യയില്‍ ഒരിടത്തും ഉയര്‍ന്നുവരാത്തതുകൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ പൊതുവിതരണ സമ്പ്രദായം കോര്‍പ്പറേറ്റുകള്‍ തകര്‍ത്തുകളഞ്ഞപ്പോള്‍ ഇടതുപക്ഷം സാക്ഷികളാവുകയായിരുന്നു. ഇതിന്റെ പ്രത്യാഘാതമാണ് കര്‍ഷക ആത്മഹത്യകള്‍. ഉല്‍പ്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കേണ്ട ഗവ. ഏജന്‍സികള്‍ അതില്‍നിന്നു പിന്മാറുകയും ആ ഇടം കോര്‍പ്പറേറ്റുകള്‍ കീഴടക്കുകയും ചെയ്തു.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം മുതലാളിത്തത്തിന്റെ പ്രവര്‍ത്തന രീതി മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വിപ്ലവസങ്കല്‍പ്പത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും സോഷ്യലിസ്റ്റ് വിപ്ലവത്തിന് മുമ്പത്തേക്കാള്‍ പ്രസക്തി വര്‍ധിച്ചതായും പ്രഭാത് പട്നായിക് കൂട്ടിച്ചേര്‍ത്തു. അതേസമയം സദസില്‍നിന്ന് ഉന്നയിക്കപ്പെട്ട ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതെ അദ്ദേഹം ഒഴിഞ്ഞുമാറി. ധനകാര്യ മൂലധനത്തിനെതിരെ പൊരുതുന്ന സമകാലിക ഇന്ത്യന്‍ അവസ്ഥയില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ കടമ എന്താണെന്ന ചോദ്യമാണ് എഴുത്തുകാരനായ മോചിതമോഹനന്‍ ഉന്നയിച്ചത്. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഒരു മിനിമം അജന്‍ഡയുടെ അടിസ്ഥാനത്തില്‍ പോരാട്ടം നിര്‍വഹിക്കാന്‍ യോജിക്കേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം അതിജീവിക്കാന്‍ കഴിയില്ലെന്നുമായിരുന്നു മറുപടി.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>