സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Oct 2nd, 2017

ജനാധിപത്യത്തിന്റേയും സ്വാതന്ത്യത്തിന്റേയും ദാര്‍ശനികപ്രശ്‌നങ്ങള്‍

Share This
Tags

kകെ വേണുവിന്റെ ‘പ്രകൃതി, ജനാധിപത്യം, സ്വാതന്ത്ര്യം’ എന്ന പുസ്തകത്തെ കുറിച്ച്

ഐ ഗോപിനാഥ്

എഴുത്തും രാഷ്ട്രീയവും പരസ്പരം ചേരാത്ത രണ്ടറകളായാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. എഴുത്തുകാരും രാഷ്ട്രീയക്കാരും. അതില്‍ നിന്ന് വ്യത്യസ്ഥനായ ഒരു മുഖ്യാധാരാ രാഷ്ട്രീയക്കാരന്‍ ഇ എം എസായിരുന്നു. എന്നാല്‍ നൂറോളം വാള്യങ്ങളായി സമാഹരിച്ചിരിക്കുന്ന ഇ എം എസിന്റെ കൃതികളിലൂടെ കടന്നുപോയാല്‍ മുഖ്യമായും കാണാനാകുക അതതു കാലത്തെ പാര്‍ട്ടി നിലപാടുകളെ അണികള്‍ക്ക് പഠിപ്പിക്കുന്ന ലേഖനങ്ങളാണ്. അടിസ്ഥാന രാഷ്ട്രീയമോ തത്വചിന്തയോ എന്തിന് മാര്‍ക്‌സിസത്തിന്റെ തന്നെ ഗൗരവമായ വ്യാഖ്യാനങ്ങള്‍ പോലും അവയില്‍ കാണില്ല. ഇ എം എസിന്റെ കാലത്ത് ഇത്തരം കാര്യങ്ങള്‍ എഴുതിയിരുന്ന പി ഗോവിന്ദപ്പിള്ളയാകട്ടെ പ്രായോഗിക രാഷ്ട്രിയത്തില്‍ സജീവമായിരുന്നില്ല. നേരത്തെ രാഷ്ട്രീയക്കാരില്‍ എന്‍ ഇ ബല്‍റാമും കെ ദാമോദരനും മാത്രമാണ് എഴുത്തിനെ ഗൗരവമായി കണ്ടിട്ടുള്ളത്. ആ ദിശയില്‍ ഇപ്പോഴുള്ള പ്രമുഖന്‍ കെ വേണുവാണ്. സച്ചിദാനന്ദനും ബി രാജീവനുമൊക്കെ രാഷ്ട്രീയ, ദാര്‍ശനിക വിഷയങ്ങളില്‍ സജീവമായി എഴുതുന്നുണ്ടെങ്കിലും പ്രായോഗികരാഷ്ട്രീയരംഗത്ത് കാര്യമായി പ്രത്യക്ഷപ്പെട്ടിട്ടില്ല.

25-ാം വയസ്സിലെഴുതിയ പ്രപഞ്ചവും മനുഷ്യനും എന്ന ഏറെ ശ്രദ്ധേയമായ ശാസ്ത്ര – ദാര്‍ശനികഗ്രന്ഥത്തോടെ കേരളത്തിന്റെ പൊതുരംഗത്ത് സജീവമായ വേണു രണ്ടര പതിറ്റാണ്ടോളം നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ പ്രമുഖനേതാവായിരുന്നു. ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം സൈദ്ധാന്തിക അന്വേഷണങ്ങളും മുന്നോട്ടുകൊണ്ടുപോയി എന്നതാണ് അദ്ദേഹത്തെ മറ്റു നക്‌സല്‍ നേതാക്കളില്‍ നിന്ന് വ്യത്യസ്ഥനാക്കിയത്. വേണുവിന്റെ വിപ്ലവത്തിന്റെ ദാര്‍ശനിക പ്രശ്‌നങ്ങള്‍ എന്ന ഗ്രന്ഥം അമേരിക്കയിലെ മാവോയിസ്റ്റുകളുടെ പാഠപുസ്തകമായിരുന്നു എന്നു കേട്ടിട്ടുണ്ട്. നക്‌സല്‍ കാലഘട്ടത്തിലെഴുതിയ സ്വാതന്ത്ര്യത്തിന്റെ സാക്ഷാല്‍ക്കാരം, സോഷ്യലിസ്റ്റ് പാതയും മുതലാളിത്ത പാതയും എന്നീ പുസ്തകങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. അക്കാലഘട്ടത്തില്‍ തന്നെ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലെ ജനാധിപത്യധ്വംസനങ്ങള്‍ വേണുവിനെ അലട്ടിയിരുന്നു. 1991ലെ ചൈനീസ് വിദ്യാര്‍ത്ഥി കലാപത്തോടെ വിപ്ലവരാഷ്ട്രീയം അവസാനിപ്പിച്ച വേണു രചിച്ച ഒരു കമ്യൂണിസ്റ്റുകാരന്റെ ജനാധിപത്യസങ്കല്‍പ്പം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. തുടര്‍ന്ന് ജെ എസ എസിലൂടേയും മറ്റു പ്രവര്‍ത്തനങ്ങളിലൂടേയും പൊതുരംഗത്ത് സജീവമായ അദ്ദേഹം ജനാധിപത്യത്തെ കേന്ദ്രീകരിച്ച തന്റെ അന്വേഷണം തുടരുകയായിരുന്നു. കമ്യൂണിസ്റ്റുകാരന്‍ എന്ന അവകാശവാദം കൈവിട്ട് ഒരു ജനാധിപത്യവാദിയുടെ വീണ്ടുവിചാരങ്ങള്‍, ജനാധിപത്യത്തിന്റെ മനുഷ്യാനുഭവങ്ങള്‍, ജനാധിപത്യവും സിവില്‍ സമൂഹവും തുടങ്ങിയ പുസ്തകങ്ങള്‍ തുടര്‍ന്നു പുറത്തുവന്നു. അതിന്റെയെല്ലാം തുടര്‍ച്ചയായാണ് തന്റെ ബൗദ്ധികാന്വേഷണത്തിന്റെ പര്യവസാനം എന്ന വിശേഷണത്തോടെ വേണുവിന്റെ പുതിയ പുസ്തകം ‘പ്രകൃതി, ജനാധിപത്യം, സ്വാതന്ത്ര്യം’ പുറത്തുവന്നിരിക്കുന്നത്. ജനാധിപത്യത്തിന്റെ ഉദ്ഭവ പരിണാമങ്ങളാണ് ഈ പുസ്തകത്തില്‍ അദ്ദേഹം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.
തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യ സങ്കല്‍പ്പത്തെ സൈദ്ധാന്തികമായും സംഘടനാപരമായും ഏകകക്ഷി സര്‍വ്വാധിപത്യമാക്കി മാറ്റിയത് ലെനിനാണെന്നു ബോധ്യപ്പെട്ടപ്പോഴും മാവോയുടെ സാംസ്‌കാരിക വിപ്ലവപാതയില്‍ വിശ്വസിച്ചിരുന്ന തനിക്ക് അതൊരിക്കലും ജനാധിപത്യവല്‍ക്കരണത്തിനു പകരമാവില്ല എന്നു വിദ്യാര്‍ത്ഥി കലാപത്തോടെ ബോധ്യപ്പെട്ടപ്പോഴാണ് വിപ്ലവപ്രവര്‍ത്തനം അവസാനിപ്പിച്ചതെന്നു പറയുന്ന വേണു അപ്പോഴും കമ്യൂണിസ്റ്റ് സ്വപ്‌നം കൈവിട്ടിരുന്നില്ല. അതിനാലാണ് അന്നത്തെ പുസ്തകത്തിന് ഒരു കമ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കല്‍പ്പം എന്ന പേരിട്ടത്. എന്നാല്‍ പിന്നീടുള്ള അന്വഷണങ്ങളിലും പഠനങ്ങളിലും മാര്‍ക്‌സിന്റെ അടിസ്ഥാനസിദ്ധാന്തങ്ങളില്‍ തന്നെ വിശ്വാസം നഷ്ടപ്പെടുകയായിരുന്നു. എഴുതപ്പെട്ട മനുഷ്യചരിത്രം വര്‍ഗ്ഗസമരത്തിന്റെ ചരിത്രമാണെന്ന മാര്‍ക്‌സിന്റെ പ്രശസ്ത വാചകത്തെ തന്നെ അദ്ദേഹം ചോദ്യം ചെയ്യുന്നു. എഴുതപ്പെട്ട മനുഷ്യചരിത്രത്തിലൂടനീളം വര്‍ഗ്ഗങ്ങളും വര്‍ഗ്ഗതാല്പര്യങ്ങളും സാമൂഹ്യ പരിവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ അടിയൊഴുക്കുകളായി വര്‍ത്തിച്ചിട്ടുണ്ട്. പക്ഷേ, ചരിത്രത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നതില്‍ അവയുടെ പങ്ക് ഏറെ പരിമിതമാണ്. എന്നാല്‍ വര്‍ഗ്ഗേതരവും വര്‍ഗ്ഗാതീതവുമായ അനവധി സാമൂഹ്യശക്തികള്‍ ചരിത്രത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നതില്‍ കൂടുതല്‍ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് വേണു സ്ഥാപിക്കുന്നത്. ചരിത്രത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നതില്‍ വര്‍ഗ്ഗസമരത്തേക്കാള്‍ പ്രധാനം അധികാരി വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ക്കായിരുന്നു. മാര്‍ക്‌സ് പറഞ്ഞ രീതിയില്‍ ക്ലാസ്സിക്കല്‍ വര്‍ഗ്ഗസമരവും അടിമത്തം, ജന്മിത്തം, മുതലാളിത്തം തുടങ്ങിയ കൃത്യമായ വ്യവസ്ഥിതികളും നിലനിന്നിട്ടില്ല. അവയെല്ലാം ഇടകലര്‍ന്നു വന്നിരുന്നു.
ഫ്യൂഡല്‍ വ്യവസ്ഥയില്‍ നിന്ന് മുതലാളിത്തത്തിലേക്കുള്ള മാറ്റം വേണു ഉദാഹരിക്കുന്നു. ഫ്യൂഡല്‍ വ്യവസ്ഥയ്ക്കുള്ളിലെ ആന്തരിക വൈരുദ്ധ്യങ്ങളില്‍നിന്നു ഉടലെടുത്ത വര്‍ഗ്ഗസമരം അനവധി നൂറ്റാണ്ടുകളിലൂടെ നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരുന്നിട്ടും ആ വ്യവസ്ഥയ്ക്കുതന്നെ എടുത്തു പറയാവുന്ന മാറ്റങ്ങളൊന്നും ഉണ്ടായില്ലെന്നും ഈ സമരങ്ങളുടെ തുടര്‍ച്ചയായിട്ടല്ല മുതലാളിത്തവല്‍ക്കരണ പ്രക്രിയ ആരംഭിച്ചതും വികസിച്ചതെന്നും വേണു പറയുന്നു. ഫ്യൂഡല്‍ ചട്ടകൂടിനുള്ളില്‍ നിലനിന്ന കൈത്തൊഴില്‍ മേഖല ദീര്‍ഘകാലം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷം വ്യാപാരസമൂഹങ്ങള്‍ രാജ്യാന്തരവ്യാപാരത്തിലേയ്ക്ക് വികസിച്ചതോടെ കൈതൊഴില്‍ മേഖലയുമായി പ്രതിപ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടാണ് തൊഴില്‍ വിഭജനത്തിന്റെയും സവിശേഷവല്‍ക്കരണത്തിന്റെയും തലത്തിലേയ്ക്ക് വളര്‍ന്നത്. മനുഷ്യസമൂഹത്തിന്റെ ബൗദ്ധികമേഖലയുടെ തനതായ വികാസപ്രക്രിയയുടെ ഭാഗമെന്നോണം ഉടലെടുക്കുകയും വികസിക്കുകയും ചെയ്ത നവോത്ഥാന മുന്നേറ്റവും ഇതിലൊരു പങ്കു വഹിക്കുകയുണ്ടായി. നവോത്ഥാന പ്രക്രിയയുടെ തുടര്‍ച്ചയായി സംഭവിച്ച ശാസ്ത്രസാങ്കേതികമുന്നേറ്റം മുതലാളിത്തവല്‍ക്കരണത്തിലെ പ്രധാനഘട്ടമായ വ്യാവസായിക വിപ്ലവത്തില്‍ വഹിച്ച പങ്ക് നിര്‍ണ്ണായകം തന്നെയായിരുന്നു. യന്ത്രവല്‍ക്കരണം പഴയ തൊഴില്‍ മേഖലകളില്‍ തൊഴില്‍രഹിതരെ സൃഷടിച്ചപ്പോള്‍ അതേ യന്ത്രവല്‍ക്കരണം സൃഷ്ടിച്ച പുതിയ തൊഴില്‍മേഖലയില്‍ എല്ലാ തൊഴില്‍ രഹിതരെയും ഉള്‍ക്കൊണ്ടുകൊണ്ടാണ് മുതലാളിത്തവല്‍ക്കരണം മുന്നേറിയത്.
വാസ്തവത്തില്‍ പ്രകൃതിയുടെ അനന്തവൈവിധ്യത്തിന് അടിസ്ഥാനമായി വര്‍ത്തിക്കുന്ന ക്രമവും ക്രമരാഹിത്യവും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം, അനിവാര്യതയും യാദൃഛ്ഛികതയും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം തന്നെയാണ് സാമൂഹ്യജീവിതത്തിലും പ്രതിഫലിക്കുന്നതെന്നാണദ്ദേഹം സമര്‍ത്ഥിക്കുന്നത്. അതിന്റെ പരിണാമപരമായ തുടര്‍ച്ചയാണ് ജൈവ – മാനസിക ലോകങ്ങളിലൂടെ മനുഷ്യസമൂഹത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ എത്തിയിരിക്കുന്നത്. അതിനെ ഭരണകൂടരൂപങ്ങളിലോ വര്‍ഗ്ഗാധിപത്യ രൂപങ്ങളിേേലാ ഒതുക്കരുത്. എല്ലാകാലത്തും അതിനു സമാന്തരമായി സമൂഹത്ത്ിന്റെ അടിത്തട്ടുകളില്‍ ജനാധിപത്യപ്രക്രിയകള്‍ നടന്നിട്ടുണ്ട്. എഴുതപ്പെട്ട ചരിത്രം, അതിനുമുമ്പത്തെ ചരിത്രം എന്ന വിഭജനം തന്നെ ശരിയല്ല. ക്രമത്തേയും അനിവാര്യതയേയും കുറിച്ചാണ് പൊതുവില്‍ ശാസ്ത്രജ്ഞരും സാമൂഹ്യ നിരീക്ഷകരും ചിന്തകമെല്ലാം സംസാരിക്കുന്നത്. ക്രമരാഹിത്യവും യാദൃച്ഛികതയും അവരുടെ അജണ്ടയില്‍ വരാറില്ല. പ്രകൃതി ചലിച്ചുകൊണ്ടിരിക്കുന്നത് അനിവാര്യമായ നിയമങ്ങളിലൂടെ നിര്‍ണ്ണിതമായ രീതിയില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ചട്ടക്കൂടിനുള്ളിലാണെന്ന ശക്തമായ ശാസ്ത്രധാരണയെ മറികടക്കാന്‍ പറ്റിയ ഉപാധികളൊന്നും മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും മുന്നിലുണ്ടായിരുന്നില്ലെന്നും വേണു ചൂണ്ടികാട്ടുന്നു. കാര്യകാരണ ബന്ധങ്ങളെ അനുസരിക്കാത്ത സംഭവങ്ങളല്ല യാദൃച്ഛികതയെന്നും കാര്യകാരണ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍തന്നെയാണ് അവ സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു. അവയാണ് പലപ്പോഴും നിര്‍ണ്ണായകമാകുന്നത്.
അജൈവലോകത്തുനിന്നു ജൈവലോകത്തേക്കും അവിടെനിന്ന് അഹംബോധത്തിലേക്കും വികസിക്കുമ്പോള്‍ ക്രമരാഹിത്യത്തിന്റെ തോതു വര്‍ദ്ധിക്കുന്നതായും വേണു ചൂണ്ടികാട്ടുന്നു. ഭൗതികതയെ മറികടക്കുന്ന ജൈവികത, ജൈവികതയെ പിന്തള്ളുന്ന മനുഷ്യ മനസ്സ് .. ഇവയാണ് പരിണാമത്തിലെ പ്രധാന ഘട്ടങ്ങള്‍. രണ്ടുകാലില്‍ നടന്ന മനുഷ്യന്‍ ഉപകരണങ്ങളും ആയുധങ്ങളും നിര്‍മ്മിക്കാന്‍ ആരംഭിച്ചതോടെയാണ് ബുദ്ധിവികാസമുണ്ടായതെന്ന ധാരണയേയും അദ്ദേഹം ചോദ്യം ചെയ്യുന്നു. മറിച്ച് മസ്തിഷ്‌ക ജനിതകമാറ്റത്തിലൂടെ ഭാഷയും അതിന്റെ തുടര്‍ച്ചയായി ആശയങ്ങളും രൂപപ്പട്ടതോടെയാണ്. അതോടെതന്നെ വ്യക്തികളും സാമൂഹ്യകൂട്ടായ്മയും തമ്മിലുള്ള പ്രതിപ്രവര്‍ത്തനത്തിലൂടെ ജനാധിപത്യപ്രക്രിയയും ആരംഭിച്ചു. അതാകട്ടെ സ്വകാര്യസ്വത്തും വര്‍ഗ്ഗവിഭജനവും ആരംഭിക്കുന്നതിനുമുമ്പെ ഗോത്രകാലഘട്ടത്തില്‍ തന്നെയായിരുന്നു. ഗോത്രസ്വത്വബോധമാണ് സാമൂഹികതയുടെ ആദ്യത്തെ ജനാധിപത്യപരമായ സംഘടനാരൂപം. ജനാധിപത്യത്തെ ബൂര്‍ഷാ ശക്തികളുടെ ഉപകരണമായി കാണുന്ന സമീപനത്തെ വേണു ചോദ്യം ചെയ്യുന്നു. കുടുബത്തില്‍ പോലും ജനാധിപത്യപ്രക്രിയയുണ്ട്. ഗോത്രകാലത്തുനിന്ന് നിരവധി സാമൂഹ്യപ്രക്രിയകളിലൂടെ പാര്‍ലിമെന്ററി ജനാധിപത്യത്തിലെത്തിയിരിക്കുന്ന മനുഷ്യസമൂഹം ആര്‍ജ്ജിച്ച ദേശീയ സ്വത്വബോധത്തിന്റെ പ്രാധാന്യം എടുത്തുപറയുന്ന വേണു അതിന്റെ തുടര്‍ച്ചയാണ് ഫ്രഞ്ചുവിപ്ലവമെന്നു ചൂണ്ടികാട്ടുന്നു മുഴുവന്‍ മനുഷ്യസമൂഹവും ഇന്ന് ദേശീയരാഷ്ട്രസമൂഹങ്ങളായി പരിണമിക്കുകയാണ്. ഇടക്കാലത്ത് കൊളോയണിയല്‍ അധിനിവേശത്തോടെ ഈ പ്രക്രിയ തടയപ്പെട്ട സമൂഹങ്ങളിലും ഇപ്പോഴത് സംഭവിക്കുന്നു. പ്രജകള്‍ ദേശീയപൗരന്മാരാകുന്നു.. ഇതിനിടയില്‍ കൃത്രിമമായ ഇടപെടലുകളായിരുന്നു കമ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിയത്. അതിനാല്‍തന്നെ അവ നില നിന്നതുമില്ല. അഹംബോധത്തേയും സ്വത്വബോധത്തേയും തള്ളിക്കളയുന്ന രീതിയായിരുന്നു പൊതുവില്‍ കമ്യൂണിസ്റ്റുകാരുടേത്. തൊഴിലാളിവര്‍ഗ്ഗ സംഘടിത ശക്തിയേക്കാള്‍ എത്രയോ ശക്തമാണ് സ്വത്വബോധം..മാര്‍ക്‌സ് പറഞ്ഞ സ്വയം തിരിച്ചറിയുന്ന തൊഴിലാളിവര്‍ഗ്ഗം ഒരിടത്തും രൂപം കൊണ്ടില്ല. സോഷ്യലിസത്തിന്റെ തകര്‍ച്ചയുടെ കാരണങ്ങള്‍ അദ്ദേഹം വിശദമായി അപഗ്രഥിക്കുന്നു. അതേസമയം ഇപ്പോള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന ജനസഞ്ചയരാഷ്ട്രീയത്തേയും വേണു തള്ളിക്കളയുന്നു.
ദേശീയ രാഷ്ട്ര രൂപീകരണത്തിന്റെ സമകാലികാവസ്ഥയില്‍ പല പ്രശ്‌നങ്ങളും ഇന്ന് ജനാധിപത്യം നേരിടുന്നതായു#ം വേണു ചൂണ്ടികാട്ടുന്നു.. ദേശീയപൗരത്വം, മതേതരവല്‍ക്കരണം, പ്രാന്തവല്‍കൃതസമൂഹങ്ങള്‍, പാര്‍ലിമെന്ററി ജനാധിപത്യത്തിലെ അപചയം, ലിംഗസമത്വം, രാജ്യരക്ഷയുടെ പേരിലുള്ള വിഷയങ്ങള്‍ എന്നിങ്ങനെ പട്ടിക നീളുന്നു. അതേസമയം അവയൈയല്ലാം ജനാധിപത്യസംവിധാനം മറികടക്കും. വരും കാലത്തെ ജനാധിപത്യത്തിന്റെ സാധ്യതയും വേണു ചര്‍ച്ച ചെയ്യുന്നു. വിവരസാങ്കേതിക വിദ്യ ജനാധിപത്യത്തെ കൂടുതല്‍ സുതാര്യമാക്കും. സൈബര്‍ ലോകം വ്യക്തിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. അതോടൊപ്പം വെട്ടിപ്പിടുത്തത്തിന്റെ കാലം കഴിഞ്ഞ പോലെ സമകാലിക സംഘര്‍ഷങ്ങളും മറി കടന്ന്, രാജ്യങ്ങള്‍ക്കിടയിലെ ജനാധിപത്യം വളരും. യൂറോപ്യന്‍ യൂണിന്റെ മാതൃക പിന്തുടര്‍ന്ന് ലോകപൗരത്വമെന്ന ആശയം പോലും പ്രാവര്‍ത്തികമാകാനിടയുണ്ടെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു. വിപണി നിലനില്‍ക്കുമ്പോഴും അതിനുമേല്‍ സാമൂഹ്യനിയന്ത്രണമുണ്ടാകും. അതേസമയം സമകാലികലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ മതമൗലികവാദത്തേയോ ഭീകരതയേയോ സ്പര്‍ശിക്കുന്നതല്ലാതെ കാര്യമായി ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നില്ല. പ്രതേകിച്ച് സ്വത്വബോധത്തെ കുറിച്ച് പറയുമ്പോല്‍ പലപ്പോഴും അത് അപകടകരമായ രീതിയില്‍ മാറിപോകുന്ന സാഹചര്യം നിലനില്‍ക്കുന്നു എന്ന വിഷയം അദ്ദേഹം വേണ്ടത്ര പരിശോധിക്കുന്നതായി തോന്നിയില്ല.
പ്രകൃതിക്ക് ഒരു ക്രമമുണ്ട്, ക്രമരാഹിത്യവുമുണ്ട്്, സമൂഹത്തിന്റെ പരിണാമത്തേയും വര്‍ഗ്ഗസമരത്തെ പറ്റിയും, ജനാധിപത്യം സ്വാതന്ത്ര്യാന്വേഷണങ്ങളാകുമ്പോള്‍ എന്നീ 3 ഭാഗങ്ങളില്‍ 19 അധ്യായങ്ങളിലായാണ് വേണു തന്റെ ചിന്തകള്‍ അവതരിപ്പിക്കുന്നത്. 25 വര്‍ഷകാലത്തെ തീവ്രരാഷ്ട്രീയത്തിന്റേയും 25 വര്‍ഷത്തെ ജനാധിപത്യപ്രവര്‍ത്തനങ്ങളുടേയും അനുഭവമാണ് തന്റെ ചിന്തകള്‍ക്ക് പ്രധാന പ്രേരകശക്തിയെന്നും വേണു പറയുന്നു.

‘പ്രകൃതി, ജനാധിപത്യം, സ്വാതന്ത്ര്യം’ , കെ വേണു, ഡിസി ബുക്‌സ്, വില – 350 രൂപ

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>