സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Sep 28th, 2017

ചങ്ങറയെ തകര്‍ക്കാന്‍ ഗൂഢനീക്കം

Share This
Tags

CCC

കേരളം കണ്ട ഏറ്റവും ശക്തവും മാതൃകാപരവുമായ ഭൂസമരം ഏതാണെന്നു ചോദിച്ചാല്‍ പത്തനംതിട്ടയിലെ ചങ്ങറയിലെ സമരമെന്നു മറുപടി പറയാന്‍ ഒരു നിമിഷം പോലും ആലോചിക്കേണ്ടിവരില്ല. 2006 മുതല്‍ ചങ്ങറ സമരഭൂമിയില്‍ നടക്കുന്നത് സമരം മാത്രമല്ല അതിജീവനവും കൂടിയാണ്. ആ മഹത്തായ പോരാട്ടത്തെ തകര്‍ക്കാനുള്ള ശ്രമവും അന്നുമുതലെ ആരംഭിച്ചിട്ടുണ്ട്. മിക്കവാറും രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും അതില്‍ പങ്കുണ്ടെങ്കിലും മുന്‍നിരയില്‍ മറ്റാരുമല്ല, സമരങ്ങള്‍ നടത്താനുള്ള കുത്തകാധികാരം തങ്ങള്‍ക്കു മാത്രമാണെന്നു ധരിച്ചുവെച്ചിരിക്കുന്ന സിപിഎംതന്നെ. ഇപ്പോഴിതാ സമരഭൂമിയില്‍ അക്രമമഴിച്ചുവിടാനും സിപിഎം ശ്രമമാരംഭിച്ചിരിക്കുന്നു.
ഇപ്പോള്‍ സമരഭൂമിക്കുചുറ്റും സിപിഎം ഉപരോധമേര്‍പ്പെടുത്തിയിരിക്കുകയാണ്. സമരമാരംഭിച്ചകാലം മുതല്‍ പല തവണ ഇത്തരത്തില്‍ ഉപരോധമുണ്ടായിട്ടുണ്ട്. അതിനെയെല്ലാം അതിജീവിച്ചാണ് സമരം ഒരു ദശകം പിന്നിട്ടത്. ഇപ്പോഴിതാ വീണ്ടും ഉപരോധം. സമരഭൂമി വിട്ട് പുറത്തിറങ്ങാന്‍ ഇവിടെയുള്ളവര്‍ക്കു കഴിയുന്നില്ല. അടുത്തുള്ള അതുമ്പുംകുളം ജങ്ഷനില്‍ എത്തിയാല്‍ കൊന്നുകളയുമെന്നാണു ഭീഷണി. പട്ടാപ്പകല്‍പോലും വടിവാളുമായി റോന്തു ചുറ്റുകയാണു സി.പി.എം. പ്രവര്‍ത്തകരെന്നു സമരക്കാര്‍ പറയുന്നു. പസമരം നടത്തുന്നവരുടെ പല വീടുകളും കയ്യേറിയതായും ആരോപണമുണ്ട്. ഇതിനെല്ലാം സര്‍ക്കാരിന്റെ മൗനസമ്മതമുണ്ടെന്നു സമരക്കാര്‍ ആരോപിക്കുന്നു.
സത്യത്തില്‍ ഉപരോധങ്ങളെല്ലാം പതിവുണ്ടായിരുന്നെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രവര്‍ത്തനം സമരഭൂമിക്കുള്ളില്‍ ഇല്ലായിരുന്നു. പല ആവശ്യങ്ങളും പ്രവര്‍ത്തകര്‍ നേടിയെടുത്തത് സമരത്തിലൂടെയും പോരാട്ടത്തിലൂടെമാണ്. അതിന് ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയില്ലായിരുന്നു. എന്നാല്‍ അവര്‍ക്കിപ്പോഴും സ്വന്തമായി റേഷന്‍കാര്‍ഡോ വീട്ടുനമ്പറോയില്ല. കറന്റില്ല, വെള്ളമില്ല, റേഷന്‍ കടയില്‍ നിന്നോ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നോ തുടങ്ങി ഒരു സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. മക്കള്‍ക്ക് പഠിക്കാന്‍ പോലും കഴിയാത്ത അവസ്ഥ. ഈ യാഥാര്‍ത്ഥ്യമൊക്കെ നിലനില്‍ക്കുമ്പോഴും അവര്‍ ഒരു ജനതയായി സമരഭൂമിയില്‍ നിന്ന് പൊരുതുന്നത് അന്തസ്സോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാന്‍ വേണ്ടിയാണ്. ഇതിനെയാണ് സി പി എം സംഘര്‍ഷം സൃഷ്ടിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. സി പി എം അനുഭാവികള്‍ ചേരിതിരിഞ്ഞ് നടത്തിയ ആക്രമണത്തില്‍ സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ഇവരെ പത്തനംതിട്ട ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അക്രമണം ചെങ്ങറ സമര പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവെച്ച് സമരത്തെ തകര്‍ക്കാള്ള ഗൂഢതന്ത്രമാണ് പോലീസും ഭരണകൂടും മെനയുന്നത്. സമരഭൂമിക്കുള്ളിലെ മുപ്പതോളം വരുന്ന സി പി എം അനുഭാവി കുടുംബങ്ങളെ മറയാക്കി സമരഭൂമിക്കുള്ളില്‍ സ്വാധീനമുറപ്പിക്കാനും സമരത്തെ ശിഥിലമാക്കാനുമാണ് സി പി എം ശ്രമിക്കുന്നതെന്നാണ് ആരോപണം. സമരപ്രവര്‍ത്തകര്‍ ഉന്നയിച്ച ചില ആവശ്യങ്ങള്‍ ഗോത്ര കമ്മീഷന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കലക്ടറും ഉദ്യോഗസ്ഥരും ഭാഗികമായി അംഗീകരിച്ചിരുന്നു. ഈ നടപടിക്ക് ശേഷം സി പി എമ്മിനും മുഖ്യമന്ത്രിക്കും അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് സമരഭൂമിക്കുള്ളില്‍ പുറത്തുനിന്നുള്ളവര്‍ വന്ന് ബോര്‍ഡും ഫ്‌ളക്‌സും വെച്ചതാണ് പ്രശ്‌നമായത്. അത് സമര പ്രവര്‍ത്തകര്‍ ഒന്നടങ്കം നീക്കം ചെയ്തു. ഫ്‌ലെക്‌സ് വെച്ചതുമായി ബന്ധപ്പെട്ട് സി പി എം അനുഭാവ കുടുംബങ്ങള്‍ക്കുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടെലെടുത്തു. ഇതാണ് സംഘര്‍ഷത്തിലേയ്ക്ക് നീങ്ങിയത്.
സമരഭൂമിയിലെ കവാടത്തില്‍ ദേഹപരിശോധനയുടെ പേരിലുണ്ടായ തര്‍ക്കത്തേത്തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 22-നു ജില്ലാ കലക്ടര്‍ ഇരുവിഭാഗത്തെയും വിളിച്ചുവരുത്തി ചര്‍ച്ചനടത്തിയിരുന്നു. അന്നു സമരഭൂമിയില്‍ പാലിക്കേണ്ട ചില നിബന്ധനകള്‍ കലക്ടര്‍ മുന്നോട്ടുവച്ചു. രാഷ്ട്രീയത്തിന്റെ പേരില്‍ ക്രമസമാധാനം തകര്‍ക്കരുതെന്ന നിര്‍ദേശം ഇരുവിഭാഗവും അംഗീകരിച്ചെങ്കിലും അതു ലംഘിക്കപ്പെടുകയായിരുന്നു. ഫ്ളക്സ് ബോര്‍ഡുകള്‍ കൂടാതെ സിപിഎം ശക്തിപ്രകടനവും നടത്തി. എന്നാല്‍ സമരഭൂമിയില്‍ രാഷ്ട്രീയം പാടില്ലെന്ന 10 വര്‍ഷമായി നിലനില്‍ക്കുന്ന ധാരണ ലംഘിക്കരുതെന്ന് അംബേദ്കര്‍ സ്മാരക വികസന സൊസൈറ്റി പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. മലയാലപ്പുഴ പോലീസും സ്ഥലത്തെത്തി. കലക്ടറുടെ മുന്നില്‍ പ്രശ്നം പരിഹരിക്കാമെന്നു നിര്‍ദേശിച്ചശേഷം പോലീസ് മടങ്ങി. തുടര്‍ന്ന് സൊസൈറ്റി പ്രവര്‍ത്തകര്‍ വീടുകളിലേക്കു മടങ്ങാന്‍ ഒരുങ്ങുമ്പോഴാണു സി.പി.എം, ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പാഞ്ഞെത്തി അക്രമിച്ചത്. വിവരമറിഞ്ഞെത്തിയ പോലീസ് സി.പി.എം. പ്രവര്‍ത്തകരെ പിടികൂടാതെ പാവപ്പെട്ടവരെ കസ്റ്റഡിയിലെടുത്തെന്ന് അംബേദ്കര്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ പറയുന്നു.
അതേസമയം ചങ്ങറ സമരത്തോട് ഇരുമുന്നണികളുടേയും നിഷേധാത്മക സമീപനം തുടരുകയാണ്. ആയിരത്തില്‍പരം പേര്‍ക്ക് പട്ടയം നല്‍കിയെന്നാണ് കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ അതെല്ലാം മനുഷ്യന് താമസിക്കാന്‍ പറ്റാത്ത പാറകളും മറ്റുമായിരുന്നു. സമരസമിതിയുടെ അഭിപ്രായത്തെ അംഗീകരിക്കാതെ ആ ഭൂമി സ്വീകരിച്ചവര്‍ ഇപ്പോള്‍ അലയുകയാണ്. പലരും സമരഭൂമിയില്‍ തിരിച്ചെത്തി. സമരക്കാരെ ഒമ്പത് ജില്ലകളിലെ ജനവാസയോഗ്യമല്ലാത്ത ഭൂമിയിലേക്ക് മാറ്റി സംഘടിത ശക്തി തകര്‍ക്കാനുള്ള ഗൂഢശ്രമമായിരുന്നു നടന്നത്. പിന്നീട് യുഡിഫ് അധികാരത്തില്‍ വരുമ്പോള്‍ പറഞ്ഞത് 100 ദിവസത്തിനകം ചെങ്ങറ പാക്കേജ് നടപ്പാക്കുമെന്നായിരുന്നു. ഒന്നും സംഭവിച്ചില്ല. എന്നാല്‍ മുന്‍സര്‍ക്കാരിനെപോലെ ആയിരത്തോളം പേര്‍ക്ക് ഭൂമി നല്‍കിയതായി ഇവരും പറയുന്നു. അതില്‍ താമസയോഗ്യം 44 എണ്ണം മാത്രമാണെന്നതാണ് യാഥാര്‍ത്ഥ്യം.
താമസയോഗ്യമായ ഭൂമികിട്ടാതെ പിന്നോട്ടില്ല എന്ന തീരുമാനത്തിലാണ് സമരക്കാര്‍. സമരഭൂമിയില്‍ ഓരോ കുടുംബവും കൃഷി ചെയ്യുന്നു. കുട്ടികളെ പഠിപ്പിക്കുന്നു. കാട്ടുപന്നികളുടെ ആക്രമണത്തെ മറികടക്കാന്‍ ചുറ്റുമതില്‍ നിര്‍മ്മിച്ചു. പ്രവേശനകവാടത്തില ചെക്‌പോസ്റ്റിലൂടെ സന്ദര്‍ശകരെ നിയന്ത്രക്കുന്നു. മദ്യപാനം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. ഇത്തരത്തില്‍ ഐതിഹാസികമായി മുന്നേറുന്ന സമരത്തെ തകര്‍ക്കാന്‍ നടക്കുന്ന ഗൂഢനീക്കത്തെ ചെറുക്കേണ്ടത് മുഴുവന്‍ കേരളത്തിന്റേയും കടമയാണ്.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>