സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Sep 25th, 2017

ജനവിരുദ്ധ വികസനത്തെ പ്രതിരോധിക്കാന്‍ കീഴാറ്റൂര്‍ സഖാക്കളും

Share This
Tags

KKഡോ ആസാദ്

കണ്ണൂര്‍ കീഴാറ്റൂരിലെ കമ്യൂണിസ്റ്റ് കുടുംബങ്ങള്‍ സമരരംഗത്താണ്. ദേശീയപാതാ വികസനത്തിന്റെ പേരില്‍ ജനവിരുദ്ധ വികസനമാണ് നടപ്പാവുന്നത് എന്നാണ് അവരുടെ പരാതി. ബൈപ്പാസ് നിര്‍മാണത്തിന് പുതിയ അലൈന്‍മെന്റു വന്നതോടെ അവര്‍ക്കതു ബോധ്യപ്പെട്ടു. ഇരുനൂറിലേറെ ഏക്കര്‍ നെല്‍വയലാണ് അവിടെ മണ്ണിട്ടു നികത്തേണ്ടി വരുന്നത്. ഒരു പ്രദേശത്തെ നീര്‍ത്തടവും പാടേ ഇല്ലാതാകും.
ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പതിനായിരക്കണക്കിന് ആളുകള്‍ ഒരു ദശകമായി സമരത്തിലാണ്. അപ്രായോഗികവും അശാസ്ത്രീയവുമായ പദ്ധതിയാക്കി വികസനം വൈകിപ്പിക്കുകയാണ് യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ചെയ്യുന്നതെന്നതാണ് മുഖ്യപരാതി. സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ ആഘാതങ്ങളെപ്പറ്റി സമഗ്രമായ കണക്കെടുപ്പു നടന്നിട്ടില്ല. ഫീസിബിലിറ്റി പഠനങ്ങള്‍ പദ്ധതിയുടെ അപ്രായോഗികത ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. കാസര്‍കോട് എം പി കരുണാകരന്‍ അംഗമായിരുന്ന പാര്‍ലമെന്ററി കമ്മറ്റിയും ഇത് അടിവരയിടുന്നുണ്ട്. അതൊന്നും പരിഗണിക്കാതെയാണ് കോര്‍പറേറ്റുകള്‍ക്ക് പൊതുപാത വിട്ടുകൊടുക്കുന്നത്. സൗജന്യപാത ജനങ്ങള്‍ക്ക് ചുങ്കപ്പാതയാവുന്നു. ജീവിതത്തിനും പരിസ്ഥിതിക്കുംമേലെ മൂലധനത്തിന്റെ ബുള്‍ഡോസറുകളുരുളുകയാണ്.
പിന്ന പരിഹാരമെന്ത് എന്ന ചോദ്യം പ്രസക്തമാണ്. മുപ്പതു മീറ്ററില്‍ ( എണ്‍പതു ശതമാനത്തോളം നീളത്തില്‍ ഇതു ലഭ്യമായിട്ടുണ്ട്) ആറു വരിപ്പാത ഉടന്‍ പൂര്‍ത്തീകരിക്കുക, സമാന്തര പാതകള്‍ (ജലപാതയും റയില്‍വേയും) തുറന്നു കൊടുക്കുക, പൊതു ഗതാഗത നയം പ്രഖ്യാപിക്കുക, ആവശ്യമെങ്കില്‍ എലിവേറ്റഡ് പാതകളുടെ സാധ്യതാ പഠനം നടത്തി പ്രായോഗികമാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
ഇപ്പോഴത്തെ പാതാവികസനം പൂര്‍ണ സ്വകാര്യവത്ക്കരണം ലക്ഷ്യമാക്കിയുള്ളതാണ്. സഞ്ചാര സ്വാതന്ത്ര്യത്തെ ചുങ്കപ്പാതകള്‍ക്ക് അടിയറ വെക്കുന്ന വിധമാണത്. അതിനുള്ള സ്ഥലമെടുപ്പ് ജനങ്ങള്‍ക്കെതിരായ യുദ്ധംപോലെയാണ് നിര്‍വ്വഹിക്കപ്പെടുന്നത്. ഒന്നര ദശകം മുമ്പ് കണക്കാക്കിയ ഏകദേശ നഷ്ടങ്ങളുടെ അപൂര്‍ണമായ വിവരംവെച്ച് ഇപ്പോള്‍ നഷ്ടം കണക്കാക്കാന്‍പോലും ആവില്ല. പിന്നെ നഷ്ടപരിഹാരം നല്‍കുന്നത് എങ്ങനെയാണ്? പ്രായോഗികമായ വഴികളുണ്ടായിട്ടും സ്വകാര്യവത്ക്കരണത്തില്‍ ഒരിടതുപക്ഷ ഗവണ്‍മെന്റിന്റെ കണ്ണുടക്കിയതിന് എന്തു ന്യായീകരണമുണ്ട്?
പത്തു വര്‍ഷമായി പാതയോരത്തുള്ളവരും അശാസ്ത്രീയ വികസനത്തിന്റെ ഇതര ഇരകളും സമരത്തിലാണ്. അപ്പോഴൊന്നും കീഴല്ലൂരുകാര്‍ക്ക് വേവലാതികളുണ്ടായിട്ടില്ല. അവര്‍ പാര്‍ട്ടി പറഞ്ഞതു വിഴുങ്ങി സമരക്കാരെ ജനദ്രോഹികളും തീവ്രവാദികളുമായി കണ്ടുകാണണം. തങ്ങള്‍ക്കു മണ്ണും ജീവിതവും നല്‍കിയ പഴയ പാര്‍ട്ടിയല്ല, സ്വകാര്യ കോര്‍പറേറ്റുകളുടെ വേവലാതിയാറ്റുന്ന പുതിയ പാര്‍ട്ടിയാണിതെന്ന് കീഴല്ലൂരുകാരെ അനുഭവം പഠിപ്പിച്ചു. ചെങ്കൊടിയുടെ ഒരു വൈകാരികതയും ചൂഷണത്തിനു മറപിടിച്ചുകൂടെന്ന് ഇപ്പോള്‍ അവര്‍ക്കറിയാം.
ഇപ്പോള്‍ കീഴല്ലൂരുകാര്‍ ദേശീയപാതാ വികസനത്തിലെ ജനവിരുദ്ധതക്കെതിരെ സമരത്തിലാണ്. സംസ്ഥാനത്താകെയുള്ള പൊതു സമരത്തിന്റെ ഭാഗമായി അവര്‍ മാറിയിരിക്കുന്നു. പതിനായിരങ്ങള്‍ വര്‍ഷങ്ങളായി പറയുന്ന വിമര്‍ശങ്ങളില്‍ ചിലതുമാത്രമേ അവര്‍ ഉന്നയിച്ചിട്ടുള്ളു. ഇനി അവരെ മാത്രം തൃപ്തിപ്പെടുത്തുന്ന ചര്‍ച്ചകള്‍ക്ക് വഴങ്ങാന്‍ അവര്‍ക്കായെന്നു വരില്ല. പാര്‍ട്ടി അതിന്റെ അടിത്തറ മറന്നു മുതലാളിത്ത വികസനം നടപ്പാക്കുമ്പോള്‍ കീഴല്ലൂരുകള്‍ കൂടുകയേയുള്ളു. അഥവാ കാസര്‍കോടു മുതല്‍ പാറശാലവരെ എത്രയോ കീഴല്ലൂരുകളുണ്ട്. പാര്‍ട്ടിഗ്രാമംതന്നെ പാര്‍ട്ടി ഭരണത്തിനെതിരെ തിരിഞ്ഞതാണ് മാധ്യമശ്രദ്ധ പതിയാനിടയാക്കിയത്. മറ്റിടങ്ങളിലും പ്രശ്‌നം സമാനമാണെന്ന് കീഴല്ലൂരുകാര്‍ മനസ്സിലാക്കുന്നു. പാര്‍ട്ടി ഭരണം തങ്ങള്‍ക്കു മാത്രം നല്‍കുന്ന ഒരാനുകൂല്യവും ഇനി അവരുടെ കണ്ണു മഞ്ഞളിപ്പിക്കാനിടയില്ല.
അറുപത്തിയഞ്ചോ അറുപത്തിയെട്ടോ വയസ്സു പ്രായമുള്ള സ. ജാനകി നിരാഹാര സമരം തുടരുന്നു. അമ്മമാര്‍ വയലും നീര്‍ത്തടവും കാത്തു സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്. ഇതു വിജയിച്ചേ മതിയാകൂ. വികസനത്തിന്റെ മുതലാളിത്ത യുദ്ധമല്ല, ജനകീയ ബദലാണ് വിജയിക്കേണ്ടത്. സംസ്ഥാനത്താകെയുള്ള പോരാട്ടങ്ങള്‍ക്ക് കീഴാറ്റൂരിലെ സുരേഷും ജാനകിയും വലിയ ആവേശമാണ് നല്‍കുന്നത്. അവര്‍ക്ക് അഭിവാദ്യം.

ഫേസ് ബുക്ക് പോസ്റ്റ്

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>